പ്രേമവും മാറുന്ന ലോകവും – എന്തരോ എന്തോ ….

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റെട്ടിൽ, ഒരു പീറ എം ബി ബി സ് ഡിഗ്രിയും കക്ഷത്തിടുക്കിപ്പിടിച്ച്, പാണ്ടിച്ചേരിയിലെ ജിപ്മെറിലേക്ക് വണ്ടി കേറുമ്പോൾ, രാവും പകലുമില്ലാതെ പണിയെടുക്കാം, എന്ന് ഉറപ്പുണ്ടായിരുന്നു തിരുമേനി . ഇരുപത്തിനാലു മണിക്കൂർ ഡ്യൂട്ടി മുപ്പത്താറു മണിക്കൂറിലേക്ക് നീളുമ്പോൾ, ശരീരത്തിൽ വിയർപ്പും , പാന്റിലും അണ്ടർവെയറിലും ലാപ്പറോട്ടമി ചെയ്യുമ്പോൾ തുളുമ്പിയ പെരിട്ടോണിയൽ വാഷിംഗിന്റെ ഫീക്കൽ സ്മെല്ലുമായി പുറത്തിറങ്ങും. അത് കൊണ്ട് തന്നെ ഒരു പ്രതീക്ഷയുമില്ലായിരുന്നു പെൺകുട്ടികൾ തിരിഞ്ഞു നോക്കുമെന്ന്‌.

 

പിന്നെ ആകെ ഉണ്ടായിരുന്നത് ഒരു മാരുതി കാറാണ് . അതിലേക്ക് പല ദിവസവും , ഒന്ന് കുളിക്കാനും അപ്പി ഇടാനും ഹോസ്റ്റലിലേക്ക് പോവാൻ വെമ്പുമ്പോൾ ആണ് , പ്രതീക്ഷകളെ പാടെ തെറ്റിച്ചു കൊണ്ട് ചില പെൺകുട്ടികൾ അടുത്തു കൂടുന്നത് . ഡോക്ടർ ഹൌസ്. എം ഡി , ഡോക്ടർ റാം എം സ് (ന്യൂറോ – 95 പെർസെന്റ് ), ഇവരെ പ്പോലെ ഒരു ഇമേജ് – ഡോക് ജിമ്മിച്ചൻ – സർജറി റസിഡന്റ് – എന്നതായിരിക്കണം കാരണം .

 

സിന്ധു എന്ന ഇന്റേൺ സർജറി പോസ്റ്റിങ്ങ് സമയത്ത് അങ്ങനെ ആണ് എന്റെ കൂടെ കാപ്പി കുടിക്കാൻ വരുന്നത്.

 

“കാൻ ഐ കം വിത്ത് ഉ ഫോർ എ കോഫി ?” എന്ന് അതീവ ഗൗരവത്തോടെയും എന്നാൽ ലാസ്യ ഭാവം വിടാതെയും ആ അന്യസംസ്ഥാന സുന്ദരി മൊഴിഞ്ഞപ്പോൾ , എന്റെ ഈപ്പച്ചാ …അല്ല സാറേ – അനേക ലക്ഷം ആകുന്ന രോമ കൂപങ്ങൾ തൊലിയിലുള്ള ഇറക്റ്റർ പൈലോർ എന്ന ചെറു പേശികളുടെ സഹായത്തോടെ അറ്റെൻഷൻ ആയി നിന്ന് പോയി . ശരീരം മൊത്തം എന്തോ കോരി . ങാ , അത് തന്നെ – കുളിർ . ഒരു കുളിർതെന്നൽ അവളുടെ പെർഫ്യൂമിനെ എന്റെ മൂക്കിൽ എത്തിച്ചു . ഈ കുളിർതെന്നൽ എന്റെ മേലുള്ള പെരിട്ടോണിയൽ സ്മെല്ലിനെ അവളുടെ സുന്ദരവും ചെറുതും ആയ മൂക്കിൽ എത്തിക്കരുതേ എന്നു ഞാൻ ആശിച്ചു . ഒരു വിറയൽ ഉള്ള സ്വരത്തിൽ ഞാൻ പറഞ്ഞു :

 

“ഓ , വൈ നോട്ട് . ഗേൾ , വൈ നോട്ട് ?”

 

ക്ണാപ്പ് – ഷുഗർത്തുക്കളെ – “നിനക്ക് പറ്റില്ല എന്നങ്ങു പറഞ്ഞാൽ പോരെ?”- എന്ന് ചോദിക്കുന്ന കുറെ ഡാഷ് മോന്മാർ ഇവിടെ , ഉണ്ടാവും എന്നറിയാം . അവരോടു എനിക്ക് ഒന്നേ പറയാനുള്ളു –

 

“പഠിച്ചിട്ട് ബീമർശിക്കു സുഗ്രത്തെ ”

 

– ഹ്യൂമൻ ഫിസിയോളജി പഠിക്കു , ആൺ സൈക്കോളജി പടിക്കു . ഇതൊന്നും പറ്റില്ലെങ്കി ഞാൻ ആ പെണ്ണിന്റെ ഫോട്ടം കാണിച്ചു തരാം – എങ്ങനെ മുഖത്ത് നോക്കി പറ്റില്ല , എന്ന് പറയും ?

 

അങ്ങനെ വെറും രണ്ടോ മൂന്നോ ദിവസം മാത്രമേ കോഫി കുടിച്ചുള്ളു . സത്യം – കോഫി മാത്രമേ കുടിച്ചുള്ളു . വേറെ  ഒന്നും ചെയ്തില്ല . പക്ഷെ മൂന്നാമത്തെ പ്രാവശ്യം ഡ്യൂട്ടി കഴിഞ്ഞാണ് പോയത് . ബീച്ച് റോഡ് വരെ പാതിരാക്ക് പോയി . തിരിച്ചു വന്ന് രാത്രി രണ്ടു മണി വരെ കാറ് കാമ്പസിലെ ലവേഴ്സ് ലെയിൻ എന്ന് വിളിക്കുന്ന വൃക്ഷങ്ങൾ ചുറ്റിനും നിൽക്കുന്ന സ്ഥലത്തു പാർക് ചെയ്ത് അതിൽ കത്തി വച്ച് ഇരുന്നു .

 

ഞാൻ വീണ്ടും വീണ്ടും ഊന്നി പറയുന്നു . കത്തി മാത്രമേ വച്ചുള്ളു – വേറെ ഒന്നും …..

 

അല്ല – എന്നെ അറിയാവുന്നവരെ അതൊന്നും ബോധ്യപ്പെടുത്തണ്ട കാര്യമില്ല . കത്തി വക്കാൻ  നാവു പൊങ്ങിയത് തന്നെ ഭാഗ്യം . ഓപ്പറേഷൻ തീയേറ്ററിൽ കത്തിയും ആയി അഭ്യാസം ചെയ്യുമ്പോൾ പുലിയും , രണ്ടു സുന്ദരിമാർ എതിരെ വരുന്നത് കണ്ടാൽ , സാക്ഷാൽ ഏലി തോക്കുന്ന പേടി തൊണ്ടനും  ആണ് ഞാൻ എന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത് ?

 

പെട്ടന്ന് അവൾ എന്റെ നേരെ തിരിഞ്ഞു . ഞാൻ അവളുടെ നേരെയും. മന്ദ മാരുതൻ ചീറി അടിച്ചു . പുറത്തെ ഇരുട്ടിന്റെ കറുപ്പ് ഞങ്ങളെ ആവരണം ചെയ്തു . ചീവീടുകൾ എന്തോ അരുതാത്തത് കണ്ടത് പോലെ അലറിക്കരഞ്ഞു . അവൾ ചോദിച്ചു :

 

“ജിമ്മി – യുവർ പരെന്റ്സ് ആൻഡ് യു – ആർ യു വെരി ഓർത്തോഡോക്സ് ക്രിസ്ത്യൻസ് ?”

 

ഇന്നാണെങ്കിൽ ഓർത്തഡോൿസ് എന്നൊക്കെ കേട്ട് പെട്ടന്ന് ഞെട്ടിയേനെ . അന്ന് കാര്യം മനസ്സിലായി . വളരെ യാഥാസ്ഥിതികർ ആയ ക്രിസ്ത്യാനികൾ ആണോ ഞാൻ – എന്റെ കുടുംബം ? ഇതാണ് ചോദ്യം . ഇത് ഒരു വഴിത്തിരിവാണ് എന്ന് എനിക്ക് മനസ്സിലായി .

 

“അങ്ങനെ ഒന്നും ഇല്ല . പക്ഷെ – എന്റെ അപ്പനും അമ്മയ്ക്കും എന്നിൽ വളരെ പ്രതീക്ഷകൾ ഉണ്ട് . അതിനെ പെട്ടന്ന് തള്ളിക്കളയാൻ , മെന്റലി – അൻഡ്സ്റ്റാൻഡ് – ബുദ്ധിമുട്ടാണ് . പിന്നെ ഭാവി പ്രവചിക്കാൻ പറ്റില്ലല്ലോ .”

 

ഞാൻ ഉള്ള സത്യം പറഞ്ഞു . ഇത് എന്റെ ഒരു വീക്നെസ് ആണ് . സത്യം മാത്രമേ ഞാൻ പറഞ്ഞുള്ളു . അന്നൊക്കെ അങ്ങനെ ആണ് . ഇരിക്കുന്ന മാരുതി കാറ് അപ്പന്റെ ആണ് . ഉള്ള തണ്ടും തടിയും ബുദ്ധിയും കഴിവും ഒന്നും എന്റെ സ്വന്തമല്ല . ഇതൊക്കെ വളർത്തിയതിന്റെയും കൂടി ഗുണമാണ് ; സാഹചര്യങ്ങളുടെ സംഭാവന ആണ് . അല്ലാതെ ഞാൻ ആനയാണ് – ജനിക്കുമ്പഴേ അങ്ങനെ ആയിരുന്നു – എന്ന മിഥ്യാ ധാരണ ഒന്നും അന്നില്ല . അന്നത്തെ എന്റെ മൂല്യ ബോധം അനുസരിച്ച് , എന്റെ മിക്ക വ്യക്തിപരമായ കാര്യങ്ങളിലും തീരുമാനം എടുക്കാനുള്ള കഴിവ് അവർക്ക് കൂടി അവകാശപ്പെട്ടതാണ് . അതിനേപ്പറ്റി നമുക്ക് ഉള്ളിന്റെ ഉള്ളിൽ അമർഷം ഉണ്ട് . എതിർക്കാൻ വാഞ്ച ഒക്കെ ഉണ്ട് . പക്ഷെ അത്രേം ഒന്നും ആംപിയർ ഇല്ല . അവനവന്റെ മനസാക്ഷി അന്നത്തെ ഒക്കെ സാമൂഹിക ചുറ്റുപാടിൽ അങ്ങനെ ഒക്കെ ആണ് .

 

കൂടുതൽ ഒന്നും പറയാനില്ല . അന്ന് ഡോർ തുറന്നു അവൾ ഇറങ്ങിപ്പോകുമ്പോൾ , ചെറിയ ഒരു ഇച്ഛാഭംഗം തോന്നി , തിരുമേനി …..ഈ മായാ നദിയിലെ അപ്പു എന്ന പെണ്ണിന്റെ കാരക്ടറെ ഒക്കെ കാണുമ്പോൾ ആണ് അന്നത്തെ ആ പാവം പെണ്ണിനെ ഒക്കെ കിണറ്റിൽ എടുത്ത് ഇടാൻ തോന്നുന്നത് .

 

അത് പോട്ടെ – പറഞ്ഞു വരുന്നത് – നമ്മുടെ മൂല്യബോധങ്ങളിൽ കാലത്തിന്റെ അനിവാര്യമായ മാറ്റങ്ങൾ പലതും വന്നു . ഞാൻ ഉൾപ്പെടുന്ന തലമുറ ഇന്നത്തെ മലയാളി സമൂഹത്തിന്റെ ഒരു റ്റേർണിങ് പോയിന്റിൽ – വളവിൽ തിരിവിൽ ആണ് നിൽക്കുന്നത് . എന്റെ മാതാ പിതാക്കളെ വയസാം കാലത്ത് സംരക്ഷിക്കാൻ ഞാൻ ഉറച്ചിരിക്കയാണ് . കാലാ കാലങ്ങളിൽ ആയി ഇതൊക്കെ ആണ് നാട്ട് നടപ്പ് .

 

എന്നാൽ കാലം വളരെ മാറി . നമ്മുടെ മക്കൾ വലുതായി എവിടെ ഒക്കെ പോകും എന്ന് നമുക്കറിയില്ല . വല്ല അബു ദാബിയിലോ , ജോഹന്നാസ്ബർഗിലോ , ഹാലിഫാക്‌സിലോ , അഡലൈഡിലോ , അലക്‌സാൻഡ്രിയയിലോ ആയിക്കൂടെന്നില്ല . ഇപ്പോൾ പത്തു നാൽപ്പതു വയസ്സായ ആളുകൾ , തങ്ങൾ വയസ്സാകുമ്പോൾ , മക്കൾ നോക്കും എന്നൊക്കെ വിചാരിക്കുന്നത് ഭീകര സങ്കട കോമഡി ആയിട്ടേ കാണാൻ പറ്റൂ . അവർ അവരുടെ വഴിക്ക് പോകും – മാത്രമല്ല – വഴിക്ക് വിടണം – എന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത് ?

 

എന്നാൽ ഈ യാഥാർഥ്യം ഉൾക്കൊണ്ടു കൊണ്ടാണോ നമ്മൾ അവരെ വളർത്തുന്നത് ? അല്ല എന്ന് നിസംശയം പറയാം . ബസിൽ മഴയത്ത് സ്‌കൂളിൽ പോകാൻ അറിയാമോ ? സ്വന്തം പുസ്തകങ്ങൾ , വസ്ത്രങ്ങൾ എന്നിവ വാങ്ങാൻ പതിനഞ്ചു വയസ്സായ കുട്ടിയെ പറഞ്ഞു വിടുന്നുണ്ടോ ? ബാങ്കിൽ , റേഷൻ കടയിൽ , ഓഫീസുകളിൽ , ഒക്കെ പോകുമോ ?

 

കൈയിൽ ഉള്ള കാശ് മൊത്തം കുട്ടികളെ ഒന്നും അറിയിക്കാതെ വളർത്തി , ലക്ഷങ്ങൾ കൊടുത്ത് , പത്തു മുപ്പതു വയസ്സോളം പഠിപ്പിക്കാൻ ചിലവാക്കുന്നത് ഒക്കെ നല്ലതാണ് . അടുത്ത തലമുറക്കും നല്ലതാണ് . പക്ഷെ അപ്പോൾ പിള്ളേർക്ക് മുതിരുമ്പോൾ അവർക്ക് അവരുടെ ഇഷ്ടങ്ങൾ അനുസരിച്ച് ജീവിക്കാൻ ഉള്ള സ്വാതന്ത്ര്യം കൂടി കൊടുക്കേണ്ടി വരും എന്നതും കൂടി നമ്മൾ ഓർക്കേണ്ടതുണ്ട് .

 

കാലം മാറുന്നത് നമ്മൾ എത്ര മാത്രം ഉൾക്കൊള്ളുന്നുണ്ട് ? നമ്മുടെ സർക്കാരുകൾ ? ഒരു പത്തു മുപ്പതു വര്ഷം കഴിയുമ്പോൾ , ഇവിടെ വയസ്സായ പശുക്കൾക്കായി അനേകം ഗോശാലകൾ , മത്സരിച്ചു കെട്ടിപ്പൊക്കിയ കത്തോലിക്കാ പള്ളികൾ , അമ്പലങ്ങൾ , മോസ്‌ക്കുകൾ , ബഹളങ്ങൾ , ഒക്കെ എനിക്ക് ഭാവനയിൽ കാണാം . വയസ്സായ , കാശ് തീർന്ന മനുഷ്യരെ സംരക്ഷിക്കാൻ ഒരു പൊതു ആരോഗ്യ പദ്ധതിയും , സോഷ്യൽ സപ്പോർട്ടുകളും , സർക്കാർ വക നിലവാരമുള്ള സംരക്ഷണ കേന്ദ്രങ്ങളും – എന്തോ – എന്റെ ഭാവനയിൽ കാണുന്നില്ല . എന്താണോ എന്തോ.

 

എന്തരോ എന്തോ . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .