ഒന്നിച്ചു കിടന്ന പെണ്ണ്

ബോയ്സ് സ്‌കൂളിൽ പഠിച്ചു , ഓഞ്ഞ മെൻസ് കോളേജിൽ പ്രീ ഡിഗ്രിയും കഴിഞ്ഞു മെഡിക്കൽ കോളേജിൽ ചെന്നപ്പോൾ ആണ് ആദ്യമായി കുറെ ഏറെ പെണ്ണുങ്ങളെ ഒന്നിച്ചു കാണുന്നത് തന്നെ . പല നിറത്തിലും തരത്തിലുമുള്ള സാരികളിൽ പൊതിഞ്ഞ നല്ല പതിനേഴു പതിനെട്ടു വയസ്സുള്ള ജുവതികൾ . കില് കിലാ അവർ തമ്മിൽ വർത്താനം പറയും . നമ്മളോട് ഗമ കാണിക്കും .

 

ഒരു അറു ദരിദ്രവാസിയെ നിറച്ചും 2000 രൂപ നോട്ട് എണ്ണാൻ ഏൽപ്പിച്ചാൽ എങ്ങനെ ഇരിക്കും ? ഒന്നും കിട്ടുകേമില്ല , വെള്ളമിറക്കി മരിക്കേം ചെയ്യും . സത്യം പറഞ്ഞാൽ ദരിദ്ര വാസിയുടെ സ്ഥിതി ഭേദമാണ് . നോട്ടുകൾ തൊടാം , തലോടാം . ആരെങ്കിലും കാണാതെ ഒന്ന് ഉമ്മ പോലും വേണമെങ്കിൽ വക്കാം . എത്ര വേണേലും നോക്കാം . ഇത് നോക്കാൻ മാത്രമേ പറ്റൂ – അതും ഒളി കണ്ണിട്ട് .

 

കുറെ ഏറെ നാൾ ജാഡ കാണിച്ചു നടന്ന് ജീവിതം വെയ്‌സ്റ് ആക്കി . പിന്നെ ഇവരെ ഡീൽ ചെയ്യാനും അറിഞ്ഞു കൂടാ . ചിലപ്പോൾ ചിരിക്കും . എന്തിനാണ് ചിരിച്ചത് എന്ന് നമുക്ക് സംശയം വരും – എങ്കിലും നമുക്ക് സന്തോഷം ആവും . ഇപ്പോഴാണ് മനസ്സിലാകുന്നത് മിക്കപ്പോഴും നമ്മളെ കളിയാക്കിയതാണെന്ന് ! എന്നാൽ ചിലപ്പം കരയുകേം ചെയ്യും . അപ്പോൾ നമുക്ക് പേടി വരും . ഓടി തള്ളും . കാരണം – എന്തിനാണ് കരഞ്ഞത് എന്ന് അറിയുകേം ഇല്ല , ആശ്വസിപ്പിക്കുന്നത് എങ്ങനാണ് എന്ന് ഒരു ബോധോം ഇല്ല .

 

ജാഡ കാണിക്കാൻ പിന്നെയും കാരണം ഉണ്ട്. പെണ്ണുങ്ങളോട് കൊറേ വർത്തമാനം പറഞ്ഞാൽ _(പഞ്ചാര അടി എന്നാണ് ) അസൂയ മൂത്ത കുറെ കാല മാടന്മാർ നമ്മളെ കോഴി എന്ന് വിളിച്ചു കളിയാക്കും . ശവങ്ങൾ ! ഒക്കേത്തിനെയും ഫോര്മാലിനിൽ ഇട്ട് ഡിസെക്ഷൻ ഹാളിൽ കൊണ്ട് ഇടണം . അവന്മാർ കാരണം ഉണ്ടാകാമായിരുന്ന കുറെ നല്ല നിമിഷങ്ങൾ കോഞ്ഞാട്ട ആയി . അല്ല , കുറ്റം പറയാൻ പറ്റില്ല . ഞാനും ക്ലാസ്സിലെ കുറെ സുന്ദരന്മാരെ അങ്ങനെ വിളിച്ചു കളിയാക്കിയിട്ടുണ്ട് :

 

“എന്തുട്ട് കോഴീഷ്ടോ . ജാതി ശവി ന്നെ . ”

അസൂയ മൂത്ത ഒരു തരം പ്രാക്കാണ് അത് .

 

ലെക്ച്ചർ ഹാളിൽ ഒരു വശത്തു പെണ്ണുങ്ങളും മറ്റേ വശത്തു ആണുങ്ങളും ആണ് . എന്നാൽ ക്ലാസ്സ് മിക്കതും ഡിസെക്ഷൻ ഹാളിലും ലാബിലും ഉള്ള പ്രാക്ടിക്കൽ അല്ലെ ? എല്ലാരും ഒട്ടി ഒട്ടി ആണ് നിൽക്കുന്നത് . അങ്ങനെ പതിയെ പെണ്ണുങ്ങളോട് ഇടപെടാം എന്നായി . ഫൈനൽ ഇയർ ആയപ്പോഴേക്കും പല ക്ലാസ്സിലും ഇടകലർന്നു ആണ് ഇരിക്കുന്നത് . അപ്പോൾ മിക്ക ക്ലാസ്സുകളും ആശുപത്രിക്കകത്തെ ചെറിയ ഡിപ്പാർട്മെന്റ് മുറികളിൽ ആണ് . ഇട കലർന്നേ ഇരിക്കാൻ പറ്റൂ . ഇതിൽ എന്താണ് ഇത്ര ഇഷ്യൂ എന്നെനിക്ക് മനസ്സിലാകുന്നെ ഇല്ല .

 

നമ്മൾ ലൈൻ വല്ലോം ആയാലോ ? അത് പ്രശ്നമല്ലേ ?

 

ഒരു പ്രശ്നവും ഇല്ല .ഈ ഞാൻ തന്നെ എത്ര പേരുമായി ലൈൻ ആയി ? മിക്കതും അങ്ങോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് മാത്രം . നല്ല കാര്യമായി ഒരു രണ്ടോ മൂന്നോ പേരോട് പ്രേമം തോന്നിയിട്ടുണ്ട് . എന്നിട്ട് വല്ലതും പറ്റിയോ ? ഒരു ചുക്കും സംഭവിച്ചില്ല .

 

അന്നൊക്കെ ഇഷ്ടം പറയാൻ വലിയ മടിയാണ് . ചുമ്മാ അതും ഇതും പറച്ചിൽ മാത്രമേ ഉള്ളു . എന്നാലും പെണ്ണുങ്ങൾ ഒരത്ഭുത ജീവികൾ അല്ല എന്ന് മനസ്സിലായി തുടങ്ങി .

 

പറയാൻ വന്നത് അതല്ല . ഇങ്ങനെ പറഞ്ഞാൽ കാട് കേറി പോകും . എന്റെ എല്ലാ ലൈൻ കഥകളും പറഞ്ഞു പോകും . ഇപ്പൊ ഉള്ള ഫ് ബി ഫ്രണ്ട്സ് ഒക്കെ ആണ് . ഒക്കെത്തിന്റേം പിള്ളേർ കോളേജിൽ വരെ ആയി . ഞാൻ മാത്രം ചെറുപ്പം ആണെങ്കിലും .

 

പ്രസവ വാര്ഡില് ഇന്റെർണ്മെന്റ് എന്ന ഒരു പരിപാടി ഉണ്ട് . ഫൈനൽ വര്ഷം ആണ് . ഒരു മാസം ഏകദേശം തുടർച്ചയായി പ്രസവ വാർഡിൽ പോസ്റ്റിങ്ങ് ആണ് . രാവും പകലും അവിടെ തന്നെ . ഇടക്ക് വല്ലപ്പോഴും ഉറങ്ങും .

 

പാസ്സായ , ഞങ്ങളുടെ ഒരു വര്ഷം സീനിയർ ആയവർ ആണ് ഹൌസ് സർജൻമാർ . അവർ നമ്മളെ കൊണ്ട് പണി ചെയ്യിക്കും . അതെടുതോണ്ട് വാടാ , ബ്ലഡ് എടുക്കടാ – അങ്ങനെ പലതും .

 

അതിൽ ഒരു ഹൌസ് സർജൻ ഒരതി സുന്ദരി ആണ് . നമ്മുടെ അനുഷ്ക യുടെ പോലെ ഇരിക്കും . അനുഷ്‌കയ്ക്ക് കുറച്ചു കൂടി തടി വച്ച് , ഒന്ന് തുടുത്താൽ എങ്ങനെ ഇരിക്കും ? അത് പോലെ ഇരിക്കും . ഭയങ്കര ബോൾഡ് ആണ് . എന്റെ അത്രേം പൊക്കം ഉണ്ട് .

 

എനിക്ക് അവളോട് മുടിഞ്ഞ പ്രേമം ! എന്തൊരു കഷ്ടം ആണെന്ന് നോക്കണേ . എന്റെ ഒരു ലൈൻ പൊട്ടി ആകെ തകർന്ന് ഇരിക്കുന്ന സമയത്താണ് ഈ സംഭവം . അവളും ഒരു അതി സുന്ദരിയും എന്റെ അത്രയും തന്നെ വലിപ്പവും ഉള്ളവൾ ആയിരുന്നു . അത് കൊണ്ടായിരിക്കാം ഞാൻ ഇത്രയും മൂക്കും കുത്തി വീണത് .

 

ആരാധന ! ഇങ്ങനെ നോക്കി നില്കും . “എന്തുട്ടാണ്ടാ ചെക്കാ നീ നോക്കണേ ?”

 

ഞാൻ വിക്കി വിക്കി തോൾ കുലുക്കി ‘ബ്ജഹേം’എന്ന ഒരു ശബ്ദം കേൾപ്പിക്കും . അവൾ ചിരിക്കും . എന്ത് നല്ല ചിരി . എന്ത് നല്ല പല്ലുകൾ . എന്ത് നല്ല ചുണ്ടുകൾ . എന്ത് നല്ല……അല്ലെങ്കിൽ വേണ്ട .

 

അതായത് മനസ്സ് നീറുക ആണ് സുഹൃത്തുക്കളെ , നീറുകയാണ് .

 

കൈ നീട്ടിയാൽ എത്താത്ത അത്രയും ഉയരത്തിൽ ആണ് പലഹാര പെട്ടി .

 

ചാടിയാലും എത്തില്ല . 🙁

 

അങ്ങനെ ഇരിക്കുമ്പോൾ ഒരു നൈറ്റ് ഡ്യൂട്ടി . പ്രസവത്തോട് പ്രസവം . ഉറക്കമേയില്ല . തലേന്നും ഉറങ്ങിയിട്ടില്ല . അവസാനം ഒരു മൂന്നു മണി ആയപ്പോഴേക്കും തിരക്കൊഴിഞ്ഞു .

 

പ്രസവ മുറിയുടെ പുറകിൽ ഒരു കോറിഡോർ ഉണ്ട് . അവിടെ രണ്ടു മൂന്നു സാമാന്യം വലിയ കട്ടിൽ കിടപ്പുണ്ട് . ഞാൻ ചെന്ന് നോക്കിയപ്പോൾ ഒരെണ്ണം മാത്രമേ ഒഴിവുള്ളു . ഞാൻ അതിൽ ഒരു സൈഡിൽ ആയി കാലു പുറത്തേക്കിട്ടു കിടന്നു . ഒന്ന് മയങ്ങാൻ തുടങ്ങിയപ്പോഴേക്കും നമ്മുടെ അനുഷ്ക ചേച്ചി വന്നു . ഞാൻ എണീക്കാൻ തുടങ്ങി .

 

“വേണ്ട . കെടന്നോ . ആ സൈഡിലേക്കാ മാറിയാ മതി .”

 

ഞാൻ ഒരു വശത്തേക്ക് മാറി കിടന്നതും ആ കാല മാടി അതെ കട്ടിലിൽ അപ്പുറത്തെ വശത്തു കിടപ്പായി . കാലു ചുരുട്ടി വച്ച് തിരിഞ്ഞു കിടന്നു ഉറക്കവും ആയി !

 

ഞാൻ പതുക്കെ എണീറ്റ് പോകാൻ തുടങ്ങിയപ്പോഴേക്കും പുള്ളിക്കാരി ഉറക്കത്തിൽ കാലൊന്നു നീട്ടി കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു . ഞാൻ കാല് പെട്ടന്ന് ഉള്ളിലേക്ക് വലിച്ചു .

 

പെട്ടു .

 

അതായത് – അവൾ പൂർണമായും കട്ടിലിൽ നീണ്ടു നിവർന്ന് കിടക്കുകയാണ് . ഞാൻ ഉള്ളിൽ ചുമരിനോട് ചേർന്ന് . തലക്കും കാൽക്കലും നല്ല ഉയരമുള്ള പടി ഉള്ള കട്ടിലാണ് . ഞാൻ കംപ്ലീറ്റ് ഉള്ളിൽ .

 

ഭീകര തടവ് .

 

കോറിഡോറിൽ ലൈറ്റ് ഇല്ല .

 

ഈ പണ്ടാരം ആണെങ്കിൽ നല്ല ഒന്നാന്തരം ഉറക്കം . കൂർക്കം വലിക്കുന്നുണ്ട് . മാറ് താളാത്മകം ആയി ചലിക്കുന്നു . ഞാൻ ഉള്ളിൽ . എനിക്ക് ഉറക്കം വരുമോ ? ഉറക്കം അറബിക്കടൽ കടന്നു സിറിയായിൽ ഇനി വരാൻ സാധ്യത ഇല്ലാത്ത വണ്ണം നാട് വിട്ടു .

 

ഹാർട്ട് – ബിതും , ബിതും എന്നടിച്ചു . വിയർത്തു കുളിച്ചു ഞാൻ ഇങ്ങനെ കിടന്നു . എന്തോ ഒരു സാധനം ഉണ്ടല്ലോ മക്കളെ ?- കപീഷോ ?

അല്ല – നിമിഷങ്ങൾ – അത് ഇഴഞ്ഞിഴഞ്ഞു നീങ്ങി .

 

ഞാൻ കർത്താവിനെ ഓർത്തു . മാതാവിനെയും ഔസേപ്പ് പിതാവിനെയും ഓർത്തു . ശാസ്ത്രം ഒക്കെ വായിച്ചു വിശ്വാസം ഒക്കെ വളരെ കണക്കാണ് . പക്ഷെ ഇങ്ങനത്തെ ഒരു ഭയാനക പരിതസ്ഥിതിയിൽ ആരും വിളിച്ചു പോകും ദൈവത്തെ .

 

ആകാശങ്ങളിൽ ഇരിക്കുന്ന മറിയമേ , പിന്നെ സ്വർഗ്ഗസ്ഥനായ പിതാവേ – ഇതോരോന്നും എണ്ണൂറ്റി എൺപത്തൊന്പത്  പ്രാവശ്യം  ചൊല്ലി . ഞാൻ വാച്ചു നോക്കി . സമയം അഞ്ചര .

 

അപ്പോഴാണ് വേറൊരു പ്രശ്നം – മുള്ളാൻ മുട്ടുന്നു . എന്ത് ചെയ്യും ?

 

കൃത്യം ഒരു മണിക്കൂർ പിടിച്ചിരുന്നു .

 

അടിവയർ വേദനിച്ചു പൊട്ടും എന്നായപ്പോൾ , പതിയെ എണീറ്റു . കട്ടിലിൽ , അനുഷ്ക ചേച്ചിയെ തൊടാതെ എഴുന്നേറ്റ് നിന്നു . വരിയിൽ ചവുട്ടി പുള്ളിക്കാരിയുടെ മോളിലൂടെ ഒറ്റ ചാട്ടം !

 

എനിക്കറിയാം – ഞാൻ ചാട്ടം തെറ്റി അവളുടെ നടുമ്പുറത്തോ – ഒക്കെ വീണു എന്നായിരിക്കും ഞാൻ പറയാൻ പോകുന്നത് എന്നല്ലേ ? എന്നാൽ അങ്ങനല്ല . ഞാൻ ചാടി അപ്പുറത്തെത്തി . കാലു മടങ്ങി കാലുളുക്കി .

 

സത്യം സത്യം ആയിട്ട് ഞാൻ നിങ്ങളോട് പറയുന്നു – നമ്മുടെ നായിക ഉറക്കം തെളിഞ്ഞില്ല . നല്ല കൂർക്കം വലി .

 

ഞാൻ മുടന്തി മുടന്തി ബാത് റൂമിലേക്കോടി . അവിടെ വശത്തു വച്ചിരുന്ന സാവ്‌ലോൺ കുപ്പി കൈ തട്ടി മറിഞ്ഞു . എന്റെ ഷർട്ടിൽ മൊത്തം ! നല്ല മഞ്ഞ നിറം . നാശം .

 

മുള്ളി .

 

ഹോസ്റ്റലിലേക്ക് ഓടി . കുളിച്ചു വേഷം മാറി . ഡ്യൂട്ടിയിൽ ആണ് . വിളി എപ്പോ വേണേലും വരാം . തിരിച്ചു പ്രസവ മുറിയിലേക്കോടി .

 

അതാ രണ്ടു മൂന്നു കൂട്ടുകാരികൾ ഹൌസ് സർജന്മാരുടെ ഒപ്പം അനുഷ്ക ചേച്ചി ഫ്രഷ് ആയി നിൽക്കുന്നു . നല്ല ഉഗ്രൻ ഒരു മാദക ചിരി :

 

“എന്തുട്ടണ്ട ജിമ്മ്യേ ? പൂച്ച കൊണ്ടോന്ന മീന്തല ജാതീണ്ടല്ലോ കാണാൻ . ഒറങ്ങീല്ല്യേ ?”

 

എന്നിട്ടൊരു ചിരീം – ക ക്ക ക്ക ക്ക ക്ക .

 

ഞാൻ ഒന്നും മിണ്ടിയില്ല. പക്ഷെ ഒരു സംഭവം നടന്നു .

 

സ്വിച്ച് ഇട്ട പോലെ എന്റെ പ്രേമം മൊത്തം തീർന്നു . കംപ്ലീറ്റലി ഗോൺ .

 

ഹല്ലെലുയ്യ – ദൈവത്തിനു സ്തോത്രം .

 

അങ്ങനെ ; മുതിർന്നതിനു ശേഷം ആദ്യമായി ഒന്നിച്ചുറങ്ങിയ പെണ്ണിനോട് അതോടെ തീർത്തും വെറുപ്പായി പോയി . എന്താണോ എന്തോ – ഇനി എന്റെ കൊഴപ്പാണോ സുഗുർത്തുക്കളെ ? (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .