ഇൻഡ്യയിൽ ആസൂത്രിതമായി ജനസംഘ്യ കൂട്ടാൻ ശ്രമിക്കുന്ന സാമുദായിക ശക്തികൾ ഉണ്ട് എന്ന പ്രചാരണം ശക്തമാണ്. നാഷണൽ ഫാമിലി ഹെൽത്ത് സർവേകൾ ഇതിനെ പൊളിച്ച് അടുക്കിയിട്ടു കാലം കുറെ ആയി.
എല്ലാ മതത്തിന്റെയും നേതാക്കൾക്ക് സമുദായ എണ്ണം കൂട്ടണം!!
പക്ഷെ, ഒരു സമുദായവും അവർ പറയുന്നത് കേൾക്കുന്നില്ല! നടുവിരൽ ആണ് അവർ കാണിക്കുന്നത്!
അതായത്, എത്രയൊക്കെ പെണ്കുട്ടികളെ അടിച്ചമർത്താനും, വിദ്യാഭ്യാസം നിഷേധിക്കാനും അവർ നോക്കുന്നുണ്ടെലും, അതൊന്നും ഗ്രൗണ്ട് ലെവലിൽ മനുഷ്യർ നോക്കുന്നില്ല. അക്കാര്യത്തിൽ എല്ലാ സമുദായങ്ങളും ഒരു പോലെ ആണ് താനും. സാമൂഹ്യ പുരോഗതി മാത്രമാണ് ഇതിനെ സ്വാധീനിക്കുന്നത്.
സമൂഹ മനഃശാസ്ത്രം കഴിഞ്ഞാൽ, നമ്മുടെ ചരിത്രത്തെ നിയന്ത്രിക്കുന്ന മൂന്ന് മഹത്തായ ശക്തികൾ ഉണ്ട്. ഡെമോഗ്രാഫിക്സ്, ശാസ്ത്ര, ടെക്നോളജി എന്നിവയുടെ വികാസം, രാഷ്ട്രീയം (ഐഡിയോളജികൾ, നേതാക്കന്മാർ മുതലായവ) എന്നിവയാണ് അവ.)
സമൂഹങ്ങളുടെ ജനസംഖ്യാ ശാസ്ത്രത്തെ ആണ് ഡെമോഗ്രാഫിക്സ് എന്ന് പറയുന്നത്.
ഒരു കാലത്ത്, യുദ്ധങ്ങളും കൊല്ലലും രോഗങ്ങളും ഒക്കെ സ്വാധീനിച്ചിരുന്ന ഈ സാമാനം ഇപ്പൊ സ്വാധീനിക്കുന്നത് പ്രധാനമായും ശിശു മരണനിരക്ക്, വിദ്യാഭ്യാസം, നഗരവൽകരണം, ആധുനിക വൽക്കരണം, സ്ത്രീ ശാക്തീകരണം, എന്നിവയുമാണ്.ഒരു സമുദായത്തിൽ, ഇവയൊക്കെ വർദ്ധിക്കുമ്പോൾ, സ്വാഭാവികമായി, ആ സമൂഹം ഉദ്പാദിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുന്നു. ഈ ശക്തിയെ നേരിടാൻ ഒന്നിനും ഇത് വരെ കഴിഞ്ഞിട്ടില്ല. ജപ്പാന്കാരും യൂറോപ്യൻസും സ്കാന്ഡിനേവിയൻ രാജ്യക്കാരും പഠിച്ച പണി പതിനെട്ടും നോക്കിയതാണ്. ഒരു ചുക്കും സംഭവിച്ചിട്ടില്ല.
2011 ഡാറ്റ അനുസരിച്ചു ഇന്ത്യയിൽ ഹിന്ദുക്കൾ എൺപതു ശതമാനം . മുസ്ലിങ്ങൾ പതിനാലു ശതമാനം . ക്രിസ്ത്യാനികൾ 2 .3 ശതമാനം.
ഹിന്ദുക്കളുടെ ഫെർട്ടിലിറ്റി റേറ്റ് 2.1 ആണ് (2020). മുസ്ലിങ്ങളുടെ 2.6 ആണ്. 92 ലെ ഡാറ്റ പ്രകാരം ഇത് യഥാക്രമം 3.3 ഉം 4.3 ഉം ആയിരുന്നു. ഒരു സ്ത്രീക്ക് ഉണ്ടാവുന്ന ശരാശരി കുട്ടികളുടെ എണ്ണമാണ് ഫെർട്ടിലിറ്റി റേറ്റ്. ജനന നിരക്ക് എല്ലാവരിലും കുറയുക ആണല്ലോ . ഹിന്ദുക്കളേക്കാൾ ഒന്നര ഇരട്ടി – അതായത് 50 ശതമാനം കൂടുതൽ വേഗത്തിലാണ് മുസ്ലിങ്ങളുടെ ജനന നിരക്ക് കുറയുന്നത് . വളരെ പെട്ടന്ന് അത് ഹിന്ദുക്കളുടെ അത്ര തന്നെ ആകും. (2031ഓടെ- ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസിന്റെ കണക്ക്). അപ്പൊ മുസ്ലീങ്ങളുടെ ശതമാനം പതിനെട്ട് ആവും. അപ്പോഴും മൃഗീയ ഭൂരിപക്ഷം(എഴുപത്തെട്ട്) ഹിന്ദുക്കൾ തന്നെ.
ലോകം മൊത്തം നോക്കിയാലും മുസ്ലിം രാജ്യങ്ങളിൽ പോലും ഇത് ശരിയാണ്. 1950 കളിൽ മിക്ക വികസ്വര രാജ്യങ്ങളിലെയും ഫെർട്ടിലിറ്റി റേറ്റ് ഏകദേശം ആറ് – ഏഴ് ആയിരുന്നു. (ഇന്ത്യയുടേയും). ബംഗ്ലാദേശിൽ ഇപ്പൊ ഇത് വെറും 2 ആണ്! ഇന്ത്യയുടേതിനേക്കാൾ കുറവ്! പാകിസ്ഥാനിൽ മൂന്നും സൗദി അറബിയയിൽ 2.6 ഉം ആണ്. അതി വേഗം വീണ്ടും കുറഞ്ഞു വരുന്നു. ഇതേ കാലയളവിൽ ഏറ്റവും പെട്ടന്ന് ഫെർട്ടിലിറ്റി റേറ്റ് കുറച്ച രാജ്യം ഒരു മുസ്ലിം രാജ്യമാണ്- ഇറാൻ!. വെറും മുപ്പത് കൊല്ലം കൊണ്ട് 6 ൽ നിന്ന്, 1.6 ലേക്ക്!
*കേരളത്തിലെ കണക്ക് വെറുതെ ഒന്ന് നോക്കാം. 2005ൽ കേരളത്തിലെ ഹിന്ദുക്കടെ ഫെർട്ടിലിറ്റി റേറ്റ് 1.53. മുസ്ലീങ്ങടെ 2.45. 2015ൽ ഹിന്ദുക്കടെ 1.42. മുസ്ലീങ്ങടെ 1.86.അതിവേഗം തുല്യത ആയി വരുന്നു! ( ആറിരട്ടി ആണ് മുസ്ലീങ്ങളിലെ കുറവ്, താരതമ്യേന)
44 ശതമാനം പുതുതായി ഉണ്ടാവുന്ന കുട്ടികൾ മുസ്ലീങ്ങളുടേതാണ് എന്ന ഒരു കണക്കാണ് സ്ഥിരം എടുത്തു വീശുന്ന ഒരു സാധനം. പോപ്പുലേഷൻ മൊമെന്റം എന്ന ഒരു പ്രതിഭാസം മൂലമാണ് ഇങ്ങനെ ഉണ്ടാവുന്നത്. ഇത് മുൻപ് പറഞ്ഞ കണക്കുകളെ ഒന്നും ഒരു തരത്തിലും ബാധിക്കുന്നത് അല്ല.
ഏറ്റവും പുതിയ N F H S ഡാറ്റ ഇതിനെ പൂർണമായും ശരി വെയ്ക്കുന്നത് ആണ്. KJ Jacob ഇതിനെ പറ്റി എഴുതിയിട്ടുണ്ട്. അതിനാൽ ആവർത്തിക്കുന്നില്ല.
അതായത്, പൊതുവെ, മനുഷ്യർ സാമൂഹ്യമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിൽ സമുദായ വ്യത്യാസങ്ങൾ കുറവാണ്. സമുദായങ്ങൾ തമ്മിൽ ഉള്ളതിനേക്കാൾ വളരെ അധികം അന്തരം പ്രാദേശികമായാണ് ഉള്ളത്.
തമ്മിൽ തല്ലിക്കാതെ ഭരിക്കടെ!തമ്മിൽ തല്ലാതെ ജീവിക്കടെ!നമ്മൾ നന്നാവും.(ജിമ്മി മാത്യു)