thanthavibe@jimmychan #venelkettoiilelod.
സാധാരണ തന്ത വൈബ് എടുക്കുന്നത് ഇളയവരോടാണല്ലോ. ഇത്തവണ എന്റെ പോലത്തെയും എന്നെക്കാളും മൂത്തതും പഴുത്തതുമായ അമ്മാവൻ-അമ്മായി ടീമ്സിനോടാണ്. വേണേൽ കേട്ടാൽ മതീട്ടോ.
- ഒരു കൊച്ചിനെ ഇരുപത്തഞ്ചു വയസ് വരെ നല്ല സപ്പോട്ടക്ക കൊടുക്കാൻ തലപര്യവും പഞ്ചും ഇല്ലെങ്കിൽ വേണ്ട എന്നങ്ങു വെച്ചേക്കുക. ബസ്. അപ്പൊ പതിനെട്ട് പോരെ? പോരാ. മുപ്പത് വരെ, വിദ്യാഭ്യാസത്തിലും മറ്റും പറ്റുന്ന സഹായം ചെയ്യുന്നതിൽ തെറ്റില്ല. പക്ഷെ ഇത് പലർക്കും ലേറ്റ് ആയിക്കിട്ടിയ ഉപദേശം ആരിക്കും. സോറി. അയ് ആം ഹെൽപ്‌ലെസ്.
- ആ വയസ് കഴിഞ്ഞാൽ അവരോട് നയം വ്യക്തമാക്കുക. നിങ്ങൾ വീട്ടിൽ നിന്നും സ്ഥലം വിടുക. ജോലി ചെയ്യുക. ജീവിക്കുക. നിങ്ങക്ക് പ്രശ്നങ്ങൾ ഉണ്ടോ? സങ്കടങ്ങൾ വന്നോ? ജീവിക്കാൻ പറ്റുന്നില്ലേ? സഹായം വേണോ? വരൂ; ഒരു മുറി നിങ്ങൾക്കുള്ളതായിരിക്കും. ബാക്കിയുള്ള എന്റെ ജീവിതം മുഴുവൻ. നമുക്ക് നോക്കാമെന്നേ. നിങ്ങളും നോക്കണം. പക്ഷെ നിവർത്തിയില്ലെങ്കിൽ മാത്രം. ഇക്കാര്യം പറയുക.
- ഒരു ഇരുപത് വയസ് കഴിഞ്ഞാൽ അവരെ ‘പിള്ളേർ’ ആയി വിചാരിക്കരുത്, പ്ലീസ്. ഒരു മുതിർന്ന സുഹൃത്തിനോട് എങ്ങനെ പെരുമാറുന്നു- അത് പോലെ പെരുമാറുക. വേണ്ടാത്ത ഉപദേശങ്ങൾ ഒന്നും വേണ്ട. ഒന്നും. എനിക്കറിയാം. പാടാണ്. നാക്കങ് കടിച്ചേക്കുക. ചോദിച്ചാൽ, അല്ലേൽ അവർക്ക് വേണമെന്ന് തോന്നിയാൽ, മാത്രം ഉപദേശം. അഭിപ്രായം പോലും അങ്ങനെ മതി.
- അവരുടെ അതിരുകൾ ലംഘിക്കരുത്, പ്ലീസ്. നേരത്തെ പറയാതെ അവർ താമസിക്കുന്ന സ്ഥലത്ത് കേറി ചെല്ലരുത്. ഈർഷ്യ ഉണ്ടാക്കുന്ന രീതിയിൽ തൊടുക പോലും അരുത്. അവർക്ക് അവരുടെ ജീവിതമുണ്ട്. എല്ലാ ആഴ്ചയിലും വരിക, എപ്പോഴും ഫോൺ വിളിക്കുക, എടുക്കുക, ഒന്നും അവരെക്കൊണ്ട് പറ്റിയില്ല എന്ന് വരാം.
- അവരുടെ ജീവിതത്തിൽ നടത്തിയ തിരഞ്ഞെടുപ്പുകൾ, ജോലി, ബന്ധങ്ങൾ, പങ്കാളി, കുട്ടികളെ നോക്കുന്ന വിധം എന്നിവയെപ്പറ്റി കമാ എന്നൊരക്ഷരം മിണ്ടരുത്. വിമർശനം വേണ്ട. ഭയങ്കര, ഭയങ്കര, ഭയങ്കര പാടാണ്. എനിക്കറിയാം. ചെയ്യണം പക്ഷെ.
- അവർ അവരുടെ കാര്യങ്ങൾ പറയുമ്പോ, ‘ഛെ അതിലൊന്നും കാര്യമില്ല’, ‘ഛെ അങ്ങനൊന്നും തോന്നാൻ പാടില്ല’, ‘അയ്യേ, അതൊന്നും ശരിയെ അല്ല’ എന്നുള്ള രീതിയിൽ അവരുടെ വികാര വിചാരങ്ങളെ നിരാകരിക്കാതിരിക്കുക.
- ഞാൻ, ഞങ്ങൾ. ഞങ്ങടെ കാര്യങ്ങൾ. ഇത് മാത്രം പറഞ്ഞോണ്ടിരിക്കാതെ ഇരിക്കുക.’ എന്റെ അഭിപ്രായത്തിൽ’, ‘ഞങ്ങടെ കാലത്ത്’, ഇതൊക്കെ മാത്രം പറയല്ലേ. വല്ലപ്പോഴും പറഞ്ഞോ.
- ഞാൻ നിങ്ങക്ക് ചെയ്ത കാര്യങ്ങൾ…ഇതൊക്കെ സ്ഥിരം പറഞ്ഞ് കുറ്റബോധം ഉണ്ടാക്കാൻ നോക്കരുത്. ഭയങ്കര ബോറാണ്. മുഖം വീർപ്പിച്ചിരിക്കുക, മിണ്ടാതെ ഇരിക്കുക, മനഃപൂർവം വിരോധം കാണിച്ച് സ്നേഹം നിഷേധിക്കുക തുടങ്ങിയ ഗൂഢ അബിയൂസ് പരിപാടികൾ ചെയ്യാതിരിക്കുക. കാര്യമില്ല; അതാ.
- നമ്മൾ മാത്രം ശരി, അവർ ചെയ്യുന്നതെല്ലാം തെറ്റ് എന്ന രീതിയിൽ ഇടപെടാതിരിക്കുക. മനുഷ്യ ബന്ധങ്ങളുടെ അടിത്തറ സ്വാതന്ത്ര്യത്തിൽ ആയിരിക്കണം. ഒരാൾ മറ്റൊരാളെ നിയന്ത്രിക്കുന്നതിൽ ആവരുത്. അത് മക്കളുടെ കാര്യത്തിലും ശരിയാണ്.
ps- 25 ആണ് പ്രായപൂർത്തി ആയി എന്ന എന്റെ കണക്ക്. കാരണം വേറെ പോസ്റ്റിൽ പറയേണ്ടി വരും. പതിനഞ്ചു വയസ് തൊട്ട് അതിലോട്ടുള്ള പരിശീലനം കൊടുക്കേണ്ടി വരും
(ജിമ്മി മാത്യു)