കപ്പലുകൾ ഉണ്ടായിട്ട് ഒത്തിരി കാലമായി മനുഷ്യരെ . കടലുകൾ താണ്ടുന്ന ഉരുക്കൾ ഉണ്ടാക്കുന്ന ആളുകൾ നമ്മുടെ കോഴിക്കോട് ഇപ്പോഴും ഉണ്ട്. തലമുറ തലമുറ കൈമാറി വന്ന ഒരു കൈത്തൊഴിൽ ആണ് ഈ ഉരു ഉണ്ടാക്കൽ . ഒരു പരമ്പരാഗത തൊഴിൽ .
ഞാൻ ഒരു കാര്യം ചോദിക്കട്ടെ – ഈ പരമ്പരാഗത തൊഴിൽ ഒരു ശാസ്ത്രം ആണോ ? അല്ല എന്നതാണ് ഉത്തരം . എന്നാൽ ഇതിനെ ഒരു കപട ശാസ്ത്രം എന്ന് വിളിക്കണോ ? വേണ്ട എന്നാണു എന്റെ അഭിപ്രായം . എന്നാൽ ഉരു ഉണ്ടാക്കുന്ന ഒരു മനുഷ്യൻ , അത് ശാസ്ത്രം ആണെന്ന് വാദിച്ചാൽ , അതിൽ കപടത ഉണ്ടെന്നു പറയേണ്ടി വരും . എന്താണ് ശാസ്ത്രം എന്നത് അറിയാത്ത കൊണ്ടായിരിക്കും ഒരു പക്ഷെ അങ്ങനെ ഒരു വാദം വരുന്നത് .
എന്നാൽ നേവൽ ആർക്കിടെക്ച്ചറും , ഷിപ് എഞ്ചിനിയറിങ്ങും ശാസ്ത്രങ്ങൾ ആണോ ?
ആണ് . ഇപ്പോഴുള്ള ശാസ്ത്ര അറിവുകളെ സംയോജിപ്പിച്ച് പടി പടി ആയി തെറ്റുകളെ തിരുത്തി , മുന്നേറുന്ന ശാസ്ത്രങ്ങൾ തന്നെ ആണവ .
എങ്കിലും പാരമ്പര്യവും രീതിയിൽ ഉണ്ടാക്കിയ ഉരുക്കളിലും കടലിൽ വേണമെങ്കിൽ സഞ്ചരിക്കാം .
എന്നാൽ എല്ലാ പാരമ്പര്യ തൊഴിലുകളും ഒരു പോലെ അല്ല . ചിലത് കൊണ്ട് സ്വല്പം പ്രയോജനം ഉണ്ടാകുമ്പോൾ ചിലത് മൊത്തത്തിൽ പൂജ്യം ആണ് ! ഉദാഹരണം ജ്യോതി ശാസ്ത്രം എന്ന് വിളിക്കപ്പെടുന്ന ജ്യോതിഷം . എന്റെ എളിയ അഭിപ്രായത്തിൽ നമ്പർ വൺ ഉടായിപ്പാണ് ജ്യോതിഷം . നമ്മുടെ നാട്ടിൽ ഒട്ടു മിക്ക ആൾക്കാരും വാങ്ങുന്ന , ഡിമാൻഡ് ഉള്ള ഒരു കമോഡിറ്റി ആണ് ജ്യോതിഷം . നമ്മുടെ സംസ്കാരവും ആയി ബന്ധം ഉള്ളതിനാൽ നമുക്ക് പ്രിയപ്പെട്ടതും ആണ് . ഇനി ഇതിന് യൂണിവേഴ്സിറ്റികൾ വരെ വന്നേക്കാം . എന്ന് വച്ച് ജ്യോതിഷം ഉടായിപ്പ് അല്ലാതാകുന്നില്ല . ഗ്രഹ നില കമ്പ്യൂട്ടറിൽ വച്ച് നോക്കിയാൽ അത് ശാസ്ത്രീയവും ആകുന്നില്ല .
അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം . എന്താണ് ഈ ശാസ്ത്രം ? പണ്ടേ ശാസ്ത്രം ഇല്ലേ ? നമ്മുടെ മഹത്തായ പാരമ്പര്യത്തിൽ ശാസ്ത്രം ഇല്ലേ ?
ഉണ്ടാവാം . കാലങ്ങളായി ചിന്തിച്ചും , ഗണിച്ചും , പ്രയോഗിച്ചും , സന്ദർഭവശാൽ പല പ്രായോഗിക ശാസ്ത്രങ്ങളിലും , സത്യത്തിന്റെ അംശങ്ങൾ ഉണ്ട് .
എന്നാൽ ശരിക്കും മനുഷ്യൻ പ്രകൃത്യാ ഉള്ള സത്യങ്ങൾ കണ്ടത്തി തുടങ്ങിയത് ശാസ്ത്രീയ രീതി അഥവാ സയന്റിഫിക് മെത്തേഡ് എന്നത് , യൂറോപ്പിൽ സയന്റിഫിക് റിവൊല്യൂഷൻ അഥവാ ശാസ്ത്ര വിപ്ലവത്തിന്റെ ആവിർഭാവത്തോടെ ആണ് .
മറ്റു സത്യാന്വേഷണ മാര്ഗങ്ങള് ഇല്ലേ ? ധ്യാനം , മനനം , യുക്തി ചിന്ത ? ദൈവീക വെളിപ്പെടുത്തലുകൾ ?
ഉണ്ട് . അതിൽ യുക്തി പോലെ ഉള്ളവക്ക് പത്തിൽ ഒരു രണ്ടു മാർക്ക് കൊടുക്കാം . മിക്കതിനും പൂജ്യത്തിന്റെ അടുത്ത് കൊടുക്കേണ്ടി വരും . എന്നാൽ സയന്റിഫിക് മെത്തേഡ് ന് പത്തിൽ ഒരു എട്ട് , ഒൻപത് മാർക്ക് കൊടുക്കാം . എന്റെ സ്വന്തം മാർക്കിടൽ ആണേ .
ചുമ്മാ ഒന്നാലോചിച്ച് നോക്കിയാൽ മതി . ഇപ്പോൾ നമുക്ക് ലോകത്തെ പറ്റി എന്തൊക്കെ അറിയാം ? അതിന്റെ നൂറിൽ ഒരംശം പോലും ഒരു അഞ്ഞൂറ് കൊല്ലങ്ങൾക്ക് മുൻപ് അറിയില്ലായിരുന്നു . അത് മൊത്തം ശാസ്ത്രീയ ചിന്തയുടെ സംഭാവന ആണ് .
കേട്ടല്ലോ . ശാസ്ത്രീയ ചിന്തയുടെ . ശാസ്ത്രജ്ഞന്മാരുടെ അല്ല . പല ശാസ്ത്റജ്ഞന്മാരും , മോഡേൺ ഡോക്ടർമാരും എൻജിനിയർമാരും , മത ആചാര്യന്മാരെക്കാളും ശാസ്ത്ര ബോധം കുറഞ്ഞവർ ആയിക്കൂടെന്നില്ല . എന്നാൽ ഒരു പ്രത്യേക തരത്തിൽ ചിന്തിച്ച് , ആ ഒരു ഗുലുമാൽ പ്രക്രിയയിലൂടെ കടന്നു പോയി , അവരുടെ മനസ്സിലുള്ള ഉഡായിപ്പുകളെ കഴിയുന്നതും പുറത്ത് വരാൻ സമ്മതിക്കാത്ത ഒരു സാധനം ആണ് സയന്റിഫിക് മെത്തേഡ് എന്ന ശാസ്ത്ര പ്രക്രിയ .
നിരീക്ഷണങ്ങൾ – അവ രേഖപ്പെടുത്തി വയ്ക്കുക .
അതിൽ നിന്ന് പൊതുവായ തത്വങ്ങൾ ഉണ്ടാക്കുക .
തത്വങ്ങൾ ചേർത്ത് ഒരു വിശദീകരണം അഥവാ വിശദീകരണങ്ങൾ കാച്ചുക .
പ്രെഡിക്ഷനുകൾ അഥവാ പ്രവചനങ്ങൾ നടത്തുക .
പരീക്ഷണങ്ങൾ ചെയ്യുക . തുടർ നിരീക്ഷണങ്ങൾ ചെയ്യുക .
പ്രവചനങ്ങൾ ശരിയാവുന്നുണ്ടോ എന്ന് നോക്കുക .
ഇതെല്ലാം തുറന്നു പറയുക . അപ്പോൾ ആളുകൾ വിമർശനങ്ങളുമായി ആക്രമിക്കും . അവർ പരീക്ഷണ നിരീക്ഷണങ്ങൾ വേണ്ടും ചെയ്തു നോക്കും . തിയറി മാറ്റേണ്ടി വരാം . ഇങ്ങനെ , കാലാനുസൃതമായി , സത്യം വെളിപ്പെട്ടു വരും . ഇതാണി പരിപാടി .
കാൾ പോപ്പർ എന്ന ഒരു ആൾ ഉണ്ട് . അയാൾ ആണ് ശാസ്ത്രത്തിന്റെ കാതൽ പറഞ്ഞത് .
നമ്മുടെ മനസ്സിന് ഒരു പ്രത്യേകത ഉണ്ട് . ഒരു കാര്യം വിശ്വസിച്ചാൽ അതിനെ ശരി വയ്ക്കുന്ന തെളിവുകൾ മാത്രമേ കാണൂ . അതിനെതിരെ ഉള്ള , അഥവാ സംശയം ജനിപ്പിക്കുന്ന തെളിവുകൾ കണ്ടില്ല എന്ന് വയ്ക്കും .
ഉദാഹരണത്തിന് , പുട്ട് കഴിച്ചാൽ മലബന്ധം വരും എന്ന് നമ്മൾ ബഹുമാനിക്കുന്ന ഒരാൾ പറഞ്ഞു എന്ന് വയ്ക്കുക . അത് നമ്മൾ ചെറുപ്പത്തിലേ കേട്ട് ബോധ്യപ്പെട്ടു . നമുക്കോ വേറെ ആർക്കെങ്കിലുമോ പുട്ട് കഴിച്ചതിന്റെ പിറ്റേന്ന് മലബന്ധം ഉണ്ടായത് മാത്രം നമ്മുടെ ഓർമയിൽ നിൽക്കും. അല്ലാത്തത് ഒക്കെ തമ്സ്കരിക്കും .
കാൾ പോപ്പർ പറഞ്ഞു . ഏതൊരു ശാസ്ത്രീയ തിയറിയും തെറ്റാണ് എന്ന് തെളിയിക്കാൻ ആണ് നോക്കേണ്ടത് . ഫാള്സിഫിയബിലിറ്റി എന്ന് പറയും . അതായത് , ഗുൽഗുലു തിക്തകം എയ്ഡ്സ് മാറ്റും എന്ന് ആണ് വിശ്വസം എന്ന് വയ്ക്കുക . ഗുൽഗുലു തിക്തകം എയ്ഡ്സ് മാറ്റില്ല – ഇതാണ് നമ്മൾ തെളിയിക്കാൻ ശ്രമിക്കേണ്ടത്!
ഒരു തരത്തിലും അത് നമുക്ക് സാധിക്കുന്നില്ല എങ്കിൽ , അത് എയ്ഡ്സ് മാറ്റും എന്ന് സമ്മതിക്കേണ്ടി വരും .
എന്നാൽ ഒരിക്കലും നൂറു ശതമാനം കൃത്യതയിലേക്ക് നമ്മൾ ഒരിക്കലും എത്തുന്നില്ല ! ഏകദേശം ഉറപ്പേ കിട്ടൂ . കാരണം ഒരൊറ്റ ആൾക്ക് എയ്ഡ്സ് മാറിയാൽ , തിയറി തെറ്റി !
അപ്പോൾ സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിക്കേണ്ടി വരും – ഏകദേശ കൃത്യത ഉറപ്പാക്കാൻ .
പണ്ട് എസ്സെൻസിന്റെ ഒരു പ്രഭാഷണത്തിൽ ഞാൻ ഇത് പറഞ്ഞതിനെ കുറെ പേര് വിമർശിച്ചു . എന്നാൽ യാഥാർഥ്യം അതാണ് . മെഡിസിൻ പോലുള്ള ശാസ്ത്രത്തിൽ ഏകദേശ ഉറപ്പേ ഉള്ളു . പക്ഷെ അതിൽ ഒരു തൊണ്ണൂറു ശതമാനം ഉറപ്പ് ഉണ്ടെങ്കിൽ , ശാസ്ത്രം ഉപയോഗിച്ചില്ലെങ്കിൽ , വളരെ പെട്ടന്ന് , ഉറപ്പ് പൂജ്യത്തിന്റെ അടുത്ത് എത്തും .
അത് കൊണ്ട് തന്നെ ആയുർവേദം ഒരു ശാസ്ത്രം അല്ല . ഒരു പാരമ്പര്യ തൊഴിൽ മാത്രം ആണ് .
ഉരു ഉണ്ടാക്കലിനും , ജ്യോതിഷത്തിനും ഇടക്ക് വരും എന്നാണ് എന്റെ അഭിപ്രായം , വിയോജിക്കാം .
ചില കാര്യങ്ങൾ കൊണ്ട് . ഉദാഹരണങ്ങൾ മാത്രം ആണ് താഴെ :
1 . ദൈവീകതയുള്ള , ചോദ്യം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ, ശാസ്ത്രത്തിൽ ഇല്ല –
യഥാർത്ഥ ശാസ്ത്രത്തിൽ , ദൈവീകത ഇല്ല . ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ആയി ഒന്നുമില്ല . എന്നാൽ ആയുർവേദത്തെ നോക്ക് . ഒരു തെളിവും ഇല്ലാത്ത , വാതം , പിത്തം , കഫം എന്നത് ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നു . ഹിപ്പോക്രറ്റസ് പറഞ്ഞ , ഇതേ വാതം , രക്തം , കഫം ഒക്കെ ശാസ്ത്രം എടുത്ത് തോട്ടിൽ കളഞ്ഞിട്ട് കാലം കുറെ ആയി . ആചാര്യന്മാർ പറഞ്ഞത് . ചാരക സംഹിത , സുശ്രുത സംഹിത , അഷ്ടാംഗ ഹൃദയം , ഇതിൽ പറഞ്ഞത് ഒക്കെ അങ്ങനെ തന്നെ പകർത്തുക ആണ് ആയുർവേദത്തിൽ . ഇതിൽ സത്യമുണ്ടോ എന്ന് നോക്കുന്നില്ല .
എം ബി ബി സ് പാസ്സാകാൻ ഒരൊറ്റ ആചാര്യന്റെ പേര് പഠിക്കേണ്ട ആവശ്യം ഇല്ല . എന്ന് വിനീതമായി അറിയിച്ചു കൊള്ളട്ടെ .
2 . ഇപ്പോൾ ഉള്ള മാറ്റി ശാസ്ത്ര സത്യങ്ങളുടെ ഒത്ത് പോകുന്നത് ആയിരിക്കും ഒരു ശാസ്ത്ര ശാഖ.
ഫിസിക്സ് , കെമിസ്ട്രി , ഫിസിയോളജി , ബയോ കെമിസ്ട്രി , അനാട്ടമി . ശരീര ശാസ്ത്രവുമായി ബന്ധം ഇല്ലാത്ത എന്ത് ചികിത്സാ ശാസ്ത്രം ? ഹൃദയം എന്താണെന്നും , ഹൃദയ ധമനികൾ എന്താണ് എന്നും ഹാർട്ട് അറ്റാക്ക് ചികിൽസിക്കാൻ അറിയണ്ടേ ? അറിവ് ഇല്ലാത്ത കാലത്ത് ഓക്കേ . അതില്ലാതെ ചെയ്തേ പറ്റൂ . എന്നാൽ അറിവ് ഉണ്ടല്ലോ . അപ്പോൾ അത് ഉപയോഗിച്ചാൽ എന്താണ് പ്രശ്നം ?
രോഗാണുക്കൾ ഉണ്ടോ ? ഉണ്ടില്ലേ ? അതോ ഇല്ലേ ? ആകെ പൊക മറ .
3 . ഒരു സത്യം വിശ്വസിച്ചിട്ട് അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് അല്ല ശാസ്ത്രം .
അഷ്ടാംഗഹൃദയത്തിൽ ഉള്ളതും ആചാര്യൻ പറഞ്ഞതും സത്യമാണ് എന്നത് വിശ്വസിച്ച് കൊണ്ട് , അത് തെളിയിക്കാൻ ശ്രമിക്കുന്നതാണ് ആയുർവേദത്തിലെ ഗവേഷണം . ശാസ്ത്രം ഇങ്ങനെ അല്ല പ്രവർത്തിക്കുന്നത് . എന്നാൽ മതം ഇങ്ങനെ ആണ് പ്രവർത്തിക്കുന്നത് . വിശ്വസം ആദ്യം . അതിന്റെ ന്യായീകരണം പിന്നെ . അതാണ് കപട ശാസ്ത്രങ്ങളുടെ രീതി .
4 . ഒരിക്കലും തെളിയിക്കാൻ പറ്റാത്ത വാദങ്ങൾ ഉന്നയിക്കുന്നത് ശാസ്ത്രം അല്ല .
ശരീരത്തിന് മനസിലാക്കാൻ പറ്റാത്ത എസ്സെൻസ് ഉണ്ട് . വരെ ദയമെൻഷൻ ഉണ്ട് . വാദം പിത്തം ഒക്കെ വേറെ ഒരു ലെവലിൽ മാത്രമേ അറിയാൻ പറ്റൂ തുടങ്ങിയ വാദങ്ങൾ .
5 . പ്രസിഡന്റിന്റെ നടുവേദന മാറി , എന്റെ തലവേദന മാറി .
ഏതെങ്കിലും ഒന്നോ രണ്ടോ പേരിൽ ഗുണം ഉണ്ടായി . അപ്പോൾ ചോദ്യങ്ങൾ വരും .
എന്തായിരുന്നു അസുഖം ? ഏത് അവയവം ആണ് പ്രശ്നം ? ഏത് സ്റ്റേജിൽ ആയിരുന്നു അസുഖം ? എത്ര പേരെ ചികിൽസിച്ചു? ചികിത്സ ഇല്ലായിരുന്നെങ്കിൽ എത്ര പേർക്ക് അസുഖം മാറിയേനെ ? സ്റ്റാറ്റിസ്റ്റികലി സിഗ്നിഫിക്കന്റ് ആയ വ്യത്യാസം ഉണ്ടോ ?
ഉണ്ടെങ്കിൽ എന്ത് കൊണ്ട് , ട്രയൽ നടത്തേണ്ടേ ? ഈ ചോദ്യങ്ങൾ പിന്നെയെ വരുന്നുള്ളു . ഇത്ര വരെ പോലും മിക്ക റിസേർച്ചും ഇത് വരെ എത്തിയിട്ടില്ല എന്നതാണ് സത്യം .
ഒത്തിരി സുഹൃത്തുക്കൾ ആയുര്വേദക്കാർ ഉണ്ട് . നമുക്ക് പ്രിയപ്പെട്ട ഒരു പരമ്പരാഗത തൊഴിൽ അവർ പഠിച്ചു ചെയ്യുന്നു . ഒത്തിരി ഡിമാൻഡ് ഉണ്ട് . സർക്കാർ അംഗീകരിച്ചത് ആണ് . എന്ന് വച്ച് അതിനെ വിമർശിക്കരുത് എന്നില്ലല്ലോ .
എന്റെ അഭിപ്രായത്തിൽ ആയുർവേദ ഡോക്ടർമാർക്ക് എം ബി ബി സ് പഠിക്കാൻ അവസരം ഉണ്ടാക്കണം . കേരളത്തിന് പുറത്ത് , തൊണ്ണൂറ് ശതമാനം ആയുർവേദ ഡോക്ടർമാരും മോഡേൺ മെഡിസിൻ ആണ് പ്രാക്ടീസ് ചെയ്യുന്നത് . അത് അവർ പാസായത്തിനു ശേഷം ആധുനിക ഡോക്ടർമാരുടെ കൂടെ ജോലി ചെയത് , പഠിച്ചെടുക്കുന്ന മുറി വൈദ്യം ആണ് .
ആയുർവേദം ഒരു പൂർണ ചികിത്സാ ശാസ്ത്രം ആണെങ്കിൽ എന്തിനു അവർ അത് ചെയ്യണം ? ഉത്തരം തരൂ .
പിന്നെ , ഒരു ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിക്കാൻ ശാസ്ത്രീയം ആയി എന്തെങ്കിലും ചെയ്താൽ മതി . എന്റെ ഒരു സംഗീതജ്ഞൻ ആയ സുഹൃത്ത് മ്യൂസിക് തെറാപ്പിയിൽ ഒരു പഠനം നടത്തിയത് പ്രസിദ്ധീകരിച്ചിട്ടുണ്ട് . സംഗീതം കേൾക്കുന്ന ഓപ്പറേഷൻ കഴിഞ്ഞ രോഗികളിൽ വേദന കുറയുന്നു എന്ന് ഒരു ശരിക്കുള്ള ശാസ്ത്രീയ ട്രയൽ ആണ് അദ്ദേഹം ചെയ്തത് . എന്ന് വച്ച് , സംഗീതം ഒരു ശാസ്ത്രം ആകുന്നില്ല . അത് ഒരു കല ആണ് . നമുക്ക് സന്തോഷവും ആശ്വാസവും തരുന്ന ഒരു കല . (ജിമ്മി മാത്യു )