രണ്ടായിരാമത്തെ നൂറ്റാണ്ട് കാണും എന്ന് കുട്ടിക്കാലത്ത് ഒരു വിചാരമേ ഉണ്ടായിരുന്നില്ല. അതിനു മുന്നേ വടിയാകും എന്നൊന്നും വിചാരിച്ചിട്ടല്ല- ചുമ്മാ വിചാരിച്ചില്ല: അത്രേയുള്ളു.
ഇപ്പൊ ദേ രണ്ടായിരം കഴിഞ്ഞ് ഒരു ഫുൾ ക്വാർട്ടർ സെഞ്ചുറി ആയിരിക്കുന്നു! ഇത് കാണും എന്ന് ഒരു കാലത്തും, സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. എങ്കിലും ഇതൊക്കെ ഇങ്ങനെ അധികം വിചാരിക്കാതെ നടന്നു പോകും.
ഇത്രേം കാലം ജീവിച്ച്, 2025 ആയപ്പോഴേക്ക് ജീവിതത്തിന്റെ പൊരുൾ എനിക്ക് മനസിലായി എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നെനിക്ക് വിശ്വാസമില്ല- കാരണം നിങ്ങൾ ഒക്കെ ഒന്നിലും വിശ്വാസമില്ലാത്ത കള്ള ബടുവകൾ ആണല്ലോ. അത് കൊണ്ട് ഞാൻ ആ അതീവ സരള രഹസ്യം- ആ സുന്ദര മനോജ്ഞ സാമാനം, ആ പ്രാപഞ്ചിക ഡിങ്കോൾഫി ചെപ്പ്- നിങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടാൻ പോവുകയാണ്.
കളി. പിന്നെ പണി. ഇത്രേ ഉള്ളു സംഭവം.
അതായത്,
നമ്മൾ ഇങ്ങനെ ജനിച്ചു വീഴുന്നതേ ജീവിതം നമുക്ക് ഓരോ കളികൾ ഇങ്ങനെ തരും. ചിലപ്പോ നമ്മൾ കളികൾ ചോദിച്ചു വാങ്ങും. പലപ്പോഴും നമ്മൾ ചോദിക്കുന്ന കളി അത് തരില്ല. തരുന്ന കളി നമ്മൾ കളിക്കും- കാരണം ഇല്ലേൽ നമുക്ക് ബോറടിക്കില്ലേ?
നമുക്ക് ചിരിച്ചോണ്ട് കളിക്കാം. ഒത്തിരി ആളുകളെ കൂട്ടി കളിക്കാം- അല്ലാതെയും കളിക്കാം. ചെറു പുഞ്ചിരിയോടെ കളിക്കുന്നവരുണ്ട്. നൃത്തം ചെയ്തോണ്ട് കളിക്കുന്നവരുണ്ട്. കൂൾ ആയി കളിക്കുന്നവരുണ്ട്. അത്യധികം ടെൻഷൻ അടിച്ച്, അതീവ വാശിയോടെ, മുഖം വക്രിച്ചു കളിക്കുന്നവരുമുണ്ട്.
ഒരു കളി കഴിയുമ്പോ അടുത്ത കളി തരും. ചില കളികൾ ഇങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കും. ചിലത് തീരും. പലതും ഒരേ സമയം കളിക്കേണ്ടി വരും.
ചിലർ അന്താരാഷ്ട്രതലത്തിൽ മെസ്സിയുടെയും റൊണാൾഡോയുടെയും കൂടെ പ്രൊഫെഷണൽ ഫുട്ബാൾ കളിക്കുമ്പോ പലരും നാരായണിയുടെയും ബിജുക്കുട്ടന്റെയും കൂടെ കൊത്തംകല്ലും ഗോട്ടിയും മണ്ണപ്പം ചുടലും ആയിരിക്കും കളിക്കുന്നത്. അതൊക്കെ ഓരോരുത്തരുടെ കപ്പാക്കിറ്റിയും ഭാഗ്യവും പോലൊക്കെ ഇരിക്കും.
വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി പറയാനുണ്ട്. കളി മാത്രമായി ഒരാൾക്കും കിട്ടില്ല. അത് പിന്നെ അങ്ങനാണല്ലോ. കൂടെ പണിയും കിട്ടും.
പണികൾ കിട്ടും. കിട്ടിക്കൊണ്ടേയിരിക്കും. ഒരു വലിയ കളി ജയിച്ചു എന്ന് വിചാരിച്ച് ഇരിക്കുമ്പോഴായിരിക്കും എട്ടിന്റെയും എണ്പതിന്റെയും എണ്ണൂറിന്റെയും എണ്ണായിരത്തിന്റെയും പണി കിട്ടുന്നത്. പണി തീർത്ത് വരുമ്പോ അടുത്തത് കിട്ടും.
കുറെ പേർക്ക് നല്ല കളികൾ കിട്ടും. അവരിൽ ചിലർക്ക് പണികൾ വളരെ കുറച്ചേ കിട്ടൂ. ചിലർക്ക് രണ്ടും ഉഷാർ ആയി കിട്ടും. ചിലർക്ക് പണി തന്നെ കിട്ടിക്കൊണ്ടിരിക്കും. കളി ഒക്കെ ഒരു കണക്കായിരിക്കും. ഇതിൽ ഒന്നും പരാതി പറഞ്ഞിട്ട് ഒരു കോക്കനട്ടും കാര്യമൊന്നുമില്ല.
പെട്ടന്ന് ഒരു ദിവസം കളി ഒക്കെ നിക്കും. വിഷമിക്കേണ്ട. പണിയും നിക്കുമല്ലോ.
അതാണ്.
അപ്പൊ അടുത്ത കളി തരൂ ഡിയർ ട്വൻറി ട്വൻറിഫൈവ്- നീ സുന്ദരിയാണ്. പണി മയത്തിൽ തന്നാൽ കൊള്ളാം. പറ്റുന്ന പോലെ കളിക്കും പണി തന്നാൽ തീർക്കും. കൊണ്ട് വാടീ!!
ഹാപ്പി ന്യൂ ഇയർ!!
(ജിമ്മി മാത്യു)