ശാസ്ത്രം എന്താണ് ? ശാസ്ത്രം എന്തല്ല ?

അറിവുകൾ പലതരമുണ്ട് . ചരിത്രാതീതകാലം മുതൽക്കേ തലമുറ തലമുറ കൈമാറി വന്നിട്ടുള്ള അറിവുകൾ ആണ് മനുഷ്യ സംസ്കാരത്തിന്റെ അത്താണി . അത് കൊണ്ട് തന്നെ അതിനോടൊക്കെ ഒരു ദൈവീകമായ ആരാധനാ മനോഭാവം ആളുകൾക്ക് ഉണ്ടാവാം . ചോദ്യം ചെയ്യാൻ പാടില്ലാത്തവയാണ് അവ എന്ന തോന്നലും .

പല തൊഴിൽ മേഖലകളിലും ഇവ പ്രധാനപ്പെട്ടതാണ് . മീൻപിടുത്തം , നായാട്ട് തുടങ്ങിയവയിൽ ഉപയോഗിക്കുന്ന ടെക്‌നോളജി ഒക്കെ ഉദാഹരണം .

മന്ത്രവാദം , ജ്യോതിഷം പോലെ ഉള്ള ഉടായിപ്പുകളും ആയുർവേദം പോലുള്ള സത്യങ്ങളും മിത്തുകളും ചക്ക പോലെ കുഴഞ്ഞു കിടക്കുന്ന ചിലവയും പാരമ്പര്യ അറിവുകളിൽ പെടും .

യുക്തി :

ചുറ്റും നിരീക്ഷിക്കുന്ന കാര്യങ്ങൾ വച്ച് കൊണ്ടും , വെറും സങ്കൽപം ഉപയോഗിച്ചും യുക്തി ഭദ്രമായി ചിന്തിച്ച് , ചില നിഗമനങ്ങളിൽ എത്തുന്ന രീതി . പണ്ട് നമ്മുടെ തർക്കശാസ്ത്രത്തിലും മറ്റും ഉപയോഗിച്ചിരുന്നു . പഴേ ഗ്രീക്ക് തത്വചിന്തകർ ആണ് ഇതിന്റെ ഉസ്താദുക്കൾ . ജിയോമെറ്ററി , മറ്റു ചില ഗണിത സൂത്രങ്ങൾ ഒക്കെ യുക്തിയുടെ കളികൾ ആണ് എന്ന് പറയാം .

ശാസ്ത്രത്തിന്റെ ആവിർഭാവം :

ഏകദേശം അഞ്ഞൂറ് വർഷങ്ങളെ ആയുള്ളൂ , ഈ ശാസ്ത്ര രീതി എന്ന കുണാണ്ടറി ഉണ്ടായിട്ട് . യൂറോപ്പിൽ ആണ് ഇത് തഴച്ചു വളർന്ന് , പടർന്നു പന്തലിച്ചത് . ലോകം മൊത്തം കീഴടക്കാൻ യൂറോപ്യൻമാരെ പ്രാപ്തരാക്കിയത് , പ്രധാനമായും ഇതാണ് എന്ന് നാം മനസ്സിലാക്കണം . ഇതിൽ നിന്ന് തന്നെ , ഈ രീതിയുടെ ശക്തി നമുക്ക് ഊഹിക്കാം .

വളരെ അലസമായി പറഞ്ഞാൽ പടി പടി ആയുള്ള ഒരു പ്രക്രിയ ആണ് ഇത് . ഇതാരും ഇരുന്ന് ഉണ്ടാക്കിയതല്ല . സത്യങ്ങളിലേക്ക് എത്താൻ ഏറ്റവും നല്ല വഴി ആയി , സ്വയം ഉരുത്തിരിഞ്ഞു വന്നതാണ് .

– നിരീക്ഷണങ്ങൾ നടത്തുക . അളക്കുക . രേഖപ്പെടുത്തി വയ്ക്കുക . നമുക്ക് താല്പര്യമുള്ള മേഖലകളിലെ കാര്യങ്ങൾ ആണ് വിവക്ഷ .

– ഇവയിൽ നിന്ന് ചില പൊതു തത്വങ്ങൾ ചമക്കാൻ  ശ്രമിക്കുക .

ഈ സംഭവത്തിന് ഇൻഡക്ടീവ് റീസണിങ് എന്നൊക്കെ ചിലർ പറഞ്ഞു  കളയും ! പേടിക്കണ്ട .

ഇനി ഉള്ളത് തിയറി കാച്ചൽ എന്ന സാധനം ആണ് . ഹൈപോതെറ്റിക്കോ ഡിഡക്ടീവ് റീസണിങ് എന്നൊക്കെ ചില മാലകാടന്മാർ…ഛെ …കാലമാടന്മാർ പറഞ്ഞു കളയും . പതറരുത് രാമൻ കുട്ടീ – സംഭവം ഇത്രേ ഉള്ളു :

നമ്മുടെ നിരീക്ഷണങ്ങൾ , പിന്നെ നമ്മുടെ യുക്തി , ഉൾകാഴ്ച , ക്രീയേറ്റീവിറ്റി , മാട , കോട , ഇതൊക്കെ ഉപയോഗിച്ച് , എന്താണ് ശരിക്ക് നടക്കുന്നത് , അതിന്റെ മൂല കാരണങ്ങൾ എന്തൊക്കെ , എങ്ങനെ ഇതൊക്കെ വിശദീകരിക്കാം , എന്നതിന് വേണ്ടി ഒരു തിയറി കാച്ചുന്നു . പാതി വെന്ത തിയറി ആണെങ്കിൽ അതിന് ഹൈപോതെസിസ് എന്ന് പറയും . ഒരുമാതിരി പാകമാവുമ്പോൾ ആണ് തിയറി എന്ന് പറയുന്നത് .

തിയറി വച്ച് , നമ്മൾ ചില പ്രവചനങ്ങൾ നടത്തുന്നു . ഭാവിയിൽ ഇനിയത്തെ കണ്ടെത്തലുകൾ അങ്ങനെ ആയിരിക്കും . ഇവിടെ നോക്കിയാൽ ഇങ്ങനെ കാണാം . ഇങ്ങനത്തെ ഒരു പരീക്ഷണം നടത്തി നോക്കിയാൽ അങ്ങനത്തെ റിസൾട്ട് കിട്ടൂല്ലേ ?

പരീക്ഷണങ്ങൾ നടത്താം . ഓരോ പരീക്ഷണങ്ങളും , തുടർ നിരീക്ഷണങ്ങളും , തിയറിയെ ശരി വയ്ക്കുന്നത് ആയാൽ , തിയറി പതിയെ പതിയെ ബലവാൻ ആയി കൊണ്ടിരിക്കയാണ് .

വെടക്കാക്കബിലിറ്റി .അഥവാ ഫാൾസിഫിയബിലിറ്റി :

കാൾ പോപ്പർ എന്ന ഒരു ചുള്ളൻ ആണ് ഈ ഐഡിയ കൊണ്ട് വന്നത് . അതായത് , എന്തെങ്കിലും നിരീക്ഷണ പരീക്ഷണംകൊണ്ട്, തിയറി തെറ്റാണ് എന്ന് സ്ഥാപിക്കാൻ സാധിക്കണം . എന്നാലേ അത് ശാസ്ത്രമാണ് എന്ന് പറയാൻ പറ്റൂ , എന്നദ്ദേഹം വാദിച്ചു .

ഉദാഹരണത്തിന് , ന്യൂട്ടന്റെ , ഗുരുത്വആകര്ഷണ തിയറി . ഏതൊരു വസ്തു നമ്മൾ മുകളിലേക്ക് ഇട്ടാലും , എറിഞ്ഞാലും ഒക്കെ, ന്യൂട്ടന്റെ ചലനനിയമങ്ങളും ഗ്രാവിറ്റി നിയമങ്ങളും അനുസരിച്ചേ പറ്റൂ . ഇത് അനുസരിക്കുന്നുണ്ടോ എന്ന് നമുക്ക് ടെസ്റ്റ് ചെയ്ത് നോക്കാൻ പറ്റും . അനുസരിക്കുന്നില്ലെങ്കിൽ തിയറി നമുക്ക് കാട്ടിൽ കളയാം . അനുസരിക്കുന്നുണ്ടെങ്കിൽ ഷോ കേസിൽ വയ്ക്കാം . ഇതാണ് ഫാള്സിഫിയബിലിറ്റി അഥവാ വെടക്കാക്കബിലിറ്റി .

വെടക്കാക്കാൻ പറ്റാത്ത തിയറികൾ ശാസ്ത്രവുമായി ബന്ധമില്ല . ഉദാഹരണം :

– ആർക്കും , ഒരു ഉപകാരണത്തിനും കണ്ടു പിടിക്കാൻ സാധിക്കാത്ത ഒരു എസ്സെൻസ് അഥവാ ആത്മാവ് മനുഷ്യനുണ്ട്! – ഒരു ഉപകരണത്തിനും കണ്ടു പിടിക്കാൻ സാധിക്കാത്ത സാധനം ഉണ്ട് എന്നത് എങ്ങനെ തെറ്റാണു എന്ന് തെളിയിക്കൽ സാധിക്കും ? അത് കൊണ്ട് , ഈ തിയറി ശാത്രത്തിന്റെ പരിധിയിൽ വരുന്നത് അല്ല.

