കിട്ടാത്ത കള്ളും തിന്നാത്ത ബീഫും

പിന്നേം ഒന്നൂടി പറയാതെ വയ്യ . പേടിയായിട്ട് കാൽമുട്ടുകൾ കൂട്ടി ഇടിക്കുന്നു . എന്നാലും

ആണ്ടു മുഴുവൻ പണിയെടുക്കണം . കുഞ്ഞു ബിസിനെസ്സുകൾ കെട്ടിപ്പൊക്കണം . കോര്പറേഷന് ടാക്സ് കൊടുക്കണം . സെയിൽസ് ടാക്സ് കൊടുക്കണം . സർവീസ് ടാക്സ് കൊടുക്കണം . ഇൻകം ടാക്സ് അടക്കണം .
റോഡ് ടാക്‌സും വണ്ടി ടാക്‌സും മറക്കരുത് .
പിന്നെ പെട്രോളടിക്കുമ്പോൾ കൊടുക്കുന്നത് ഏകദേശം മൊത്തം ടാക്സ് തന്നെ . പിന്നെ ഉപ്പു തൊട്ടു കോണാൻ അലക്കുന്ന സോപ് വരെ വാങ്ങുമ്പോൾ കൊടുക്കണം പങ്ക് . മുടി വെട്ടുന്നതു മുതൽ വഴിയോര വൃത്തിഹീന ടോയ്‌ലെറ്റിൽ മുള്ളുന്നതിനു വരെ സർവീസ് ടാക്സ് കൊടുക്കണം .

ചുരുക്കിപ്പറഞ്ഞാൽ നമ്മൾ ഉണ്ടാക്കുന്നതിന്റെ അമ്പതു അറുപതു ശതമാനം വരെ ഖജനാവിലെക്കടച്ചു ഈ മഹത്തായ ഇന്ത്യ മഹാരാജ്യം മൊത്തം അച്ഛച്ചേ ആക്കുന്നതിന് നമ്മൾ ആവുന്നതും ശ്രമിക്കണം .

ഇതിനൊക്കെ പണിപ്പെട്ട് കുടുംബോം നോക്കി വിയർത്തൊലിച്ചിരിക്കുമ്പോൾ ഒരിറ്റു ചെറുത് വലിച്ചു കേറ്റി ഒന്ന് റിലാക്സ് ചെയ്യാമെന്ന് വച്ചാൽ ങേഹേ – “ഒരു കിലോമീറ്റർ വെയിലത്തു കൂ നിക്കടാ പട്ടീ” – ഒടുക്കത്തെ വിലയും .  അങ്ങനെ നീ മോന്തേണ്ടന്ന്.

ടച്ചിങ്‌സ് കുറെ വലിച്ചു വാരി തിന്ന് ആശ്വസിക്കാം എന്ന് വച്ചാൽ അത് തിന്നാൽ കൊന്നു കളയും , ഇത് തിന്നാൽ ജീവപര്യന്തമിടും . പട്ടാളത്തെ ഇറക്കി തല്ലി കൊല്ലും.

ഭാര്യയുടെയോ ഭർത്താവിന്റെയോ കാമുകന്റെയോ കാമുകിയുടെയോ കൂടെ നടക്കാമെന്നു വച്ചാൽ , ചൂരലിനടി , തല മൊട്ടയടി തുടങ്ങിയ മഹത്തായ ആചാരങ്ങളും .

അതായത് – എനിക്ക് പഠിക്കുമ്പോൾ ഒരു സുഹൃത്തുണ്ടായിരുന്നു . ബിയർ പോയിട്ട് വൈൻ എന്താണെന്ന് അറിയുക കൂടിയില്ല . മണത്തിട്ടു കൂടെ ഇല്ല . ശുദ്ധ വെജിറ്റേറിയൻ . പിറന്നു വീണതിൽ പിന്നെ മുട്ട പോലും കൂട്ടിയിട്ടില്ല . ഒരു കിലോമീറ്റർ അകലെ ഇറച്ചിയുണ്ടാകുന്ന മണം കേട്ടാൽ ശർദിക്കും .

ഈ മഹാസാത്വികൻ ഗുജറാത്തിലാണ് പിന്നെ മൂന്നു വര്ഷം പഠിക്കാൻ പോയത് . തിരിച്ചു വന്നപ്പോൾ – വേറെ കുഴപ്പമൊന്നുമില്ല . എല്ലാ ദിവസവും മൂന്നെണ്ണം വീശണം . ടച്ചിങ്സിന് നോൺ തന്നെ വേണം . ബീഫാണ് പഥ്യം .

സത്യം . മാതാവാണെ സത്യം .

കുറച്ചു മഷിയെങ്കിലും മോന്തി ഞാൻ പാടട്ടെ സൂർത്തുക്കളെ :

“ഈ വേഷങ്ങളെല്ലാം മോശം ……
നിന്റെ ആശക്കും വാശിക്കും നാശം ….”

 

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .