സുഹൃത്തുക്കളെ, കാപ്പിറ്റലിസം എന്ന മുതലാളിത്തം ആദ്യത്തെ സംസ്കാരങ്ങൾ ഉണ്ടായപ്പോ തന്നെ ഉണ്ടായതായിരിക്കും. പക്ഷേ ഇപ്പൊ നമ്മൾ അറിയുന്ന, പേപ്പർ കാശും, ബാങ്കുകളും, ഔദ്യോഗിക ലോണുകളും കമ്പനികളും പലിശയുമൊക്കെയായി ഉള്ളത് ഉണ്ടായത് യൂറോപ്പിലാണ്. ശാസ്ത്രത്തിന്റെ ഒപ്പം, കച്ചവടം, കാപ്പിറ്റലിസം എന്ന രണ്ടു സാമാനങ്ങളുമാണ് ഇന്നത്തെ സാമ്പത്തികചട്ടക്കൂടിന്റെ ഒരു അടിത്തറ.
ചാക്കോച്ചൻ പോപ്പിന് കാശ് കൊടുത്ത് ‘പലിശ’ എന്ന പാപത്തിനെ ഒതുക്കി ഒരു മൂലക്ക് ആക്കിയതാണ് ഇതിന്റെ ഒക്കെ അടിത്തറ! സത്യം!
അതായത്, അന്നത്തെ യൂറോപ്പ്, മിഡിൽ ഈസ്റ്റ് ഒക്കെയുള്ള വലിയ ഒരു പാപമായിരുന്നു പലിശ ഈടാക്കുന്നത് !
പതിവ് പോലെ, ജൂതന്മാരാണ് ഇത് തുടങ്ങിയത്. “സഹോദരനോട്” പലിശ വാങ്ങാൻ പാടില്ലത്രേ. ആരാണ് സഹോദരൻ? അത് സ്വന്തം സമുദായത്തിലുള്ളയാൾ. അന്നൊക്കെ അങ്ങനെയാണ്. വേറൊന്നും വിചാരിക്കരുത്. സഹോദരനെ സ്നേഹിക്കുക എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെ തന്നെയാണ് അർഥം. ഇസ്ലാമിലും ഈ പലിശക്കെതിരായ സംഭവം ഉണ്ട് എന്നറിയാമല്ലോ. ഇപ്പോഴും ഉണ്ട്. പലിശ എന്ന് പറയാതെ വേറെ പേരൊക്കെ പറഞ്ഞ് അഡ്ജസ്റ്റ് ചെയ്യുന്നു എന്ന് മാത്രം.
സ്വാഭാവികമായി, ഒരു ജൂതൻ ആയ ക്രിസ്തുവിന്റെ പേരിൽ ഉണ്ടാക്കിയ സഭയിലും പലിശ ഹറാം ആയി. ആയിരം കൊല്ലങ്ങൾ ഈ സംഭവം നില നിന്നു. എല്ലാരും ‘സഹോദരന്മാരാണ്’ എന്ന ഒരു ആശയം വന്നതോടെ കാര്യങ്ങൾ വശപ്പിശകായി തുടർന്നു.
അപ്പോഴാണ് ജേക്കബ് ഫുഗ്ഗർ എന്ന ഒരു ജർമൻ അച്ചായൻ രംഗപ്രവേശം ചെയ്യുന്നത്. ആയിരത്തി അഞ്ഞൂറിലെ ക്രിസ്ത്യൻ ലോകത്തെ വലിയ മുതലാളി ആണ് ടിയാൻ.
പോപ്പ് ലിയോ പത്താമൻ ആണപ്പോ മാർപാപ്പ. സെൻറ് പീറ്റേഴ്‌സ് ബസിലിക്ക ഒക്കെ ഉണ്ടാക്കാൻ കാശ് തികയാതെ വിഷമിച്ചിരിക്കുന്ന സമയമാണ്. അപ്പോഴാണ് ചാക്കോച്ചൻ മുണ്ടു മടക്കൊക്കെ അഴിച്ചിട്ട് ഭവ്യതയോടെ കയ്യൊക്കെ കൂപ്പി എത്തുന്നത്.
“പിതാവേ, ഈ പലിശ പ്രശ്നത്തിന് ഒരു പരിഹാരാ വേണല്ലോ. മ്മള് ന്താച്ചാ ചെയ്യാം.”
പിതാവ് കുറെ മനക്കണക്ക് കൂട്ടി. തിയോളജി വകുപ്പൊക്കെ ചികഞ്ഞെടുത്തു. കാനൻ നിയമമൊക്കെ മനസ്സിലിട്ടു കശക്കി.
“അത് ചാക്കോച്ചാ- വഴിയുണ്ടാക്കാം. മനുഷ്യർക്ക് വേണ്ടി ആണല്ലോ പ്രമാണങ്ങൾ. ഇച്ചിരി ജോർജൂട്ടി ഇറക്കേണ്ടി വരുമല്ലോ. പള്ളി പണി- അറിയാല്ലോ…”
” അതൊക്കെ മ്മളേറ്റു” – ചാക്കോച്ചൻ പറഞ്ഞു.
അപ്പൊ പുതിയ പ്രഖ്യാപനം വന്നു. താഴെ പറയുന്ന അതി കഠിന കണ്ടീഷനുകൾ ഉണ്ടേൽ പലിശ ഈടാക്കാം:
ഒന്ന്- ഡാംനം എമെർജെൻസ്- അതായത് ഒരാൾക്ക് ആ കാശ് വെച്ച് കച്ചവടം ചെയ്ത് കൂടുതൽ കാശ് ഉണ്ടാക്കാമായിരുന്നു- പക്ഷെ അത് കടം കൊടുക്കുന്നു. അങ്ങനെ ആണേൽ പലിശ- കൊഴപ്പല്യ.
രണ്ട്- ല്യൂക്രം സെസ്സൻസ്- ഒരാൾക്ക് വേറെ എന്തെങ്കിലും ആ കാശ് വെച്ച് വാങ്ങിയാൽ ലാഭം ഉണ്ടാക്കാമായിരുന്നു. പക്ഷെ അതിനു പകരം കടം കൊടുക്കുന്നു! എന്താല്ലേ- പാവം. പലിശ- കൊഴപ്പല്യ.
മൂന്ന്- പീന കൺവെൻഷനലിസ്- തിരിച്ചു കൊടുക്കാൻ വൈകിയാൽ. സ്വാഭാവികം! വളരെ ന്യായം.
അങ്ങനെ ലാറ്റിനിലൊക്കെ ലോ പോയിന്റ്സ് പറയുമ്പോ എന്തൊരു ഗുമ്മാണല്ലേ. ചുമ്മാതല്ല മനുഷമ്മാർക്ക് അറിയാത്ത ഭാഷയിലൊക്കെ പറയാൻ മത നേതാക്കൾക്ക് ഇത്ര താല്പര്യം.
അങ്ങനെ ചാക്കോച്ചന്റെ കൈക്കൂലിയും പോപ്പിന്റെ ലോ പോയിന്റുമാണ് ആധുനിക കാപ്പിറ്റലിസത്തിന്റെ അടിത്തറ! (ജിമ്മി മാത്യു)