– മനുഷ്യന് മനസ്സിലാക്കാൻ പറ്റാത്ത ഒരു ശക്തി ഉണ്ട് . അതാണ് നമ്മുടെ ജീവിതത്തിനു അർഥം തരുന്നത് !

– മനുഷ്യന് മനസ്സിലാക്കാൻ പറ്റാത്ത ഒരു ശക്തി ഇല്ല ! ജീവിതത്തിന് യാതൊരു അർത്ഥവും ഇല്ല താനും !

ടാണ്ടടാ – മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങളും ഫാള്സിഫയബിൾ അല്ല . ശരിയാണോ തെറ്റാണോ എന്ന് തെളിയിക്കാൻ ഇപ്പോഴത്തെ രീതിയിൽ സാധ്യമല്ല .

രണ്ടു വാദങ്ങളും – രണ്ടും – കേട്ടല്ലോ – ശാസ്ത്രത്തിന് നേരിടാൻ പറ്റുന്നവ അല്ല .

കൂട്ടാളികളുടെ വിചാരണ (പിയർ റിവ്യൂ ):

അടുത്ത ഒരു കുണാപ്പളി ആണ് കൂട്ടാളികളുടെ വിചാരണ . എന്ത് തിയറി നമ്മൾ കാച്ചി , തെളിവുകൾ കണ്ടെത്തിയാലും , അതെ മേഖലയിൽ ഉള്ള മറ്റു ശാസ്ത്രജ്ഞന്മാരുമായും , പൊതു സമൂഹവുമായും ഇത് പങ്കു വയ്ക്കണം . അവർ ഇതിനെ നിശിതമായി വിമർശിക്കും , നമ്മുടെ പരീക്ഷണങ്ങളുടെ സാധുതയെ ചോദ്യം ചെയ്യും . ചിലർ നമ്മുടെ പരീക്ഷണ നിരീക്ഷണങ്ങൾ വീണ്ടും ചെയ്തു നോക്കും. വിരിമാറ് നമ്മൾ കാണിച്ചു കൊടുത്തേ മതിയാവൂ .

ഒരു ചെറിയ ഉദാഹരണത്തിലൂടെ നമുക്ക് ഈ കാര്യങ്ങൾ ഒക്കെ  വ്യക്തമാക്കാം . ഡാർവിന്റെ പരിണാമ സിദ്ധാന്തം .

പതിനേഴാം നൂറ്റാണ്ടു തൊട്ടേ , ജീവികൾ പരിണമിച്ച് വേറെ ആവുന്നു എന്ന് ആളുകൾക്ക് സംശയം തോന്നി തുടങ്ങിയിരുന്നു .

ഇന്നില്ലാത്ത പല ജീവികളുടെ ഫോസിലുകൾ അന്നേ കണ്ടെത്തിയിരുന്നു . മര ശിഖരങ്ങൾ പോലെ ഉള്ള ജീവികളുടെ വർഗീകരണം കാൾ ലിന്നേയസ് , ഡാർവിൻറെ കാലത്തിനു നൂറ് വർഷങ്ങൾക്ക് മുന്നേ കണ്ടെത്തിയിരുന്നു . ചാൾസ് ഡാർവിന്റെ മുത്തച്ഛൻ ഇറാസ്മസ് ഡാർവിൻ , ജീവികൾക്ക് ട്രാൻസ്മ്യൂറ്റേഷൻ സംഭവിക്കുന്നു എന്ന് വിശ്വസിച്ച് അനേക ലേഖനങ്ങൾ എഴുതിയ ആൾ ആയിരുന്നു . ഇൻഡക്ടീവ് റീസണിങ് ആണ് ഇതൊക്കെ .

ഡാർവിൻ, അനേകമനേകം തെളിവുകൾ നിരത്തി , ഇത് യഥാർത്ഥത്തിൽ സംഭവിക്കുന്നുണ്ട് എന്ന് സമർത്ഥിച്ചു . എന്നാൽ എങ്ങനെ ഇത് സാധിക്കുന്നു എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം . അതിനുള്ള ഉത്തരം ആണ് അദ്ദേഹം കാച്ചിയ തിയറി . എന്താണത് ?

നാച്ചുറൽ സെലെക്ഷൻ ആണത് . ഹൈപോതെറ്റിക്കോ ഡിഡക്ടീവ് റീസണിങ് ആണത് .

– ജീവികൾ കണ്ടമാനം പെറ്റുപെരുകുന്നു . പക്ഷെ മിക്കതും ചാവുന്നു . ചുരുക്കം ചിലവ വളർന്നു വീണ്ടും പ്രത്യുത്പാദനം നടത്തുന്നു . ചുരുക്കം ചിലവക്കെ അത് സാധിക്കുന്നുള്ളൂ .

– അപ്പന്റെയും അമ്മയുടെയും പ്രത്യേകതകളുടെ ഒരു മിക്സ്ചർ ആണ് കുട്ടികളിൽ കാണുന്നത് . അത് കൂടാതെ തന്നെ , ചില പ്രത്യേകതകൾ കാണാം . അതായത് ഒരേ ജീവികളിൽ തമ്മിൽ വ്യത്യാസങ്ങൾ ഉണ്ട് . ഈ വ്യത്യാസങ്ങൾ അടുത്ത തലമുറയിലേക്ക് മാറ്റാവുന്നതും ആണ് . (വാരിയേഷൻ ആൻഡ് ഹെറിറ്റബിലിറ്റി ഓഫ് വാരിയേഷൻ )

– പ്രകൃതി ഏറ്റവും അനുയോജ്യമായ പ്രത്യേകതകൾ ഉള്ളവയെ തെരഞ്ഞെടുക്കുന്നു . മറ്റുള്ളവ ചാവുന്നു .

– പതിയെ , വളരെ പതിയെ , വലിയ മാറ്റങ്ങൾ ഉണ്ടാവുന്നു . പുതിയ ജീവികൾ ഉദയം ചെയ്യുന്നു .

ഇത്രേ ഉള്ളു . ജീനുകളും ഡി ണ് എ യും ഒന്നും കണ്ടു പിടിച്ചിട്ടില്ല എന്നതോർക്കണം . പാരമ്പര്യം എങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നു എന്ന് യാതൊരു ഐഡിയയും അന്നില്ല .

അപ്പൊ , പരിണാമത്തിൽ പ്രധാനമായും ഇൻഡക്ടീവ് റീസണിങ് ആണെന്ന് കാണാം . പ്രവചനങ്ങൾ ഉണ്ടോ ? ഉണ്ട് . ഇനി കണ്ടെത്തുന്ന ഫോസിലുകൾ ഏത് തരമായിരിക്കാം എന്നൊക്കെ പറയാം . മനുഷ്യരും ആൾക്കുരങ്ങുകളുമായുള്ള സാദൃശ്യം കാരണം , അവയ്ക്ക് ഒരു പൊതുപൂര്വികന് ആണെന്ന് ഡാർവിൻ പറഞ്ഞു . ഇപ്പൊ മിക്ക ആൾക്കുരങ്ങു വർഗ്ഗങ്ങളും ആഫ്രിക്കയിൽ ആണ് ഉള്ളത് . അത് കൊണ്ട് , മനുഷ്യർ ഉണ്ടായത് ആഫ്രിക്കയിൽ ആണെന്ന് ഡാർവിൻ അഭിപ്രായപ്പെട്ടു . അപ്പൊ മനുഷ്യ പൂർവികരുടെ ഫോസിലുകൾ കൂടുതലും ആഫ്രിക്കയിൽ ആണ് കാണേണ്ടത് . അത് ശരിയായി . മറ്റു സ്ഥലനങ്ങളിൽ ഒക്കെ മനുഷ്യപൂര്വിക ഫോസിലുകൾ ഉണ്ടെങ്കിലും , എണ്ണത്തിലും , വൈവിദ്ധ്യത്തിലും ഏറ്റവും കൂടുതൽ ഇവ ഉള്ളത് ആഫ്രിക്കയിൽ തന്നെ ആണ് .

ഈ അടുത്ത കാലത്ത് , പോപ്പുലേഷൻ ജെനറ്റിക്‌സും , അൻഷ്യന്റ് ഡി ണ് എ യും ഉപയോഗിച്ച് , ഈ വസ്തുത ഏകദേശം നന്നായി തന്നെ തെളിയിക്കാൻ പറ്റിയിട്ടുണ്ട് .  

ഫാൾസിഫയബിലിറ്റി ഉണ്ടോ ? ഉണ്ടല്ലോ . പഴേ കാർബോണിഫെറസ് പീരീഡിലുള്ള , ഡൈനോസറുകളും മറ്റുമുള്ള ഫോസിൽ ലേയറിൽ , ഇഷ്ടം പോലെ , ഇന്നത്തെ ജീവികളുടെ ഫോസിലുകൾ കിട്ടിയാൽ , സംഭവം പൊളിഞ്ഞു . നമ്മുടെ തിയറി നാശകോശമായി . പക്ഷെ അങ്ങനെ വലിയ ഒരു പ്രശ്നവും, ബ്രഹത്തായ പരിണാമ ശാസ്ത്രത്തിൽ ഉള്ളതായി ഇത് വരെ കണ്ടിട്ടില്ല .

എന്തുട്ടിനാണ് ഹേ , ഈ ശാസ്ത്രത്തിനു ഇത്രേം പ്രാധാന്യം കൊടുക്കുന്നത് ?

അത് പിന്നെ , ഞാൻ പറഞ്ഞല്ലോ . മനുഷ്യരാശി ഇനിയും പല വെല്ലുവിളികളും നേരിടും . അതിന് അറിവും കഴിവും കപ്പാസിറ്റിയും വേണം . കണ്ണടച്ച് തപസ്സിരുന്നാൽ അത് സാധിക്കില്ല .

ഇത്രേം മനുഷ്യർ പെറ്റു പെരുകിയിട്ടും , ഉണ്ണാനും ഉടുക്കാനും ഒക്കെ ഉള്ളത് സയൻസും ടെക്‌നോളജിയും ഉപയോഗിച്ച മനുഷ്യന്റെ മിടുക്കാണ് . പണ്ടൊക്കെ പട്ടിണി ആയിരുന്നു നമ്മുടെ പ്രധാന ശത്രു .

ഒരു പത്തു മുപ്പതു വര്ഷം ആയുസ്സ് നീട്ടി കിട്ടിയത് വേണ്ടെന്നു വയ്ക്കുന്നില്ലല്ലോ ആരും , അല്ലെ ?

പണി എടുക്കാൻ അടിമകൾ വേണ്ട . യന്ത്രങ്ങൾ ഉണ്ട് . അലക്കു യന്ത്രം വന്നു , ഗ്യാസ് അടുപ്പ് വന്നു . ഗർഭ നിരോധന മാര്ഗങ്ങള് വന്നു . സ്ത്രീ ശാക്തീകരണവും , തുല്യതയും ഒന്നും പാരമ്പര്യ മത മൂല്യങ്ങൾ കൊണ്ട് വന്നവയല്ല .

അടിസ്ഥാനപരമായി മനുഷ്യർ എന്ന ജീവികൾ ഒന്നാണെന്നുള്ള ബോധവും , തനിക്കോ തന്റെ വർഗത്തിനോ വല്യ സ്‌പെഷ്യൽ പ്രാധാന്യം ഒന്നും ഇല്ലെന്നും ഉള്ള ബോദ്ധ്യവും ശാസ്ത്ര അറിവിന്റെ പരിണിത ഫലം ആണ് . വലിയ ഒരളവിൽ . പുതിയ മൂല്യ ബോധ്യങ്ങൾ ഇത് കൊണ്ട് വന്നിട്ടുണ്ട് .

പക്ഷെ ചില കാര്യങ്ങൾക്കുള്ള ഉത്തരം ശാസ്ത്രത്തിനില്ല :

ആത്യന്തികമായി , പ്രപഞ്ചത്തിന്റെ ഉദ്ദേശം എന്താണ് ?

ഞാൻ എന്തുട്ടിനഷ്ടോ ?

നല്ല മനുഷ്യൻ എന്നാൽ എന്താണ് ?

സ്വാർത്ഥത എന്ത് കൊണ്ട് നല്ല ഒരു ഗുണമല്ല ?

വർഗീയത നമുക്ക് വോട്ട് നേടിത്തരുമെങ്കിലും എന്ത് കൊണ്ട് നമ്മൾ അത് ചെയ്യരുത് ?

ഒരു കുട്ടിയെ അടിച്ചു കൊല്ലുന്നത് കണ്ടാൽ ഇടപെടണോ വേണ്ടയോ ?

ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം ശാസ്ത്രത്തിന്റെ കയ്യിലില്ല . വെറും യുക്തിക്കും അതിനുത്തരം പറയാൻ സാധിക്കില്ല . അതിന് ഒരു മൂല്യബോധം വേണം . അത് മനുഷ്യ മനസിന്റെ ഒരു പ്രോഡക്റ്റ് ആണ് . അതിനെ നമുക്ക് ശാസ്ത്രീയമായി പഗ്രഥിക്കാൻ സാധിക്കുമോ ? കുറെ ഒക്കെ പറ്റും . പക്ഷേ പലതും ശാസ്ത്രത്തിന്റെ പരിധിക്കു വെളിയിൽ ആണെന്ന് കാണാം .  (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .