മ്മ്ടെ ബോഡി ഒരു രാജ്യം ആണെന്നങ്ട് വിചാരിക്കാ . വെള്ളത്തിനടിയിൽ ആണ് . കടലിനടിയിലെ അദ്ഭുത രാജ്യം . അങ്ങനെ വിചാരിച്ചാ മതി .
രാജ്യത്തിനകത്ത് മൊത്തം പൗരന്മാർ ഉണ്ട് – കോശങ്ങൾ എന്ന സെല്ലുകൾ .
സെല്ലുകൾ ഇങ്ങനെ ഇരിക്കയാണ് . ചുറ്റും എക്സ്ട്രാ സെല്ലുലാർ ഫ്ലൂയിഡ് എന്ന സംഭവം . സെല്ലുകൾക്ക് ഓക്സിജൻ , വെള്ളം , ഗ്ളൂക്കോസ് , അമിനോ ആസിഡുകൾ ഒക്കെ വേണം . ശ്വാസത്തിൽ നിന്നും തിന്നുന്നതിൽ നിന്നും അതൊക്കെ കിട്ടും . അതൊക്കെ രാജ്യം മൊത്തം എത്തിക്കാൻ രക്തവും രക്തം കൊണ്ട് പോവാൻ ഹൈവേ കൾ ആയ രക്തക്കുഴലുകളും ഉണ്ട് . രക്തത്തിനകത്തും നിറച്ചും സെല്ലുകൾ ആണ് .
രാജ്യത്തിന് വേണ്ടി ചാവാൻ സെല്ലുകൾക്ക് ഒരു മടിയും ഇല്ല . ഒരേ ജനിതക ഘടന ഉള്ള ഇരട്ട സഹോദരരെ പോലെ ആണ് എല്ലാ സെല്ലുകളും . എല്ലാ സെല്ലുകളുടെയും നടുക്ക് സെൽ എന്തൊക്കെ ചെയ്യണം , ഏത് രൂപം സ്വീകരിക്കണം എന്ന് നിശ്ചയിക്കുന്ന നിർദേശങ്ങൾ കൊടുക്കുന്ന ഒരു സോഫ്റ്റ്വെയർ കോഡ് ഉണ്ട് – ഡി എൻ എ എന്ന തന്മാത്ര . അതിലെ പേജുകൾ ആണ് ജീനുകൾ . ഒരു രാജ്യത്തെ എല്ലാ സെല്ലുകൾക്കും ഒരേ പോലുള്ള തന്മാത്ര ആണ് ഉള്ളത് . പക്ഷെ ഏതൊക്കെ പേജുകൾ അഥവാ ജീനുകൾ എപ്പോ ഒക്കെ തുറക്കുന്നു , അടക്കുന്നു എന്നതനുസരിച്ച് സെല്ലുകളുടെ രൂപവും സ്വഭാവവും മാറി മാറി ഇരിക്കും .
കൺഫ്യൂഷൻ ആയില്ലല്ലോ .
രാജ്യത്തിന് ചുറ്റും കുറെ ഗഢുവ് ലവന്മാർ ഉണ്ട് – ശത്രുക്കൾ ! നുഴഞ്ഞു കയറ്റക്കാർ ! ഭീകരർ !
ബാക്ടീരിയ , ഫങ്സുകൾ , വൈറസുകൾ , മറ്റു ചെറുജീവികൾ . രാജ്യത്തിൻറെ സ്ഥലം കയ്യേറി , രാജ്യത്തിൻറെ ഫുഡ് ഒക്കെ അടിച്ച് പെറ്റു പെരുകി രാജ്യം നശിപ്പിക്കും ഇവറ്റകൾ .
വൈറസുകൾ ഇച്ചിരി വ്യത്യാസം ഉണ്ട് . കമ്പ്യൂട്ടർ കോഡ് എഴുതിയ വെറും പേജുകൾ പോലാണ് അവ . ഏതെങ്കിലും ഒരു സെല്ലിൽ നുഴഞ്ഞു കയറി അതിന്റെ ഡി എൻ എ പുസ്തകത്തിൽ കയറിപ്പറ്റിയോ അല്ലാതെയോ സെല്ലിനെ കൊണ്ട് തന്നെ സ്വയം ഉണ്ടാക്കിക്കുക- അങ്ങനെ പെറ്റു പെരുകുക . ഓരോ കോപ്പിയും പിന്നെ അടുത്ത സെല്ലിൽ കേറും . അതായത് , വൈറസ് കയ്യടക്കിയ സെല്ലും ഒരു ശത്രു തന്നെ !
നമ്മുടെ തൊലി , പിന്നെ ദഹന വ്യവസ്ഥ , ശ്വസന നാളി , ഇവയ്ക്കകത്തെ ലൈനിങ് ഒക്കെ രാജ്യത്തിന് ചുറ്റും ഉള്ള മതിലുകൾ ആണ് . മതിലുകളിൽ ഒക്കെ സെല്ലുകൾ കാവൽ ഉണ്ട് . കെമിക്കൽ യുദ്ധം ആണിവിടെ നടക്കുന്നത് . ചില ആന്റിബോഡികൾ , ലൈസോസൈം പോലുള്ള എൻസിമുകൾ ഒക്കെ ശത്രുക്കളുടെ മേത്തു ഒഴിക്കും !
എന്നിട്ടും ചില ശത്രുക്കൾ അകത്ത് കടക്കും ! അപ്പൊ ചാടി വീഴും . ആര് ?
സാദാ പട്ടാളം : (ഇന്നേറ്റ് ഇമ്മ്യൂണിറ്റി )
ന്യൂട്രോഫിലുകൾ എന്ന വെള്ള രക്താണുക്കൾ രക്തക്കുഴലുകളിൽ നിന്ന് ചാടി വരും . പിന്നെ ഒരു ജൂധമാണ് . കുറെ കെമിക്കലുകൾ ചീറ്റിക്കും . ചിലത് ശത്രുക്കളെ പൊള്ളിച്ചു കൊല്ലും . ചിലവ മറ്റ് പോരാളി സെല്ലുകളെ അങ്ങോട്ട് ആകർഷിക്കും- “വാടാ ഇവിടെ . യുദ്ധം നടക്കുന്നു !”. വേറെ ചില കെമിക്കലുകൾ ചെറു രക്തക്കുഴലുകളെ വികസിപ്പിച്ച് അവ മേൽ ചെറു സുഷിരങ്ങൾ ഉണ്ടാക്കുന്നു . ഈ സുഷിരങ്ങളിൽ കൂടെ പിന്നേം ന്യൂട്രോഫിലുകളും , മാക്രോഫേജുകളും മറ്റു പല പോരാളികളും ഇരച്ചെത്തുന്നു . ചിലവ ശത്രുക്കളെ അങ്ങനെ തന്നെ വിഴുങ്ങി ദഹിപ്പിക്കുന്നു – ഗ്ലുമ്മ് !
യുദ്ധം നടക്കുന്ന സ്ഥലത്ത് വേദന , ചുവപ്പ് , നീര് , കരച്ചിൽ , പല്ലുകടി . ഹോ .
ശത്രുവിനെ കീഴടക്കിയാൽ കഥ തീർന്നു . പക്ഷെ ഇല്ലെങ്കിലോ .
“എന്നെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ. ഓവർ .” വയർലെസ്സ് മെസേജ് പോവുന്നു . ഇന്റലിജൻസ് മേധാവി ഷാജിയേട്ടന് . മസിൽ മാത്രം പോരാ . ശത്രുവിനെ മനസിലാക്കി , ബുദ്ധി ഉപയോഗിച്ച് യുദ്ധം ചെയ്യണം ! ഉഷാർ , ഉഷാർ !
ഇന്റെലിജൻസ് ഡിവിഷൻ (അഡാപ്റ്റീവ് ഇമ്മ്യൂണിറ്റി )
ഇവിടെ ലിംഫോസൈറ്റുകൾ എന്ന ഒരു തരം വെളുത്ത രക്താണുക്കൾ ആണ് താരം . ന്യൂട്രോഫിലുകൾ , മാക്രോഫേജുകൾ , ടെൻഡറിറ്റിക് സെല്ലുകൾ തുടങ്ങി സാദാ പട്ടാളത്തിൽ ഉള്ളവരിൽ ചിലർ , മ്മ്ടെ ശത്രുക്കളിൽ ചിലരെ പിച്ചിക്കീറി , അവന്റെ ഉടുപ്പ് , ബാഡ്ജ് മുതലായ സാധനങ്ങൾ ഒക്കെ ഇന്റലിജന്സുകാരെ കാണിക്കുന്നു .
“ഇന്റലിജൻസ് അണ്ണാ – ഇതാണ് അവമ്മാരുടെ അടയാളം . ഓവർ “
ഈ അടയാളത്തിനെ ആണ് ആന്റിജേൻ എന്ന് പറയുന്നത് . അണുവിന്റെ ഭാഗമായ പ്രോട്ടീനുകൾ ആണ് പലപ്പോഴും ആന്റിജനുകൾ . എം എച് സി എന്ന് പറയുന്ന റിസെപ്റ്റർ തന്മാത്രകളിൽ പൊതിഞ്ഞാണ് ആന്റിജൻ മുദ്ര , സാദാ പട്ടാളം ഇന്റെലിജെൻസിനെ കാണിക്കുന്നത് . കൺഫ്യൂഷൻ അടിക്കേണ്ട . ചുമ്മാ പറഞ്ഞെന്നെ ഉള്ളു .
ബി ലിംഫോസൈറ്റുകൾ എന്ന ചില ഇന്റെലിജെൻസുകാർ ആന്റിജേൻ നോക്കുന്നു . ആ ആന്റിജേനെ പ്രത്യേകം ആയി ആക്രമിക്കുന്ന ആന്റിബോഡികൾ എന്ന സാമാനങ്ങൾ ഉണ്ടാക്കുന്ന ഒരു ഫാക്ടറി സെറ്റ് അപ് ആക്കുന്നു . കുറെ ബി സെല്ലുകൾ പ്ലാസ്മ സെല്ലുകൾ ആയി പെറ്റുപെരുകി ആന്റിബോഡികൾ ലക്ഷക്കണക്കിന് പടച്ചു വിടുന്നു .
ടി ഹെൽപ്പേർ സെല്ലുകൾ ആന്റിജെനെ നോട്ട് ചെയ്യുന്നു . അവറ്റകൾ ഇന്റലിജൻസ് ഡിവിഷന്റെ മേല്നോട്ടക്കാർ ആണ് . “ഡാ അങ്ങോട്ട് പോടാ , ഓവർ ” , “ദേ ഇങ്ങനെ ചെയ്യടാ , ഓവർ “, “ഡോ , ബി സെല്ലേ – പെറ്റു പെരുകടാ , ഓവർ ” എന്നൊക്കെ ആജ്ഞാപിക്കുന്നു .
ടി സൈറ്റോടാക്സിക് സെല്ലുകൾ എന്നൊരു കൂട്ടം ഉണ്ട് . അവറ്റകൾ ആന്റിജേൻ പുറത്തുള്ള ശത്രുവിനെ നേരിട്ട് ആക്രമിക്കുന്നു . പിന്നെ കില്ലർ സെല്ലുകൾ , നാച്ചുറൽ കില്ലർ സെല്ലുകൾ ….
ഛെ . ഒക്കെ പോട്ടെ . ഒരു പത്ത് ടെക്സ്റ്റ് ബുക്കിൽ എഴുതാൻ പറ്റുന്ന കാര്യങ്ങൾ ഒരൊറ്റ ലേഖനത്തിൽ പറയണം . എന്നെക്കൊണ്ട് പറ്റുമോ ഷാജിയേട്ടാ? നോക്കുക തന്നെ .
ആന്റിബോഡികൾ ശത്രുവിന്റെ ഓടിച്ചിട്ട് പിടിച്ച് ഓന്റെ മേത്തുള്ള ആന്റിജെനിൽ പിടിച്ച് തൂങ്ങുന്നു . വില്ലന്റെ താടിയിൽ പിടിച്ചു തൂങ്ങുന്ന പിള്ളേരെ പോലെ . കുറെ പിള്ളേർ ഉണ്ട് . എല്ലാം വില്ലന്മാരെ മൊത്തം വളഞ്ഞിട്ട് പിടിച്ചിരിക്കും .
ആന്റിബോഡി പിടിച്ചിരിക്കുന്ന ശത്രുക്കളെ കണ്ടാൽ അപ്പൊ കോംപ്ലിമെൻറ് എന്ന ചില കെമിക്കൽ ബോംബുകൾ ഓടിയെത്തി ശത്രുവിനെ ആഞ്ഞാഞ്ഞു കുത്തി കീഴ്പെടുത്തും. ജീവജലം ഒക്കെ ലീക് ആയി അവൻ ചാവും .
സാദാ പട്ടാളക്കാരും അവിടെ ഓടിയെത്തും . ആന്റിബോഡി പറ്റിയ ശത്രുക്കളെ വിഴുങ്ങാൻ എളുപ്പമാണ് .
ഇതിന്റെ ഒരു ഗുണം എന്താണ് എന്ന് വച്ചാൽ , ശത്രുവിനെ കീഴ്പ്പെടുത്തി കഴിഞ്ഞാൽ , പിന്നേം ഇതേ ശത്രു വന്നാൽ , ശരീരത്തിൽ ഉള്ള അന്റോബോഡി അവനെ വിടൂല്ല ! ഇനി ആന്റിബോഡി തീർന്നു പോയാലും കുഴപ്പം ഇല്ല . മെമ്മറി ടി സെല്ലുകൾ ഉണ്ട്. ഓര്മ ഉള്ള ഇന്റലിജൻസ് ഓഫീസർമാർ . ഉടൻ ഫാക്ടറികൾ തുറന്ന് അതേ ആന്റിബോഡി പിന്നേം ശടേന്ന് ഉണ്ടാക്കും !
എന്ത് അടിപൊളി ആണല്ലേ ?
രോഗം വരാതെ തന്നെ , ആന്റിജേൻ മാത്രം കാണിച്ച് , ഇന്റലിജൻസ് ഡിവിഷനെ റെഡി ആക്കി നിർത്തുകയാണ് വാക്സിനുകൾ ചെയ്യുന്നത് .
ഷാജിയേട്ടാ , ഷിജിച്ചേച്ചി – ഒന്ന് ഷെയർ ചെയ്യണേ . ഓവർ .
(ജിമ്മി മാത്യു )