എ കെ ജി യും ദൈവവും :

എ കെ ജി മുതിർന്ന ഒരു മനുഷ്യൻ ആയ ശേഷം പ്രായ പൂർത്തി ആവാത്ത ഒരു കുട്ടിയെ പ്രണയിച്ചു എന്നത് വിമർശന വിധേയം ആണോ ?

 

ഒരു കൊനുഷ്ടു ചോദ്യമാണ് .

 

എന്റെ അപ്പൂപ്പനും അമ്മൂമ്മയും കല്യാണം കഴിക്കുമ്പോ അപ്പൂപ്പന് പതിനഞ്ചും അമ്മക്ക് പത്തും വയസ്സാണ് .

എനിക്കൊര്മയില്ല – എന്റപ്പൻ പറഞ്ഞതാണ് .

 

പീരിഡ്സ് ആയി കഴിഞ്ഞാൽ മുതിർന്നു എന്നാണു പഴയ കണക്കത്രെ . അത്രേം ആയാൽ പെണ്ണുങ്ങളെ പ്രണയിക്കാം , വിവാഹം കഴിക്കാം – ഇതായിരുന്നു അന്നത്തെ അവസ്ഥ . അപ്പൊ വളർന്ന എല്ലാ മനുഷ്യരും അങ്ങനെ തന്നെ ചെയ്യും . അവരുടെ ശരി തെറ്റുകളേ അങ്ങനെ ആണ് .

 

എന്റെ ഒരു ജനറേഷൻ മുൻപത്തെ (വെറും ഇരുപതു വര്ഷം മുൻപത്തെ എന്ന് കൂട്ടിയാൽ മതി ) എല്ലാ ഭീകര വിജയങ്ങൾ കരസ്ഥമാക്കിയ, പല മേഖലകളിലെയും ഉതുങ്ങാ ശൃംഖത്തിൽ എത്തിയ (ഒതളങ്ങ പോലത്തെ ഒരു കായാണ് ഉതുങ്ങാ ) ആണുങ്ങളുടെയും യഥാർത്ഥ വിജയകാരണം പൂര്ണമായും വീട്ടിലെ സ്ത്രീകൾ ആയിരുന്നു .

 

ഗാന്ധിയുടെ കാര്യം നോക്ക് . മ്മടെ ഗാന്ധീന്നെ . സത്യം പറഞ്ഞാൽ ഒരു വേലക്കാരിയെ പോലെ ആണ് ഗാന്ധി ഭാര്യയെ കണ്ടത് . വല്ലവരുടെയും മലം വരെ കോരിച്ചു . അവരുടെ അഭിപ്രായം ചോദിക്കാതെ ഏക പക്ഷി യായി ….അല്ല ….പക്ഷീയമായി ഇനി മറ്റേ പരിപാടിയില്ലേ – ഈ സെക്സെയ് – സെക്സ് – അത് വേണ്ടാന്നാ പറഞ്ഞു . പറ്റൂല്ലാന്ന് . അതൊക്കെ മ്ലേച്ഛം ആണത്രേ .

 

ഒത്തിരി നാൾ ഗാന്ധിജി ജീവിച്ചിരുന്നു . മഹാൻ ആയിരുന്നു . നമുക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിൽ പ്രധാന പങ്കു വഹിച്ചു . ഇമ്പേരിയലിസത്തിന്റെ കടക്കൽ കത്തി വച്ചു . ശക്തമായി  നീതി യുടെ പക്ഷം പിടിച്ചതിന്റെ പേരിൽ ബലിയാടാക്കപ്പെടുകയും ചെയ്തു .

 

ഒക്കെ ശരി തന്നെ . പക്ഷെ ചെറുപ്പത്തിൽ അദ്ദേഹം മോശമല്ലാത്ത ഒരു റേസിസ്റ് ആയിരുന്നു ! ജാതി വ്യവസ്ഥയെ പലപ്പോഴും ന്യായീകരിച്ചു . സൗത്ത് ആഫ്രിക്കയിൽ ആയിരുന്നപ്പോൾ കറുത്ത നീഗ്രോകൾ തന്നെ ക്കാളും വളരെ താഴ്ന്നവരായി അദ്ദേഹം കരുതി .

 

ഇതിൽ പല കാര്യങ്ങളിലും പിന്നീട് അദ്ദേഹം മലക്കം മറിച്ചലുകൾ നടത്തി .

 

കാരണംഎന്തുട്ടാ ?

 

കുറെ നാൾ ജീവിച്ചിരുന്നു – അത്ര തന്നെ . ശരി തെറ്റുകൾ കാലത്തിന്റെ പോക്കനുസരിച് മാറുന്നു . അതിനനുസരിച്ചു കുറെ ഒക്കെ അദ്ദേഹവു മാറി .

 

എന്റെ ചെറുപ്പത്തിൽ ഉള്ള മൂല്യങ്ങളെ അല്ല ഇപ്പോഴുള്ളത് . ചില കാര്യങ്ങൾ പ്രത്യേകിച്ചും . അതിനനുസരിച്ചു എന്റെ മൂല്യ ബോധവും മാറിയിട്ടുണ്ട് .

 

ഇതൊക്കെ തീരെ ശരി അല്ല എന്ന് വാദിക്കുന്നവർ ഉണ്ട് . ‘മോറൽ റിലേറ്റിവിസം ” ഒരു ഭീകര തെറ്റാണെന്നു തൊട്ടു മുൻപത്തെ മാർപാപ്പ ബെനഡിക്ട് ഒരവസരത്തിൽ പറയുകയുണ്ടായി .

 

എന്നാൽ ഈ ചീള് മനുസംമാരിടെ കാര്യം വിട് എന്നാണു ഞാൻ പറയുന്നത് . ദാങ്ങോരുടെ കാര്യം നോക്കാം :

 

തലൈവർ !

 

ആൽഫ ആൻഡ് ഒമേഗ !

 

പടച്ചവൻ , ഈശ്വരൻ അഥവാ ദൈവം !

 

ഒരു തീവ്ര ക്രീഡാപ്പി എന്ന നിലയിൽ എന്റെ സ്വന്തം ദൈവത്തിന്റെ കാര്യം മാത്രമേ ഞാൻ പറയാൻ ഉദ്ദേശിക്കുന്നുള്ളൂ . വേറൊന്നും കൊണ്ടല്ല – അതാണ് നല്ലത് . അല്ലാതെ ജീവനിൽ കൊതി ഉള്ളത് കൊണ്ടല്ല . ജീവനൊക്കെ എന്ത് !

 

അത് കൊണ്ട് – ക്രിസ്ത്യാനികളുടെ മാത്രം ദൈവം ആണ് ഇവിടെ പ്രതിപാദ്യ വിഷയം . മെറ്റേതെങ്കിലും ദൈവങ്ങളുമായി സാദൃശ്യം തോന്നിയാൽ അത് തികച്ചും ആകസ്മികമാണ്.

 

 

ലോകം മൊത്തം ജനങ്ങൾ ഉള്ള സമയം . ഗ്രീക്ക് , റോമാ സാമ്രാജ്യങ്ങൾ . ഇന്ത്യയിൽ അശോകന്റെ മഹാ സാമ്രാജ്യം. 2000 മുതൽ  1000 ആണ്ട്, ബി സി ടെ ഇടയിൽ എപ്പഴോ –

 

– ഇപ്പഴത്തെ അറബി നാടുകൾ എന്ന് വിളിക്കുന്ന മരുപ്രദേശങ്ങളിൽ എവിടെയോ – യഹൂദികൾ  എന്ന് സ്വയം വിളിക്കുന്ന   ഒരു ഗോത്രം ഉണ്ടായിരുന്നു . ഗോത്രം പല ഗോത്രങ്ങൾ ആയി . ഗോത്ര സമൂഹം ആയി . ഇവരുടെ ഇടയിലാണ് ദൈവമായ യഹോവ കടന്നു വരുന്നത് .

 

സീ – കൺഫ്യൂഷൻ വേണ്ട – യഹൂദ ജനത്തിന്റെ മാത്രം ദൈവം ആയിരുന്നു യഹോവ . ലോകം മൊത്തവും , മനുഷ്യരെ മൊത്തവും സൃഷ്ടിച്ചവൻ ആണെങ്കിലും ഈ ചെറിയ ജന വിഭാഗത്തെ ദത്തെടുക്കുക ആയിരുന്നു യഹോവ .

 

യഹോവക്ക് വേറെ ദൈവങ്ങളെ തീരെ ഇഷ്ടമല്ല . യഹൂദർക്ക് മാത്രമേ രക്ഷയുള്ളൂ എന്ന് സംശയം ഇല്ലാതെ പറഞ്ഞു യഹോവ . ഞങ്ങളുടെ പഴയ നിയമവും , ജൂതന്മാരുടെ ഹീബ്രു ബൈബിളും അടിസ്ഥാന പരമായി ഒന്നാണ് . അതിൽ പറഞ്ഞിട്ട്ണ്ടന്ന് . ബാൽ എന്ന ദേവനെ ആരാധിച്ച വേറൊരു ഗോത്രത്തിലെ പതിനായിരം പേരെ ആണ് എലീശാ പ്രവാചകന്റെ കാലത് കൊന്നൊടുക്കിയത് . മാത്രമല്ല . യഹോവയിൽ വിശ്വസിക്കാത്ത കാനാൻ ദേശക്കാരുടെ സ്ഥലങ്ങൾ കൈയേറി എല്ലാ ആണുങ്ങളെയും , കുട്ടികളെയും കൊന്നൊടുക്കാനും , പെണ്ണുങ്ങളെ എടുത്തോളാനും പറഞ്ഞു യഹോവ . ഇതൊക്കെ മോശയുടെ പിന്തുടർച്ച ക്കാരൻ ആയ ജോഷ്വ അക്ഷരം പ്രതി നടപ്പാക്കുകയും ചെയ്തു .

 

ഇത് കൂടാതെ , കണ്ണിനു കണ്ണ് , പല്ലിനു പല്ല് , എന്നുള്ള നിയമവും , വ്യഭിചാരത്തിന് കല്ലെറിഞ്ഞു കൊല്ലണം എന്ന നിയമവും ഒറിജിനൽ ആയി കൊണ്ട് വന്നത് ഈ യഹോവ ആണ് .

 

ചുരുക്കം പറഞ്ഞാൽ അന്നത്തെ ഒരു ഗോത്ര തലവൻ ആയാണ് യഹോവ അവതരിച്ചത് .

 

പെട്ടന്ന് ഈശോ എന്ന ഒരു ജൂത ആചാര്യൻ ഇതിനെ ഒക്കെ എതിർത്ത് പറഞ്ഞു . ഈ കാടൻ നിയമങ്ങൾ ഒന്നും അദ്ദേഹം ശരി വച്ചില്ല . കല്ലെറിഞ്ഞു കൊല്ലൽ ഒക്കെ പുള്ളിക്ക് ദഹിച്ചില്ല . സ്നേഹം , സ്നേഹം എന്നൊക്കെ പറഞ്ഞു . റോമാ സാമ്രാജ്യം അദ്ദേഹത്തെ കുരിശിൽ തറച്ചു കൊന്നു .

 

ചില ജൂതന്മാരുടെ ഇടയിൽ അദ്ദേഹം ഉയർത്തെഴുന്നേറ്റു . അവർ ക്രിസ്ത്യാനികൾ എന്നറിയപ്പെട്ടു . ദൈവം അവരോട് സംസാരിച്ചത് ഈശോയുടെ രൂപത്തിൽ ആയിരുന്നു .

 

എന്നാൽ ഇതേ ദൈവം കാലാനിസൃതമായ മാറ്റങ്ങൾ സ്വയം വരുത്തി യഹൂദരോടും , പിന്നീട് മുസ്ലീങ്ങളോടും ഇടപെട്ടുകൊണ്ടേയിരുന്നു . അത് കഥ വേറെ .

 

റോമാക്കാരുടെ ഇടയിൽ ക്രിസ്ത്യാനികളിലൂടെ ദൈവം സംസാരിച്ചു കൊണ്ടേയിരുന്നു . അപ്പോൾ പക്ഷെ മനോഭാവം മാറി !

 

ജൂതൻമാർക്ക് മാത്രം ഉള്ളതല്ല ദൈവം – വേണമെങ്കിൽ റോമാക്കാർക്കും വിശ്വസിക്കാം . പക്ഷെ വേറെ ദൈവങ്ങൾ ഒന്നും പാടില്ല . ക്രിസ്തുവിലൂടെ മാത്രമേ രക്ഷയുള്ളൂ .

 

റോമാക്കാർക്ക് ഇതൊന്നും ഷ്ടപ്പെട്ടില്ല . അവർ ക്രിസ്ത്യാനികളെ കുറെ ഒക്കെ വേട്ടയാടി .

 

എന്നാൽ 300 എ ഡി യിൽ കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്ത്യാനി ആയി . അതോടെ ദൈവം മാർപാപ്പകളിലൂടെ ശക്തി പ്രാപിച്ചു .

 

ഇച്ചിരി പ്രശ്നമായിരുന്നു ദൈവത്തിന്റെ മനോഭാവം . മുസ്ലീങ്ങൾക്കെതിരെ കുരിശു യുദ്ധം നടത്തി . യുദ്ധത്തിന് പോകുന്നവർക്ക് പാപ മോചനം കൊടുത്തു സ്വർഗത്തിൽ കേറ്റി . കാശു തികയാതെ വന്നപ്പോൾ പണത്തിനു പാപങ്ങൾ മോചിപ്പിച്ചു കുറെ പണക്കാരെ സ്വർഗത്തിൽ കേറ്റി .

 

ഓർത്തോണം – കത്തോലിക്കാ സഭക്ക് അകത്തു മാത്രമേ രക്ഷയുള്ളൂ . അതിൽ ഇല്ലാത്ത ആർക്കും – ലോകത്തു ബാക്കി ഉണ്ടായിരുന്ന ഒറ്റ മനുഷ്യനും – സ്വർഗത്തിൽ കേറാൻ പറ്റിയിരുന്നില്ല .

 

പിന്നെ നല്ലോണം ഇൻടോളറൻറ് ആയിരുന്നു ദൈവം . ചിന്തകൾക്ക് വരെ കഠിന ശിക്ഷ ഉണ്ട് . പിന്നെ കൊടും പീഡനങ്ങൾ , മൂന്നാം മുറ – അതൊക്കെ സ്ഥിരം . കുറെ വയസ്സികളെ യക്ഷികൾ എന്ന് പറഞ്ഞു കൊന്നു കളഞ്ഞു . ചെറിയ എതിരുകൾ പറഞ്ഞവരെ ഒക്കെ കൊന്നു. ഗലീലിയോ യെ മാപ്പ് പറയിച്ചു .

 

പതിനാറു , പതിനേഴു നൂറ്റാണ്ടുകളിൽ പ്രൊട്ടസ്റ്റന്റ് എന്ന ഒരു വിഭാഗം കത്തോലിക്കാ സഭയിൽ രൂപപ്പെട്ടു വന്നു . അവരെ കത്തോലിക്കാ സഭ മാർപാപ്പയുടെ നേതൃത്വത്തിൽ അതി ഭയങ്കരമായി പീഡിപ്പിച്ചു കൊന്നൊടുക്കി .

 

1572 -ൽ ഫ്രാൻസിൽ , ഒരു കൂട്ടം സഭാ വിശ്വാസികൾ പത്തിരുപത്തിനായിരം പ്രൊട്ടസ്റ്റന്റുകാരെ ഒരൊറ്റ ദിവസം കൊന്നൊടുക്കി . ഈ വാർത്ത കേട്ട മാർപാപ്പ റോമിൽ ഇരുന്നു തുള്ളിച്ചാടി . ഉടനെ ഒരു കലാകാരനെ കൊണ്ട് ‘ st , ബാർത്തലോമിയോ ദിന കൂട്ടക്കൊല ” എന്ന ഒരു പെയിന്റിംഗ് വരപ്പിച്ചു . ഈ ഭയാനക പെയിന്റിംഗ് ഉള്ള മുറി വത്തിക്കാനിൽ ഇപ്പോഴും ഉണ്ട് . സന്ദർശകർക്ക് ആ മുറിയിൽ പ്രവേശനം ഇല്ല !

 

ഇത്രയും ചെയ്യാൻ എന്താണ് പ്രൊട്ടസ്റ്റന്റുകാർ ചെയ്തത് ?

 

സഭയിൽ വിശ്വസിക്കുന്ന ഏതൊരു മനുഷ്യനും പ്രാർത്ഥന കൊണ്ടും സൽപ്രവർത്തികൾ കൊണ്ടും സ്വർഗ്ഗത്തിലെത്താം . അതിനീ പള്ളിയും പട്ടക്കാരനും ഒന്നും അത്ര ആവശ്യമില്ല എന്നെ അവർ പറഞ്ഞുള്ളു .

 

പക്ഷെ പ്ലീസ് നോട്ട് ദി പോയിന്റ് – സഭാ തത്വങ്ങളിൽ അങ്ങനെ തന്നെ വിശ്വസിക്കണം . പുറമെ ഉള്ളവർ ഒക്കെ നരകത്തിൽ .

 

1860 ൽ , ചാൾസ് ഡാർവിൻ പരിണാമ സിദ്ധാന്തം പറഞ്ഞു വച്ച ഉടനെ ആണ് ഒന്നാം വത്തിക്കാൻ കൗൺസിൽ . അതിൽ ശാസ്ത്രത്തെ മൊത്തം തള്ളി പറഞ്ഞു . അതൊക്കെ വിഡ്ഢിത്തം ആണത്രേ .

 

എന്നാൽ 1960 ൽ , രണ്ടാം വത്തിക്കാൻ കൗൺസിൽ നടന്നു . അതിൽ ലോകം മൊത്തം രക്ഷ ഉണ്ടെന്നു ദൈവം വെളിപ്പെടുത്തി ! സഭക്ക് പുറത്തും , മന സാക്ഷിക്കനുസരിച്ചു നല്ലവരായി ജീവിച്ചവർക്ക് സ്വർഗത്തിൽ പോകാം അത്രേ ! അപ്പൊ സന്ദേശത്തിൽ തിലകൻ ‘സാറെന്നെ ഇഡ്യട് എന്നൊക്കെ വിളിച്ചത് വെറുതെ ആയി ” എന്ന് പറഞ്ഞത് പോലെ പ്രൊട്ടസ്റ്റന്റ് കാരെ ഒക്കെ ചെയ്തത് എന്തായി ?

 

ഇപ്പൊ ദേ ഫ്രാൻസിസ് പാപ്പാ പിന്നേം എന്തൊക്കെയോ പറയുന്നു . പരിണാമവും , ബിഗ് ബാങ്ങും ഒക്കെ സത്യം ആകാമെന്ന് ! ദൈവം ഒരു മാജിക്കുകാരനല്ല എന്നും പുള്ളി പറഞ്ഞു കളഞ്ഞു !

 

സാമ്രാജ്യത്വം, നാസിസം, അടിമ വ്യവസ്ഥ , ഇതിനെതിരെ ഒന്നും ശബ്ദിക്കാതിരുന്ന ദൈവം ഇപ്പോൾ ഇതിനെതിരാണ് . മാത്രമല്ല , ഭൂമിയെ സംരക്ഷിക്കണം , എല്ലാ മനുഷ്യരും തുല്യരാണ് , തുടങ്ങിയ നല്ല കാര്യങ്ങൾ എല്ലാം  പറയുന്നും ഉണ്ട് .

 

അതായത് , എ കെ ജി യെയും ഗാന്ധിയെയും ഒന്നും നമ്മുടെ കാലത്തെ മൂല്യങ്ങൾ കൊണ്ട് വിധിച്ചിട്ട് എന്ത് കാര്യം , ദൈവം തന്നെ ഇങ്ങനെ മാറുമ്പോൾ ?

 

ഒരു തീവ്ര ക്രീഡാപ്പി എന്ന നിലയിൽ ദൈവത്തെ എങ്ങനെ മനസ്സിലാക്കണം എന്ന് ഞാൻ ബുദ്ധിമുട്ടുകയാണ് . ചില കാര്യങ്ങളെ എനിക്ക് തോന്നുന്നുള്ളൂ :

 

1 . ശാസ്ത്രം പടിക്കുകയെ അരുത് .

 

2 . ശാസ്ത്രത്തിനേക്കാൾ അപകടം ആണ് ചരിത്രം – അതൊട്ടും അറിയരുത് .

 

3 . ദൈവം മാറിക്കൊണ്ടിരിക്കും . അത് അങ്ങേരുടെ ഒരു സ്വഭാവം ആണ് .

 

4 . ഈ മാറ്റങ്ങൾ തന്നെ ആണ് ദൈവം .

 

5 . ദൈവത്തെ നമുക്ക് പതിയെ മനസ്സിലായി വരിക ആണ് .

 

6 . എ കെ ജി യെയും ഗാന്ധി യെയും അധികം കുറ്റം പറയണ്ട .

 

“മറ്റുള്ളവന്റെ കണ്ണിലെ കരട് എടുക്കുന്നതിനു മുൻപ് , സ്വന്തം കണ്ണിലെ തടി എടുക്കുക ”

(ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .