ഒരിടത്തോരിടത്ത് , അതായത് ഡബിൾ ഒരിടത്ത് , (എന്തിനാണ് ഇങ്ങനെ ഡബിൾ എന്ന് ചോദിക്കരുത് . ആചാരങ്ങൾക്ക് പാല് കുടിക്കാനുള്ളതാണ് ), ഒരു കുറുക്കന്മാരുടെ ദ്വീപ സമൂഹം ഉണ്ടായിരുന്നു .
അതിൽ ഒരു ദ്വീപിലെ അനേകം കുറക്കന്മാരിൽ ഒരു കുറുക്കൻ ആയിരുന്നു , അമുന്തിരൻ .
അമുന്തിരൻ ഇങ്ങനെ വിശന്നു വലഞ്ഞു നടക്കയായിരുന്നു . ദ്വീപുകളിൽ ഉള്ള മുയലുകളെ തിന്ന് ആണ് കുറുക്കന്മാർ ജീവിച്ചിരുന്നത്. കുറെ നാളായി ഒരു പകർച്ചവ്യാധി വന്ന് മിക്ക മുയലുകളും ചത്തിരുന്നു .
കുറച്ചെണ്ണം ബാക്കി വന്നു . അതിനൊക്കെ ഭയങ്കര ആരോഗ്യം – ഓടിച്ചിട്ട് കിട്ടുന്നില്ല .
പട്ടി , കൊടിച്ചി പട്ടി !!
സോറി . ഇമോഷണൽ ആയപ്പോ തെറ്റിപ്പോയി .
പട്ടിണി , കൊടും പട്ടിണി !! കുഞ്ഞു കുറുക്കന്മാർ ചത്ത് വീണു തുടങ്ങി .
ചെറുപ്പക്കാരൻ ചുള്ളൻ അമുന്തിരൻ വരെ എല്ലും തോലുമായി .
ആ ദ്വീപിലെ കുറക്കന്മാരുടെ ദൈവം ആയ എന്തിരൻ ദൈവം എന്ത് കുന്ത്രാണ്ടം ചെയ്തോണ്ടിരിക്കയാണ് ?
“എന്തിരാ , ദൈവ എന്തിര – എന്തിനു ഞങ്ങളെ കൈവിട്ടു ?” അമുന്തിരൻ ആകാശത്തേക്ക് നോക്കി പ്രാർത്ഥിച്ചു .
അപ്പോഴാണ് അവൻ അത് കണ്ടത് ! മരത്തിനു മുകളിലെ വള്ളിയിൽ ഞാന്നു കിടന്നാടുന്ന മുന്തിരിക്കുല !
മുയൽ ആണ് പഥ്യം . പട്ടിണി കിടക്കുമ്പോൾ മുന്തിരി എങ്കിൽ മുന്തിരി . മുന്തിരി തിന്നുന്നത് മോശം ആണെന്ന് ഒരു വിചാരം കുറുക്കന്മ്മാരുടെ ഇടയിൽ ഉണ്ടായിരുന്നു .
എങ്കിലും ഈ വേളയില് , ഈ അവസ്ഥയില് , ഈ അവസ്ഥാന്തര , ഉത്തരാധുനിക , പരീക്ഷണ കാല ഘട്ടത്തില് , ആ ചുവന്ന് , ഉരുണ്ട് , രസികത്തമുള്ള മുന്തിരിക്കുല , ഇതേ വിശേഷണങ്ങൾ ഉള്ള ഒരു ചുള്ളത്തി പെൺകുറുക്കിയെ പ്പോലെ അവനെ കൊതിപ്പിച്ചു .
ചാട്ടം തുടങ്ങി . ചാട്ടത്തോട് ചാട്ടം . എന്ത് ചെയ്തിട്ടും എത്തുന്നില്ല .
“പുല്ല് . അല്ലെങ്കിലും ഈ മുന്തിരിക്ക് ഭയങ്കര പുളിയാ .” അവൻ ആത്മഗതം ചെയ്തു .
എനിക്കറിയാം , നിങ്ങൾ എന്താണ് ചിന്തിക്കുന്നത് എന്ന് . ഈ പൊട്ട കഥ ഞാൻ കേട്ടിട്ടുണ്ട് എന്നല്ലേ ?
ശരിയാണ് . ഞാനും നിങ്ങളും കേട്ടിട്ടുണ്ട് . പക്ഷെ അമുന്തിരൻ കേട്ടിട്ടില്ലായിരുന്നു . അതിനാൽ – അതിനാൽ മാത്രം , ഒരു നിമിഷം നിന്നിട്ട് അവൻ ചാട്ടം തുടർന്നു .
എന്തുട്ട് ചാട്ടം , ആണപ്പോ! ചാട്ടത്തോട് ചാട്ടം .
ആക്രാന്തം എന്ന അന്തം , ഡോപ്പാമിൻ എന്ന കെമിക്കലിനെ ഓന്റെ തലച്ചോറിൽ ഒഴുക്കി .
ഹൃദയം മിടിച്ചു- പട പടാന്ന്. കിതച്ചു പട്ടിയായി. കാൽ വേദനിച്ചു .
സ്ട്രെസ് ഹോര്മോണുകൾ ഒഴുകി . അല്ലെങ്കിൽ തന്നെ പട്ടിണി കിടന്ന് ഒരു കോലം ആണെന്നത് ഓർക്കണം .
അതി ഭയങ്കരമായ ശാരീരിക മാനസികസമ്മർദം , മസ്തിഷ്ക കോശങ്ങളായ ന്യൂറോണുകളിൽ എൻഡോർഫിൻ എന്ന മയക്കു മരുന്ന് പ്രവഹിപ്പിച്ചു .
പെട്ടന്ന് , ശടെ എന്ന് ഒരു ചെറിയ കിളി അമുന്തിരന്റെ ഇടത് ചെവിയിൽ നിന്ന് പറന്നു പോയി . അത് സംഭവിച്ചു .
എന്ത് ? യോഗിക് നിർവാണ ! സെൽഫ് റിയലൈസേഷൻ!
ആനന്ദം ! അവാച്യമായ , അവ്യാജമായ – ആനന്ദം .
ആനന്ദ സാഗരത്തിൽ കുണാപ്പി . സോറി – സുണാമി . അതിൽ കുളിച്ചു അമുന്തിരൻ . ദൈവമായ എന്തിരനിൽ അമുന്തിരൻ ലയിച്ചു . അമുന്തിരനും എന്തിരനും പ്രപഞ്ചവും ഒന്ന് .
അഹം ബ്രഹ്മാസ്മി !
എന്തിരൻ അമുന്തിരന്റെ ചെവിയിൽ മന്തിരിച്ചു. എന്തര് ?
എല്ലാം . പ്രപഞ്ച രഹസ്യം . പരം പൊരുൾ . ജീവിതാർത്ഥം . റീസൺ ഫോർ യുവർ എക്സിസ്റ്റൻസ് .
കണ്ണ് തുറന്നതും, അതാ ഒരു മുയൽ ഓടിപ്പോകുന്നു . ഒറ്റ ചാട്ടത്തിനു അമുന്തിരൻ മുയലിന്റെ കഥ കഴിച്ചു . കുറെ കാലത്തിനു ശേഷം , അവൻ ചൂടൻ ഇറച്ചി വയറു നിറയെ തട്ടി . ചുടു ചോര മോന്തി .
അടി മുടി മാറിയ ഒരു കുറുക്കൻ ആയി അമുന്തിരൻ . ബോൺ എഗൈൻ . ആ ദ്വീപിലെ എല്ലാ കുറുക്കന്മാരും കുറുക്കികളും അമുന്തിരനെ നേതാവും ആത്മീയ അദ്ധ്യക്ഷനുമായി അംഗീകരിച്ചു .
രാവിലെ തന്നെ അമുന്തിരൻ എല്ലാരേയും കൂട്ടി ഇറങ്ങും . എന്തിനാണെന്നോ ?
മുന്തിരി പ്രാർത്ഥന !
അപ്പോഴേക്കും ആ ദ്വീപ് മൊത്തം പുതിയ തരം ചുവന്നു തുടുത്ത മുന്തിരികളാൽ നിറഞ്ഞു . അതിനു മുൻപ് ഒരിക്കലും ഇത്രയും മുന്തിരികൾ അവിടെ ഉണ്ടായിരുന്നില്ല . ഇത് ഒരു അടയാളം ആണ് , ദിവ്യ അടയാളം – അമുന്തിരൻ പറഞ്ഞു .
ചാട്ടം ആണ് മുന്തിരി പ്രാർത്ഥന . ആചാര ചാട്ടം !
എല്ലാ കുറുക്കന്മാരും കൂടി മുന്തിരിക്കുലകളുടെ താഴെ നില്കും . തെക്കോട്ട് തിരിഞ്ഞു ആണ് നിൽക്കേണ്ടത് . എന്നിട്ട് മോളിലേക്ക് നോക്കി , ചാട്ടം തുടങ്ങും.
“ചാടെടാ മയിലേ , കുറുക്കപ്പട മൊത്തം .
പിന്നെയും പിന്നെയും ചാടണം ശക്തം .
മുന്തിരിങ്ങാ ദിവ്യ മുന്തിരിങ്ങാ എൻ കനി
പുളിക്കും ഈ പഴം തിന്നരുത് ഇനി .
ചാട്ടം ചാടും പേശികൾ പെരുപ്പിക്കും
എന്നിട്ട് മുയലിനെ ഓടിച്ചു പിടിക്കും .
എന്തിരൻ ഞങ്ങടെ സുന്ദരൻ നാഥൻ .
എല്ലാറ്റിലും നമ്മടെ വീരനാം മന്നൻ .”
ഈ ഫീകര പാട്ടും പാടിയാണ് ചാട്ടം . മുന്തിരി ആരും കൈ കൊണ്ട് തൊടാൻ പോലും അമുന്തിരൻ സമ്മതിക്കില്ല .
ഈ സംഭവങ്ങൾ കഴിഞ്ഞപ്പോൾ , മുയലുകളുടെ എണ്ണം കൂടി എന്ന് അമുന്തിരൻ ഉറച്ചു വിശ്വസിച്ചു .
ചിലർ പറഞ്ഞു : ” അമുന്തിരൻ തിരുമനസ്സേ – ഇപ്പോഴും പട്ടിണി തന്നല്ലേ ?”
“ഇല്ല . ഉണ്ടെങ്കിൽ തന്നെ ഉടൻ എല്ലാത്തിനും പരിഹാരം ഉണ്ടാകും .” അമുന്തിരൻ മൊഴിഞ്ഞു .
പിന്നെയും കുറുക്കന്മാർ ചത്ത് വീണു കൊണ്ടിരുന്നു . എങ്കിലും എല്ലാവര്ക്കും നല്ല ആത്മവിശ്വാസം ! എല്ലും തോലുമായ കാലുകൾ പെരുക്കി ചാടാൻ ഒരു ഉത്സാഹം . കുറെ പേർക്ക് ദർശനം കിട്ടി ! കുറെ ഏറെ പേർക്ക് ഭാഷാവരവും , അദ്ഭുത രോഗശാന്തീ വരവും കിട്ടി ! കൂടുതൽ എന്ത് വേണം ?
ഇതിനിടെ ഒരു ദിവസം മുന്തിരാക്രാന്തൻ എന്ന ഒരു കുറുക്ക യുവാവ് എതിരൻ ആയി മുന്നോട്ട് വന്നു. കുറെ കുറുക്കന്മാരെ വിളിച്ചു കൂട്ടി അവൻ പറഞ്ഞു :
“ഡോ , മടയന്മാരെ . ഈ മുന്തിരിക്ക് നല്ല ടേസ്റ്റ് ആണ് . പെട്ടന്ന് കൊറേ എണ്ണം വാരി വലിച്ചു തിന്നാൽ നമ്മൾ ജീവിക്കും . ഈ അമുന്തിരൻ മണ്ടൻ . അവൻ നമ്മളെ കൊലക്ക് കൊടുക്കും .”
അമുന്തിരന്റെ കാമുകി അമുന്തി ഓടി അമുന്തിരന്റെ അടുത്ത് കാര്യം പറഞ്ഞു .
അമുന്തിരൻ പാഞ്ഞു വന്ന് മുന്തിരാക്രാന്തൻറെ ചെപ്പക്ക് ഒന്ന് പൊട്ടിച്ചു .
എല്ലാവരും ഓടിക്കൂടി . കച്ചറകൾ ആയി .
മുന്തിരാക്രാന്തൻ തന്റെ അഭിപ്രായത്തിൽ ഉറച്ചു നിന്നു . മാത്രമല്ല , എല്ലാ ദ്വീപുകളിലും മുയലുകൾ ചത്ത് കൊണ്ടിരിക്കയാണ് . അവിടൊക്കെ കുറുക്കന്മാർ പട്ടിണിയിൽ ആണ് .
“നമുക്ക് വള്ളത്തിൽ പോയി എല്ലാ ദ്വീപുകളിലും മുന്തിരി വിതരണം ചെയ്യണം .”
എന്ന് വരെ പറഞ്ഞു കളഞ്ഞു മുന്തിരാക്രാന്തൻ ! ഇത് കേട്ടതോടെ ബാക്കി എല്ലാവരും ഇളകി .
പുറമെ ഉള്ള ദ്വീപുകളിൽ ഒക്കെ ശത്രു പക്ഷ കുറുക്കന്മാർ ആണ് . അവരെ രക്ഷിക്കണം എന്നോ ?
ദേശദ്രോഹി !
“ദേശദ്രോഹി . ആന്റി നാഷണൽ ! അർബൻ മുന്തിരിയിസ്റ്റ് ! – കൊല്ലവനെ !” അമുന്തിരൻ അലറി .
എല്ലാ കുറുക്കന്മാരും മുന്തിരാക്രാന്തൻറെ മേത്തേക്ക് ചാടി , കടിച്ചും പറിച്ചും അവനെ കൊന്നു കളഞ്ഞു !
പതിയെ , ഓരോ കുറുക്കന്മാരായി ചത്ത് തീർന്നു . കാമുകി അമുന്തി , അമുന്തിരന്റെ മടിയിൽ കിടന്നാണ് മരിച്ചത് .
അവസാനം , അമുന്തിരന്റെ ഊഴം ആയി . അസ്ഥിക്കൂടത്തിനു കണ്ണ് പിടിപ്പിച്ച പോലെ മരിക്കാനായി അവൻ കിടന്നു . പെട്ടന്ന് , മുകളിൽ നിന്ന് , പഴുത്ത ഒരു മുന്തിരി അവന്റെ വായിലോട്ട് വീണു . ചാറ് പൊട്ടി ഒഴുകി . തേൻ പോലെ മധുരം ആയിരുന്നു ഈ മുന്തിരിക്ക് .
“ത്ഫൂ ! എന്തൊരു പുളി ! ” അമുന്തിരൻ തുപ്പി . പിന്നെയും പിന്നെയും തുപ്പി മുഴുവൻ കളഞ്ഞു .
“മുന്തിരിങ്ങ , ദിവ്യ മുന്തിരിങ്ങ , എൻ കനി
പുളിക്കും ഈ പഴം തിന്നരുത് , ഇനി .”
അമുന്തിരൻ പതിയെ പാടി . കണ്ണടച്ചു . ഹൃദയം നിന്നു . അനക്കം ഇല്ല . അമുന്തിരൻ ചത്തു . എല്ലാ കുറുക്കന്മാരും ചത്തു .
കുറെ നാൾ കഴിഞ്ഞപ്പോൾ മുയലുകളുടെ രോഗം എല്ലാം മാറി . ആ ദ്വീപ് മുഴുക്കെ മുട്ടൻ മുയലുകൾ ഓടി നടന്നു. . എല്ലാ മൂലകളിലും എമണ്ടൻ ചുവന്ന മുന്തിരിക്കുലകൾ ഞാന്നു കിടന്നു .
അങ്ങനെ കുറുക്കന്മാരുടെ കഥ കഴിഞ്ഞു .
“ദ് , ന്തൂട്ട് , കദ ?” – ഇതല്ലേ നിങ്ങൾ ഇപ്പൊ ആലോചിച്ചത് ?
ഒന്നാമത് . കദ അല്ല . കഥ , കഥ .
രണ്ടാമത് , കുറുക്കന്റെ കാര്യം വിട് .
പാവം എന്തിരന്റെ കാര്യം ആലോചിച്ചു നോക്ക് . മുയലുകൾ ചത്ത് തുടങ്ങിയപ്പോ , കുറുക്കന്മാർക്ക് തിന്നാനായി നിറച്ചും മുന്തിരിങ്ങ മുളപ്പിച്ച എന്തിരൻ ആരായി ?
അല്ല പ്റഷ്ടോ , ആരായി ?
പറഞ്ഞിട്ട് കാര്യമില്ല . ഈ കുറുക്കന്മാരും മനുഷമ്മാര് തന്നല്ലേ ? (ജിമ്മി മാത്യു )