എന്തുട്ട് തമാശകളാ ല്ലേ – ബുക്ക് ബാൻ ചെയ്യണം – സംഭവാമി യുഗേ യുഗേ

 

ഒൻപതാം ക്ലാസ്സിൽ വിക്ടർ ഹ്യൂഗോ വിന്റെ ‘ലാ മിറാബിലെ ‘ യിലെ ഒരു ചാപ്റ്റർ വായിച്ചോണ്ട് ഇരിക്കയായിരുന്നു . ജീൻ വാൽ ജീൻ – അതോ ഴാങ് വാൽ ഴാങ്ങോ – ആപ്പിൾ കട്ടിട്ട് നീണ്ട കാലത്തേക്ക് ജയിലിൽ പോകുന്ന ? – ങാ അത് തന്നെ .

അപ്പോഴാണ് പുറത്തു ഒരു ബഹളം കേൾക്കുന്നത് . ക്രിസ്ത്യാനി സമരം !

മാഡൽ ബായസ്‌ ആണേ – തൃശൂരാഷ്ടോ – എണ്പതുകളാണേ. സ്‌കൂളിൽ രാഷ്ട്രീയണ്ട്ന്ന് . അഞ്ചാം ക്ലാസ്സ്‌ മുതൽ ഉള്ള പിള്ളേർ സ് ഫ് ഐ , കെ സ് ഉ എന്നൊക്കെ പറഞ് അങ്ങ് ഇറങ്ങും . ഒമ്പതിലും പത്തിലും ഉള്ള ഒരു പത്തു പേര് ഇറങ്ങിയാൽ മതി . നേരെ ഇവന്മാർ ബഹളവും ഉണ്ടാക്കിക്കൊണ്ട് അഞ്ചിലും ആരിലും ഇടിച്ചു കേറും .പിള്ളേർ ആരവത്തോടെ ഇറങ്ങി ഓടും . ഈ ചിടുങ്ങുകൾ തൊണ്ട പൊട്ടുമാറുച്ചത്തിൽ കീ കീ സ്വരത്തിൽ വിളിച്ചോണ്ട് നേതാക്കളുടെ പുറകെ നടക്കും .

സ് ഫ് ഐ സിന്ദാവാ

കെ സ് ഉ സിന്ദാവാ

തോത്തിട്ടില്ല , തോത്തിട്ടില്ല …

അങ്ങനെ . സാറന്മാർ ഇറങ്ങിപ്പോകും . നമ്മളും പോവും , ക്രിക്കറ്റ് ബോളും ബാറ്റുമായിട്ട് .

ഇത് പക്ഷെ മുദ്രാവാക്ക്യം വ്യത്യാസം ഉണ്ട് .

ക്രിസ്ത്യാനികളെ തൊട്ടു കളിച്ചാൽ ….

ആന്റണി നീതി പാലിക്കുക !

കോപ്പിലെ നാടകം നിരോധിക്കുക !

സംഭവം എന്താണെന്ന് വച്ചാൽ , നിക്കോസ് കസന്ത്‌ സാക്കിസിന്റെ , ക്രിസ്തുവിന്റെ ഏഴാം തിരുമുറിവ് എന്ന പുസ്തകത്തിന്റെ നാടക ആവിഷ്കാരം ഏതോ ഒരു അന്തോണി ഇറക്കാൻ പോകുന്നു .!

“എടാ അന്തോണീ , യൂദാസേ ,
നിന്നെ പിന്നെ കണ്ടൊളാം .”

ഞാൻ ഇന്നേ വരെ ഇത് പോലെ സമരത്തിന് ഇറങ്ങിയിട്ടില്ല . രാഷ്ട്രീയം ഒക്കെ അറിയാം . തൃശൂർ പബ്ലിക് ലൈബ്രറിയിൽ ആണ് പെറ്റു കിടപ്പ് . എന്നാലും ക്‌ളാസ്സിലെ മറ്റ് ഹിന്ദുക്കളും , മുസ്ലീങ്ങളും ഒക്കെ ഭയങ്കര ഉത്സാഹപ്പെടുത്തൽ ! തോമാസിനെയും , പാഞ്ചിയെയും ഒക്കെ ഉന്തി ഇറക്കി – സമരത്തിന് .

“ജിമ്മ്യേ , ഡാ , ചെല്ലടാ ” എല്ലാവരും ആർത്തു വിളിച്ചു .

ഞാൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മുഖത്തേക്ക് നോക്കി . ഡാഷ് ജിത് ലാൽ . അവൻ ചിരിച്ചോണ്ട് ഇരിക്കയാണ് . നല്ല ലോക വിവരമുണ്ട് . എന്നോട് സമരത്തിന് പോകാൻ പറയുന്നില്ല ! ഫ് ബിയിൽ ഉണ്ട്.

“എന്തിട്ടാ ചെയ്യേറാ ?” ഞാൻ ആരാഞ്ഞു .

” നിനക്ക് വേറെ പണി ഇല്ല്യേ ?” അവൻ ചിറി കോട്ടി . “ഇങ്ങനെ ആണെങ്കിൽ ഹിന്ദുക്കൾ എന്തോരം സമരം ചെയ്യണം . കഴിഞ്ഞ യൂത് ഫെസ്റ്റിവലിന് രാമായണം തമാശയാക്കി വേലായുധൻ കഥാ പ്രസംഗം ചെയ്തു പ്രൈസ് മേടിച്ചത് നീ ഓർക്കണില്യേ ”

ഞാൻ അവിടെ ഇരുന്നു . അങ്ങനെ പിൽക്കാലത്തു ചളിപ്പ് തോന്നിയേക്കാവുന്ന ഒരു ഓർമയിൽ നിന്ന് അവൻ കാരണം രക്ഷപ്പെട്ടു .

ഈ ആയിരത്തി അഞ്ഞൂറുകളിൽ ആണേ , ഈ പുസ്തകങ്ങൾ യൂറോപ്പിൽ ഇറങ്ങി തുടങ്ങിയത് . ആളോള് വായിക്കാനും തുടങ്ങി . 1559 ൽ തന്നെ കത്തോലിക്കാ സഭ ഒരു കൗൺസിലിനെ വച്ച് – കൗൺസിൽ ഒരു ലിസ്റ്റും പുറത്ത് വിട്ടു :

ഇൻഡക്സ് ലൈബ്രോരം പ്രൊഹിബിറ്റോറം – ബാൻ ചെയ്ത പുസ്തോകന്ഗടെ ലിസ്റ്റ് . ആഹഹാ .

‘ആകാശ ഉണ്ടകളുടെ കറക്കം ” മ്മ്‌ടെ കോപ്പര്നിക്കസിന്റെ – ബാൻ ചെയ്തു . പുള്ളി ചത്തതിന് ശേഷം ആണ് പ്രസിദ്ധീകരിച്ചത് . അത് കാരണം അങ്ങേരെ ഒന്നും ചെയ്യാൻ പറ്റില്ലാ.

പിന്നെ മ്മ്‌ടെ ഗലീലിയോൻറെ – “ഡയലോഗ് ഓൺ ദി ഗ്രേറ്റ് വേർൾഡ് സിസ്റ്റംസ് ” ബാനും ചെയ്തു , അങ്ങേരെ അകത്തും ഇട്ടു . ബെസ്ററ് . അതൊക്കെ പോട്ടെ . ഈ ലിസ്റ്റിൽ പല കാലങ്ങളിൽ ആയി കേറിയ പൊസ്തകങ്ങടെ പേരുകൾ ചിലത് കേട്ടോ –

വിക്ടർ ഹ്യൂഗോ വിന്റെ ലാ മിറാബിലെ – അത് തെന്നെ – ജീൻ വാൾ ജീൻ . അങ്ങേരുടെ എല്ലാ പുസ്തകങ്ങളും .
കൌണ്ട് ഓഫ് മോണ്ടെ ക്രിസ്റ്റോ – അലക്‌സാണ്ടർ ഡ്യൂമാസിന്റെ .
ത്രീ മസ്കറ്റിയേര്സ് – ഡ്യൂമസിന്റെ ന്നെ .
ഹഞ്ച് ബാക്ക് ഓഫ് നോട്ടർ ഡാം – ഹ്യൂഗൊന്റെ ന്നെ .

ചുരുക്കം പറഞ്ഞാൽ , നുമ്മ സ്‌കൂളി പഠിക്കുമ്പോ ള്ള കൊറേ പുസ്തകങ്ങള് ഈ സഭ നിരോധിച്ചത് തന്നെ .

1966 വരെ ഈ ബുക്കുകൾ എല്ലാം ഈ ഇൻഡക്സിൽ ബാൻഡ് ആയി കിടന്നു .
പെട്ടന്ന് ഒരു സുപ്രഭാതത്തിൽ പോൾ ഏഴാമൻ മാർപാപ്പ ഈ സംഭവമേ ബാൻ ചെയ്തു ! ഇൻഡക്സ് ലൈബ്രോരം പ്രൊഹിബിറ്റോറം അറബിക്കടലിൽ – സോറി അറ്റ്ലാന്റിക് ഓഷ്യനിൽ .

അതെന്താ കാരണം – ആ – അറിഞ്ഞൂടാ . പെട്ടന്ന് അങ്ങനെ തോന്നി – അത്രേയുള്ളു .

തമാശ അതല്ല – ഇപ്പൊ അമേരിക്ക പോലെ ഉള്ള സ്ഥലങ്ങളിൽ സ്‌കൂളുകളിൽ ബാൻ ചെയ്തിരിക്കുന്ന പുസ്തകങ്ങളിൽ ഒന്നാണ് –

ഹോളി ബൈബിൾ ! എന്റമ്മേ . പല മതങ്ങളിൽ ഉള്ള കുട്ടികൾ പഠിക്കുന്ന സ്ഥലത്ത് ഇതൊന്നും വേണ്ടാന്ന് !
ഇന്നാള് ‘ജീസസ് ക്രൈസ്റ്റിനെ പറ്റി ക്‌ളാസിൽ പറഞ്ഞതിന് (പഠിപ്പിക്കേണ്ടാത്ത ഇടത്ത് ) ഒരു ടീച്ചറെ പിരിച്ചു വിട്ടു !

അത് പിന്നെ ഇതൊക്കെ ഇങ്ങനെ പോകും . മുന്നോട്ട് നടക്കും , പിന്നെ പിന്നോട്ട് , പിന്നെ തമാശ തോന്നുന്ന അത്രേം മുന്നോട്ട് , പിന്നെ ഇത്തിരി പിന്നോട്ട് , അങ്ങനെ , അങ്ങനെ .

ചിലർ പിന്നോട്ട് മാത്രം നടക്കും (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .