മൂന്നാം ലോക യുദ്ധം ഉണ്ടാകാതെ പോയതെങ്ങനെ ? – ക്യുബൻ വാണ പ്രശ്നം : വസിലി ആർകിപോവ് വാണം വിടാഞ്ഞത് എന്ത് കൊണ്ട് ?

നമ്മുടെ ഓർമ്മകൾ ക്ഷണികങ്ങൾ ആണ് . 1950 കൾ മുതൽ , 1990 കൾ വരെ , അതായത് , ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മൊത്തം , ലോകമാകുന്ന നാടകാലയത്തിൽ നിറഞ്ഞു നിന്നിരുന്ന പ്രധാന ആട്ടം നമ്മൾ ഏതാണ്ട് മറന്ന പോലെ ആണെന്നത് അദ്‌ഭുതം തന്നെ .

എന്താണത് ? –

തണുത്ത യുദ്ധ ചരിത്രം ആട്ടക്കഥ .

ആശയങ്ങളുടെ യുദ്ധം . യുദ്ധ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിൽ മത്സര യുദ്ധം . യുദ്ധം . അൻപത് വര്ഷം നീണ്ടു നിന്ന യുദ്ധം . പാഷാണം കലക്കിയ ഐസ് ക്രീം പോലെ തണുത്തുറഞ്ഞ യുദ്ധം . തണുത്തതെങ്കിലും ബുദ്ധികളിൽ , ചുവന്നു പഴുത്ത് , ചോര നിറം ഭാവനകളിൽ വിരിഞ്ഞ യുദ്ധം .

തണുത്ത യുദ്ധം – ദി കോൾഡ് വാർ .

ആയിരക്കണക്കിന് ആണവ ബോംബുകൾ നിറച്ച വാണങ്ങൾ തമ്മിൽ തമ്മിൽ കണ്ണോട് കൺ ചേർത്ത് തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നു . ഓരോ വാണത്തിനും കോടിക്കണക്കിനു ജീവനുകൾ എടുക്കാം . ഉള്ളതിന്റെ ഒരു ചെറു ഭാഗം ഉപയോഗിച്ചാൽ , ലോക കാലാവസ്ഥ തന്നെ മാറിയേക്കാം –

ന്യൂക്ലിയാർ വിന്റർ !

ദിനോസറുകളെ നശിപ്പിച്ച , ശൂന്യാകാശത്തു നിന്ന് വന്ന ആകാശ ഉൽക്ക ബോംബിനെ വെല്ലുന്ന വാണ ബോംബുകൾ ഉണ്ടാക്കി വച്ചിരിക്കയാണ് മനുഷ്യന്മാർ . ഇപ്പോഴും കുറെ ഉണ്ട് കേട്ടോ . നമുക്കും ഉണ്ട് , പാകിസ്ഥാനും ഉണ്ട് .

1961 ൽ അമേരിക്കൻ ഇന്റലിജൻസ് ഏജെൻസി ആയ സി ഐ എ , സ്പോൺസർ ചെയ്ത ഒരു അട്ടിമറി ശ്രമം , ക്യുബൻ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ നടന്നു . അത് പരാജയപ്പെട്ടു . അമേരിക്കയുടെ പിൻമുറ്റത്ത് വന്ന് അടയിരിക്കുന്ന , തൊണ്ടയിലെ മുള്ള് ആണ് റഷ്യൻ (സോവിയറ്റു യൂണിയൻ – ഇനി റഷ്യൻ എന്നെ പറയു ) സഹായത്തോടെ നില നിൽക്കുന്ന കാസ്ട്രോയുടെ ക്യുബൻ സർക്കാർ . ഇതിനെ തുടർന്ന് , അമേരിക്ക , കുറെ ആറ്റം ബോംബ് വാണങ്ങൾ തുർക്കിയിലും , ഇറ്റലിയിലും കൊണ്ട് വച്ചു . റഷ്യയുടെ അടുത്ത് .

അമ്പട . റഷ്യ വെറുതെ ഇരിക്കുമോ . അതീവ രഹസ്യമായി , ഘട്ടം ഘട്ടം ആയി , കുറെ ആറ്റൻ വാണങ്ങൾ , ക്യുബയിൽ , അമേരിക്കയുടെ മൂട്ടിൽ, അഥവാ ആസനത്തിൽ തന്നെ കൊണ്ടു വച്ചു . ക്രൂഷ്ചേവ് ആണ് റഷ്യൻ നേതാവ് . നികിതാ ക്രൂഷ്ചേവ് .

കെന്നഡി ആണ് അമേരിക്കൻ പ്രെസിഡന്റ് . “ഏയ് – ക്യുബയിൽ ഞങ്ങൾ വാണങ്ങൾ വിടുകയേ ഇല്ല . വിടുന്നും ഇല്ല .” എന്ന് ക്രൂഷ്ചേവ് മാസങ്ങളായി ആവർത്തിക്കുന്ന ഉറപ്പും വിശ്വസിച്ച് ഇരിക്കുകയാണ് കെന്നഡി .

ആസനത്തിൽ ചൂട് അടിച്ചപ്പോൾ , ഒന്ന് നോക്കാൻ പറഞ്ഞു കെന്നഡി . ആരോട് ? സി ഐ എ യോട് .

സി ഐ എ നോക്കിയപ്പോൾ , ആൾറെഡി കൊണ്ട് വച്ചിരിക്കയാണ് , അനേകം ആറ്റൻ വാണങ്ങൾ- ക്യുബയിൽ !

ആകെ കച്ചറകൾ ആയി . അമേരിക്കൻ നേവൽ കപ്പലുകൾ മൊത്തം അറ്റ്ലാന്റിക് സമുദ്രത്തിൽ അണിനിരന്നു . റഷ്യയുടെ ഒറ്റ കപ്പലുകളും , ക്യുബയിലേക്ക് കടത്തി വിടില്ല ! ബ്ലോകയ്ഡ് !

അന്താരാഷ്ട്ര രീതികൾ അനുസരിച്ച് , ഇത് ഒരു യുദ്ധ പ്രഖ്യാപനം – ആക്ട് ഓഫ് വാർ , ആണ് .

റഷ്യ , കൂടുതൽ കപ്പലുകളെ അയച്ചു . യുദ്ധം ഏകദേശം ഉറപ്പായി .

അമേരിക്കൻ യുദ്ധ വിമാനങ്ങൾ സജ്ജമായി . യൂറോപ്പിലും മറ്റുമുള്ള , അനേകായിരം ആറ്റൻ വാണങ്ങൾ , മുഞ്ഞി റഷ്യയുടെ നേർക്ക് തിരിച്ചു . തിരിച്ചിങ്ങോട്ടും അങ്ങനെ തന്നെ . അമേരിക്ക ക്യുബയെ ആക്രമിക്കാൻ റെഡി ആയി . അങ്ങനെ സംഭവിച്ചാൽ അപ്പൊ തന്നെ , ജര്മനിയിലോട്ട് കേറി ബെർലിൻ മൊത്തം പിടിച്ചടക്കാൻ , റഷ്യൻ സൈന്യം കോപ്പ് കൂട്ടി .

സമയം – ഒക്ടോബർ 25 , 1962 , ഇരുപതാം നൂറ്റാണ്ട് .

അറ്റ്ലാന്റിക് സമുദ്രത്തിൽ , മുഖാമുഖം നിൽക്കുകയാണ് അമേരിക്കൻ നേവിയും റഷ്യൻ നേവിയും . ചുമ്മാ ഒരു രസത്തിനു , അമേരിക്ക , കുറെ ചെറു ബോംബുകൾ . റഷ്യൻ അന്തർവാഹിനി ആയ ബി – 59 നു നേരെ പ്രയോഗിച്ചു . വളരെ ആഴത്തിൽ ആണ് ബി – 59 . അത് കൊണ്ട് തന്നെ , അതിനൊന്നും പറ്റുകയില്ല എന്നാണു , അമേരിക്ക കണക്ക് കൂട്ടിയത് . ചുമ്മാ പേടിപ്പിക്കാൻ വേണ്ടി , ഓങ്ങുന്നത് പോലുള്ള ഒരു യുദ്ധ തന്ത്രം ആയിരുന്നു അത് .

എന്നാൽ അമേരിക്കൻ കമാണ്ടർമാർക്ക് അറിയാതിരുന്ന ഒരു കാര്യം ഉണ്ടായിരുന്നു . ബി – 59 ഒരു ന്യൂക്ലിയർ സബ്മറൈൻ ആയിരുന്നു . ന്യൂക്ലിയർ ആറ്റൻ വാണങ്ങൾ ഉള്ള ഒന്ന് . ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കാൻ അനുമതിയും അവർക്ക് ഉണ്ടായിരുന്നു .

ആഴത്തിൽ എന്ത് കുന്തം ആണ് മുകളിൽ നടക്കുന്നത് എന്ന് മനസ്സിലാക്കാൻ പാടാണ് . ആക്രമിക്കപ്പെട്ടോ
ഇല്ലയോ ? ആകക്രമിക്കപ്പെട്ടു . യുദ്ധം തുടങ്ങി കഴിഞ്ഞു – ഇങ്ങനെ ആണ് ബി – 59 ന്റെ ചീഫ് കമാണ്ടർക്ക് മനസ്സിലായത് . ആറ്റൻ ടോർപിഡോ വിടുക തന്നെ – അയാൾ തീർച്ചപ്പെടുത്തി .

എന്നാൽ പ്രോട്ടോകോൾ അനുസരിച്ച് , അന്തർ വാഹിനിയിൽ ഉള്ള മൂന്നു ഓഫീസർമാരും , ഒന്നിച്ചു തീരുമാനിച്ചാലേ തീരുമാനം ആകൂ .

വസിലി ആർകിപോവ് എന്ന ഒരാൾ മാത്രം വിയോജിച്ചു .

“ഇല്ല . ഒന്നും സംഭവിച്ചിട്ടില്ല . വാണം വിടേണ്ട .”

അപ്പോഴേക്കും അന്താരാഷ്ട്ര തലത്തിൽ പലതും നടന്നു . തീവ്ര സമാധാന ശ്രമങ്ങൾ ഫലം കണ്ടു . ഐക്യ രാഷ്ട്ര സഭയുടെ മേൽനോട്ടത്തിൽ ക്യുബയിൽ നിന്ന് വാണങ്ങൽ മാറ്റം എന്ന് ക്രൂഷ്‌ചേവും , ഭാവിയിൽ ഒരിക്കലും ക്യുബയെ ആക്രമിക്കയില്ലെന്നു കെന്നഡിയും , ഉറപ്പ് കൊടുത്തു . അങ്ങനെ ലോകത്തെ കിടു കിടുക്കിയ ക്യുബൻ വാണ പ്രശ്നം അവസാനിച്ചു .

പിന്നെ ഒരു പത്തു വർഷങ്ങൾക്ക് മേലെ കഴിഞ്ഞാണ് ഞാനൊക്കെ ഉണ്ടായത് . എനിക്കപ്പോൾ അറിയില്ലായിരുന്നു, ഈ ലോകം ഇപ്പോഴും അങ്ങനെ തന്നെ നില്ക്കാൻ ഒരു കാരണം ഇപ്പോൾ വാണം വിടേണ്ട ,എന്ന വസിലി എന്ന ഒരു മനുഷ്യന്റെ തീരുമാനം ആയിരുന്നു എന്നത് .

വസിലി – താങ്ക് യു .

താങ്കൾ അന്ന് വാണം വിട്ടിരുന്നെകിൽ ലോക ചരിത്രം മറ്റൊന്നാകുമായിരുന്നു . ഒരു പക്ഷെ ലോകം തന്നെ ഒരു മാതിരി ഇല്ലാതായേനെ . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .