എൻ്റെ പ്രബന്ധം കൊടുപ്പ് എന്ന മലര് കഥ:

സർജറി ട്രെയിനിങ് ഒരു ഊംഫിയ ഏർപ്പാടാണ്. ജോലിപ്പണി- രാവില്ല, പകലില്ല. ഉറക്കം- ആ സംഭവം ഇടക്ക് മാത്രം. ചൂട്, വിയർപ്പ്, കരയാതെ കരച്ചിൽ. “ഞാൻ എങ്ങനെ, എന്തിന് ഇവിടെ വന്നു പെട്ടു, ദൈവമേ!- കോപ്പ്”.

പിന്നെ ഇന്ത്യ അല്ലേ- മോളിൽ നിന്ന് ചവുട്ടിത്തേപ്പ്, തന്തക്കു വിളി. ചില ഒന്നാം വർഷക്കാർ രണ്ടാം വർഷക്കാരെ വിളിക്കുന്നത് ‘സർ’ എന്ന്! നമ്മടെ തൃശൂർ മെഡിക്കൽ കോളേജിൽ കോഴ്സ്- സമരം, കലണ്ടർ ഇല്ലായ്‌മ, വെറും കെടുകാര്യസ്ഥത എന്നിവ മൂലം നീണ്ടത് കാരണം എന്റ്റെ ഒപ്പം എം ബി ബി എസിനു ചേർന്ന ജിപ്മർ ബിരുദക്കാർ ഒക്കെ മൂന്നാം വർഷ എം എസ് റസിഡന്റ്റുകൾ ആണേ- ഞാൻ ഒന്നാം വര്ഷം ചെല്ലുമ്പോ. എന്റ്റെ ബൗബൗ വിളിക്കും ‘സാർ’ എന്ന്- അല്ല പിന്നെ.

പല സ്ഥലങ്ങളെക്കാളും (പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ ഉള്ളവ) എന്ത് കൊണ്ടും ഭേദമായ സെൻട്രൽ സർക്കാർ സെറ്റപ്പ് ആയിരുന്നു ട്ടോ ജിപ്മർ. ന്നാലും മോശമല്ലാത്ത കഠിനം. ഇച്ചിരി ഭേദപ്പെട്ട കഠോരം.

ഒരു ഗുണമുണ്ടായത് ഡിപ്പാർട്മെന്റ്റ് തലവൻ. ആൾ വെറും പുലിയല്ല- ഒരു സിംഹം. എന്തായാലും സെറ്റപ്പ് ഒരു ഏകാധിപത്യ രാജ്യം ആവുമ്പൊ, ജർമൻ ഹിറ്റ്ലറേക്കാൾ വളരെ മെച്ചമാണല്ലോ സിംഗപ്പൂരിലെ ലീ കുവാൻ യൂ. അദ്ദാണ്. ചീഫ് എന്നാണ് ഡിപ്പാർട്മെന്റ്റ് മേധാവിയെ വിളിച്ചോണ്ടിരുന്നത്.

ചീഫ് ആണ് ബോസ്. ബോസ് പറഞ്ഞാൽ അത് സുപ്രീം കോടതി വിധിയാണ്. പുള്ളി കണ്ണുരുട്ടിയാൽ നിക്കറിൽ പെടുപ്പാണ്.

ഗുണം എന്താണെന്നു വെച്ചാൽ ഞങ്ങൾ ട്രെയിനികൾ പേടിച്ചു പെടുക്കുമ്പോൾ യൂണിറ്റ് ചീഫുകളുടെ നിക്കറുകളും ചീഫിന്റെ മുന്നിൽ നനയാതിരുന്നില്ല എന്നാണ്. അത് കൊണ്ട് ട്രെയിനിങ് ഒക്കെ ഒരു പൊത്തുവരുത്തമുണ്ട്. ഓരോ കൊല്ലവും എന്തൊക്കെ ചെയ്യണം, ആര് എങ്ങനെയൊക്കെ പെരുമാറണം എന്നൊക്കെ എല്ലാവര്ക്കും ധാരണയുണ്ട്.

എങ്കിലും യൂണിറ്റ് ഹെഡുകൾ സാമന്ത രാജാക്കന്മാർ ആണ്. യൂണിറ്റ് ഒന്നിന്റെ ഹെഡ് ആണ് ചീഫ്. ഞാൻ യൂണിറ്റ് നാലിലാണ്. യൂണിറ്റ് നാലിന്റെ മേധാവി മയിലണ്ണൻ എന്ന് വിളിക്കുന്ന ഒരു പോറ്റി ആണ്. അങ്ങേർക്ക് മയിലണ്ണൻ എന്ന പേര് എങ്ങനെ വന്നു? ആർക്കും അറിഞ്ഞൂടാ. ആ രഹസ്യം ജിപ്മറിന്റെ നിഗൂഢ ചരിത്രത്താളുകളിലെവിടെയോ ഡ്യൂട്ടി കഴിഞ്ഞു ഹോസ്റ്റലിൽ വന്നു ബിയറടിച്ച ട്രെയിനീ ഡോക്റുടെ ബോധം പോലെ പാടേ മാഞ്ഞു കിടക്കുന്നു.

മയിലണ്ണൻ ഒരു മയിലനാണെന്ന് ഞാൻ പറയും. പക്ഷേ ഞാൻ ഒരു മയിലനാണെന്നാണ് പുള്ളി പറയുക. അതിപ്പം എന്താ പറയുക- ഞാനും അത്ര വെടിപ്പല്ലായിരുന്നു എന്ന് എനിക്ക് തന്നെ അറിയാം. നമ്മൾ ഈ കേരളത്തിൽ പഠിച്ചത് കൊണ്ട് നട്ടെല്ല് വേണ്ടാത്തപ്പോൾ നിവർന്ന് തന്നെ നിക്കും. തൃശൂരിലാണെങ്കിൽ ബിരുദാനന്തര ട്രെയിനികൾ ഇല്ലാതിരുന്നത് കൊണ്ട്, ഹൌസ് സർജനാവുമ്പോൾ തന്നെ രാജാവാണ്. യൂണിറ്റ് ഹെഡ് ആയ പ്രഫസർമാരോടൊക്കെ നേരിട്ട് മനുഷ്യ ഭാഷയിൽ തന്നെ മിണ്ടിയിട്ടുള്ളവരാണ് ഞാൻ ഉൾപ്പെടുന്ന ചില കെ കെ ജോസഫുമാർ! നിങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസം കാണുമെന്ന് എനിക്കറിയാം. ആരാധന കൊണ്ട് മൂർപ്പ് വിട്ടിക്കരുതേ…ഛെ ..വാർപ്പ് ചവുട്ടിക്കരുതേ…

അതായത്, വീർപ്പ് മുട്ടിക്കരുതേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു.

ഹ. വിഷയം അതല്ല. ഞാൻ അങ്ങേരുടെ കണ്ണിൽ ഉണ്ണിയല്ല! ഉണ്ണിൽ കണ്ണി പോലുമല്ല. കണ്ണിൽ കരടാണോ എന്ന് ചോദിച്ചാൽ, അത് പോലാണ് പെരുമാറ്റം. എനിക്കറിയാം- ‘ഇത്രേം സ്നേഹമയനായ, മാതൃകാ മരങ്ങോടനായ എന്നെ എങ്ങനെ ഇങ്ങനെ കാണാൻ പറ്റി’ എന്നല്ലേ നിങ്ങടെ ചോദ്യം?

അതാണ് എന്റെയും ചോദ്യം. ഈ ചോദ്യത്തിന് ഉത്തരം തേടുന്നതിൽ അർത്ഥമില്ല. പക്ഷെ അങ്ങോരുടെ ഈ മനോഭാവം എന്റ്റെ പ്രബന്ധം കൊടുപ്പിൽ തീവ്ര വിഘ്നങ്ങൾ ഉണ്ടാക്കി എന്നതാണ് കഥയുടെ കാതൽ- ദി കോർ.

രണ്ടാം കൊല്ലമായപ്പോഴേക്കും ജോലി ഒക്കെ പതിയെ പരിചയമായി. ‘ഇത് നമ്മൾ ജയിക്കും മോനെ’ എന്ന് സ്വയം തോന്നിത്തുടങ്ങുമ്പോഴാണ് വലിയ ഒരു കടമ്പ ബാക്കി ഉണ്ടന്നോര്മ വരിക. ഒരു കൊടുപ്പ് ആണ് ആ കടമ്പ. ‘പ്രബന്ധം കൊടുപ്പ്’ എന്നാണ് ആ മാരണത്തിന്റ്റെ പേര്. ഓണത്തിന്റെ ഇടയിൽ കോണക കച്ചോടം എന്ന പോലെ, ഈ പണിയുടെ ഇടയിൽ ഒരു പഠനം നടത്തി പ്രബന്ധമാക്കി സമർപ്പിക്കണം!! ഗൈഡിന് വേണമെങ്കിൽ നമ്മളെ മൂലം കൊണ്ട് മണലിൽ ‘ണ്ണ’, ‘ക്ക’, ‘നെല്ലിക്ക’ എന്ന് വരപ്പിക്കാം. അത് ചെയ്യാതെ അവസാന പരീക്ഷ എഴുതാൻ പറ്റില്ല!  

ഒരു ദിവസം മയിലണ്ണൻ എന്നെ റൂമിലേക്ക് വിളിപ്പിച്ചു:

“എഡോ. നിന്റെ തീസിസ് മാറ്റണം”

“അയ്യോ, അതെന്താ സർ” എന്റ്റെ തൊണ്ടയിലെ തുപ്പൽ വറ്റി.

“അത് കൊള്ളുല്ലടോ. ശരിയാവില്ല. മാറ്റിയെ പറ്റൂ.”

“അത്. അത് …” ഞാൻ വിക്കി. കണ്മുന്നിൽ ആകെ കറുപ്പ് പോലെ. തല കറങ്ങുന്നു. രണ്ടാം വര്ഷം പകുതി കഴിഞ്ഞു. ഇനി കുറച്ചു മാസങ്ങൾക്കുള്ളിൽ സാധനം സമർപ്പിക്കണം.

എന്റ്റെ കയ്യിലിരുപ്പും മയിലണ്ണൻറ്റെ സ്വഭാവ വിശേഷവും വെച്ച് പ്രബന്ധ കാര്യത്തിൽ ആസനത്തിൽ ആപ്പ് പ്രതീക്ഷിച്ചായിരുന്നു എന്റ്റെ നടപ്പ്. പക്ഷെ ഒരു പ്രബന്ധ വിഷയം തീർപ്പായി, അതിന്റെ ഡാറ്റ ഒക്കെ ശരിയായി ഒരുവിധം ശ്വാസം വിടുമ്പോഴാണ് ഈ വിദ്യുത് സ്ഫുലിംഗം!

ആപ്പ് കേറി എന്നെനിക്ക് മനസിലായി. വരാനിരിക്കുന്ന അവൻ ടാക്സി പിടിച്ചാണെങ്കിലും ആഗതനായി ആസനസ്ഥനാകും എന്നുറപ്പായി. ഇനി കുതറിയിട്ട് കാര്യമില്ല. നേരിടുക തന്നെ.

കഴിഞ്ഞ ഇരുപത് കൊല്ലത്തെ വൈദ്യുതാഘാത പൊള്ളലുകളുടെ വിശദാംശങ്ങൾ സംബന്ധിച്ചായിരുന്നു പുതിയ തീസിസ്.

“എന്താടോ, ഈ വൈകിയ വേളയിൽ തീസിസ് മാറുന്നത്?” ചീഫ് വിളിപ്പിച്ച് മുരണ്ടു.

“ഗൈഡ് പറഞ്ഞു സാർ” ഞാൻ ഉണർത്തിച്ചു.

“ഉം”

കാളയായി ചമഞ്ഞാൽ ഒട്ടും മടിക്കാതെ വണ്ടി വലിക്കണം – എന്നാണ് പണ്ട് പ്രീ ഡിഗ്രി സമയത്ത് അന്തോണി മാഷ് പറഞ്ഞിട്ടുള്ളത്. ഇത് പക്ഷെ അത് പോരല്ലോ. തേരാ പാരാ ഓടണം.

ഓടി. നിലാവത്ത് കുറുക്കൻ ഓടിച്ച കോഴിയെപ്പോലെ തെക്ക് വടക്ക് ഓടി. ഇരുപത്തിനാലു മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞ് കുളിക്കാതെ, ഉള്ള മുടി ചപ്രം ചിപ്രമാക്കി ഞാൻ മെഡിക്കൽ റെക്കോർഡ്‌സ് ഡിപ്പാർട്ട്മെന്റ്റ് ഉള്ള ബേസ്‌മെൻറ്റിലേക്ക് സാത്താൻ നരകത്തിലേക്ക് എന്ന പോലെ പതിവായി ഇറങ്ങി. അതിന്റെ തലവൻ ഗുമസ്തൻ ദൈവമായിരുന്നു. ദൈവത്തിന്റെ പവർ ഉള്ള ആ പിശാശിന്റെ കാൽക്കൽ വീണു നക്കി. നൂറു ഫോമുകൾ പൂരിപ്പിച്ച് ഗൈഡിന്റെയും സൂപ്രണ്ടിന്റെയും ഒപ്പ് മേടിച്ച് സമർപ്പിച്ചു. അയാൾ കനിയുമ്പോൾ പൊടി പിടിച്ച അലമാരകൾ ഇങ്ങനെ തപ്പി, പഴയ റെക്കോർഡുകൾ എടുത്തു. വിവരങ്ങൾ എഴുതി.

റഫറൻസുകൾ എവിടെ? അതി പുരാതന ലൈബ്രറിയുടെ താഴ്‌നിലയിൽ പഴേ ജേര്ണലുകൾ ലക്ഷക്കണക്കിന് ഉണ്ട്. കോണി വേണം തപ്പണമെങ്കിൽ! പൊടി ശ്വസിച്ച് തുമ്മി തുമ്മി മരിക്കും!! ഓരോന്നും തപ്പിയെടുത്ത് പുറത്ത് കൊണ്ടുപോയി ഫോട്ടോസ്റ്റാറ്റ് എടുക്കണം!

അതായത് ന്യൂ ജെൻ ശവികളെ- ഇന്റർനെറ്റ് ഇല്ല!!

ഇല്ലെന്ന് തീർത്തും പറഞ്ഞു കൂടാ. ഏതോ ഒരു വലിയ മുറിയിൽ ഒരു കമ്പ്യൂട്ടറിൽ സാധനം ഉണ്ട്. ഒരു നൂറായിരം ഫോമുകൾ ഒപ്പിടീപ്പിച്ച് കൊണ്ട് ചെന്ന് കീ വേഡുകളും എഴുതിക്കൊടുത്താൽ ഒരു ഗുമസ്തൻ എന്തൊക്കെയോ ചെയ്ത് കുറച്ച് ജേർണൽ ലേഖനങ്ങളുടെ ചുരുക്കങ്ങൾ പ്രിൻറ്റ് തരും. 

ഞാൻ എഴുത്ത് തുടങ്ങി. എഴുതി മയിലണ്ണനെ കാണിക്കും. പുള്ളി വെട്ടും. ഞാൻ പിന്നേം എഴുതും. പുള്ളി പിന്നേം വെട്ടും. ഞാൻ വീണ്ടും തിരുത്തും. പുള്ളി നിർദയം പിന്നേം തള്ളും.

‘ഈ റഫറൻസ് ഒന്നും പോരടേ…. ” ന്നും പറഞ്ഞ് ഗൈഡണ്ണൻ എന്നെ മദ്രാസ് മെഡിക്കൽ കോളേജിലേക്ക് പോയി നോക്കാൻ പറഞ്ഞു. അങ്ങനെ അവിടെപ്പോയി, അവിടത്തെ ഒരു റെസിഡൻന്റിന് സ്മാൾ വാങ്ങിച്ചു കൊടുത്ത് ആ ലൈബ്രറിയിൽ നിന്ന് കുറെ റെഫറൻസ് ഒപ്പിച്ചു.

എന്നിട്ടും സംഭവം മുന്നോട്ട് നീങ്ങുന്നില്ല. മൈ….

ഞാൻ ആശ കൈവിട്ടു. ഇക്കൊല്ലം പരീക്ഷ എഴുതാൻ പറ്റില്ല എന്ന് ഏകദേശം ഉറപ്പായി. ഫൈനൽ ഇയർ കഴിയാറായി. ബാക്കി കൂടെ ഉള്ള മിക്കവരും പ്രബന്ധം കൊടുത്തു. ഞാൻ ഒരു മാസം സാവകാശത്തിന് യൂണിവേഴ്‌സിറ്റിക്ക് ആപ്പ്ളിക്കേഷൻ കൊടുത്തു. ഇനി ആകെ നാല് മാസമേ ഉള്ളു ഫൈനൽ പരീക്ഷക്ക്!

ഇത് വരെ ഒരു കുന്തവും പഠിക്കാൻ പറ്റിയിട്ടില്ല. പ്രബന്ധം ഖുദാ ഗവാ. കൂടെ ഉള്ളവന്മാർക്ക് ജോലിയിൽ നിന്ന് കാര്യമായ ഇളവൊക്കെ കിട്ടുന്നുണ്ട്. എന്നെ ആണെങ്കിൽ മൈ അണ്ണൻ വാർഡിൽ നിന്നും തീയേറ്ററിൽ നിന്നും വിടുന്നേയില്ല. ഒരു മിനിറ്റ് എന്നെ കാണാതായാൽ പുള്ളി അലറും:

“എങ്കെയെടാ ശുക്രാചാര്യർ?”

ആം. അതാണ് പുള്ളി എനിക്കിട്ട പേര്. എന്താണോ എന്തോ. നല്ല ആചാരപരമായ പേരല്ലേ?

ഡെസ്പ് ഒരു രാക്ഷസനായി എന്റ്റെ തലയിൽ കുടിയേറി. ഉറക്കം മാറാപ്പുമെടുത്ത് കാശിക്ക് പോയി. മുഖം മ്ലാനം. തീറ്റ കുറഞ്ഞു. നാലഞ്ച് കിലോ മാംസം ശരീരത്തിൽ നിന്ന് അപ്രത്യക്ഷമായി. കറുത്ത താടി മടിയൻ കർഷകന്റ്റെ തൊടിയിൽ പാഴ്‌പുല്ലുകൾ എന്ന പോലെ തൂർന്നു നിന്നു.

ഞാൻ പക്ഷെ മിക്കവരുടെയും കണ്ണിലുണ്ണിയാണ്! തീയേറ്റർ ഹെഡ് നേഴ്‌സ് മങ്കായിക്കരശ്ശി ഒരു ദിവസം ചോദിച്ചു; ഭയങ്കര ഒച്ചയാണ് പുള്ളിക്കാരിക്ക്:

“ഡാക്ടർ, ഉങ്കളെ നാങ്കൽക്കെല്ലാർക്കുമേ റൊമ്പ പിടിക്കും. എന്നാച്ച് ഉങ്കൾക്ക്? എൻ ഷേവ് പണ്ണതില്ല?”

പെട്ടന്ന് എനിക്ക് നല്ല സങ്കടം വന്നു. ഞാൻ തീസിസ് അങ്ങനെ എന്തോ പിറുപിറുത്തു.

“ഓ. ആ മയിലണ്ണൻ ഉങ്കളെ മൂഞ്ചിക്ക്യാ?”

ങേ- ഞാൻ അന്തം വിട്ടു. ഇടക്ക് മലയാളം വാക്കുകൾ പറയുന്ന സ്വഭാവം ഉണ്ട്. കൂടെ ഉള്ള മലയാളി നേഴ്‌സുമാർ പറഞ്ഞു കൊടുക്കുന്നതാണ്. എന്തായാലും സംഭവം ഇതിലും നന്നായി വിവരിക്കാൻ പറ്റില്ല. ഞാൻ ഒന്നും മിണ്ടാതെ നിന്നു.

“ഒകെ ഡാക്ടർ. ഞാൻ ചീഫിക്കിട്ട് പേശിക്കറേൻ”

പിറ്റേ ദിവസം തന്നെ വിളി വന്നു. ചീഫിന് കാണണം!

ഹെഡ് നേഴ്‌സിന്റ്റെ പവർ നോക്കണേ. അതിന് അവർ രണ്ടു പേരും ഏകദേശം ഒരേ സമയത്ത് ഇൻസ്റ്റിറ്റിയൂട്ടിൽ ചേർന്നതാണ്.   അദ്‌ഭുതമില്ല.

“എന്തായെടോ തീസിസ്?”

ഞാൻ ഇങ്ങനെ ഓച്ഛാനിച്ചു നിൽക്കയാണ് ഒന്നും മിണ്ടുന്നില്ല.

“ഒക്കെ കാണിച്ചേ, നോക്കട്ടെ.”

ഞാൻ കൊണ്ട് വന്ന ഡാറ്റയും റെഫറന്സുകളും ചീഫിനെ കാണിച്ചു.

“ഇതൊക്കെ ധാരാളം മതി. ഇപ്പൊ തന്നെ എഴുതി തുടങ്ങടാ. ഓട്, വേഗം.”

ഞാൻ ഓടി. പക്ഷെ എങ്ങനെ തുടങ്ങും? ഗൈഡ് ആണ് ഇനി പറയേണ്ടത്. പുള്ളി ആണ് ഒപ്പിടേണ്ടത്. ഞാൻ ഒന്നും ചെയ്യാതെ നടന്നു.

പിറ്റേ ദിവസം മയിലണ്ണൻ എന്നെ വാർഡിൽ കണ്ടതും ഒറ്റ അലർച്ചയാണ്.

“തീസിസ് എന്തായി?”

“ഞാൻ കുറെ എഴുതി കാണിച്ചത് സാർ നോക്കിയില്ലല്ലോ?”

“നോക്കിയതൊക്കെ മതി. മുഴവൻ ശീഘ്രമായി എഴുതു ഡാഷേ.” പുള്ളി ആകെ ക്രൂദ്ധനായിരുന്നു.

എന്നാലും പണിക്ക് കുറവൊന്നുമില്ല. എങ്ങനെയോ സംഗതി എഴുതി ഒപ്പിച്ചു. മറ്റന്നാൾ അഞ്ചു മണിക്കാണ് അവസാന തീയതി. ഇത്രയും വൈകിയത് കൊണ്ട് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നേരിട്ട് കൊണ്ട് കൊടുക്കണം. കോളേജിൽ കൊടുത്താൽ പോരാ.

നമ്മുടെ കരുണാമയനായ അണ്ണൻ എനിക്ക് ലീവ് തരുന്നില്ല! ഞാൻ എങ്ങനെ ഈ സാധനം എട്ടു കോപ്പി പ്രിൻറ്റ് എടുത്ത് ബൈൻഡ് ചെയ്ത് ഒപ്പ് മേടിക്കും? എന്നിട്ട് വേണ്ടേ കൊടുക്കാൻ. ഒന്നും മനസിലാകുന്നില്ല. നെഞ്ചിനുള്ളിൽ ഒരു കറുത്ത തെയ്യം ദയനീയ താളത്തിൽ തുള്ളുന്നു.

ഞാൻ പതിയെ ഒരു രോഗിയെ നോക്കാൻ സർജിക്കൽ അയ് സി യു വിൽ ചെന്നു. അവിടെ അതാ ചീഫ് പരിവാരങ്ങളുമായി നിൽക്കുന്നു.

എന്നെ കണ്ടതും പുള്ളി ആക്രോശിച്ചു:

“ഡായ്! വാട്ട് ആർ യൂ ഡൂയിങ് ഹിയർ? ഡോണ്ട് ഉ റിയലൈസ് ദി ലാസ്റ്റ് ഡേറ്റ്? ഇവിടെ തിരിഞ്ഞു കളിക്കാതെ ഓഡ്രാ. പോയി അതിന്റെ പണി ചെയ്യ്!”

പിന്നേം ഞാൻ പെട്ട്. ഇതെങ്ങനെ മൈ …യിനോട് പറയും? ഞാൻ മിണ്ടാതെ പതിവ് പോലെ തീയേറ്ററിൽ കയറി കേസിന് കേറാൻ കൈ കഴുകിത്തുടങ്ങി. അപ്പൊ അതാ മയിലണ്ണൻ- എന്നെ കണ്ടതും ഒറ്റ ആക്രോശം:

“വാട്ട് ആർ ഉ ഡൂയിങ് ഹിയർ?”

ങേ. ഇത് വല്യ ശല്യമായല്ലോ. രാവിലെ തുടങ്ങി ആക്രോശവും വാട്ട് ആർ ഉ ഡ്യൂയിങ്ങും. എന്തുട്ടാണ്ടാ ഇത്?

എനിക്ക് ദേഷ്യം വന്നു.

“കണ്ടൂടെ ഡാഷേ?” എന്ന് ചോദിച്ചു. മനസിലാണ് ചോദിച്ചതെന്നു മാത്രം.

“ഓഡ്രാ, പോയി തീസിസ് പണ്ണടാ. ഗെറ്റ് ഔട്ട്, ഗെറ്റ് ഔട്ട്!!” പിന്നേം ആക്രോശം. ഛെഡാ!!

സ്ഥിരം പ്രബന്ധം പ്രിൻറ്റ് ചെയ്യുന്ന സ്ഥലം ഉണ്ട്. അവിടെ എനിക്ക് ഒരു കൂട്ടു കിട്ടി. എന്റ്റെ ബാച്ചിൽ തന്നെ വേറെ യൂണിറ്റിൽ ഉള്ള പുള്ളിയെ അവന്റെ ഗൈഡ് മൂഞ്ചിച്ചു കൊണ്ടിരിക്കയാണ്!! രാഘവൻ ആന്ധ്രക്കാരൻ ശുദ്ധ ബ്രാഹ്മണനാണ്. ഒരു സാധു. പുള്ളിയും ഞാനും മാത്രമേ ഇനി തീസിസ് കൊടുക്കാനുള്ളു. ഒരേ തോണിയാത്രക്കാർ.

“ഞാൻ എന്ത് ചെയ്യും ജിമ്മി? എനിക്ക് പരീക്ഷ തീർത്ത് എങ്ങനേലും ഈ സ്ഥലത്തൂന്ന് വീട്ടിപ്പോണം. ങ്ങീ ങ്ങീ ങ്ങീ” അവൻ മോങ്ങി. ഒരു സുപ്രസിദ്ധ മോങ്ങൽ വിദഗ്ദ്ധൻ ആണ് ടിയാൻ.

രണ്ടു ദിവസം കുത്തിയിരുന്ന് എല്ലാം പ്രിന്റെടുത്ത് ബൈൻഡ് ചെയ്തെടുത്തു. അവനും ഞാനും ഓടി ഒപ്പൊക്കെ ഇടീച്ച് വന്നപ്പോഴേക്കും വൈകിട്ട് ആവാറായി. അഞ്ചു മണിക്ക് യൂണിവേഴ്സിറ്റി അടക്കും. അടച്ചാൽ പിന്നെ ഇനി പരീക്ഷ സ്വാഹാ.

“എനിക്ക് എന്റ്റെ അമ്മേ കാണണം. ങ്ങീ…..” രാഘവൻ മോങ്ങൽ തുടങ്ങി. 

ആദ്യം ഞാൻ ഒരു ഫോൺ ബൂത്തിൽ നിന്ന് (യെസ് ദേ എക്സിസ്റ്റ്- എഡ്), യൂനിവേഴ്സിറ്റിയിലേക്ക് വിളിച്ചു.

“അണ്ണാ, സാർ, മാഡം- കാപ്പാത്തുങ്കോ. എമർജെൻസി സർജറി പണ്ണിയത് കൊണ്ട് ലേറ്റ് ആകും തലൈവരെ. ഉങ്കൾ ഞങ്ങൾക്ക് കടലൂർ ….ഛേ..കടവുൾ മാതിരി. ആറു മണിക്ക് തീസിസ് എത്തിക്കാം അണ്ണകളെ….”

എന്നിട്ട് എന്റ്റെ മാരുതി എണ്ണൂറിൽ ഒറ്റ വിടലാണ് സുഹൃത്തുക്കളെ. സ്പീഡ് കാരണം പേടിച്ചു വിറച്ച് ‘അയ്യോ ഞാൻ ചത്തെ’ എന്നും പറഞ്ഞ് വലിയ വായിൽ കരഞ്ഞ രാഘവനെ മൈൻഡ് ചെയ്യാതെ കൃത്യം ആറു മണിയാവാൻ ആറു മിനിറ്റ് ബാക്കിയുള്ളപ്പോൾ എത്തി, എല്ലാ പ്രബന്ധ കോപ്പികളും താങ്ങി ഏൽപ്പിച്ചു.

ഇത്രേം ടെൻഷൻ പിന്നെ ഒരിക്കലും അനുഭവിച്ചിട്ടില്ല എന്ന് തോന്നുന്നു.

തിരിച്ച് ഞങ്ങൾ പതിയെ, വെളുക്കെ ചിരിച്ചു കൊണ്ട് ഓടിച്ചു വന്നു. ഫിലോ ബാർ എത്തിയപ്പോ ഞാൻ അവിടെ ചവുട്ടി നിർത്തി.

“ഡേയ് രാഘവാ. അഞ്ചാറ് മാസമായി രണ്ടെണ്ണം വിട്ടിട്ട്. നീ ഒരു കമ്പനി താ.”

കേറിയിരുന്ന് വെയിറ്ററെ വിളിച്ചു.

” ഒരു ഓൾഡ് കാസ്‌ക് റം, സോഡാ. പിന്നെ ഒരു ഓറഞ്ചു ജൂസും”

ജീവിതത്തിൽ ഇന്ന് വരെ കുടിക്കാത്ത, വലിക്കാത്ത, നോൺ വെജിറ്റേറിയൻ കഴിക്കാത്ത, സ്വയംഭോഗം ചെയ്യാത്ത ഒരു മോനാണ് രാഘവൻ. അവനു വേണ്ടിയാണ് ഓറഞ്ചു ജൂസ് പറഞ്ഞത്.

“എനിക്കും വേണം റം!!” രാഘവൻ ഉറക്കെ പറഞ്ഞു. ഞാൻ അന്തം വിട്ടു. ഒരെണ്ണം അവനും, പിന്നെ കുറെ തിന്നാനും ഓർഡർ കൊടുത്തു.

ഞാൻ പതിയെ സിപ്പ് ചെയ്ത്, ഒരു ബീഫ് ഡ്രൈ ഫ്രയ്  ചവച്ചു. രാഘവൻ പെപ്സി ഒഴിച്ച് ഒരു പെഗ്ഗ് ഒറ്റ വലിക്ക് ഒരു കുടി. ഞാൻ അവനെ തുറിച്ചു നോക്കി. മുഖം ചുളിച്ചു കഴിഞ്ഞപ്പോ അവൻ അത്യന്തം ഉത്കണ്ഠയോടെ എന്നോട് ചോദിച്ചു:

“ഈ റം വെജിറ്റേറിയൻ അല്ലേ?”

“പിന്നേ- നൂറു ശതമാനം ശുദ്ധ വെജിറ്റേറിയൻ.” ഞാൻ ഉറപ്പിച്ചു പറഞ്ഞു.

“എന്നാ ഒരെണ്ണം കൂടെ കൊണ്ട് വാടേ” അവൻ അലറി. അവന്റെ ഭാവം മാറിയിരുന്നു.

അതും അവൻ ഒറ്റ വലിക്ക് അകത്താക്കി. എന്നിട്ട് പുള്ളി എണീറ്റ് നിന്ന്:

“ഇപ്പൊ എന്റ്റെ ഗൈഡിനെ എന്റ്റെ കയ്യിൽ കിട്ടിയാൽ….”

“കിട്ടിയാൽ …?” ഞാൻ ചോദിച്ചു.

“അവന്റെ തല ഞാൻ പറിച്ചെടുക്കും. എന്നിട്ട് അത് അവനെക്കൊണ്ട് തന്നെ തീറ്റിക്കും!”

“അയ്യോ. പുള്ളി വെജിറ്റേറിയനാ..”  ഞാൻ ഓർമിപ്പിച്ചു.

“നിൻറ്റെ അമ്മൂമ്മേടെ നോൺ  വെജിറ്റേറിയൻ! പോടാ പട്ടീ” അവൻ അലറി. എന്നിട്ട് കസേരയിൽ കേറാൻ ഒരു ശ്രമം  നടത്തി. “ഡാ’ – ഞാൻ പറഞ്ഞു.

അപ്പോഴേക്കും പെട്രോൾ തീർന്ന കാർ പോലെ പുള്ളി ഓഫായി. കണ്ണുമടച്ച് വെറും നിലത്ത് ഒറ്റ കിടപ്പ്. ഞാൻ ഹോസ്റ്റലിലേക്ക് വിളിച്ച് കുറെ കൂട്ടുകാരെ വരുത്തി. രാഘവനെ എടുത്ത് ഹോസ്റ്റലിലേക്ക് ചെന്ന് മുറ്റത്ത് കിടത്തി.

അപ്പോഴേക്കും രാത്രി ആയിരുന്നു. തീസിസിനു വേണ്ടി എടുത്ത കുറെ പ്രിന്റുകളും റഫ് കോപ്പികളും റഫറൻസ്സുകളും ഒക്കെ കൂട്ടിയിട്ട് കത്തിച്ചു. ആ തീക്കു ചുറ്റും ഞങ്ങൾ കുറെ പേർ ഓറഞ്ചു ജൂസ് കുടിച്ചു കൊണ്ട് നിന്നു. ആ ജൂസിൽ ആരോ കുറച്ച് വോഡ്ക ഒഴിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരുത്തൻ പാടി:

“തീസിസ് ഒരു തീട്ടം.

അകത്ത് ഇരിക്കുമ്പോ അസ്വസ്ഥത….

പുറത്തെത്തിയാലോ,

വെറും തീട്ടം”

ആ രാത്രി വളരെ പെട്ടന്ന് കടന്നു പോയി. പരീക്ഷക്ക് ഇനി മൂന്നു മാസമേയുള്ളു. ഇനി വേണം പുസ്തകങ്ങൾ  വാങ്ങിക്കാൻ. എനിക്ക് മാത്രം സ്റ്റഡി ലീവ് കിട്ടാൻ യാതൊരു സാദ്ധ്യതയുമില്ല.

എങ്കിലും ഇനി പ്രതീക്ഷ ഉണ്ട്. കമോൺഡ്രാ മഹേഷേ!!

(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .