കുര്യാക്കോസിന്റെ ഉണ്ടകൾ – ഒരു സ്ത്രീ വിരുദ്ധ കഥ :

കുര്യാക്കോസ് ഒരു വയസ്സനാത്രേ – വയസ്സൻ . എനിക്കറിഞ്ഞൂട – ആദ്യം അവർ പറഞ്ഞു അൻപത്തഞ്ച് ഒക്കെ വയസ്സ് ആയതാണെന്ന് . റിട്ടയർ ചെയ്യണം . ദേ ഒരു പത്തിരുപത് വര്ഷം പോയപ്പോ അറുപത്തഞ്ചും എഴുപതും ഒക്കെ ആയാലേ വയസ്സൻ ആകുന്നുള്ളു . ഇപ്പൊ ചെലര് പറയുന്നത് വയസ്സൻ , വയസ്സി എന്നൊന്നും പറയുകയേ അരുതത്രെ . ഒരു മയില് പരുപാടി ആണത്രേ അത് .

 

ഈ മയിലെന്നൊക്കെ ഓപ്പൺ ആയി പറയാവോ – – പാടില്ല . സ്ത്രീകളൊണ്ട് . ചുറ്റും അവരങ്ങനെ നിക്ക്വാണ് . കുര്യാക്കോസിന്റെ പുണ്ണുമ്പിള്ള , സോറി , പെണ്ണുമ്പിള്ള അന്നാമ്മ . നല്ല വെളുത്തു മെഴു മെഴാന്നുള്ള ഒരു ചേടത്തി . കുര്യാക്കോസിന്റെ മോൾ മരിയ . പിന്നെ കൊച്ചു മോൾ , മോണിക്ക . മൊണിക്കക്ക് പന്ത്രണ്ടു വയസ്സ് . പന്ത്രണ്ടു വയസ്സുള്ള കൊച്ചു മോൾ ഉള്ള ഒരു മഹാൻ ആണ് ഈ കുര്യാക്കോസ് . പിന്നെ പേരിന് ഒരാണ് കൂടെ ഉണ്ട് – കുര്യാക്കോസിന്റെ ചെറുപ്പം മുതലുള്ള ചെങ്ങായി – ചെറിയാച്ചൻ ചേട്ടൻ . എല്ലാരും ഇങ്ങനെ വായും പൊളിച്ച് ഒരാളുടെ വായിൽ നോക്കികൊണ്ട് ഇങ്ങനെ നിക്കുകയാണ് സുഹൃത്തുക്കളെ , നിക്കുകയാണ് .

 

അല്ലങ്കിലും ഈ ഡോക്ടർമാർ എന്തെങ്കിലും പ്രധാന കാര്യം പറയുമ്പോ രോഗികളും കൂടെ ഉള്ളവരും ഇങ്ങനെ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ ഡോട്ടറുടെ വായേല് നോക്കിക്കൊണ്ട് നിക്കും . അതാണ് ആചാരം , കീഴ്വഴക്കം . നാട്ടുനടപ്പ് . ഡോണ്ട് മിസാൻഡേർസ്റ്റാൻഡ് , ഒക്കെ , ഗുയ്സ് . ഡോണ്ട് ..

 

അത് പോട്ടെ . ഇവിടെ യൂറോളജിസ്റ്റിന്റെ വായ ആണ് ഇത്രേം ആളോള് നോക്കിക്കൊണ്ട് ഇരിക്കുന്നത് . വായ മൊഴിഞ്ഞു :

 

“കുര്യാക്കോസിന് അറിയാല്ലോ . പറഞ്ഞില്ലേ . പ്രോസ്റ്റേറ്റ് കാന്സറുണ്ട് . അത് മാത്രമല്ല , ലിവറിൽ സെക്കന്ഡറിസ് ഉണ്ടല്ലോ .”

 

അറിയാം . പറഞ്ഞതെ ഉള്ളു . കാര്യം ഇത്രേ ഉള്ളു . കുര്യാക്കോസിന്റെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഒരു ചിന്ന ഉണക്ക മുന്തിരിടത്രേം ഉള്ള ഒരു കാൻസർ ചേട്ടൻ ഉണ്ട് . അവൻ വല്യ പ്രശ്നം ആണെന്ന് തോന്നില്ല . പക്ഷെ ആൾ ഉല്പലാക്ഷൻ , അല്ല- ഉത്പതിഷ്ണു – അതോ….എന്തോ ഒരു വിഷ്ണു ആണ് (വിഷ്ണു കേറ്റി ഈ കഥ എങ്ങാൻ ബാൻ ചെയ്യാൻ പറഞ്ഞാൽ ഞാൻ കോളടിച്ചു . അതിനു കേറ്റിയതാ . ഡോണ്ട് മിസാൻഡസ്റ്റാൻഡ് ). ഈ കാൻസർ കുര്യാക്കോസിന്റെ കരളിൽ ഒരു ബ്രാഞ്ച് ഓഫീസ് തുടങ്ങിയിട്ടുണ്ട് . അത് പ്രശ്നം ആണ് . നല്ല കലക്കൻ പ്രശ്നം .

 

എല്ലാരും ഇങ്ങനെ ഞെട്ടി ഇരിക്കയാണ് . എല്ലാരും ഞെട്ടിയോ എന്നറിയില്ല . കുര്യാക്കോസ് വളരെ ചെറുതായി ഒന്ന് ഞെട്ടി . ഒരു മിനി ഞെട്ടൽ . സ്വതേ ഒരു നിസ്സംഗൻ ആണ് കുര്യാക്കോസ് . ജീവിച്ചാൽ എന്നെങ്കിലും പോണ്ടേ ? ബ്രാഞ്ച് ഓഫീസ് വഴി ആണേൽ ബ്രാഞ്ച് ഓഫീസ് . മെയിൻ ബിൽഡിങ് വഴി എങ്കിൽ അങ്ങനെ .

 

കുര്യാക്കോസ് അറിയാതെ കുനിഞ്ഞു നോക്കിപ്പോയി . ഭാര്യ സെലക്ട് ചെയ്ത ബ്രൗൺ പാന്റിന്റെ അടിയിൽ അണ്ടർ വെയറിനുള്ളിൽ . ലിംഗത്തിന്റെ വേര് ഭാഗത്ത് ആണ് ഈ പ്രോസ്റ്റേറ്റ് ഗ്രന്ഥി . അതിൽ ആണ് കാൻസർ . പുറത്ത് , വൃഷ്ണ സഞ്ചിക്കുള്ളിൽ രണ്ട് ഉണ്ടകൾ ഉണ്ട് . ഈ ഉണ്ടകൾ ടെസ്റ്റോസ്റ്റിറോൺ എന്ന ഒരു ഹോർമോൺ ഉണ്ടാക്കുന്നു . ആണിനെ ആൺ ആക്കുന്ന ഹോർമോൺ . ആൺ ഹോർമോൺ . ആൺമോൺ. ഈ ആൺമോണ് ആണ് കാൻസറിന്റെ ഇന്ധനം . ഈ ഇന്ധന ഒഴുക്ക് നിർത്തിയാൽ ഒന്ന് രണ്ടു കൊല്ലം ജീവിച്ചു പോയേക്കും . അതിനു ഉണ്ടകൾ കട്ട് ചെയ്യണം . രണ്ടും . ഉണ്ടക്ടമി . ഉണ്ടക്ടമി ചെയ്യാൻ സമ്മതമാണോ ? അതാണ് യൂറോളജിസ്റ്റിനു അറിയേണ്ടത് .

 

“ഓ – അതിനെന്താ ഡോക്ടർ …ഉടൻ ചെയ്യണം .” അന്നാമ്മ ചാടി ക്കേറി പറഞ്ഞു .

 

എന്നാൽ ഡാഷ് മോൻ ഡോക്ടർ അന്നമ്മയെ മൈൻഡ് ചെയ്യാതെ കുര്യാക്കോസിനെ തന്നെ നോക്കിയിരുന്നു !

 

അല്ലെങ്കിലും ഈ ആൺ ഡോക്ടർമാർക്ക് പെണ്ണുങ്ങളെ വിലയില്ല . പാട്രിയാർക്കി . ഫ – അന്നാമ്മ മനസ്സിൽ ഡോക്ടറെ ആട്ടി .

 

കുര്യാക്കോസ് മുഖം ഉയർത്തി ചെറിയാച്ചനെ നോക്കി . ചെറിയാച്ചന്റെ മുഖത്ത് ഡെസ്പ് . പെട്ടന്ന് ചെറിയാച്ചനോട് വലിയ ഒരു സ്നേഹം തോന്നി കുര്യാക്കോസിന് . അവർ ചെറുപ്പത്തിലേ ഫ്രണ്ട്സ് ആണല്ലോ . ഏകദേശം ഒരേ പോലെ ആണ് കുര്യാക്കോസിന്റെയും ചെറിയാച്ചന്റെയും ചരിത്രം തുടങ്ങുന്നത്‌ .

 

ചെറിയാച്ചന്റെ അപ്പൻ ചാക്കോച്ചൻ , ഭീകര ബിസിനസ്സുകാരൻ ആയിരുന്നു . രാവിലെ എണീറ്റ് പോകും . ജോലി ചെയ്യും . കൂട്ട് കൂടും. കള്ളു കുടിക്കും . രാത്രി വൈകി വരും . അമ്മ വച്ച് വിളമ്പും . പിള്ളേരെ നോക്കും . മീനിന്റെ നടുക്കഷ്ണം അപ്പന് കൊടുക്കും . അപ്പന്റെ ബിസിനസ്സ് വച്ചടി വച്ചടി കേറി . എല്ലാരും പറഞ്ഞു. അങ്ങേര് ഒരു ഭീകര വിജയി ആണെന്ന് . ജീവിതത്തിൽ വിജയിച്ചു ! ടാണ്ടടാ …! അമ്മയോ – അമ്മേം വിജയിച്ചു . അത് പിന്നെ അങ്ങനാണല്ലോ .

 

അപ്പൊ ചെറിയാച്ചനും കെട്ടി . സാലി ചേച്ചിയെ . വീട്ടിൽ കണ്ടത് പോലെ  ചെറിയാച്ചനും ചെയ്തു . രാവിലെ പോയി . അർദ്ധ രാത്രി വന്നു . പലതും വെട്ടി പിടിച്ചു . ഫാക്ടറികൾ പൊക്കി . അടിച്ചു പൊളിച്ചു നടക്കേം ചെയ്തു .സാലി ചേച്ചി വച്ച് വിളമ്പി . മൂന്നാലു പിള്ളേരെ വളർത്തി .

ചെറിയാച്ചനു എല്ലാ ദിവസോം വഴങ്ങി കൊടുത്തു . ആ കാര്യത്തിലും ചെറിയാച്ചനു കുറവൊന്നും വന്നില്ല .

 

ആളോള് പറഞ്ഞു – ചെറിയാച്ചനും വിജയിച്ചു ! ബലേ ഭേഷ് ! വിരുതൻ – മിടു മിടുക്കൻ . ഭയങ്കരൻ – ഭയ ഭയങ്കരൻ – ചെറിയാച്ചൻ . ചെറിയാച്ചൻ മൊയ്‌ലാളി . മൊയ്‌ലാളീ ….

 

സാലി ചേച്ചിക്ക് എന്താണ് ഒരു കൊറവ് ? ഒന്നുമില്ല . എന്നിട്ടും അവർ മുട്ട് വേദന , കൈകാൽ കടച്ചിൽ , തല വിങ്ങൽ , നെഞ്ചത്ത് പെരു പേരാ പാച്ചിൽ , നടുമ്പുറത്ത് കടച്ചിൽ എന്നൊക്കെ പറഞ്ഞു പതം  പറഞ്ഞു ജീവിതം കഴിച്ചു . എന്താണോ അവരുടെ പ്രശ്നം ? ആ . നാട്ടുകാർ അവരെ ആസ്ഥാന പതം പറച്ചിൽ ചേടത്തി ആയി അവരോധിച്ചു . അത് കൊണ്ട് തന്നെ ഒരു ദിവസം നെഞ്ചു വേദന ആണെന്ന് പറഞ്ഞപ്പോൾ ആരും മൈൻഡ് ചെയ്തില്ല . അങ്ങനെ പുള്ളിക്കാരി തട്ടിപ്പോയി . ആവലാതികൾ അതോടെ തീർന്നു .

 

ചെറിയാച്ചൻ വിജയി തന്നെ . ഫാകറ്ററികൾ ഉണ്ട് . മക്കൾ ഉഷാർ . ചെറുപ്പക്കാരി വാല്യക്കാരത്തി ഉണ്ട് . ചെറിയാച്ചൻ അത്ര ഡീസന്റ് അല്ല .

 

ഭയങ്കരൻ . ഭയ ഭയങ്കരൻ . വീരൻ – വീരപ്പൻ . നാട്ടുകാരുടെ കണ്ണിൽ ഉണ്ട – സോറി – ഉണ്ണി .

 

പറഞ്ഞു വരുമ്പോൾ , കുര്യാക്കോസും കണ്ടു വളർന്നത് ഇതൊക്കെ തന്നെ . കുര്യാക്കോസിന്റെ അപ്പൻ കറിയാച്ചൻ ചേട്ടൻ – രാവിലെ എസ്റ്റേറ്റിലോട്ട് പോകും . പാതിരാത്രി വരും . ഇടയ്ക്കിടെ കൂട്ടുകാർക്കൊപ്പം കള്ളു കുടിക്കും . അമ്മച്ചി വച്ചു വിളമ്പും . മീനിന്റെ നടുക്കഷ്ണം – ……വേണ്ട പറഞ്ഞു ബോറടിപ്പിക്കുന്നില്ല . സംഭവം വിജയം തെന്നെ . അപ്പനും അമ്മേം വിജയികൾ .

 

എന്നാൽ ഇവിടെ ആണ് ചെറിയാച്ചനെക്കാൾ എന്ത് കൊണ്ടും ഉൽകൃഷ്ടൻ താൻ ആണെന്ന് കുര്യാക്കോസ് കരുതുന്നത് . കാലം മാറിയത് കുര്യാക്കോസ് അറിഞ്ഞു . വായിച്ചു . വിവരം വച്ചു .

 

ഉള്കാഴ്ച ഉണ്ടിഷ്ടോ – ഉൾകാഴ്ച .

 

 സൈക്കോളജി ആണ് ഡിഗ്രിക്ക് പഠിച്ചത് . പിന്നെ ജോലി കിട്ടാൻ എളുപ്പത്തിന് എം ബി എ എടുത്തു . ഒരു കമ്പനിയിൽ തരക്കേടില്ലാത്ത ജോലി കിട്ടി . എത്ര വേണേലും ഉയർന്നു പോകാവുന്ന ജോലി . അതായത് സി ഇ ഓ ആകാം – കമ്പനീടെ . വേണെങ്കിൽ .

 

പക്ഷെ വേണ്ടല്ലോ . എല്ലാം കൂടെ എങ്ങനെ നടക്കും? ഒറ്റ ഭാര്യ അന്നാമ്മ . ഒറ്റ മോൾ. കുടുംബത്തെ നോക്കണം .

 

സീ – അന്നാമ്മ എം എ ഇംഗ്ളീഷ് ആണ് . പുള്ളിക്കാരിക്ക് ഒരു കോച്ചിങ് സെന്റർ തുടങ്ങണം . ലോൺ കുര്യാക്കോസിന്റെ പേരിൽ എടുത്തു . ഇ എം ഐ കുര്യാക്കോസിന്റെ ശമ്പളത്തീന്നു തന്നെ പോണം .

 

എന്തൊക്കെ വീട്ടിലെ പ്ലേറ്റ് കഴുക്ക് , അടുക്കള പണി , ഒക്കെ എത്ര  ചെയ്താലും , ഒരാണ് ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട് . കാശ് കാര്യം ഒക്കെ അങ്ങനെ ആണ് . ആണിന്റെ ഉത്തരവാദിത്വം ആണത് . ചിലവിനു കൊടുക്കണം . ഇതിൽ നിന്നൊന്നും ഒഴിഞ്ഞു മാറാൻ ഉള്ള ഒഴിവുകഴിവ് അല്ല വീട്ടുപണികളിൽ ഉള്ള പങ്കുപറ്റൽ . കുര്യാക്കോസിന് ഇതൊക്കെ നല്ല വണ്ണം അറിയാം .

 

പിന്നെ സെക്‌സൊന്നും അങ്ങനെ ഒന്നും ഇല്ല . കുറെ കഴിഞ്ഞാൽ പെണ്ണുങ്ങക്ക് അതിൽ ഒന്നും താല്പര്യം അത്ര കാണില്ല . നമ്മൾ നിർബന്ധിക്കാൻ പാടില്ല . മൂരാച്ചിത്തരം ആണത് .

 

പീസ് പടം ഒരിക്കൽ കാണുന്നത് അന്നാമ്മ പിടിച്ചു . “ഒരു മോളുള്ളതാ , നാണമില്ലേ മനുഷ്യാ .”

 

കുര്യാക്കോസ് ചൂളിപ്പോയി . അതോടെ അത് നിർത്തി . ഇതൊന്നും അത്ര പ്രാധാന്യം ഉള്ള കാര്യങ്ങൾ അല്ല . ചെറുപ്പം മുതലേ കണ്ടീഷൻഡ് ആയത് കൊണ്ടാണ് , നമുക്ക് ഇതൊക്കെ വലിയ കാര്യം ആയി തോന്നുന്നത് . പിന്നെ കുറച്ചൊക്കെ നമ്മുടെയുണ്ടകൾ ഉത്പാദിപ്പിക്കുന്ന ടെസ്റ്റോസ്റ്റിറോൺ എന്ന ആൺമോണിന്റെ കുഴപ്പം ആണ് . ആൺ മോൺ ജോലിക്ക് ആണുങ്ങളെ ആക്രാന്തൻമാരാക്കും . വെട്ടിപ്പിടിക്കാൻ വെമ്പൽ കൊടുക്കും . നശിച്ച സാധനം. അതിനെ ചെറുത്തു തോൽപിക്കണം .

 

വെള്ളമടി , കൂട്ടുകാർ , ടൂറുകൾ , കോണ്ഫറന്സുകൾ , ഇതൊന്നും അന്നാമ്മക്ക് ഇഷ്ടമല്ല . ഐ മീൻ , കുര്യാക്കോസ് ചെയ്യുന്നത് അന്നാമ്മക്ക് ഇഷ്ടമല്ല . കുര്യാക്കോസ് മിക്കവാറും അന്നാമ്മയെ പിണക്കാതെ നോക്കും . അതൊക്കെ അല്ലെ സ്‌നേഹം .

 

ചുരുക്കം പറഞ്ഞാൽ ചെറിയാച്ചൻ ഒരു ആൺ പന്നി അലവലാതി ആണ് . എന്ത് വിജയി ആയിട്ടെന്ത് കാര്യം ?

 

കുര്യാക്കോസിന് ജോലി കയറ്റം ഒന്നും കിട്ടിയില്ല . അതിൽ വലിയ കാര്യം ഒന്നുമില്ല .

 

പക്ഷെ അന്നാമ്മ ഇടക്ക് ചെറിയാച്ചനെ പൊക്കിപ്പറയും .

 

“ഹോ – ദേ അടുത്ത വീട് പണിതു , സ് ഉ വി വാങ്ങി . ആ സാലിക്ക് എന്തിന്റെ കേടാ ? ഇപ്പോഴും മോങ്ങി കൊണ്ടിരിക്കും .”

 

മോളെ കെട്ടിക്കാൻ ആളെ തപ്പുമ്പോൾ കുര്യാക്കോസ് പറഞ്ഞു :

 

“അവൾക്ക് വലിയ ജോലി ഒക്കെ ണ്ട് . നമുക്ക് അധികം വലിയ ജോലി ഇല്ലാത്ത ഒരുത്തനെ നോക്കിയാലോ ? വീടൊക്കെ നോക്കണ്ടേ ?”

 

“ഛീ – ഒരു യൂസ്‌ലെസ്സിനെ കൊണ്ട് കെട്ടിക്കണോ മോളെ ?” അന്നാമ്മ ചോദിച്ചു .

 

“എന്താ അപ്പൻ ഈ പറയണേ ?” മോൾ ദേഷ്യപ്പെട്ടു .

 

“ഹലോ , കുര്യാക്കോസ് എന്താണ് ആലോചിക്കുന്നത് ?” യൂറോളജിസ്റ്റിന്റെ ചോദ്യം കേട്ട് കുര്യാക്കോസ് ഞെട്ടി. ഓർമയിൽ ആണ്ടു പോയി . ചില ടെസ്റ്റുകൾ ഒക്കെ ചെയ്തിട്ട് വീണ്ടും വരാൻ പറഞ്ഞതാണ് .

 

“സീ , മിസ്റ്റർ കുര്യാക്കോസ് . ഗുഡ് ന്യൂസ് ആണ് . നിങ്ങടെ രക്തത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവ് വളരെ കുറവാണ് . അത് കൊണ്ട് ഓപ്പറേഷൻ ചെയ്തു ടെസ്റ്റിസ് എടുത്തു കളയുന്ന ഓര്കിടെക്ടമി വേണ്ട . ചില മരുന്നുകൾ ഒക്കെ കഴിച്ചാൽ മതി .”

 

ആഹാ . എന്ത് നല്ല ഗുഡ് ന്യൂസ് . അന്നാമ്മ ചിരിച്ചു . മോൾ ചിരിച്ചു . ചെറിയാച്ചൻ ചിരിച്ചു . കൊച്ചു മോൾ കാര്യം അറിയാതെ ചിരിച്ചു .

 

ഉണ്ടക്ടമി വേണ്ടാ – നോ ഉണ്ടക്ടമി നീഡഡ് .

 

വാട്സാപ്പിൽ മെസേജുകൾ പറന്നു – ഉണ്ടക്ടമി വേണ്ടാ . ‘കണ്ഗ്രാചുലേഷൻസ് , മിസ്റ്റർ കുര്യാക്കോസ് .’

 

ഫേസ് ബുക്ക് പറഞ്ഞു – നോ ഉണ്ട – നോ ഉണ്ടക്ടമി . വൗ !!!

 

ലോകം മൊത്തം കുര്യാക്കോസിന്റെ ഉണ്ടകളുടെ ഉണ്ടയില്ലായ്മയെ വാഴ്ത്തിപ്പാടി.

 

ഉണ്ടയില്ലാത്ത ലോകം – മനോഹര ലോകം .

 

“എനിക്ക് കണ്ണൂര് വരെ ഒന്ന് പോണം ” പിറ്റേന്ന് കുര്യാക്കോസ് ബാഗും എടുത്തിറങ്ങി .

 

പത്തിരുനൂർ കിലോമീറ്റർ ഉണ്ട് . പണ്ട് പഠിച്ച സ്‌കൂളിൽ ഒന്ന് പോണം . ചെറുപ്പത്തിൽ , അല്ലലുകൾ ഇല്ലാതെ ഫുട്ബോൾ കളിക്കുമ്പോൾ ലൂസായ നിക്കറിനകത്ത്  ഉണ്ടകളിൽ   ആൺമോൺ നിറഞ്ഞു തുളുമ്പിയിരുന്ന കാലം .

 

ബസിൽ നല്ല തിരക്കുണ്ട് . ബ്രെക് ഇട്ടപ്പോൾ കുര്യാക്കോസ് വേച്ചു പോയി . മുന്നിൽ നിന്ന ചെറുപ്പക്കാരിയുടെ മുതുകിൽ അറിയാതെ കൈകൾ വച്ചു . അവൾ തിരിഞ്ഞു നിന്ന് കുര്യാക്കോസിന്റെ കവിളിൽ ഒന്ന് പൊട്ടിച്ചു .

 

ആകെ ബഹളം . “മുതുക്കന്റെ ഒരു കേട് നോക്കണേ .”

 

“പൊട്ടിക്ക് = ങാ ഒന്നൂടെ .”

 

“അടിച്ചു വരി ഉടച്ചു വിടണം .”

 

ആരൊക്കെയോ അടിച്ചു , ഇടിച്ചു , ഷർട് വലിച്ചു കീറി .

 

“പോലീസ് സ്റ്റേഷനിലോട്ട് പോട്ടെ .”

 

“ഓ – വേണ്ടന്നെ – അറിയാതെ പറ്റിയതാന്നാ കെളവൻ പറയുന്നേ . ഇവിടെ ഇറക്കി വിട് .”

 

ബസ് നിർത്തി , ആരൊക്കെയോ കുര്യാക്കോസിനെ തള്ളി ഇട്ടു .

 

കുര്യാക്കോസ് വേച്ചു വേച്ചു വീട്ടിൽ കയറി . ബെഡ്‌റൂമിൽ എന്തോ ഒരു ശബ്ദം . നോക്കുമ്പോൾ , ഈ പ്രായത്തിലും ജിമ്മിൽ ഒക്കെ പോയി ഇർഫാൻ ഖാന്റെ പോലെ ഇരിക്കുന്ന ചെറിയാച്ചൻ അന്നാമ്മയുടെ ചുണ്ടത്ത് കെട്ടിപ്പിടിച്ചു കിസ് ചെയ്യുന്നു !

 

ആശ്വസിപ്പിക്കാൻ ആണ് . വേറൊന്നും അല്ല .

 

കുര്യാക്കോസ് ഇറങ്ങി . ഓട്ടോ പിടിച്ചു നേരെ യൂറോളജിസ്റ്റിന്റെ ഓ പി യിലേക്ക് ചെന്നു . മുറിയിലേക്ക് ഓടിക്കയറി . മുണ്ട് ഊരി എറിഞ്ഞു . ജെട്ടിയും .

 

എല്ലാം വെളിപ്പെട്ടു . ശുഷ്കിച്ചത് ആണെങ്കിലും ഭയങ്കര എഫക്ട് ഉണ്ടായി . ഡോക്ടർ ചാടി എണീറ്റ് കസേര മറിഞ്ഞു . ടമാർ . നേഴ്സ് ഓളിയിട്ടു – അയ്യോ . രോഗികൾ ഇറങ്ങി ഓടി .

 

“കളയണം ഡോക്ടർ . ഉണ്ടക്ടമി ചെയ്യണം .” കുര്യാക്കോസ് അലറി .

 

കൃത്യം ആ സമയത്ത് കുര്യാക്കോസിന്റെ ഉണ്ടകളിൽ ഒന്നിൽ ഒരേ ഒരു ബീജം ഉത്പാദിപ്പിക്കപ്പെട്ടു . ഒരൊറ്റ ഒരെണ്ണം . ബാക്കി ഉള്ള ഏതാനും ആൺമോൺ തന്മാത്രകൾ അതിനെ പൊതിഞ്ഞു പ്രോത്സാഹിപ്പിച്ചു . അത് അങ്ങോട്ടും ഇങ്ങോട്ടും അത്യുത്സാഹത്തോടെ നീന്തി .

 

എന്തിന് ? ആ . ചുമ്മാ ഒരു രസം . വെറുതെ ഒരാശ . (ജിമ്മി മാത്യു )

 

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .