അറേൻജ്ഡ് മാരേജ് – ജീവിക്കുന്ന ഒരു ദിനോസർ ?

മൂന്നു കൊല്ലം എം എസ് റസിഡന്റ് ആയി പോണ്ടിച്ചേരി യിലെ ജിപ്മെറിൽ കഴിഞ്ഞു . അപ്പൻ വാങ്ങി തന്ന മാരുതി 800 ൽ നടന്നു . വാർഡിലും ഓപ്പറേഷൻ തീയേറ്ററിലും ആയി ജീവിച്ചു . കുറച്ചു ഒഴിവു കിട്ടുമ്പോൾ കുറെ എണ്ണവുമായി ഇറങ്ങും . ടൌൺ അങ്ങനെ തന്നെ ഓടിച്ചു മടക്കി എടുക്കും . അത് പോലാണ് ആഘോഷം .

 

സർജറി റെസിഡൻസി ചെയ്യുകയും മലയാളി ആയിരിക്കുകയും ചെയ്‌താൽ ഒരു വില്ലൻ ആണെന്നാണ് മെഡിക്കൽ വിദ്യാർത്ഥികളുടെയും ഒക്കെ വിചാരം . നമ്മൾ ടൗണിൽ പോവാണെങ്കിൽ പെണ്ണുങ്ങൾ ഒക്കെ ചിലപ്പം കോഫീ കുടിക്കാൻ ഒക്കെ കൂടെ വരും . അതൊന്നും അവിടെ വലിയ കാര്യം അല്ല .

 

മനസ്സിൽ ഒരു വിചാരമേ ഉള്ളു . രോഗികളെ നോക്കണം . ഓപ്പറേഷൻ കാണണം, ചെയ്യണം . ചെറിയ ഓരോ ജോലി ഒക്കെ ആയി അത്യാഹിത വിഭാഗത്തിലും ഒക്കെ ഇങ്ങനെ കറങ്ങി നടക്കും . രക്തം എടുക്കുക , കൈയിൽ സൂചി ഇടുക , മൂക്കിൽ കുഴൽ ഇടുക തുടങ്ങിയ അടിസ്ഥാന കലാപരിപാടികൾ തൊട്ടു വാഹനാപകടവും മറ്റു മായി വലിയ വയറും നെഞ്ചും തുറന്നുള്ള ഓപ്പറേഷനുകൾ വരെ ഒരേ ഉത്സാഹത്തോടെ ചെയ്യും . ഓപ്പറേഷൻ കഴിഞ്ഞ രോഗികളെ നോക്കി സർജിക്കൽ ഐ സി യൂ വിലും മറ്റും രാത്രി രണ്ടു മൂന്നു മണിക്കൊക്കെ പ്രേതത്തെ പോലെ  ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കും . മനസ്സിൽ ഒരേ ആക്രാന്തം മാത്രം – പണി പഠിക്കണം , പണി പഠിക്കണം – കുന്തം . എന്താല്ലേ – പ്രാന്താരുന്നെന്നു തോന്നുന്നു ഇപ്പൊ .

 

ഒരു പെങ്കൊച്ചും ആയി ലോഹ്യം ആയി . കുറെ നാൾ അടുപ്പിച്ചു കോഫി കുടിച്ചപ്പം ഒരിക്കൽ അവൾ ചോദിച്ചു:

 

“ഹൂം ആർ യു ഗോയിങ് ടു മാരി ? വിൽ ഉ മാരി ഒൺലി ഫ്രം യുർ കമ്യൂണിറ്റി ?”

 

ആരെയാണ് ഞാൻ കല്യാണം കഴിക്കാൻ പോകുന്നെ എന്ന് ! കോപ്പ് . വയസ്സ് പത്തിരുപത്തേഴ് ആയെങ്കിലും അതിനെ പ്പറ്റി ഒന്നും ആലോചിച്ചിട്ടേ ഇല്ല . വീട്ടുകാർ എന്തെങ്കിലും ചെയ്യും എന്ന ഒരു ചെറിയ ഊഹം ഉണ്ട് .

 

“ബ് ബ് ….അതറിഞ്ഞൂടാ ….’അമ്മ ആരെ എങ്കിലും കണ്ടു പിടിക്കുമായിരിക്കും ” ഞാൻ പറഞ്ഞു .

 

അവൾ വളരെ കൂൾ ആയി എഴുന്നേറ്റു . നടക്കാനായിരിക്കും എന്ന് വിചാരിച്ചു ഞാനും എഴുന്നേറ്റു . അവൾ എന്നോട് ഇരുന്നോളാൻ ആംഗ്യം കാട്ടി . ഞാൻ ഇരുന്നു .

 

“പോടാ പട്ടി , അലവലാതി , എന്നൊന്നും അവൾ പറഞ്ഞില്ല . മലയാളം അറിയാൻ പാടില്ലല്ലോ . പക്ഷെ ‘സ്റ്റുപ്പിഡ്, ഫൂൾ ‘ അങ്ങനെ എന്തൊക്കെയോ പറഞ്ഞു . ആസ്‌ഹോൾ എന്നും പറഞ്ഞു എന്നാണു എന്റെ ഓര്മ . എന്നിട്ടു ഒറ്റ പോക്ക് . എനിക്കൊന്നും മനസ്സിലായില്ല . ഞാൻ കാപ്പീം മൂഞ്ചിക്കൊണ്ട് ഇരുന്നു . പൊട്ടനെപ്പോലെ .

 

അല്ല , പൊട്ടൻ തന്നെ . അന്നൊക്കെ കുറെ ഏറെ പേർ ഇങ്ങനത്തെ പൊട്ടന്മാരും പൊട്ടികളും ആയിരുന്നു . സ്വന്തം ഭാവിയെ നിർണയിക്കുന്ന കുറെ കാര്യങ്ങൾ അപ്പനും അമ്മയും സമൂഹവും ഒക്കെ ചേർന്നാണ് തീരുമാനിക്കുന്നത് .

 

ഇന്നത്തെ ഒരു അവസ്ഥ നോക്കിയാൽ ഇതൊക്കെ തമാശ ആണ് പലർക്കും . എന്നാൽ പലപ്പോഴും നടക്കുന്നത് ഇതൊക്കെ തന്നെ . എന്നാൽ ആളുകളും അവരുടെ താല്പര്യങ്ങളും അതി ഭയങ്കരം ആയി മാറി . ഞാൻ കുറച്ചു മുൻപേ കല്യാണം കഴിക്കാതെ ഇരിക്കുന്നതിനെ കുറിച്ചു അഭിപ്രായങ്ങൾ തേടിയിരുന്നു . ഗുരുവായൂർ സംഭവത്തിന്റെ വെളിച്ചത്തിൽ അറേൻജ്‌ഡ്‌ മാരേജ് , ലവ് മാരേജ് – അതിനെ പറ്റി പറയാം എന്ന് വിചാരിച്ചു .

 

നമ്മൾ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ . ലോകത് പല സ്ഥലത്തും ഇപ്പോഴും അപ്പൻ , ‘അമ്മ , സമൂഹം – ഇവ തിരഞ്ഞെടുക്കുന്ന ആളിനെ കെട്ടുന്നതാണ് നാട്ടു നടപ്പ് . അതെങ്ങനെ ? അപ്പോൾ ‘ലവ്’ തോന്നാറില്ലേ അവിടെ ഒക്കെ ?

 

ഉണ്ടല്ലോ . ചില പ്രത്യേക സാഹചര്യങ്ങളിൽ , ആണിന് പെണ്ണിനോടും , പെണ്ണിന് ആണിനോടും ഒരു തരം വളരെ ശക്തമായ ആകർഷണം തോന്നും . കുറച് അടുത്തു ഇടപഴകുമ്പോൾ ആണ് പലപ്പോഴും സംഭവിക്കുന്നത് . ഓക്‌സിടോസിൻ എന്ന ഒരു രാസ വസ്തു തലച്ചോറിൽ ധാരാളം ഉത്പാദിപ്പിക്കപ്പെടും. ഈ ആളെ കാണുമ്പോൾ പ്രത്യേകിച്ചും . ഒരു നിമിഷം പിന്നെ പിരിഞ്ഞിരിക്കാൻ വയ്യ . എന്റമ്മേ ….മ് മ് …എനിക്കറിയാം . ഞാൻ നിങ്ങൾ വിചാരിക്കുന്ന പോലെ അത്ര നിഷ്കളങ്കൻ ഒന്നുമല്ല .

 

രണ്ടു ഇണകളെ ഒന്നിച്ചു കൊണ്ട് വരുവാനുള്ള പരിണാമത്തിന്റെ ഒരു ട്രിക്ക് ആണിത് .

 

കാര്യം കൊള്ളാം . പക്ഷെ ഒരു പ്രശ്നം ഉണ്ട് . ഓക്സിടോസിന് നമ്മുടെ തലച്ചോറിന്റെ കുറെ ഭാഗങ്ങളുടെ ഫ്യൂസ് താത്കാലികമായി അടിച്ചു കളയും! പ്രത്യേകിച്ചും മറ്റുള്ള ആളുടെ ദോഷങ്ങൾ മനസ്സിലാക്കാനും ഭാവിയെ പറ്റി കൂലം കഷമായി ചിന്തിക്കാനും ഉള്ള കഴിവ് ! പഠനങ്ങൾ ഉണ്ട് .

 

അതങ്ങനാണല്ലോ . പരിണാമത്തിന് നമ്മുടെ ദീർഘ ജീവിത സംതൃപ്തിയെ പറ്റി ഒരു വിചാരവും ഇല്ല . ഈ മസ്തിഷ്‌കം പേറുന്ന ആൾ പെറണം ; അല്ലെങ്കിൽ ധാരാളം പ്രസവങ്ങൾക്ക് കാരണക്കാരൻ ആവണം – അത് മാത്രമേ ഉള്ളു . അങ്ങനെ ജീനുകൾ അടുത്ത തലമുറകളിലേക്ക് കൈമാറി അങ്ങനെ പോണം . സ്വാർത്ഥൻ ആണവൻ – ഈ പരിണാമേ – വിശ്വസിക്കാൻ കൊള്ളില്ല . ഇനി അത് കൊണ്ടെങ്ങാൻ ആണോ സമൂഹം ഇതൊക്കെ ഏറ്റെടുക്കാൻ കാരണം ? അറേൻജ്‌ഡ്‌ ആണോ ലബ് ആണോ നല്ലത് ?

 

ആകെ നല്ല ഒരേ ഒരു പഠനമേ ഉള്ളു . ഉഷ ഗുപ്ത , പുഷ്പ സിങ് എന്ന രാജസ്ഥാൻ യൂണിവേഴ്സിറ്റിയിലെ രണ്ടു മന ശാസ്ത്രജ്ഞരുടെ ഒന്ന് . ഇന്ത്യയിൽ അല്ലെ ഇങ്ങനെ ഒരു പഠനം നടക്കൂ .

 

രണ്ടു സെറ്റ് ദമ്പതികൾ – ഒന്ന് ലവ് . മറ്റേത് അറേൻജ്‌ഡ്‌ . ഒന്ന് മുതൽ ഇരുപതു വര്ഷം വരെ കല്യാണം കഴിച്ചിട്ട് ആയവർ ആണ് . റൂബിൻ ലവ് സ്കൈൽ എന്ന് പറഞ്ഞ ഒരു സാധനം ഉപയോഗിച്ചാണ് തമ്മിൽ ഉള്ള ലവ് അളന്നത് . ആവറേജ് നോക്കിയാൽ :

 

ലവ് ദമ്പതികൾ – ആദ്യ വര്ഷം – സ്‌കോർ -70

പത്തു കൊല്ലം കഴിഞ് –   40

 

അറേൻജ്‌ഡ്‌       – ആദ്യ വര്ഷം – സ്‌കോർ – 58

പത്തു കൊല്ലം കഴിഞ്    – 68

 

അതായത് – ലവ് മാരേജ് കഴിഞ്ഞു പാട്ടും ഡാൻസും ആയി തുടങ്ങുന്നവർ പത്തു കൊല്ലം കഴിഞ് ശൂ ആകുന്നു . അറേൻജ്‌ഡ്‌ ഓ ? തണുപ്പൻ മട്ടിൽ തുടങ്ങി കത്തി കയറുന്നു ! ഹി ഹി .

 

അതായത് ഉത്തമ സുന്ദരികളെ സുന്ദരന്മാരെ , വിവാഹിതരെ അല്ലാത്ത ഭാഗ്യം ചെയ്തവരെ-

 

ഒരു പഠനം കൊണ്ട് ഒന്നും ആകുന്നില്ല . പക്ഷെ ലവ് മാരേജിലേക്ക് പൊതു ബോധം പതുക്കെ നീങ്ങുന്നത് അത് വളരെ നല്ലത് ആയതു കൊണ്ടല്ല .

 

നമ്മൾ ഇപ്പോൾ ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണ് . നമ്മൾ എന്ന് പറഞ്ഞാൽ ചെറുപ്പക്കാരായ മലയാളികൾ (പ്രത്യേകിച്ചും മധ്യവർത്തികൾ ) , മറ്റു മഹാ നഗര വാസി യൂത്തന്മാർ .

 

രണ്ടു ലോക വീക്ഷണങ്ങൾ :

 

ഒന്ന് – നമ്മുടെ സന്തോഷം ചുറ്റും ഉള്ളവരുടെ സന്തോഷം ആണ് . ആയെ പറ്റൂ . വേറെ വഴി ഇല്ലാത്തതിനാൽ ഞാൻ അതിനു വഴങ്ങും . ചുമതലകൾ ആണ് ജീവിതം . ത്യാഗം ആണ് ജീവിതം .

 

രണ്ട് – എന്റെ ജീവിതം എന്റേതാണ് . നല്ലത് ആണെങ്കിലും ചീത്ത ആണെങ്കിലും പ്രധാന ജീവിത തീരുമാനങ്ങൾ ഞാൻ തന്നെ എടുത്തേ മതിയാകൂ . എന്റെ സന്തോഷം ഞാൻ തന്നെ കണ്ടെത്തിയേ മതിയാകൂ .

 

അപ്പോൾ ഞാൻ ഏതു വീക്ഷണത്തിന്റെ കൂടെ നിൽക്കും ?

 

ഞാൻ എന്ത് ചെയുന്നു  എന്നതിൽ വലിയ കാര്യമില്ല . നമ്മൾ വിജയിക്കാൻ പോകുന്ന ടീമിന്റെ കൂടെ നിൽക്കണം . ഒന്ന് വിജയിക്കും ; മറ്റേത് പരാജയപ്പട്ടു ചരിത്രത്തിൻെറ ചവറ്റു കൂനയിൽക്കിടക്കും ?

 

ഏതാണ് വിജയിക്കുക ? കമന്റ്സ് പ്ലീസ് . ലബ് യൂ ; ഗൈസ് , ഗാൽസ് – ഉമ്മ

(ജിമ്മിച്ചൻ മത്യാസ് )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .