ഓട്ടോണമികളുടെ ഉന്തും തള്ളും- അബോർഷൻ വിവാദം.

പണ്ടൊക്കെ എന്ത് രസാരുന്നു. ഒരു സാധാരണ മനുഷ്യനും ഒരു ഓട്ടോണമിയും ഇല്ല. സ്ത്രീകൾക്ക് തീരെ ഇല്ല. ചുരുക്കം ചില വമ്പൻമാർക്ക് മാത്രം ഭീകര ഓട്ടോണമി!

ഇപ്പൊ ഇച്ചിരി ഒക്കെ ഓട്ടോണമി കൊടുക്കുന്നതായി അഭിനയിക്കുന്ന  ഒരു മോഡേൺ ഫാമിലി ആകണം എന്ന് ലോകസമൂഹത്തിന് ആഗ്രഹം ഒക്കെ ഉണ്ട്. അങ്ങ് കുറച്ചു സ്ഥലങ്ങളിലെ ഒരു മാതിരി ആയിട്ടുള്ളു എന്ന് മാത്രം.

എങ്കിലും, കല്യാണം കഴിക്കണോ വേണ്ടയോ, കുട്ടികൾ വേണ്ടോ അതോ വേണോ എന്ന കാര്യങ്ങളിൽ വ്യക്തികൾക്കും സ്ത്രീകൾക്കും ഓട്ടോണമി വേണം …..ന്നാ തോന്നുന്നത് എന്ന് തത്വത്തിൽ അംഗീകരിച്ച മാതിരി ആണ്. അതിനെതിരെ വാദിക്കാൻ ലോ പോയിന്റ്‌സ്‌ കിട്ടാത്തത് കൊണ്ടാണ് കേട്ടോ.

ഇത് പോലല്ല അബോർഷൻ. അത് ശരിക്കും കുനുഷ്ടു പിടിച്ച ഒരു പ്രശ്നം ആണ്. പല തരം തുല്യശക്തിയുള്ള ശരിതെറ്റുകൾ തമ്മിൽ ഉന്തും തള്ളും നടക്കുന്നു. “നിന്നെ ഞാൻ കാണിച്ചു തരാട” സ്റ്റൈലിൽ ഉള്ള പ്രതികരണങ്ങൾ സാധാരണ ആണ്.

പ്രശ്നത്തിന്റെ കാതലൻ…..ഛേ – കാതൽ:

—————————————————————-

ഭ്രൂണം (ബീജവും അണ്ഡവും യോജിച്ചു കഴിഞ്ഞ് രണ്ടു മാസം വരെ), ഗർഭസ്ഥ ശിശു ( അതിനു ശേഷം, ജനനം വരെ) എന്നീ സംഭവങ്ങളുടെ ജീവനുള്ള അവകാശം. ഇതിൽ ആണ് പ്രശ്നത്തിന്റെ കാതൽ മുഴുവൻ. ഒരു മനുഷ്യന് ഉള്ള അവകാശങ്ങൾ മൊത്തം ഒരു ഭ്രൂണത്തിനോ ഗർഭശിശുവിനോ (ഇനി ഫീറ്റസ് നെ അങ്ങനെ പറയാം) ഉണ്ടോ? ഇല്ലേ? അതോ ഉണ്ടില്ലേ? അപ്പൊ ഫോക്കസ് ഇതാണ്; പ്രധാനമായും.

പല വീക്ഷണ കോണുകൾ എന്ന സാമാനങ്ങൾ ഉണ്ട്. മൂന്ന് പാർട്ടി നയങ്ങൾ അഥവാ ഗ്രൂപ്പുകൾ.

1 .  തീവ്രൻ (ഭ്രൂണ പക്ഷം):

—————————————–

ഭ്രൂണമേ, നിൻ ഓട്ടോണമി താൻ ഓട്ടോണമി. അമ്മേടെ ഓട്ടോണമി എന്നാൽ നഹി. ഇല്ല. ഇതാണ് ഈ പക്ഷം പറയുന്നത്. ബീജം, അണ്ഡം എന്നിവ യോജിച്ചു കഴിഞ്ഞാൽ പിന്നെ അത് മനുഷ്യൻ ആയി. പിന്നെ അതിന്റെ ജീവനുള്ള അവകാശം ഒരു മനുഷ്യന്റെ തന്നെ. ഏത് സമയത്ത് ആണ് ഒരു ഭ്രൂണം മനുഷ്യൻ ആവുന്നത് എന്ന് പറയാൻ പറ്റില്ല. അത്രേ ഉള്ളു.

ഓരോ ബോധ്യങ്ങൾക്ക് ന്യായീകരണം ചമക്കുന്ന താത്വിക ആചാര്യന്മാർ എവിടെയും ഉണ്ട്. തീവ്രൻ (ഭ്രൂണ പക്ഷം) ത്തിനു വേണ്ടി ഡോൺ മാര്കിസ് എന്ന ചുള്ളൻ പറയുന്നത് കേൾക്കാം:

കൊല്ലുക എന്നത് ഭാവി ഇല്ലാതാക്കുക എന്നതാണ്. ഭ്രൂണത്തിന് എന്റെയും നിങ്ങളുടെയും പോലത്തെ ഒരു ഭാവി ഉണ്ട്, ജാഗ്രതൈ. അത് പോലുള്ള, മനുഷ്യസദൃശ്യ ഭാവി ഉള്ള മൃഗങ്ങളെയും അങ്ങനെ കാണാവുന്നതാണ്. (ഹിഹി. മനുഷ്യ സദൃശ്യ ഭാവി എങ്ങനെ ഒരു മൃഗത്തിന് വരും? ഒരു എലികുഞ്ഞിന് എലി സദൃശ്യ ഭാവി അല്ലെ വരൂ? മാത്രവുമല്ല, ജന്മനാ ബുദ്ധിവൈകല്യം ഉള്ള കുട്ടികൾ മുതലായവർക്കും, മസ്തിഷ്ക രോഗം ബാധിച്ചവർക്കും മനുഷ്യ ഭാവി എന്തോരും ഉണ്ട്? അവർക്ക് അപ്പൊ അവകാശങ്ങൾ ഇല്ലേ?)

2. തീവ്രൻ (അമ്മ പക്ഷം)

—————————————-

സ്ത്രീയുടെ ഓട്ടോണമി മാത്രം നോക്കിയാൽ മതി. ഗർഭ ശിശുവിനോ ഭ്രൂണത്തിനോ ഒരു അധികാരവും ഇല്ല. ഇതാണ് ഈ വീക്ഷണകോൺ കാർ പറയുന്നത്.

ഈ ഭാഗ താത്വിക ആചാര്യ മേരി ആൻ വാറൻ പറയുന്നത്, ജൈവശാസ്ത്രപരമായി മനുഷ്യൻ ആണോ അല്ലയോ എന്നതല്ല പ്രശ്നം. ‘വ്യക്തി’ അഥവാ പേഴ്സൺ ആവണം. സ്വല്പം എങ്കിലും ഞാൻ എന്ന വിചാരമുള്ള വ്യക്തി. അല്ലാതെ എന്ത് അധികാരം? (അപ്പൊ പിറന്നു വീണ ശിശുവോ? ബുദ്ധിമാന്ദ്യം ഉള്ള ആളോ? അവരെ ഒക്കെ കൊല്ലാമോ? – പ്രശ്നം. ഭീകര പ്രശ്നം.)

അമ്മഭാഗി ത. ആ (താത്വിക ആചാര്യ{ൻ} ), ജൂഡിത്ത് തോംസൺ പറയുന്നത് കേൾക്കു:

“എന്ത് വ്യക്തി ആയിട്ടും കാര്യല്ല്യ. അമ്മേടെ ദേഹത്ത് താമസിക്കാൻ ആർക്കും അവകാശമില്ല. അമ്മ വേണ്ടെന്നു വിചാരിച്ചാൽ ഇറങ്ങി പൊക്കോണം.”-  ഇത് പ്ലാൻ ചെയ്യാതെ ആകസ്മികമായി സംഭവിച്ചത്, റേപ്പ് മൂലം-  ആണെങ്കിൽ ഒക്കെ, ഒരു യുക്തിയുള്ള വാദം ആണ്. എങ്കിലും പ്രശ്നങ്ങൾ ഉണ്ട്.

അമ്മഭാഗ ത. ആ കളിൽ ഏറ്റവും കൂർമബുദ്ധി മാർഗരറ്റ് ലിറ്റിൽ എന്ന സ്ത്രീക്ക് ആണെന്ന് തോന്നുന്നു. അമ്മയ്ക്ക് വേണ്ടാതെ കുട്ടി പുറത്തു വന്നാൽ, നല്ലൊരു വളർത്തൽ കിട്ടില്ല. അത് ഗർഭ ശിശുവിന്റെ; പുറത്ത് വന്നുകഴിയുമ്പോൾ ഉള്ള നല്ലൊരു വളർത്തൽ എന്ന അവകാശത്തെ ഹനിക്കുന്നു. എന്തൊരു ഉഗ്രൻ പൂഴിക്കടകൻ. എന്തൊരു കടകം മറിച്ചിൽ! സമ്മതിച്ചു അവരെ. (അവകാശം സംരക്ഷിക്കാൻ ചെറുതായി ഒന്ന് കൊന്നാ കൊഴപ്പണ്ടൊ എന്ന ചോദ്യം നോക്കി പല്ലിളിക്കുന്നു .)

മിതവാദം അഥവാ മദ്ധ്യവാദം:

————————————————

ഇന്നത്തെ ലോകത്തെ വലിയ ശതമാനം മനുഷ്യരും ഈ രണ്ടു തീവ്ര പക്ഷങ്ങൾക്കും ഇടയ്ക്കാണ് എന്ന് കാണാം. അതായത്, ഉണ്ടായ ഉടനെ ഉള്ള ഭ്രൂണത്തിന് വലിയ അധികാരം ഒന്നുമില്ല. അതിനെ ഒരു മനുഷ്യൻ ആയി കാണാൻ പറ്റുകയും ഇല്ല. എന്നാൽ പതിയെ അതിന് മനുഷ്യരൂപം വരുന്നുണ്ട്. പ്രത്യേകിച്ചും ഒരു ഇരുപത് ആഴ്ചയൊക്കെ കഴിഞ്ഞാൽ, പുറത്ത് വന്നാലും ചിലപ്പോ ജീവിച്ചേക്കും. ആ അവസ്ഥയിൽ അതിനു ചില അവകാശങ്ങൾ ഉണ്ട് എന്ന് സമ്മതിച്ചേ മതിയാകു.

ഒരു അവകാശങ്ങളും ഇല്ലാതെ തുടങ്ങുന്ന ഭ്രൂണത്തിന് ഘട്ടം ഘട്ടമായി അവകാശങ്ങൾ കൂടുകയും, പിറക്കാറാവുമ്പോഴേക്കും മുഴുവൻ അവകാശങ്ങൾക്കും അർഹത ഉണ്ടായി വരികയും ചെയ്യുന്നു .

അതായത്, പ്ലാൻ ചെയ്തത് അല്ല എന്ന താരതമ്യേന ചെറിയ കാരണം ഗര്ഭത്തിന്റെ ആദ്യ ഒന്നോ രണ്ടോ ആഴ്ചകളിൽ ഓക്കേ എന്ന് പറയാമെങ്കിലും, വളരെ പെട്ടന്ന് ഈ ഓക്കേ, നോട്ട് ഓക്കേ ആയി മാറാം. (നമ്മുടെ ഇപ്പോഴുള്ള നിയമത്തിൽ അങ്ങനെ കാരണം വെച്ചുള്ള കളി ഇല്ല കേട്ടോ).  എന്നാൽ റേപ്പ് മൂലം ഉള്ള ഗർഭം, അമ്മയുടെ ജീവനു ഭീഷണി ആവുന്ന അവസ്ഥ, ഗർഭ ശിശുവിന് ഉള്ള ഗുരുതര ശാരീരിക വൈകല്യങ്ങൾ എന്നിവ കുറച്ച് താമസിച്ചുള്ള അബോർഷനെയും ന്യായീകരിച്ചേക്കാം.

മിക്ക രാജ്യങ്ങളിലെയും നിയമങ്ങളും, കോടതി വിധികളും ഈ മധ്യമാർഗത്തെ അനുകൂലിക്കുന്നവ ആണ്.

ഇതിൽ മതങ്ങൾ അവരുടേതായ ശരി തെറ്റുകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഹിന്ദു മതവും ഇസ്ലാം മതവും അബോര്ഷനെ അടച്ച് എതിർക്കുന്നില്ല. ക്രിസ്ത്യൻ സഭകൾക്കും വ്യത്യസ്ഥ സമീപനങ്ങൾ ആണുള്ളത്. വളരെ വ്യക്തമായ നയം ഉള്ളത് ആഗോള കത്തോലിക്കാ സഭയ്ക്കാണ്. ആ സഭാ നിയമങ്ങൾ നോക്കിയാൽ ഔദ്യോഗിമായി, റിഥം മെത്തേഡ് ഒഴിച്ചുള്ള എല്ലാ ഗര്ഭനിരോധനമാര്ഗങ്ങളും പാപം ആണ്. അമ്മയുടെ ജീവൻ അപകടത്തിൽ ആണെങ്കിൽ മാത്രമേ അബോര്ഷന് അനുവദിക്കുകയുള്ളു. റേപ്പ് മൂലം ആണെങ്കിലും, എത്ര തീവ്ര ശിശു വൈകല്യം ഉണ്ടെങ്കിലും അബോര്ഷന് അനുവദിക്കുന്നില്ല. ഇത് ഒരു തീവ്ര വീക്ഷണം ആയേ കാണാൻ പറ്റൂ.

(ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .