“ജാതി ചുള്ളൻമാരഷ്ടോ – മനുഷമ്മാരേ…”

ഇത് കേട്ടാൽ ഞെട്ടരുത് . അഞ്ചാം ക്ലാസ് മുതലാണ് ഞാൻ തൃശൂർ ക്കാരൻ ആയത് ! ഹെൽത് സർവീസിൽ ട്രാൻസ്ഫർ ഒക്കെയായി നടന്ന അപ്പന്റെ ഒപ്പം അലഞ്ഞു നടന്ന് അവസാനം പൂരപ്പറമ്പിൽ (അതായത് പൂരപ്പറമ്പുള്ള തൃശൂരിൽ അടിയുക ആയിരുന്നു ). തൃശൂർ മോഡൽ സ്‌കൂളിൽ ആണ് ചേർന്നത് .

 

എന്താണെന്നറിയില്ല , പെട്ടന്ന് തന്നെ ബാക് ബെഞ്ചിൽ ഉള്ള ‘തൃശൂർ ബോയ്സ് ‘ എന്ന് സ്വയം വിളിക്കുന്ന ഒരു ഗാങ്ങിൽ ചെന്ന് പെട്ടു . ആദ്യം അവർ എന്നെ മൂലക്കാക്കി .

 

“എന്തൂട്ട് ബാഷയാ ഈ ശവി പറേണേ ?” ഒരു രണ്ടു കൊല്ലമായി നെയ്യാറ്റിൻകരയിൽ ആയിരുന്നു . പിന്നെ പുരാതനമായി അപ്പനും അമ്മയും തൊടുപുഴ , മുവാറ്റുപുഴ ഏരിയയിൽ നിന്നാണല്ലോ . അതിന്റെ ഒക്കെ ഒരു മിക്സ് ആയ “എന്നാന്നേ   അണ്ണാ , എന്തരാണ് വിശേഷം ” ജാതി സംഭവങ്ങൾ ആണ് വായീന്നു പൊഴിഞ്ഞോണ്ടിരുന്നത് .

 

പക്ഷെ സ്ഥിരോത്സാഹത്തോടെ ഞാൻ ട്രൈ ചെയ്തതിനാൽ രണ്ടു മാസത്തിനുള്ളിൽ ഗാങ്ങിൽ സ്ഥിരം അംഗത്വം കിട്ടി .

 

ഗാങ്ങിന്റെ ഒരു എതിരാളിയെ – “പോട ഷാവ് യെ – കുണ്ടിക്കിട്ട് ഒരു പേഡ് യാ പെഡ് ച്ചാ ണ്ടല്ലാ – ആറ് മാസം കക്കൂസിലെക്കാ പോവില്ല . ചുള്ളാ – തൃശൂർ ബോയ്‌സിന ഡണ് കളി . തായോളി .”

 

ഈ വാക്യങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല . ഇത് പറഞ്ഞ ദിവസം ആണ് തൃശൂർ ബോയ്സിന്റെ ലീഡർ ആയ കരടി ലോന എന്നെ കെട്ടിപ്പിടിച് – ” ഗഡി കൊള്ളാട്ടാ – ജാതി ചുള്ളൻ ന്നെ നിയ്യ് ” എന്ന് പറഞ്ഞു ഗാങ്ങിന്റെ ഒഫിഷ്യൽ താത്വികാചാര്യൻ ആയി അപ്പോയ്ന്റ് ചെയ്തത് . (തായോളി എന്ന സ്ട്രാറ്റജിക് മിസ്റ്റേക്ക് മുകളിലെ എന്റെ പെർഫോമൻസിൽ വന്നത് നിങ്ങൾ ശ്രദ്ധിച്ചു കാണും . ഭാഗ്യത്തിന് അത് മുങ്ങി പോയി )

 

ബാക്കിയുള്ള പിള്ളേരെ ഉപദ്രവിക്കുക – തെറി പറയുക – ഇതാണ് പ്രധാന അജണ്ട . പ്രത്യേകിച്ചും തൃശൂരിൽ നിന്ന് അല്ലാത്ത – എന്നാൽ തൃശൂർ ഭാഷ ഇനിയും വശം ഇല്ലാത്ത കുട്ടികളെ കുനിച്ചു നിർത്തി കൂമ്പിൽ ഇടിക്കുക, മേത്തു മണ്ണ് വാരി ഇടുക തുടങ്ങിയവ ആണ് വേറെ കലാ പരിപാടികൾ . പ്രാദേശിക വാദികളും അതി ദേശീയ വാദികളും ആണ് തൃശൂർ ബോയ്സ് .

 

ദിവസങ്ങളും ആഴ്ചകളും കടന്നു പോയി . മൂക്കുകൾ ഒലിച്ചു . ഗോട്ടികൾ കൊണ്ട് കളിച്ചു . ലൂസായ നിക്കറുകൾ പിന്നെയും പിന്നെയും വലിച്ചു കേറ്റി .

 

പെട്ടന്ന് ഒരു ദിവസം – കരടി ലോന പറയാണ് –

 

“ഡാ – ഈ ജിമ്മീണ്ടല്ല – കപ്പ തീനി ആന്ഡ . ”

 

“ങേ ”

 

“തെക്കനണ്ന്ന്. ഇവന്റെ അപ്പനും അമ്മേം – ഒക്കെ കപ്പ തീനി തെക്കമ്മാരാഷ്ടോ .”

 

എനിക്ക് സങ്കടം വന്നു . കരച്ചിലും വന്നു . ഒന്നും പറയാൻ പറ്റില്ല – എന്ത് പറയാൻ . സംഭവം സത്യം ആണല്ലോ . കപ്പ എനിക്കും ഭയങ്കര ഇഷ്ടമാണ് . ചുമ്മാ ചെണ്ടൻ പുഴുങ്ങിയത് കാന്താരി മുളകും വെളിച്ചെണ്ണയും ഇട്ട ചട്ടിണി  (ചമ്മന്തി എന്നാണു തനി തെക്കത്തി ആയ എന്റെ ‘അമ്മ പറയുന്നത് ) കൂട്ടി ഒരു കിന്റൽ അടിച്ചു കേറ്റും . തേങ്ങാ ഇട്ട് പുഴുങ്ങിയതോ – ബീഫും മത്തീം എന്നില്ല – ചുമ്മാ ആണെങ്കിലും വാരി വിഴുങ്ങും .

 

അതായത് ജാതി ഗഡിയോളെ , ഗടിച്ചികളെ :

 

താത്വികമായി നാക്ക് കൊണ്ട് നേരിടാൻ പറ്റാത്ത അവഹേളനം ആണ് കരടി ലോന ചെയ്തത് .

ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാണിച്ചിട്ട് കാര്യമില്ല . കൊങ്ങക്ക് ഇടിക്കണം . ഇതാണ് ഞാൻ ചെയ്തത് .

 

പിന്നെ താഴെ കൊറേ ചാണകം കിടപ്പുണ്ടായിരുന്നു . രാത്രി പശുക്കൾ വിശ്രമിക്കുന്ന സ്ഥലമാണ് സ്‌കൂൾ വരാന്ത . സൗകര്യ പൂർവം കിട്ടിയ ഈ ആയുധം ഞാൻ ഉപയോഗിച്ചു , എടുത്ത് ഒരു ചാമ്പാ ചാമ്പി .

 

ചാണകത്തിൽ കുളിച്ചു നിൽക്കുന്ന അവന്റെ മോന്ത കണ്ടാൽ -…എന്റെ സാറേ ….പൂരത്തിന് അമിട്ടാ പൊട്ടിയാലും ഇത്രേം രസല്ല്യ . ആഹ , ആഹ .

 

അശുവായ ഞാൻ ഓടി സ്റ്റാഫ് റൂമിൽ കേറി പിഷാരടി മാഷിനോട് ‘ മാഷെ കരടി ലോന എന്നും അടിക്കാൻ വരാണ് ” എന്ന് പറഞ്ഞു . ഓടിക്കൂടിയ ലോന ശത്രുക്കൾ പലതും പറഞ്ഞു അവനെ മോഡേൺ ആന്റി ടെററിസം ഭാഷയിൽ ന്യൂട്രലൈസ് ചെയ്തു .

 

ഇതിൽ നിന്നും   നമുക്ക് കുറെ പാഠങ്ങൾ പഠിക്കാൻ ഉണ്ട് .

 

-അതായത് , ഇതൊന്നും റാഡിക്കൽ ആയ ഒരു മാറ്റം അല്ല . മനുഷ്യൻമാരാണോ – ഇത് പോലുള്ള കൊറേ കൊനുഷ്ട് കൂറൊക്കെ കാണും . അത് വേണോ എന്ന് ചോദിച്ചാൽ – മനുഷ്യന് മുടി വേണോ ? എന്ന് ചോദിക്കുന്ന പോലിരിക്കും .

 

മനുഷ്യന് എന്തിനാണ് മുടി ? കൂടാതെ വേണ്ടാത്ത സ്ഥലത്തു രോമങ്ങൾ ? വിയർപ്പ് , നാറ്റം , പേനുകൾ .

 

ആക്ചുഅലി – എന്തൂട്ടിനഷ്ടോ ഈ രോമം ? ഇതങ്ട് വേണ്ടാന്നാ വെക്കർന്നില്ലേ ?

 

പറ്റില്ല – ആകെ ചെയ്യാവുന്നത് , വെട്ടിയും വടിച്ചും , സോപ്പിട്ടും , പേനിനെ ഒക്കെ കൊന്നും മെന ആയിട്ട് നടക്കാൻ  നോക്കാം എന്നുള്ളതാണ് .

 

പിന്നെയും ഉണ്ട് പാഠങ്ങൾ :

 

താത്വികാചാര്യന്മാരെ വിശ്വസിക്കാൻ കൊള്ളില്ല . അവർ കറക്ട് സമയത്തിന് തലച്ചോർ ഉപയോഗിച്ചു കളയും .

 

പശു നല്ലതാണ് . ചാണകവും നല്ലതാണ് . കറക്ട് സമയത്തു ഉപയോഗിച്ചാൽ വലിയ പ്രയോജനം ചെയ്യും .

 

അപ്പൊ – പോട്ടെഷ്ടാ ….

 

സോറി , പറയാൻ മറന്നു :

 

“ഭാരതം എന്ന് കേട്ടാൽ അഭിമാന പൂരിതം ആവണം അന്തരംഗം .

കേരളം എന്ന് കേട്ടാലോ – തിളക്കണം – ചോര നമുക്ക് ഞരമ്പുകളിൽ .”

 

ഹാപ്പി തിളക്കൽ

 

ഹാപ്പി ഇൻഡിപെൻഡൻസ് ഡേ

 

ജയ് ഹിന്ദ് .

 

ഉഷാര് രാജ്യണ് മ്മ്‌ടെ രാജ്യം . മ്മളൊക്കെ ചുള്ളന്മാരും ചുള്ളത്യോളും ആണ് ഷ്ടോ .

(ജിമ്മിച്ചൻ മത്തിയാസ് )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .