ഞാൻ ചില സമയങ്ങളിൽ ഒരു വികാരജീവിയും ലോല ഹൃദയനുമാണ്. പലപ്പോഴും ഹൃദയം കടുപ്പിക്കേണ്ടി വരാറുള്ളത് കൊണ്ട് തന്നെ, ആളികൾ ചുമ്മാ അയച്ചു തരുന്ന ഭീകരവീഡിയോകൾ ഒന്നും കാണാറില്ല.
എന്നാൽ ഇന്നാളൊരിക്കൽ അറിയാതെ കണ്ടു പോയ ഒരു വീഡിയോ ക്ലിപ്പ് ഓർക്കുന്നു.
ഏതോ ഉല്സവമോ പെരുന്നാളോ ആണ് രംഗം. വളരെ ചെറിയ ഒരു തുറസ്സായ സ്ഥലത്ത് ഒരു വശത്തേക്കായി ഒരു ആന നിൽക്കുന്നു. എന്തോ ചടങ്ങുകൾ നടക്കുന്നുണ്ട്. ചുറ്റും ജനം. സ്വല്പം ഉയർന്ന മതിലിലോ മറ്റോ ഇരിക്കുന്ന ആരോ ആണ് സീൻ എടുക്കുന്നത്. ആളുകളുടെ സംസാരം ചെറുതായി കേൾക്കാം. വേറെ ശബ്ദങ്ങൾ ഒന്നുമില്ല.
ഇച്ചിരെ ദൂരെ നിൽക്കുന്ന ആന പൊടുന്നനെ അങ്ങോട്ടും ഇങ്ങോട്ടും തല ഒന്നാട്ടി. അങ്ങോട്ടുമിങ്ങോട്ടും അസ്വസ്ഥൻ ആയ പോലെ നടന്നു. വടി ഉയർത്തിയ പാപ്പാനെ തുമ്പിക്കൈ കൊണ്ട് പിടിച്ച് നിലത്തു പയ്യെ ഒരടി. ആ പാവം നിലവിളിക്കുന്നില്ല. ബോധം പോയോ എന്ന് ഒന്നും ക്ലിയർ അല്ല. മുഖം കാണാനില്ല; കുറച്ചു ദൂരെ നിന്നുള്ള ഷോട്ട് അല്ലെ.
എവിടെയും ബഹളം ഒന്നുമില്ല. ആരും നിലവിളിക്കുന്നില്ല. കാമറ ഫ്രെയിം അനങ്ങുന്നില്ല. ആളുകളുടെ സംസാരം ചെറുതായി പഴേ പോലെ തന്നെ കേൾക്കാം.
വേറൊരു പാപ്പാൻ അതാ ആനയുടെ അടുത്തേക്ക് വരുന്നു. പുള്ളി വടി വീശി എന്തോ പറഞ്ഞു. അപ്പൊ ആന നിലത്തു കിടന്ന മനുഷ്യനെ ഒറ്റ ചവിട്ട്. ഒന്നനങ്ങി ഉയർന്ന ആൾ പിന്നെ അനങ്ങുന്നില്ല.
രണ്ടാമൻ പതുക്കെ ആനയുടെ ശ്രദ്ധ തിരിച്ചു. അപ്പൊ രണ്ടു മൂന്നു പേര് വന്ന് കിടന്ന ആളെ വാരി കൊണ്ട് പോയി .
ജനക്കൂട്ടം ഒന്നും അറിഞ്ഞ മട്ടില്ല. ഒരാളും ഓളിയിടുന്നില്ല. ശാന്തം. പഴേ ശബ്ദങ്ങൾ മാത്രം. കാമറ പിടിക്കുന്ന ആൾ കൂൾ.
ആന കുറച്ചു വേഗത്തിൽ രണ്ടു ചുവടു വെച്ച് രണ്ടാം പാപ്പാനെ ഒറ്റയടി. അയാൾ നിലത്തു വീണു. എന്നിട്ട് ആന നടന്നു അടുത്തേക്ക് വരുന്നത് വീഡിയോയിൽ കാണാം. കുറെ അധികം നേരം ഇതുണ്ട്. ഫ്രെയിമിൽ ആ ജീവി ഇങ്ങനെ വലുതായി, വലുതായി വരുന്നു. അപ്പോഴും അദ്‌ഭുതപ്പെടുത്തുന്ന ഒരു നിസ്സംഗത; ഒരു നിസ്സാര ഭാവം- അവിടെങ്ങും ഉറഞ്ഞു നിൽക്കുന്നത് പോലെ തോന്നി.
തൊട്ടടുത്ത് ആന എത്താറായപ്പോൾ മാത്രം കാമറ അനങ്ങി. ഫ്രേയിം ഒന്ന് വിറച്ചു.
“ആന! പ്രശ്നാവോ ചേട്ടാ?” എന്ന ഒരു വാചകം കേട്ടു. പിന്നെ ഒന്നും ഇല്ല.
അവസാനം വരെ പ്രശ്നം ഒന്നും ഇല്ല എന്ന് ആളുകൾ വിചാരിക്കാൻ കാരണം എന്താവും? എനിക്കറിയില്ല. നൂറു കണക്കിന് ആനകളെയും ഉത്സവങ്ങളും പെരുന്നാളുകളും ഒക്കെ കണ്ടുണ്ടായ ഒരു മിഥ്യാ സുരക്ഷാ ബോധം ആയിരിക്കും. ഈ ആനയുടെ ഒക്കെ പുറകെ നോക്കാൻ പാപ്പാന്മാരും അധികാരികളും അതിന് ഉത്തരവാദിത്തപെട്ടവരും ഉണ്ടല്ലോ എന്ന വിചാരവും ആയിരിക്കാം.
ചെറുതായി പോലും എതിര്ശബ്ദങ്ങൾ ഉയർത്തുന്നവരെ എന്ത് വില കൊടുത്തും, എത്ര ജനാധിപത്യ മനസാക്ഷി പണയം വെച്ചും ഇല്ലാതാക്കാൻ ഒരു സർക്കാർ തുനിയുമ്പോൾ അത് ഉയർത്തുന്ന ഭീഷണി നമ്മൾ തിരിച്ചറിയുന്നുണ്ടോ? ആരുടെ കമ്പ്യൂട്ടർ വേണമെങ്കിലും ഹാക് ചെയ്ത് എപ്പോൾ വേണമെങ്കിലും തെളിവുകൾ കൃത്രിമമായി ഇപ്പോൾ ഉണ്ടാക്കാം. ഒരു ഇരുപതോ മുപ്പതോ വർഷങ്ങൾ മുൻപത്തെ പോലെ അല്ല ഇപ്പോഴത്തെ സ്ഥിതി. ഏതൊരു പൗരനെയും ഇന്നത്തെ ശാസ്ത്ര സാങ്കേതിക വിദ്യ കൊണ്ട് ട്രാക്ക് ചെയ്യാം, നിഷ്പ്രയാസം ഇല്ലാതാക്കാം. പ്രത്യേകിച്ചും പാപ്പാന്മാരായ കോടതികളെ പോലും വരുതിക്ക് വരുത്താം എന്ന സ്ഥിതി ഉള്ളപ്പോൾ.
അളവില്ലാത്ത അധികാരത്തിന് കടിഞ്ഞാൺ ആത്യന്തികമായി ജനാധിപത്യ മര്യാദകളോടുള്ള അധികാരികളുടെ കൂറ് മാത്രമാണ്. അതില്ലെങ്കിൽ യാതൊരു പ്രതീക്ഷയും ഇല്ല.
ജയിക്കാൻ യാതൊരു സാധ്യതയുമില്ല എന്നറിയാവുന്നത് കൊണ്ടാവും ക്രിസ്തീയ സഭകൾ അടക്കം പീഢന ആരോപണം നേരിടുന്ന ബിഷപ്പിനെ വരെ ശക്തിയുക്തം താങ്ങുമ്പോഴും, വംശ നാശ ഭീഷണി എന്നൊക്കെ ഇരുന്നു കാറുമ്പോഴും സ്റ്റാൻ സാമിയെപ്പറ്റി ഒന്നും ഓർത്തു കരയാൻ സ്വരം തീരെ ഇല്ലാത്തത്.
കുറ്റം പറയാൻ പറ്റില്ല.
കുഴപ്പായോ; ചേട്ടാ?
ആയോ; ആയില്ലേ? ആ.
(ജിമ്മി മാത്യു )