എം സ് റസിഡൻസി ചെയ്തത് പാണ്ടി നാട്ടിലെ പോണ്ടിച്ചേരിയിലുള്ള ജിപ്മെർ എന്ന സ്ഥലത്താണ് .
പണി തന്നെ പണി . വാർഡ് , തീയേറ്റർ . തിയേറ്റർ , എമർജൻസി റൂം . ഇതിങ്ങനെ മാറി മാറി കാണിക്കണം . ഇടക്ക് വല്ലപ്പോഴും ബാർ . ഇതാണ് റസിഡൻസി ലൈഫ് .
കുഴപ്പമൊന്നുമില്ല . ചെയ്യണം , പണി പഠിക്കണം . രോഗികളെ നോക്കണം . ഇതൊക്കെ ഒരു ഹരമാണ് . ലഹരിയേക്കാൾ വലിയ ലഹരിയാണ് . സ്കെല്പെൽ എന്ന ശസ്ത്രക്രിയാ കത്തി കൈയിൽ എടുക്കുമ്പോഴേ കോൾമയിർ കൊള്ളും . സത്യം .
വല്ലപ്പോഴും അപ്പിയിടും , പല്ലു തേക്കും . കുളി ഒക്കെ കണക്കാണ് . ഇടയ്ക്കു വല്ലതും വെട്ടി വിഴുങ്ങും .
എന്നാലും ഞാൻ ഓർക്കുകയാണ് – പല്ലു തേക്കാതെയും അപ്പിയിടാതെ പിടിച്ചു വച്ച് നടക്കുമ്പോഴും ചിലപ്പോൾ നമുക്ക് ചിലരോട് പ്രേമം തോന്നും . ഈ ഹോര്മോണുകളുടെ ഒരു ശക്തിയെ !!
ഇങ്ങോട്ട് തിരിച്ചും തോന്നി ക്കൂടായ്കയില്ല – വായ്നാറ്റവും കുളി ഇല്ലായ്മയും ഉണ്ടെങ്കിലും . കാരണം ഞങ്ങൾ സർജൻസ് ആണ് ജിപ്മെറിലെ ഏറ്റവും ഗ്ലാമറസ് വസ്തു . അതെന്താണോ എന്തോ .
പ്രേമം തോന്നുന്നത് പലപ്പോഴും ഹൌസ് സർജന്മാരോടോ ഡെർമറോളജി , പാത്തോളജി അങ്ങനെ താരതമ്യേന പണി കുറവുള്ള ഡിപ്പാർട്മെന്റ് റസിഡന്റ് പെൺ പിള്ളാരോടോ ആയിരിക്കും . അതാണല്ലോ കുഴപ്പം . കാരണം അവർ കുളിക്കും . മുടി ഒക്കെ ഭംഗിയാക്കി നടക്കും . മെന ആയ ഡ്രെസ് ഇടും . നാട്ടു നടപ്പു പോലെ പല്ലു തേപ്പും നടത്തും . മെറ്റെ – അപ്പി – അതെനിക്കറിഞ്ഞു കൂടാ – ചോദിച്ചിട്ടില്ല .
എനിക്ക് കുറച്ചു താല്പര്യം ഉള്ള ഒരു സുന്ദരി കറമ്പി ഹൌസ് സർജൻ ഉണ്ടായിരുന്നു . മലയാളി തന്നെ . ഞാൻ പതുക്കെ അവളേ റ്റിയൂൺ ചെയ്തു . സിന്ധു എന്നാണു അവളുടെ പേര് . ഒരു ദിവസം സിന്ധു എന്നോട് പറഞ്ഞു :
“സർ, ഒന്ന് സംസാരിക്കണം .”
ഞാൻ ഓക്കേ പറഞ്ഞു . ചായ കുടിക്കുമ്പോൾ അടുത്തിരുന്നു . അധികം മുഖം അടുപ്പിച്ചില്ല . തലേ ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞു പല്ലു തേച്ചിട്ടില്ല .
“അതായത് – ഞാൻ …” അവൾ വിക്കി . ഞാൻ കോൾ —എന്തുവാ മക്കളെ – ങ്ങാ – മയിർ . അത് കൊണ്ടു . സംഭവം അത് തന്നെ- അവൾക്ക് എന്നോട് പ്രേമം . ഷേവ് ചെയ്യാത്ത താടിയിൽ കൈ ഓടിച്ചു ഞാൻ പറഞ്ഞു :
“പറയൂ കുട്ടി .” (എന്താണെങ്കിലും – ഒന്നും പേടിക്കണ്ട – ചേട്ടനു സമ്മതം തന്നെ .)
അവൾ മടിച്ചു മടിച്ചു പറഞ്ഞു :
“അതെ – എനിക്ക് സുരേഷ് സാറിനെ ഇഷ്ടാണ് , സർ ഒന്ന് സഹായിക്കണം .”
ഞാൻ ഞെട്ടി . സീനിയർ റെസിഡന്റ് ആണ് സുരേഷ് . എന്റെ രണ്ടു കൊല്ലം സീനിയർ . എം സ് കഴിഞ്ഞതാണ് . തൊട്ടു മോളിൽ ആണ് . ഭയങ്കര ഭരണം ആണ് . വലിയ കഴിവില്ല . കോമ്പ്ലെക്സ് ഉണ്ട് . അത് നമ്മുടെ നേരെ തീർക്കും . തിരുവനന്തപുരം കാരൻ ആണ് .
പോരാത്തതിന് –
എന്നും കുളിക്കും . ഷേവ് ചെയ്യും . നമ്മളെ കൊണ്ട് പണി ചെയ്യിച്ചിട്ട് ആ സമയത്തു ആണ് ഇതൊക്കെ ചെയ്യുന്നത് ! ഡാഷ് മോൻ എന്ന് കേട്ടിട്ടുണ്ടോ – എന്നാൽ ഇപ്പൊ കേട്ടോ . ഇവൻ ആണ് ഡാഷ് മോൻ .
ഭയങ്കര പോളിഷ്ഡ് ആണ് . സൂപ്പർ ഇംഗ്ളീഷ് ആണ് .
“വാട്ട് മേൻ – യു ഡിഡ് നോട് ടു ഇറ്റ് ? പ്ലസ് ഡു …”
പ്ലീസ് – താങ്ക് യൂ , ഹൌ ടു യൂ ടു ….ഇതൊക്കെ കാച്ചും . പെർഫെക്ട് ജെന്റിൽ മാൻ ആണ് .
എന്തായാലും ഞാൻ അധികം സഹായിക്കാതെ തന്നെ അവർ ലോഹ്യം ആയി . ഒരുമിച്ച് ഞങ്ങൾ എല്ലാം ചായ കുടിക്കുമ്പോൾ ഇവർ തമ്മിൽ കുറുകി കൊണ്ടിരിക്കും .
“ഹൌ ക്യാൻ വി ഇമ്പ്രൂവ് പേഷ്യന്റ് കെയർ ?” രോഗികളെ ഇതിലും നന്നായി എങ്ങനെ നോക്കാം എന്നാണു ! ഭയങ്കര സംഭവം തന്നെ ! ഇതൊക്കെ ആണ് പ്രേമ സംഭാഷണം . സിന്ധു തലയും കുത്തി വീണത് വെറുതെ അല്ല .
ഇടക്ക് ഞാൻ ചെവി കൂർപ്പിച്ചപ്പോൾ – “ഐ വിൽ ലുക്ക് ആഫ്റ്റർ യൂ ലൈക് മൈ കോർണിയ ” എന്നവൻ പറയുന്നത് കേട്ടു . അവന്റെ കൃഷ്ണമണി പോലെ അവളെ നോക്കുമത്രേ . ഛെ – കോപ്പിലെ പൈങ്കിളി . പക്ഷെ ഇംഗ്ളീഷിൽ പറയുമ്പോ എന്ത് ഗെറ്റ് അപ്പ് ? എന്റെ സകല കുരുക്കളും പൊട്ടി . പക്ഷെ എന്ത് ചെയ്യാൻ ? വെറുതെ മാന്തിക്കൊണ്ടിരുന്നു .
ഒരു ദിവസം ഇത് പോലെ ഒരു കാപ്പി കുടി സെഷൻ . ഒരു വശത്തു ഇവർ രണ്ടും . ഞാൻ അസൂയ മൂത്തു അടുത് .
പെട്ടന്ന് വെയ്റ്റർ ചെക്കന്റെ കൈ തട്ടി ചമ്മന്തി സുരേഷ് സാറിന്റെ മടിയിൽ ലേശം വീണു .
ഒരലർച്ച ആയിരുന്നു പിന്നെ :
“എടാ മയി ..തായോളി – എന്തരെടേ നീ കാണിച്ചത് ….കള്ള കറമ്പൻ പയലേ …..അവന്റമ്മേടെ ഒരു ചട്ടണി . നീയൊക്കെ എന്തറിന്ടെ ജീവിച്ചിരിക്കണത് ?”
തീർന്നില്ല . പിന്നെയും കുറെ പറഞ്ഞു . സാധാരണ നല്ല അടിപൊളി ബാസിൽ ശാന്ത ശബ്ദമാണ് . ഇത് കവല പിള്ളേർ വഴക്കിടും പോലത്തെ കീ കീ ശബ്ദം .
ഞാൻ ഞെട്ടി . എല്ലാവരും ഞെട്ടി . സിന്ധു അതി ഭയങ്കരം ആയി ഞെട്ടി . അവൾ എഴുന്നേറ്റ് പോകാൻ ഒരുങ്ങി . ആ സുന്ദര ഹൃദയം എന്ത് മാത്രം വേദനിച്ചു കാണും ? കഷ്ടം തന്നെ മൊതലാളീ …
അവൾ പോകുന്നത് കണ്ടതും സുരേഷ് അവളുടെ കാലിൽ ഒരൊറ്റ വീഴ്ച ആണ് .
” സോറി മോളൂ ….എന്റെ സമനിലകളൊക്കെ തെറ്റി കെട്ടാ. ഈ ലവൻ കാരണവാണ് …”
ങേ . എന്നെ ആണ് . ഞാൻ എന്ത് ചെയ്തു ?
“ഈ കാലമാടൻ തായോളി ഇന്നലെ ലീവെടുത്തു . എനിക്കോറങ്ങാനേ കൊണ്ട് പറ്റിയില്ല പൊന്നെ – അതാണ് …”
ആ പരട്ട കരഞ്ഞു .
ഞാൻ ഇറങ്ങി നടന്നു . കുറച്ചു കഴിഞ്ഞപ്പോൾ സിന്ധു എന്റെ പുറകെ .
“ബാ – ഒരു റൌണ്ട് അടിച്ചാലോ , മാര്‌തീണ്ടന്ന് . ബീച്ചിലേക്കാ പൂവാം .” ഞാൻ പറഞ്ഞു .
“ഓ . മ്മക്ക് പൂവാം ” അവൾ പറഞ്ഞു .
ഒരു ബബിൾ ഗം ഞാൻ വായിലിട്ടു . അത് പിന്നെ ഈ പല്ലു തേപ്പ് …
അങ്ങനെ സുരേഷ് മൂഞ്ചി .
പക്ഷെ സിന്ധുവിന്റെ പോലെ അല്ല എല്ലാരും .
ചിലർക്ക് സുരേഷ് തന്നെ മതിയാവും .
ആദ്യം വികസനം , വികസനം , അഴിമതി രഹിത ഭരണം എന്നൊക്കെ പറയും .
പിന്നെ പതുക്കെ പശു , സംസ്കാരം, അങ്ങനെ ഒക്കെ .
പെട്ടന്ന് ഒരു അവസ്ഥ മോശം ആകും എന്ന് കണ്ടാൽ – കരച്ചിൽ – അയ്യർ ചായക്കാരൻ എന്ന് വിളിച്ചേ .
അവസാനം – പാകിസ്ഥാൻ , പാകിസ്ഥാൻ .
ഇതൊക്കെ ജനാധിപത്യം അല്ലെ – അത് കൊണ്ട് റിലാക്‌സേഷൻ ഉണ്ടായേ പറ്റൂ .
അപ്പൊ കങ്കാരു റിലേഷൻസ് – എന്നാലും കഷ്ടം തന്നെ മൊതലാളീ (ജിമ്മി മാത്യു )