പണ്ട് പണ്ടൊരു കാലം. റിലൈൻസ് ആദ്യത്തെ മൊബൈൽ ഫോൺ ഒക്കെ ഇറക്കി, അത് വാങ്ങി ആളുകൾ മൂഞ്ചിത്തെറ്റി നടക്കുന്ന മധുര മനോജ്ഞ കാലം. കല്യാണം കഴിഞ്ഞു, ഒരു കുഞ്ഞു മോളുമുണ്ട് . എം സി എച് കഴിഞ്ഞു , ആ സാമാനം രെജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരത്തു പോയതാണ് . ഒറ്റക്കെയുള്ളൂ .
തിരികെ ട്രെയിനിൽ ആണ് . രാത്രി . ആ തീവണ്ടി മുറിയിൽ ഞാനും ഒരു മീശക്കാരൻ വേന്ദ്രനും മാത്രമേയുള്ളു . അയാൾ ഫുൾ ടൈം ഉറക്കമാണ് . ആൾ ഇത് വരെ എന്നോട് മിണ്ടിയിട്ടേയില്ല .ലൈറ്റ് ഒക്കെ കെടുത്തി. കുറ്റാക്കുറ്റിരുട്ട് . റ്റേടം , റ്റേടം – റ്റേടം , റ്റേടം . മ്മ്‌ടെ ട്രെയിനിന്റെ ശബ്ദം മാത്രം . ജനാലയിലൂടെ നിഴലുകൾ പിന്നോട്ട് പാഞ്ഞു പോകുന്നു .
ഉറങ്ങാം എന്ന് വിചാരിച്ച് കിടന്നതേയുള്ളു . അപ്പോഴേക്കും ഈ മീശധാരി എണീറ്റു. എന്നെ തുളച്ചു കയറുന്ന ഒരു നോട്ടം നോക്കി .ഗൗരവത്തോടെ ചോദിച്ചു:
“കായം കുളം ആയോ ?” കായംകുളം ആണെന്ന് തോന്നുന്നു . മറന്നു തുടങ്ങി . ഏതോ ഒരു സ്ഥലം .
എനിക്ക് പണ്ടേ ഈ സ്ഥലങ്ങൾ ഒന്നും അറിയില്ല . ഞാൻ മിഴുങ്ങസ്യാ എന്ന് ഇരുന്നു .
“ആയാൽ പറയണം കേട്ടോ ” -ഇതും പറഞ്ഞു അയാൾ നല്ല ഉറക്കം .
എന്റെ ഉറക്കം പോയി . പോടാ ഉവ്വേ – എന്നാണ് ഒരു തോന്നൽ . പക്ഷെ പറ്റിയാൽ പറയാം എന്നുണ്ട് . അയാളുടെ അവസ്ഥ നമുക്കറിയില്ലല്ലോ . ഞാൻ ഇങ്ങനെ പുറത്തോട്ടും നോക്കി ഇരിക്കയാണ് .
പെട്ടന്ന് ചായക്കാരൻ വന്നു . “ജായ . ജായേയ് ”
മീശ ഞെട്ടി എണീറ്റ് ഒരു ചോദ്യം – “കായം കുളം കഴിഞ്ഞോ ?”
“എപ്പഴേ കഴിഞ്ഞു ” ജായക്കാരൻ മൊഴിഞ്ഞു . ജായക്കാരൻ പോയി .
മീശമോറൻ എന്നെ നോക്കി . ക്രുദ്ധൻ ആയി നോക്കി . തെറി അഭിഷേകവും തുടങ്ങി .
“നീ ഏത് കോത്താഴത്തിലെ മയിരൻ ആടാ, നായിന്റെ മോനെ. നിന്റെ അമ്മേടെ ….”
കൂടുതൽ പറയണ്ടല്ലോ . ഈ ഭൂമി മലയാളത്തിൽ ജനിച്ചു ജീവിച്ചവർ ആണല്ലോ നിങ്ങൾ . ഏകദേശം മീശ രാക്ഷസന്റെ സംഭാഷണത്തിന്റെ കാതൽ , അഥവാ സമ്മറി , അഥവാ ഒരിത് , ഒരു ആങ്കിൾ – നിങ്ങൾക്ക് പിടി കിട്ടി എന്ന് വിശ്വസിക്കുന്നു .
തെറി കേൾക്കുന്നത് പുതിയ കാര്യം ഒന്നുമല്ല . പക്ഷെ അത് കൂടുതലും സുഹൃത്തുക്കളിൽ നിന്ന് ആയിരുന്നു . അപ്പോൾ അതെ പോലെ തിരിച്ചു പറയാൻ ഉള്ള വാക്ചാതുരിയും കഴിവും ഉണ്ട് . അത് കൊണ്ടാണല്ലോ എം ബി ബി സ് പഠിച്ചത് . പക്ഷേ , ൽ ൽ ബി യുടെ അത്രേം വരാത്തത് കൊണ്ട് , ഒരപരിചിതൻ ഇത്രയും അനർഗ്ഗള നിർഗ്ഗളമായി പുലഭ്യം, അഥവാ അസഭ്യം അഥവാ മുട്ടൻ തെറി പ്രവഹിപ്പിച്ചപ്പോൾ , ഞാൻ ഇതികർത്തവ്യതാ മൂഢൻ ആയി നിന്ന് പോയി .
ഒരു ഒന്ന് രണ്ടു മിനിറ്റ് അപരിചിതന്റെ പ്രഭാഷണം നീണ്ടു . മദ്യ ഗന്ധം ലേശം – കമ്പാർട്മെന്റിൽ നിറഞ്ഞു . ഉടൻ തന്നെ അദ്ദേഹം ചുരുണ്ടു കിടന്നു കൂർക്കം വലിയും തുടങ്ങി !
ഞാൻ ഇങ്ങനെ ദേഷ്യവും സങ്കടവും കൊണ്ട് വിറക്കുകയാണ് . അന്ന് അത്യാവശ്യം മസിൽ ഒക്കെയുണ്ട് . നല്ല ദേഷ്യവും , മോശമില്ലാത്ത ധൈര്യവും ഉണ്ടെന്ന നാട്യത്തിലാണ് നടത്തം . ചെറുപ്പമല്ലേ .
അയാളുടെ സ്യൂട്ട് കേസ് അടുത്തുണ്ട് . ഞാൻ അതെടുത്തു പൊക്കി . ആ അറയിൽ ആരുമില്ല . അടുത്ത അറകളിലും ആരുമില്ല . ഇതൊന്നും ആരും കാണുന്നില്ല . നല്ല കനം ഉള്ള സൂട്ട് കേസ് . ഞാൻ അത് പൊക്കി എന്റെ തലയ്ക്കു മീതെ പിടിച്ചു . സർവ ശക്തിയും എടുത്ത് ഉറങ്ങിക്കിടക്കുന്ന അയാളുടെ തലയിൽ അടിക്കാനാണ് .
റ്റാടം, ട്ടടം , റ്റാടം , റ്റടം , ട്രെയിൻ അതി ഭീകരമായി അലറി . എന്റെ തലയിൽ ഒരു ഓറഞ്ചു ബോംബ് പൊട്ടി ഇരിക്കയാണ് . മുഴുവൻ പകയുടെ ഓറഞ്ച് . ഒരൊറ്റ അടി – ടമാർ .
ഇല്ല – അടിച്ചില്ല . ഓറഞ്ചു പക പെട്ടന്ന് മായ്ച് , വകതിരിവിന്റെ ഒരു പച്ചവെളിച്ചം തലയിലോട്ട് തള്ളിക്കയറി .ഞാൻ സൂട്ട് കേസ് പതുക്കെ താഴെ വച്ച് , എന്റെ ബാഗും എടുത്ത് , അടുത്ത കമ്പാർട്മെന്റിലേക്ക് പോയി .
ഞാൻ ഇപ്പോഴും ആലോചിക്കാറുണ്ട് – അടിച്ചെങ്കിൽ എന്തായേനെ . ജീവിതം മിക്കവാറും കോഞ്ഞാട്ട ആയേനെ .മാത്രമല്ല , അയാൾ ആരാണ് ? കായംകുളത്ത് ആണ് ഇറങ്ങേണ്ടത് എങ്കിൽ പിന്നെയും എന്തിനു കിടന്നുറങ്ങി ?
ഇനി വേറെ വല്ല കെണിയും ആണോ ? അയാളുടെ കൂട്ടാളികൾ പതുങ്ങി നിൽപ്പുണ്ടായിരുന്നിരിക്കുമോ ?
അറിയില്ല – പക്ഷെ കൺട്രോൾ – അത് മാത്രം ആണ് എന്നെ രക്ഷിച്ചത് . ഞാൻ ഭീരു ആണ് എന്ന് നിങ്ങൾ പറയുമായിരിക്കും.
സാരമില്ല തിരുമേനി – ജിമ്മിച്ചൻ ഭീരു ആണ് . ഞാൻ സഹിച്ചു .
പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ , പ്രളയം വന്ന ഉടനെ , കേരളത്തിനെ ഊമ്പിക്കാൻ ആയി സംഘടിത ശക്തികൾ പ്രവർത്തനം തുടങ്ങി . ഐ ടി സെൽ തലവന്മാർ അടക്കം നമ്മളെ ചീത്ത പറഞ്ഞു .
ഉടൻ നമ്മൾ പ്രതികരിച്ചു . ഫെയിക് ന്യൂസ് ഒക്കെ പൊളിച്ചടുക്കി . കാര്യങ്ങൾ അനുകൂലം ആയി . ഇന്ത്യ മൊത്തം ഈ ദുഷ്ട ശക്തികളെ തിരിച്ചറിഞ്ഞു തുടങ്ങി .
പിന്നെ സംഭവിച്ചത് ആണ് പ്രശ്നം .
മണ്ടന്മാർ ഒന്നും അല്ല . ജനാധിപത്യം ഏതാണ്ട് മുഴുവൻ ആയി മൂഞ്ചും എന്ന് വന്ന അടിയന്തിരാവസ്ഥക്കാലത്തും , അതിലേക്ക് നയിച്ച സമരകാലത്തും , കട്ടക്ക് കട്ടക്ക് പ്രതോരോധത്തിനു നിന്നവർ ആണ് കമ്മ്യൂണിസ്റ് കാരും ആദി സംസ്കാര സ്വയം വക്താക്കളും . കമ്മ്യൂണിസ്റ്റുകാർ ഇപ്പൊ എത്ര സംസ്ഥാനം ഭരിക്കുന്നുണ്ട് ? ആദി സംസ്കാര വക്താക്കളോ ? അവർ ഇപ്പൊ എവിടെ ആണ് ? മണ്ടന്മാർ ആണോ കൂർമ്മ ബുദ്ധികളോ ?
അതായത് , ആദ്യം ഒരു വിദ്യ എടുത്തു . അത് ചീറ്റി .
പിന്നെ നമ്മളെ ഓവർ ആയി പ്രതികരിപ്പിക്കാനും തെറി പറയിപ്പിക്കാനും ആയി ശ്രമം . അതിൽ അവർ ഭയങ്കരമായി വിജയിച്ചു . അതോടെ ആദ്യത്തെ ഉഡായിപ്പുകൾ ആരും ശ്രദ്ധിക്കാതെ ആയി .
നമ്മൾ നോർത്ത് ഇൻഡ്യാക്കാരെ ഒക്കെ അടച്ചു തെറി പറഞ്ഞു . എന്റെ ഒരു സുഹൃത്തിന്റെ ഓഫീസിൽ ഉള്ള ഉത്തർ പ്രദേശുകാരൻ ബി ജെ പി സപ്പോർട്ടർ ആണ് . അഞ്ചു ലക്ഷം രൂപ ആണ് സ്വന്തം ഓഫീസിൽ വെള്ളപ്പൊക്കം വന്നു നഷ്ടം വന്നവർക്ക് പുള്ളിയുടെ ഉത്തരേന്ത്യൻ സുഹൃത്തുക്കൾ വഴി ശേഖരിച്ചു കൊടുത്തത് . ണ് ഡി ടി വി ചെയ്തത് നമ്മളോ കണ്ടതാണ് . ഒത്തിരി ഉത്തരേന്ത്യക്കാർക്കും കേരളീയരെ മതിപ്പാണ് . കുറെ ഊളകൾക്ക് അസൂയയും കുന്നായ്മയും കാണുമെങ്കിലും . പിന്നെ രാഷ്ട്രീയ വൈര്യം – അത് കാണുമല്ലോ .
ഇപ്പൊ എന്തായി ? മറ്റുള്ള ഇന്ത്യക്കാരെ മൊത്തം തെറി പറഞ്ഞു . പ്രത്യേകിച്ചും ഹിന്ദി ബെൽറ്റിൽ ഉള്ളവരെ . അവരെ ആണ് അവർക്ക് വേണ്ടത് . നമ്മളെക്കൊണ്ട് എന്തായാലും രക്ഷയില്ല . നമ്മൾ ചെറിയ ഒരു മൂലയാണ് . ഇവിടെ എന്തായാലും പച്ച പിടിക്കാൻ പോകുന്നില്ല . അപ്പൊ ഈ പേരും പറഞ്ഞു , ജിഹാദി , ഉ എ ഇ യിലെ മുസ്ലിം പണം , എന്നൊക്കെ കാച്ചി , നമുക്കെതിരെ വികാരം ഇളക്കി വിട്ട് അവിടെ വോട്ട് പിടിക്കുക എന്ന തന്ത്രം നമ്മൾ വിജയിപ്പിച്ചു കൊടുത്തു . അവിടെ പോലും സാദാ ജനങ്ങൾ വെറുത്തു തുടങ്ങിയ എയർ നവാബ് ആസാമിക്ക് മൈലേജു ഉണ്ടാക്കി .
ആരാണ് മണ്ടൻ ? ഈയടുത്ത് രണ്ടായിരം സൈബർ പോരാളികളെ ആണത്രേ ആദിമസംസ്കാര വീരന്മാർ നിയമിച്ചത് . മാർപാപ്പയെ വേദോപദേശം പഠിപ്പിക്കാൻ പോയിട്ട് എന്തായി ?
പിന്നെയുമുണ്ട് പ്രശ്നങ്ങൾ . ചെറുതായി വിമർശിച്ച എല്ലാവരെയും സൈബർ സഖാക്കൾ അടപടലം ചാപ്പ കുത്തി . ഹാവൂ നമ്മടെ ഡാം മാനേജ്‍മെന്റ് എന്ത് നല്ലത് . നമ്മുടെ പ്രളയ മാനേജ്‌മെന്റ് എന്ത് നല്ലത് !
സംഭവം ശരിയാണ് . പ്രളയം നമ്മൾ ഒത്തൊരുമയോടെ നേരിട്ടു . ഫ്രീക്കന്മാരും ഡിങ്കോയിസ്റ്റുകളും അടക്കം കളത്തിലിറങ്ങി . ഫേസ് ബുക്ക് കൺട്രോൾ റൂമുകൾ ആയി . മൊബൈൽ ടവറുകൾ നില നിർത്താൻ വീട് മുങ്ങിയത് വക വയ്ക്കാതെ എഞ്ചിനീർമാർ വന്നു നന്നാക്കി . നേവി ഇറങ്ങി.
മുക്കുവന്മാർ ഇടവും വളവും നോക്കാതെ ചാടി ഇറങ്ങി . ഓടി വന്നു . നീന്തി ആളുകളെ കരക്ക് കയറ്റി .
സ്വതവേ വലിയ കുഴപ്പമില്ലാത്ത സംവിധാനങ്ങൾ ഉണർന്നു . റെവെന്യു ഡിപ്പാർട്മെന്റും ഉദ്യോഗസ്ഥ മെഷീനറിയും , എല്ലാ പാർട്ടിയിലും പെട്ട ജനപ്രതിനിധികളും വിശ്രമം ഇല്ലാതെ പ്രവർത്തിച്ചു . സംഘികളും സുഡാപ്പികളും തീവ്രതയോടെ തന്നെ ഇറങ്ങി .
ശരിയാണ് , കുറെ ക്രെഡിറ്റ് തലപ്പത്തുള്ള സർക്കാരിനാണ് . എങ്കിലും ഈ വിജയത്തിന്റെ അവകാശം കേരളഭൂമിക്ക് മൊത്തം അവകാശപ്പെട്ടതാണ് .
ഇനി , വലിയൊരു ദുരന്തമുണ്ടാവുമ്പോൾ , സ്വാഭാവികമായും എല്ലാ കാര്യങ്ങളിലും ചോദ്യങ്ങൾ വരും . വസ്തു നിഷ്ഠമായ അന്വേഷണം വേണം . ഇത്തരം കാര്യങ്ങൾ ഉയർത്തി കൊണ്ട് വരേണ്ടത് പ്രതിപക്ഷത്തിന്റെയും പൊതു സമൂഹത്തിന്റെയും ഉത്തരവാദിത്വം കൂടി ആണ് . എല്ലാവരുടെയും തലക്കടിച്ച് , ചാപ്പയും ഒട്ടിച്ച് ഒരു വഴിക്കാക്കാൻ നോക്കുന്നതിൽ അർത്ഥമില്ല . കണ്ട്രോൾ . കൺട്രോൾ . (ജിമ്മി മാത്യു )