കെഴക്കൻ കൊരങ്ങേ, കെഴങ്ങൻ അല്ലാത്ത കൊരങ്ങേ……എന്തുട്ട് പോക്കഷ്ടോ. എങ്ങോട്ടാ ദ്?

മ്മള് ഇങ്ങനെ മൃഗശാലലോട്ടാ പോവുമ്പോ ദൂരന്നേ ഒരോളിബഹളം കേക്കാം. കൊരങ്ങന്മാര്ടെ കൂടിന്റെ പൊറത്ത് മനുഷ്യപ്പിള്ളേർ ബഹളം വെക്കുന്നതാണ്! കൂടെ മനുഷ്യ ചള്ളകൾ വലുതും ണ്ട്.

എന്തുട്ടാ ഇത്ര പാസിനേഷൻ?

മ്മ്‌ടെ പോലെന്നെ….! കണ്ടാലും, സൊബാവോം ഒക്കെ.

സംശാ വേണ്ട. കസിൻസണെ.

പത്തെഴുപത് മില്യൺ വര്ഷം മുൻപേ കുട്ടിത്തേവാങ്ക്, ലീമർ ജാതി പ്രൈമേറ്റുകൾ ഉണ്ടായി. ഒരു മില്യൺ ന്നാൽ പത്തുലക്ഷം. ഒരു ഇരുപത്തഞ്ച് മില്യൺ കൊല്ലം മുൻപേ നല്ല സൊയമ്പൻ കൊരങ്ങന്മാരായി.

ഇപ്പൊ മ്മ്‌ടെ ഏറ്റവും അടുത്ത ബന്ധു ചിമ്പാൻസി ആണ്. പുള്ളിക്കും മ്മക്കും ഒരൊറ്റ പൂർവികൻ ആയിരുന്നു. ഒരാറ് മില്യൺ വർഷങ്ങൾക്ക് മുന്നേ ആഫ്രിക്കയിൽ ഉണ്ടായിരുന്ന ഒരാൾക്കുരങ്ങ്.

അന്നത്തെ ആഫ്രിക്ക- എൻ്റെ മോനെ- നിറച്ച് കാടുകൾ. പല തരം ആൾക്കുരങ്ങുകൾ മരങ്ങളിൽ. പഴങ്ങൾ ഇങ്ങനെ കടിച്ചു തിന്ന് ചെറുകൂട്ടങ്ങളായി നടക്കും. ഇടക്ക് പ്രാണികളേം ചെറുജീവികളേം കിട്ടിയാൽ കളയില്ല.

അപ്പൊ ആണ് പ്രോബ്ലം- കാലാവസ്ഥാ വ്യതിയാനം! മഴ കുറെ ഇല്ലാതായി. തെക്ക് കാടുകൾ. കിഴക്ക് ഉണക്ക്. അവിടെ പുൽമേടുകളായി. നിറച്ചും മാനുകളും കാലികൾ പോലുള്ള ജീവികളും. അതിനെ തിന്ന് പുലികൾ നരികൾ മുതലായ സാമാനങ്ങൾ. മ്മ്‌ടെ ആൾക്കുരങുകൾ തെക്കൻ കാടുകളിൽ മാത്രമായി ചുരുങ്ങുമോ, ഇപ്പൊ ഉള്ള ചിമ്പാൻസിയെയും ഗൊറില്ലയെയും പോലെ?

അപ്പൊ അതാ ഒരു മൂന്ന് മില്യൺ വര്ഷം മുന്നേ- അങ്ങോട്ട് നോക്കു….

ചിമ്പാൻസിയുടെ അത്ര മാത്രം തലച്ചോറുള്ള കുറെ പല തരം കുരങ്ങന്മാർ. പക്ഷെ രണ്ടു കാലിലാണ് നടക്കുന്നത്! പ്രോകോൺസുൾ, പാരന്ത്രോപാസ്, കെനിയന്ത്രോപ്പസ്, അങ്ങനെ അങ്ങനെ…

പിന്നെ പല തരം ആസ്ത്രലോപിത്തെക്കസ്.. രണ്ടു കാലിൽ നടത്തം- എന്തിനാ ദ്? പുല്ലിൽ എണീറ്റ് നിന്ന് ദൂരേക്ക് നോക്കാനായിരിക്കും. പിന്നെ തേരാ പാരാ നടക്കാൻ. പിന്നെ എല്ലാരും കൂടി നിവർന്നു നിന്നാൽ നരിയൊക്കെ പേടിക്കുമായിരിക്കും. കൂട്ടമായി നടക്കണം. ഇല്ലേൽ പുലിയൊക്കെ കടിച്ച് പരുവമാക്കും. നിവർന്നു നടന്നാൽ കൈ ഉപയോഗിക്കാമല്ലോ. കല്ല് വെച്ച് എറിയാം, വടി വെച്ച് വീക്കാം. ഹോമോ എർഗസ്റ്റർ- ഇത് പോലൊക്കെ തന്നെ.

ഒരു ഇരുപത്തഞ്ചു ലക്ഷം വര്ഷം മുന്നേ ആയപ്പോ ഹോമോ ഹാബിലിസ് ഒക്കെ രംഗപ്രവേശം ചെയ്തു. തല ഇച്ചിരൂടെ വലുതായി. ബുദ്ധി കൂടി. ഓൾഡോവാൻ ശിലാ ഉപകരണങ്ങൾ. അങ്ങനെ പറയാനൊന്നുമില്ല- കല്ലൊക്കെ ഒന്ന് ഷെയ്പ്പ് മാറ്റിയ സാധനങ്ങൾ.

പതിനഞ്ചു ലക്ഷം വർഷങ്ങൾക്ക് മുന്നേ നോക്കിയാൽ കാണാം ഹോമോ ഇറക്റ്റസ്. ഇതിനെ മനുഷ്യൻ എന്ന് വിളിക്കണം എന്ന് തോന്നുന്നു. ബുദ്ധി കൂടി. തലച്ചോർ ചിമ്പാൻസിയുടെ രണ്ടു രണ്ടര ഇരട്ടി. കൊറച്ചൂടെ വലിയ കൂട്ടങ്ങൾ. പിന്നെ തീ…. തീ!!! സുഹൃതുക്കളെ- തീ. ഇവനുള്ളിടത്ത് തീ ഉണ്ട്. തീ കൊണ്ട് വേവിച്ചാൽ ഇറച്ചി, കാട്ടുകിഴങ് ഇവയിൽ നിന്നൊക്കെ അൻപത് ശതമാനം വരെ ഊർജം കൂടുതൽ കിട്ടും. ചവച്ചു ബുദ്ധിമുട്ടണ്ട. താടിയെല്ലും പല്ലും ഒക്കെ ശോഷിച്ചു. അതിനുള്ള ഊർജം കൂടി ഊർജ ആക്രാന്തിയായ തലച്ചോറിന് കൊടുക്കാലോ- ഏത്? എച്ചൂലിയൻ കല്ല് ആയുധങ്ങൾ- ഇച്ചിരൂടെ സ്റ്റൈലൻ.

യവന്മാർ ആഫ്രിക്കയിൽ നിന്ന് പുറത്ത് ചാടി. ലോകം മൊത്തം പരന്നു. എല്ലായിടത്തും ആയി. ആഫ്രിക്കയിൽ പുലി, നരി ഇത്യാദികൾ അന്യം നിന്ന് തുടങ്ങി. ഗോമ്പറ്റീഷൻ!! ഊള ആൾക്കുരങ്ങന്മാർ അശുക്കൾ- പക്ഷേ കൂട്ടത്തോടെ ഭീകര വേട്ടക്കാർ! കാലി വർഗങ്ങളിൽ വലിയവ ചിലതൊക്കെ ഇല്ലാതായി.

അഞ്ചു ലക്ഷം വർഷങ്ങൾക്ക് മുന്നേ- നിങ്ങളോർക്കണം- പല തരം കൊനുഷ്ട് മനുഷ്യന്മാർ. ഹോമോ ഹൈഡൽബെർജൻസിസ്‌ എന്നൊരു സാധനം. ഇത് ലോകത്ത് പല സ്ഥലത്തും പടർന്നു. അതും പല സ്ഥലത്തും ഉള്ള ഹോമോ ഇറക്റ്റസുമായൊക്കെ സെക്‌സും ഒക്കെ നടന്നു. പല തരം മനുഷ്യർ. യൂറോപ്പിൽ ഹോമോ നിയാണ്ടര്താലെൻസിസ്‌. കിഴക്ക് ഏഷ്യയിൽ ഡെനിസോവൻ മനുഷ്യൻ. ഫ്ലോറെസ് ദ്വീപിൽ ഹോമോ ഫ്ലോറിഷ്യസ് എന്ന മൂന്നടി പൊക്കമുള്ള കുള്ള മനുഷ്യർ. പിന്നെയും പല തരം ഏറെക്ടസ് അവാന്തര വിഭാഗങ്ങൾ. നിയാണ്ടര്താലന്മാർ ഒക്കെ കല ഒക്കെ ഉള്ളവർ. കൂട്ടുകാരുടെ ശവമടക്ക് ഒക്കെ നടത്തിയിരുന്നവർ. തലച്ചോർ നമ്മുടെ ഒക്കെ അത്രേം ആയി- ചിമ്പാൻസിയുടെ മൂന്നിരട്ടി (ഫ്ലോറിഷ്യസ് ഒഴിച്ച്)

മൂന്നു ലക്ഷം വർഷങ്ങൾക്ക് മുന്നേ ആധുനിക മനുഷ്യൻ എന്ന് വിളിക്കാവുന്ന ചില ചുള്ളന്മാർ ഉണ്ടായി വന്നു. വലിയ കൂട്ടങ്ങൾ. ഭാഷ എപ്പോഴോ ഉണ്ടായത് നന്നായി വളർന്നിട്ടുണ്ടാവണം. മിത്തുകളും മതങ്ങളും ഉണ്ടായിട്ടുണ്ടാവാം. സ്നേഹിക്കുന്നവർ. എന്നാൽ കൂട്ടങ്ങൾ തമ്മിൽ കൊല്ലുന്നവർ. (അത് പഴേ ആളുകളും അങ്ങനെയാവാം). അവരിൽ ചിലർ എഴുപതിനായിരം കൊല്ലം മുന്നേ ആഫ്രിക്കയിൽ നിന്ന് ചാടി. ലോകം മൊത്തം പടർന്നു. ഉപകരണങ്ങൾ ഒരു രക്ഷയുമില്ല. മരക്കോലിന്റെ അറ്റത്ത് കല്ല് കൊണ്ട് മുന വെച്ച കുന്തം. എല്ലു കൊണ്ട് കത്തി. കല്ല് സൂചി, നൂല്, നെയ്ത വസ്ത്രങ്ങൾ. അമ്പും വില്ലും. കെണികൾ. മാല, വള, കളിക്കോപ്പുകൾ, പെയിന്റിങ്ങുകൾ.

പോയേടത്തൊക്കെ വലിയ ജീവികൾ ഒക്കെ ഡിം- ഇല്ലാതായി. കൊടും ഭീകരരാണിവർ- കൊടും ഭീകരർ!!

പിന്നെ തിരിഞ്ഞു നോട്ടമില്ല. നിയാണ്ടെർത്താലുകളുമായും ഡെനിസോവന്മാരുമായും ഒക്കെ സെക്സ് നടന്നിട്ടുണ്ട്. ഇല്ലെന്നല്ല. പിള്ളേരും ഉണ്ടായിട്ടുണ്ട്. എങ്കിലും മറ്റവന്മാർ ഒക്കെ ഇല്ലാതായി. ഒരു ഇരുപതിനായിരം കൊല്ലം മുന്നേ ഫ്ലോറിഷ്യസും ഇല്ലാതായതോടെ നമ്മൾ മാത്രമായി.

പിന്നെ കൃഷിയായി, തോക്കായി, ഇന്ഡസ്ട്രിയായി, കംപ്യൂട്ടറായി, ഫെയ്‌സ്‌ബുക്കായി….

ദൈവേ— എങ്ങോട്ടണവോ….ഈ പോക്ക്.

അപ്പൊ ഇത് വായിക്കുന്ന ചില ഹോമോ സാപ്പിയൻസിന് ചൊറിച്ചിൽ ഉണ്ടാകാം. അമർഷം ഉണ്ടാകാം.
സംഭവം എന്താ?

ഇതൊന്നും വിശ്വാസമില്ല. കളിമണ്ണ്, മണ്ണുകുഴ, ഊത്ത്, ഇതല്ലേ സംഭവം?

സാരമില്ല. ഒരു കാര്യം ചെയ്യ്- അങ്ങോട്ട് മാറി ഇരുന്ന് കര.
(ജിം ചാൻ)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .