ആണും പെണ്ണും ഒരേ അവകാശങ്ങൾ ഉള്ളവർ അല്ലെ ? തീർച്ചയായും ആണ് .
അപ്പൊ നീ ഫെമിനിസ്റ്റല്ലേ ?
കുടുങ്ങി . അല്ല എന്ന് പറഞ്ഞാൽ പെണ്ണുങ്ങൾ എല്ലാം പിണങ്ങും . പെണ്ണുങ്ങൾ പിണങ്ങിയാൽ എന്ത് ഉഷാർ ആയി എഴുതിയിട്ടും കാര്യമില്ല . മാന ഹാനി മാത്രം ഫലം . ഓട് മോനെ കണ്ടം വഴി എന്ന് എന്തായാലും കേൾക്കും .
ഒരു ബ്രാൻഡിങ്ങും അത്ര ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞാൽ ആണത്തം ഇല്ലാത്തവൻ ആണത്രേ . “ആണത്തമോ” ? മൈ ഗോഡ്! അപ്പൊ നിങ്ങ പാട്രിയാർകീടെ ആളാണല്ലേ ?
“ങേ , ഗോഡോ – അപ്പൊ ശാസ്ത്രീയ ചിന്ത ഇല്ലല്ലേ ? പുല്ലൻ !”
“കർത്താവേ – എന്തുട്ടത് ? ”
“കർത്താവോ – വർഗീയ വാദി ആണല്ലേ ? പിന്നെ പരട്ട തൃശൂർ പ്രാദേശിക വാദിയും .”
“എന്റമ്മേ ….ന്നു പറയാവോ ?” നമ്മൾ കരയാറായി .
“എന്റപ്പോ – ന്നു പറഞ്ഞു കൂടടോ – ഈ പാവം അമ്മയെ മാത്രം എന്തിനാ ശല്യപ്പെടുത്തുന്നത് , മെയിൽ ചാവ് ദോഷമേ ? ”
യ്യോ ..എന്നെ കൊല്ലാൻ വരല്ലേ . ഞാൻ ഒന്ന് ചോദിക്കട്ടെ :
നിങ്ങൾ എല്ലാ മനുഷ്യരും തുല്യർ ആണെന്ന് വിശ്വസിക്കുന്നോ ?
വിശ്വസിക്കുന്നു .
അപ്പൊ നിങ്ങ കമ്മ്യൂണിസ്റ്റല്ലേ ? എന്ത് കൊണ്ടല്ല ; ആവേണ്ടതല്ലേ ?
ഓക്കേ . നമ്മളിൽ പലരും കമ്മ്യൂണിസ്റ്റാണ് . എന്നാൽ മാനുഷിക തുല്യത തത്വത്തിൽ അംഗീകരിക്കുന്ന എല്ലാവരും കമ്മ്യൂണിസ്റ്റുകാരല്ല .
കുറെ ഏറെ കാര്യങ്ങളിൽ അതി ദൃഢമായി വിശ്വസിക്കുകയും അത് ശരി ആണെന്ന് ശഠിക്കുകയും ചെയ്താലേ , ഏതെങ്കിലും പ്രത്യയ ശാസ്ത്രത്തിന്റെയോ മതത്തിന്റെയോ യഥാർത്ഥ വക്താവായി സ്വയം ബ്രാൻഡ് ചെയ്യാൻ പറ്റൂ .
അത് കൊണ്ടെന്താ – അതൊക്കെ ശരി ആണെങ്കിലോ ?
നമ്മൾ വിചാരിക്കുന്ന പോലെ ലളിതം അല്ല സമൂഹ സമ വാക്യങ്ങൾ – ആർക്കും അത്ര ഉറപ്പിൽ പറയാൻ പറ്റില്ല ഇവയെ പറ്റി അധികം – ഞാൻ പേഴ്സണൽ ആയിട്ട് പറയുവാ , കേട്ടോ . യു കാൻ ഡിസഗ്രി .
ചെറിയ ഒരു ഉദാഹരണം പറയാം – ബഹു ഭാര്യാത്വം തന്നെ എടുക്കാം .
ആദ്യം ഡിസ്ക്ലെയ്‌മെർ – എനിക്ക് ഒരു മെലിഞ്ഞ ഭാര്യയെ ഉള്ളു ! ഒരൊറ്റ ഒരുത്തി .
ഇനി വേറെ ഒന്നിനേം വേണ്ടാ താനും – ഒഫീഷ്യൽ ആയിട്ടും അല്ലാതെയും . ( അവളും ഫ് ബി യിൽ ഉണ്ട് .) പലപ്പോഴും വേറെ പെണ്ണുങ്ങളെ ഒക്കെ കാണുമ്പോൾ ആഹാ , കൊള്ളാല്ലോ – എന്നൊക്കെ തോന്നും . പക്ഷെ ഒന്നും സംഭവിക്കുക ഇല്ല . കാരണം ?
സെല്ഫ് കണ്ട്രോൾ . അതങ്ങനെ സ്ഥിരം ഉപയോഗിച്ച് ആർനോൾഡ് ശിവശങ്കരന്റെ (പണ്ടത്തെ ) മസിൽ പോലെ വീർത്തു ഇരിക്കയാണ് . ഭയങ്കര സ്ട്രോങ്ങ് ആണ് സെല്ഫ് കണ്ട്രോൾ . ഇതേ സെല്ഫ് കണ്ട്രോൾ ആണുങ്ങളും പെണ്ണുങ്ങളും ഒക്കെ ഉപയോഗിക്കുന്നത് തന്നെ ആണ് .
വിഷയം മാറി പോയി :
മോണോഗാമി – ഒരുത്തനു ഒരു ഭാര്യ . ഒരുത്തിക്ക് ഒരു ഭർത്താവ് . ഇതാണ് ഒഫീഷ്യലി കുറെ സ്ഥലങ്ങളിൽ ഉള്ളത് .
പോളി ഗൈനി – ഒരുത്തനു പല ഭാര്യമാർ ആവാം .
പോളി ആൻഡ്രി – ഒരുത്തിക്ക് പല ഭർത്താക്കന്മാർ ആവാം .
പോപ്പുലേഷൻ ജനറ്റിക്സ് എന്ന ശാസ്ത്ര ശാഖാ ഉപയോഗിച്ച് , കഴിഞ്ഞ ഏകദേശം അൻപതിനായിരം കൊല്ലങ്ങൾ നോക്കിയാൽ എൺപതു ശതമാനവും മോണോഗാമിയും ഇരുപത് ശതമാനം പൊളി ഗൈനിയുമാണ് മനുഷ്യ സമൂഹത്തിൽ ഉണ്ടായിരുന്നത് .
ഇപ്പോഴുള്ള സമൂഹങ്ങൾ- ഗോത്ര സമൂഹങ്ങൾ ഉൾപ്പെടെ ഉള്ളവ- നോക്കിയാലും ഏകദേശം ഇത് പോലാണ് .
നമ്മുടെ നോട്ടത്തിൽ – ആൺ കോയ്മയുടെ ഒരു കൂത്തരങ്ങാണ് പോളി ഗൈനി അഥവാ ബഹുഭാര്യാത്വം . ഏകദേശം അങ്ങനെ തന്നെ ആണെന്ന് വച്ചോളു . ഒരു ആണിനെ മുഴുവനായി അനുഭവിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് ദാമ്പത്യം ?
എന്നാൽ കുറച്ചു കാര്യങ്ങൾ നോക്കാം :
തുല്യത ഉള്ള, എന്നാൽ തീരെ സമ്പത്തു ഇല്ലാത്ത ഗോത്ര സമൂഹങ്ങളിൽ മോണോഗാമി ആണ് കൂടുതൽ :
കാര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ സൂക്ഷിക്കണം . എന്നാലും എന്ത് കൊണ്ടായിരിക്കണം ഇത് ? ഏകദേശം ആണുങ്ങൾ തുല്യർ ആയാൽ എല്ലാ പെണ്ണുങ്ങളുടെയും ചോയ്‌സ് ഏകദേശം തുല്യം ആണ് . ഒരാണിന് ഒരു കുടുംബത്തെ മാത്രമേ നോക്കാൻ സാധിക്കൂ . അപ്പോൾ മോണോഗാമി മാത്രമേ പറ്റൂ എന്നർത്ഥം .
തുല്യത ഇല്ലാത്ത, സമ്പത്തു ചിലരിൽ കുമിഞ്ഞു കൂടുന്ന സമൂഹങ്ങളിൽ ആണ് പോളി ഗൈനി കൂടുതൽ .
അതായത് , കൂടുതൽ പോറ്റാൻ പറ്റുന്ന ആണുങ്ങൾ കൂടുതൽ കെട്ടുന്നു . ചില സ്ഥലങ്ങളിൽ രാജാക്കന്മാർ ഒക്കെ പത്തും ഇരുപതും പെണ്ണുങ്ങളെ വച്ച് കൊണ്ടിരിക്കുന്നു .
ഇവിടത്തെ പെണ്ണുങ്ങളുടെ കാര്യം ഒന്നാലോചിച്ചു നോക്ക് . ഇങ്ങനത്തെ സമൂഹങ്ങളിൽ പെണ്ണുങ്ങൾക്ക് വലിയ വില ഒന്നുമില്ല . പക്ഷെ മോണോഗാമി ആയിരുന്നെങ്കിൽ , മിക്ക പെണ്ണുങ്ങളുടെയും സ്ഥിതി കൂടുതൽ പരിതാപകരം ആയേനെ – താഴെ ക്കിടയിൽ ഉള്ള ആണുങ്ങളെ മാത്രമേ കിട്ടൂ .
ഈ സമൂഹങ്ങളിൽ ആണുങ്ങളുടെ കാര്യം ശരിക്കും കഷ്ടമാണ് . അവർ മിക്കവർക്കും പെണ്ണുങ്ങളെ കിട്ടുകയേയില്ല . ഒക്കെ കാശും പദവിയും ഉള്ള ആണുങ്ങൾ കൈ അടക്കി വച്ചിരിക്കും . ആണുങ്ങൾ തമ്മിൽ കോംപറ്റീഷൻ കൂടും . സ്പർദ്ധ കൂടും . സമാധാനം കുറയും .
എന്നാൽ ഇവിടൊക്കെ സ്ത്രീ ധനത്തിനു പകരം പുരുഷധനം ആണ് ! അതായത് , പൊതുവെ ഡാർക് സീൻ ആണെങ്കിലും സമ്പത് എന്ന ഇടുങ്ങിയ ആംഗിളിൽ നോക്കിയാൽ പെണ്ണിന്റെ വില കൂടുതൽ ആണ് !
ഇന്ത്യ പോലത്തെ ഒരു സ്ഥലം നോക്ക് . ഇവിടെ തുല്യത ഇല്ല . മോണോഗാമി ആണ് . കുറെ ആണുങ്ങൾ പ്രബലർ ആണ് . എന്നിട്ട് സാദാ സ്ത്രീകൾക്ക് കാര്യം ഉണ്ടോ ?
ഇല്ല – പക്ഷെ സ്ത്രീധനം ഉണ്ട് ! വലിയ ആണുങ്ങളെ മൊത്തം കാശുള്ള സ്ത്രീകൾ വാങ്ങി കൈയടക്കി വച്ചിരിക്കുന്നു ! ബാക്കി സ്ത്രീകൾ എല്ലാം മൂഞ്ചി . കഷ്ടം !
അതായത് – എന്നെ കൊല്ലരുത് – ഇവിടുത്തെ മോണോഗാമി സമാധാനം സൂക്ഷിക്കാൻ ആണുങ്ങളുടെ ഒരു ഗൂഡാലോചന ആണ് ! അതിനു കാശ് വച്ച് കൊമ്പൻസേഷൻ വാങ്ങുന്നു!
അപ്പോൾ നമ്മുടെ പാശ്ചാത്യവത്കരിക്കപ്പെട്ട ന്യൂ ജനറേഷനും പാശ്ചാത്യ രാജ്യങ്ങളിലുമൊ ?
ങാ – അവിടെ മാത്രമേ ശരിക്കും പെണ്ണുങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം പുറത്തു വരുന്നത് . അവിടെ പെണ്ണുങ്ങൾ പറയുന്നു – എനിക്ക് ഒരാണിനെ മുഴുവൻ ആയി വേണം . അല്ലാത്തത് എനിക്ക് അപമാനം ആണ് . അത്രേയുള്ളു . ആണുങ്ങളും സമ്മതിക്കുന്നു . അവർക്ക് പകരം ലേശം സമാധാനവും കിട്ടുന്നു . കോമ്പറ്റീഷനും കുറക്കാം . ഈ മോണോ ഗാമി കൊള്ളാം .
പക്ഷെ വ്യക്തി സ്വാതന്ത്ര്യം അവിടെ നിൽക്കുന്നില്ല . പെട്ടന്ന് ഡിവോഴ്‌സും ആകാം . അപ്പോൾ ശരിക്കും ഉള്ള മോണോഗാമി ലോകം മൊത്തം നശിച്ചു കൊണ്ടിരിക്കയാണ് . ഇപ്പൊ ഉള്ളതോ – സീരിയൽ മോണോഗാമി .
അതായത് , ഒരാണും പെണ്ണും കുറെ നാൾ ഒന്നിച്ചു കഴിയുന്നു . പിന്നെ പിരിയുന്നു . പിന്നെ വേറെ ആളുകൾ . ഒരുമിച്ച് ഉള്ള സമയം മാത്രം വിശ്വസ്തത പ്രതീക്ഷിക്കുന്നു .
എന്നാൽ ഈ സീരിയൽ മോണോഗാമി പൊളി ഗൈനി തന്നെ ആണെന്ന് ഞാൻ പറഞ്ഞാലോ ?
അതായത് ഡൊണാൾഡ് ട്രംപ് പോലെ ഒരു ഭീകരൻ . ഇരുപതു വയസ്സിൽ ഒരു ഇരുപതു കാരിയെ കെട്ടുന്നു . രണ്ടു കുട്ടികൾ ഉണ്ടാകുന്നു . പിരിയുന്നു . മുപ്പതാം വയസ്സിൽ വേറെ ഒരു ഇരുപതുകാരിയെ കെട്ടുന്നു . കുട്ടികൾ ഉണ്ടാകുന്നു . പിരിയുന്നു . നാല്പതാം വയസ്സിൽ ഒരു ഇരുപതുകാരിയെ കെട്ടുന്നു …അങ്ങനെ അങ്ങനെ …
വീണ്ടും ചെറുപ്പക്കാരികൾ അയാളെ തേടി വരുന്നു . ഇതൊന്നും ശരി അല്ല . പക്ഷെ സംഭവിക്കുന്നത് ആണെന്ന് നമുക്കറിയാം . അപ്പോൾ ആകെ ഒരു ആയുസ്സിൽ അയാൾ എത്ര പേരെ കെട്ടി ? അഞ്ചോ ആറോ പേരെ .
എന്നാൽ പിരിഞ്ഞ സ്ത്രീകളോ – മോണോഗാമിയിലെ അസമത്വം കാരണം കുട്ടികളെ നോക്കണം , കരിയർ പോയി .അങ്ങനെ നിൽക്കുന്നു . പല കാരണങ്ങൾ കൊണ്ടും ആണുങ്ങൾ അത്രയും റെഡി അല്ല അവരെ കെട്ടാൻ . അവർക്കും താലപര്യമില്ല എന്ന് വച്ചോളു .മിക്കവരും പിന്നെ കെട്ടുന്നില്ല .
ദേ —- അമ്മെ –അച്ഛൻ ദേ പിന്നേം വരുന്നു ….
പോളി ഗൈനി —നികൃഷ്ടവും പുരുഷാധിപത്യത്തിന്റെ പ്രതീകവും ആയ പൊളി ഗൈനി അതാ –
പടുകൂറ്റനായി , മലർ മാരനായി — വീണ്ടും വന്നു നിൽക്കുന്നു !
എന്റെ പൊന്നോ – എന്നെ കൊല്ല് . എല്ലാ പെണ്ണുങ്ങളും കൂടി എന്നെ ഒന്ന് കൊന്നു തരുവോ ..പ്ലീസ് .
ഒരു മിനിറ്റ് – അവസാനത്തെ ആഗ്രഹമായി ഒരു വറുത്ത നടു കഷ്ണം മീൻ തിന്നട്ടെ . (ജിമ്മി മാത്യു )