ക്ലബ് കിലുക്കണ ചങ്ങാതീ, യീ കണ്ണ് തുറന്നൊന്നു നോക്കൂല്ലേ- ചരിത്രത്തിലെ റിവേഴ്‌സ് ഗിയർ ഇല്ലാത്ത ഫോഴ്‌സ്.

“നിങ്ങടെ ഈ ഒരു തമാശ- ആർക്കും മനസിലാവൂല്ല, ചെലപ്പം.”- എന്റെ സുഹൃത്ത് ജിനേഷ് പലപ്പോഴും എന്നോട് പറയാറുണ്ട്. അത് കൊണ്ടാണ് സ്നേഹപൂര്വമുള്ള ജിനേഷിന്റെ ഓഫർ എടുക്കാതെ തോമസ് രഞ്ജിത്തിനെ കൂട്ട് പിടിച്ചത്. ഇപ്പോ തോന്നുന്നു, പച്ചക്ക് പറയേണ്ട കാര്യങ്ങൾ ചിലത് പച്ചക്ക് തന്നെ പറയുന്നതാണ് നല്ലത് എന്ന്. ക്ഷമയോടെ വായിക്കുമോ?

പച്ചക്ക് ഉള്ള പറച്ചിൽ ആകുമ്പോ സമുദായ, മത, ജാതി പേരുകൾ ഉപയോഗിക്കേണ്ടി വരും. എനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്, പക്ഷെ ഒഴിവാക്കാൻ പറ്റില്ല.

അതാണ് ആദ്യം പറയേണ്ട പോയിന്റ്. നമ്മക്ക് ഇതൊക്കെ പറയാൻ പേടി ആണെങ്കിലും മനുഷ്യന്മാരുടെ ചിന്തയും പ്രവർത്തിയും നിയന്ത്രിക്കുന്ന ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ് സാമുദായിക, സ്വത്വ ചിന്ത. ഫിസിക്സിന്റെയും കെമിസ്ട്രിയുടെയും അടിസ്ഥാന തത്വങ്ങൾ ഗണിത ഭാഷയിൽ ആണ് എന്നത് പോലെ, പൊളിറ്റിക്സ്, എക്കണോമിക്സ് എന്നിവയുടെ ഒക്കെ അടിസ്ഥാന തലം മന ശാസ്ത്രമാണ്. സാമൂഹിക മനഃശാസ്ത്രത്തിൽ നിന്ന് വേറിട്ട് ഒരു വ്യക്തി മനഃശാസ്ത്രം ഇല്ല തന്നെ. കമ്മ്യൂണിസ്റ്റുകാരായാലും, പല ഗ്രൂപ്പുകൾ ഉള്ള യുക്തിവാദികളെ നോക്കിയാലും, ഇത് ഒരു വലിയ ശരി ആണെന്ന് മനസിലാക്കാൻ സാധിക്കും.

നസ്രാണികൾ പൊതുവെ വർഗീയ വാദികളും വിദ്വെഷ പ്രചാരകരും ആണെന്ന മട്ടിൽ കുറെ ചർച്ച കണ്ടു. ശുദ്ധ അസംബന്ധം ആണിത്. ബഹു ഭൂരിപക്ഷവും സ്വന്തം കാര്യം മിണ്ടാതെ നോക്കി, മത കാര്യങ്ങളിൽ നിന്ന് പോലും കഴിയുന്നത്ര അകലം പാലിച്ചു ജീവിക്കുന്നവർ ആണ്. എന്തിന്, ഇവരിൽ ഏറ്റവും തീവ്രന്മാർ പോലും താത്വിക അവലോകനത്തലത്തിൽ മാത്രം ഒതുങ്ങുന്നവരും കൈ നനക്കാൻ തീരെ താല്പര്യം ഇല്ലാത്തവരുമാണ്.

പക്ഷെ, ഒരു വിഭാഗത്തെ അലട്ടുന്ന ചില ചിന്തകൾ ഉണ്ട്. വംശ നാശ ഭീഷണിയുടേത് ആണത്. ഒരു കാലത്ത് വളരെ പ്രബലമായ വിഭാഗമായിരുന്ന ഞങ്ങളുടെ- സമൂഹത്തിൽ ഉള്ള സ്ഥാനം കുറയുന്നുണ്ടോ? കഴിഞ്ഞ അൻപത് നൂറു കൊല്ലങ്ങൾക്കുള്ളിൽ എങ്ങനെ ആനുപാതിക എണ്ണത്തിൽ ഇങ്ങനെ കുറവ് വന്നു?

ഇതിനെ കളിയാക്കാൻ എളുപ്പമാണ്. പക്ഷെ, ഈ വിധമുള്ള ചിന്തകളെ മുതലെടുക്കാൻ പ്രൊപ്പഗാണ്ട ഫാക്ടറികൾ സദാ സമയവും പ്രവർത്തിക്കുന്നുണ്ട് എന്നത് നാം ഓർക്കണം. ഇതിൽ പല ഗ്രൂപ്പുകൾ കാണും കേട്ടോ. സമുദായത്തിൽ ഉള്ളവരുടെ സമുദായ സ്നേഹത്തിന് പുതു ജീവൻ നൽകാനുള്ള അതിലെ തന്നെ അധികം വിവേകം ഇല്ലാത്ത നേതാക്കളുടെ ത്വരയും ഉണ്ട്. പുതുതായി പെട്ടന്ന് വളർന്നു വരുന്ന വിഭാഗങ്ങൾക്കെതിരെ, ഈ അരക്ഷിതാവസ്ഥയെ വെറുപ്പായി തിരിച്ചു വിടാൻ വളരെ എളുപ്പമാണ്. പ്രത്യേകിച്ചും അവരിലും നല്ല കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ കെല്പുള്ള തീവ്ര വിഭാഗക്കാർ ഉള്ളപ്പോൾ. ഇതോന്നും ചരിത്രത്തിൽ പുത്തരി അല്ലെന്ന് നമ്മൾക്കെല്ലാം അറിവുള്ളതാണല്ലോ.

ഇത് നസ്രാണികളെ മാത്രം ബാധിക്കുന്ന കാര്യമല്ല. എന്റെ സുഹൃത്തുക്കൾ ബാല്യകാലം മുതൽ, മിക്കവരും അന്യമതസ്ഥർ ആണ്. തൃശൂർ, മെഡിക്കൽ കോളേജ് ഒക്കെ ആവുമ്പൊ അറിയാല്ലോ- അവരിൽ വളരെ വലിയ ഒരു ശതമാനം മുന്നോക്ക ഹിന്ദുക്കൾ ആണ്. നായന്മാർ അതിൽ ഒരു പ്രോട്ടോടൈപ്പ് വിഭാഗം ആയിട്ട് എടുക്കാം. ഇപ്പോഴും എന്റെ ഏറ്റവും വലിയ സുഹൃത്തുക്കൾ ആ വിഭാഗങ്ങളിൽ ഒക്കെ പെട്ടവർ ആണ്. ഇവരുടെ ഇടയിൽ, ഇങ്ങനെ ഉള്ള അന്യമത പ്രൊപ്പഗാണ്ടക്ക് ഏറ്റവും കൂടുതൽ വേരോട്ടം അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട് എന്നത് ഏവർക്കും അറിയാവുന്ന പകൽ പോലത്തെ രഹസ്യം ആണ്. ഇവരിൽ എല്ലാരും വളരെ നല്ല മനുഷ്യർ ആണ്. മിക്കവരുമായും ആരോഗ്യപരമായ സംവാദം ഇപ്പോഴും സാധ്യവുമാണ്. പക്ഷെ ഈ മാറ്റം വ്യക്തിപരമായി എനിക്ക് മനപ്രയാസം ഉണ്ടാക്കുന്നത് കൊണ്ട് തന്നെ, അവരെ മനസിലാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്.

ഇതിന്റെ ഏറ്റവും അടിസ്ഥാന കാരണം മുൻപ് പറഞ്ഞ അതെ ചിന്തയാണ്. എവിടെ പണ്ടുണ്ടായിരുന്ന സ്ഥാനം? എങ്ങനെ ആണ് ഞങ്ങൾ എണ്ണത്തിൽ കുറഞ്ഞത്? ഈ അരക്ഷിതാവസ്ഥയുടെ വിളവെടുപ്പ് നടക്കുന്നത്, മറ്റുള്ള സമുദായ ഹിന്ദുക്കളിലെ വികാസം പ്രാപിച്ച ആളുകളുമായി ചേർന്ന്, ചില വളർന്നു വരുന്ന വിഭാഗങ്ങൾക്കെതിരെ വിദ്വെഷം വിതച്ചു കൊണ്ടാണ്. തീവ്ര കമ്മ്യൂണിസ്റ്റ് വിരോധവും ഇതിന്റെ ഭാഗമായുണ്ട്.

ഇതൊക്കെ ഞാൻ പറയാതെ തന്നെ, നിങ്ങക്കൊക്കെ ചുമ്മാ ഒന്നാലോചിച്ചാൽ, ശരി ആണെന്ന് മനസിലാവുന്ന കാര്യങ്ങൾ ആണ്.

ചിലർ അധികം ശ്രദ്ധിച്ചിട്ടില്ലാത്ത ചില പോയിന്റുകൾ മാത്രം പറയട്ടെ:

  • സമൂഹ മനഃശാസ്ത്രം കഴിഞ്ഞാൽ, നമ്മുടെ ചരിത്രത്തെ നിയന്ത്രിക്കുന്ന മൂന്ന് മഹത്തായ ശക്തികൾ ഉണ്ട്. ഡെമോഗ്രാഫിക്സ്, ശാസ്ത്ര, ടെക്‌നോളജി എന്നിവയുടെ വികാസം, രാഷ്ട്രീയം (ഐഡിയോളജികൾ, നേതാക്കന്മാർ മുതലായവ) എന്നിവയാണ് അവ.
  • സമൂഹങ്ങളുടെ ജനസംഖ്യാ ശാസ്ത്രത്തെ ആണ് ഡെമോഗ്രാഫിക്സ് എന്ന് പറയുന്നത്.
  • ഒരു കാലത്ത്, യുദ്ധങ്ങളും കൊല്ലലും രോഗങ്ങളും ഒക്കെ സ്വാധീനിച്ചിരുന്ന ഈ സാമാനം ഇപ്പൊ സ്വാധീനിക്കുന്നത് പ്രധാനമായും ശിശു മരണനിരക്ക്, വിദ്യാഭ്യാസം, നഗരവൽകരണം, ആധുനിക വൽക്കരണം, സ്ത്രീ ശാക്തീകരണം, എന്നിവയുമാണ്.
  • ഒരു സമുദായത്തിൽ, ഇവയൊക്കെ വർദ്ധിക്കുമ്പോൾ, സ്വാഭാവികമായി, ആ സമൂഹം ഉദ്‌പാദിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുന്നു. ഈ ശക്തിയെ നേരിടാൻ ഒന്നിനും ഇത് വരെ കഴിഞ്ഞിട്ടില്ല. ജപ്പാന്കാരും യൂറോപ്യൻസും സ്കാന്ഡിനേവിയൻ രാജ്യക്കാരും പഠിച്ച പണി പതിനെട്ടും നോക്കിയതാണ്. ഒരു ചുക്കും സംഭവിച്ചിട്ടില്ല.
  • 2011 ഡാറ്റ അനുസരിച്ചു ഇന്ത്യയിൽ ഹിന്ദുക്കൾ എൺപതു ശതമാനം . മുസ്ലിങ്ങൾ പതിനാലു ശതമാനം . ക്രിസ്ത്യാനികൾ 2 .3 ശതമാനം. ഹിന്ദുക്കളുടെ ഫെർട്ടിലിറ്റി റേറ്റ് 2.1 ആണ് (2020). മുസ്ലിങ്ങളുടെ 2.6 ആണ്. 92 ലെ ഡാറ്റ പ്രകാരം ഇത് യഥാക്രമം 3.3 ഉം 4.3 ഉം ആയിരുന്നു. ഒരു സ്ത്രീക്ക് ഉണ്ടാവുന്ന ശരാശരി കുട്ടികളുടെ എണ്ണമാണ് ഫെർട്ടിലിറ്റി റേറ്റ്. ജനന നിരക്ക് എല്ലാവരിലും കുറയുക ആണല്ലോ . ഹിന്ദുക്കളേക്കാൾ ഒന്നര ഇരട്ടി – അതായത് 50 ശതമാനം കൂടുതൽ വേഗത്തിലാണ് മുസ്ലിങ്ങളുടെ ജനന നിരക്ക് കുറയുന്നത് . വളരെ പെട്ടന്ന് അത് ഹിന്ദുക്കളുടെ അത്ര തന്നെ ആകും. (2031ഓടെ- ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസിന്റെ കണക്ക്). അപ്പൊ മുസ്ലീങ്ങളുടെ ശതമാനം പതിനെട്ട് ആവും. അപ്പോഴും മൃഗീയ ഭൂരിപക്ഷം(എഴുപത്തെട്ട്‍) ഹിന്ദുക്കൾ തന്നെ.
  • ലോകം മൊത്തം നോക്കിയാലും മുസ്‌ലിം രാജ്യങ്ങളിൽ പോലും ഇത് ശരിയാണ്. 1950 കളിൽ മിക്ക വികസ്വര രാജ്യങ്ങളിലെയും ഫെർട്ടിലിറ്റി റേറ്റ് ഏകദേശം ആറ് – ഏഴ് ആയിരുന്നു. (ഇന്ത്യയുടേയും). ബംഗ്ലാദേശിൽ ഇപ്പൊ ഇത് വെറും 2 ആണ്! ഇന്ത്യയുടേതിനേക്കാൾ കുറവ്! പാകിസ്ഥാനിൽ മൂന്നും സൗദി അറബിയയിൽ 2.6 ഉം ആണ്. അതി വേഗം വീണ്ടും കുറഞ്ഞു വരുന്നു. ഇതേ കാലയളവിൽ ഏറ്റവും പെട്ടന്ന് ഫെർട്ടിലിറ്റി റേറ്റ് കുറച്ച രാജ്യം ഒരു മുസ്‌ലിം രാജ്യമാണ്- ഇറാൻ!. വെറും മുപ്പത് കൊല്ലം കൊണ്ട് 6 ൽ നിന്ന്, 1.6 ലേക്ക്!

*കേരളത്തിലെ കണക്ക് വെറുതെ ഒന്ന് നോക്കാം. 2005ൽ കേരളത്തിലെ ഹിന്ദുക്കടെ ഫെർട്ടിലിറ്റി റേറ്റ് 1.53. മുസ്ലീങ്ങടെ 2.45. 2015ൽ ഹിന്ദുക്കടെ 1.42. മുസ്ലീങ്ങടെ 1.86.
അതിവേഗം തുല്യത ആയി വരുന്നു! ( ആറിരട്ടി ആണ് മുസ്ലീങ്ങളിലെ കുറവ്, താരതമ്യേന)

  • 44 ശതമാനം പുതുതായി ഉണ്ടാവുന്ന കുട്ടികൾ മുസ്ലീങ്ങളുടേതാണ് എന്ന ഒരു കണക്കാണ് സ്ഥിരം എടുത്തു വീശുന്ന ഒരു സാധനം. പോപ്പുലേഷൻ മൊമെന്റം എന്ന ഒരു പ്രതിഭാസം മൂലമാണ് ഇങ്ങനെ ഉണ്ടാവുന്നത്. ഇത് മുൻപ് പറഞ്ഞ കണക്കുകളെ ഒന്നും ഒരു തരത്തിലും ബാധിക്കുന്നത് അല്ല.
  • അപ്പൊ ചില വിഭാഗങ്ങളിൽ തീവ്രവാദം ഇല്ലേ? തീവ്രവാദികൾ ഇല്ലേ? ഉണ്ട്. പക്ഷെ വിദ്യാഭ്യാസം, ആധുനിക വൽക്കരണം എന്നിവ മൂലം അവരും മാറുക തന്നെ ചെയ്യും. ബഹുഭൂരിപക്ഷം മരുന്നും ഉണ്ട്. സമൂഹ മാധ്യമങ്ങളിൽ ഒക്കെ നോക്കിയാൽ തന്നെ ഇതിന്റെ ലക്ഷണങ്ങൾ കാണാം. തീവ്ര നിലപാടുകൾ എടുത്ത് അവരെ അന്യവൽക്കരിച്ച്, ഒരു വഴിക്കാക്കിയാൽ ആർക്കും ഇതിനൊരു പരിഹാരം ഉണ്ടാക്കാൻ പറ്റുകയില്ല എന്ന് മാത്രമല്ല, ഇരുപത് കോടി വരുന്ന സ്വന്തം ജനവിഭാഗത്തിന്റെ കൂറ് വേണ്ട എന്ന് പറഞ്ഞ് എങ്ങനെ ആണ് ഒരു രാജ്യത്തിന് മുൻപോട്ട് പോകാൻ സാധിക്കുക?

അപ്പൊ പറഞ്ഞു വന്നത് ഇത്രേ ഉള്ളു. ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ. ഡെമോഗ്രാഫിക്സിനെ തോൽപ്പിക്കാൻ ആവില്ല. ഈ ചന്തു തല കുനിച്ചു തരികയുമില്ല. ചന്തുവുമായി സ്നേഹത്തിൽ പോവാം- സാമൂഹിക വികാസം എല്ലാ ആളുകൾക്കും ഉറപ്പ് വരുത്തി ക്കൊണ്ട്. ഇവിടെ എല്ലാവരുടെയും തീവ്ര നിലപാടുകൾ ആണ് നമ്മുടെ ശത്രു. വംശ നാശ ഭീഷണി എന്നൊന്നില്ല. ഓരോ സമുദായത്തിനും അവരോട് മറ്റുള്ളവർക്കുള്ള ബഹുമാനം കളയാത്ത രീതിയിൽ ഉദാത്തമായി പെരുമാറാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ച് പോവുന്നു. ചരിത്രത്തെ ഉഡായിപ്പുകൾ കൊണ്ട് തിരിച്ചു വിടാൻ നോക്കുന്നത് വേണാട് എക്സ്പ്രെസ്സിനെ ഇടങ്കാൽ വെച്ച് വീഴ്ത്താൻ നോക്കുന്നത് പോലിരിക്കും.
(ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .