ജീ മീ മുത്തു എന്ന ഇരുപതുകാരൻ കുറ്റിക്കാട്ടിൽ നിന്ന് എത്തി നോക്കി . മാൻ തോൽ കോണകം ഇട്ട് കുന്തിച്ചിരിക്കുന്നത് അത്ര എളുപ്പമല്ല . പതിനാറു വയസു വരെ ഒന്നും ഇട്ടിട്ടില്ലല്ലോ . കോപ്പ് – ചൊറിയുന്നു .
പതിനേഴു വയസായപ്പോഴേക്കും ഉടൻ കോണകോം കെട്ടി ഇറങ്ങണല്ലോ , വേട്ടക്ക് . വീരതയും ശൂരതയും ഒക്കെ കാണിച്ചു കൊടുക്കണമല്ലോ – ധീര മൂപ്പൻ കാലുവിന്റെ മോൻ ആയിപ്പോയില്ലേ . അപ്പനും അപ്പന്റെ കൊറേ ഫ്രണ്ട്സ് തെണ്ടികളും അടുത്ത് തന്നെ കുന്തിച്ച് ഇരുപ്പുണ്ട് . ഒരു മൈൽ അപ്പുറത്ത് നിന്നും , ഗോത്രത്തിലെ വേറെ കൊറേ അലവലാതീസ് കറങ്ങി ചെന്ന് ഓടിച്ചോണ്ട് വരുന്നുണ്ട് . ഇപ്പൊ താഴയുള്ള വിശാല താഴ്‌വരയിൽ എത്തും . താഴെ ഉള്ള താഴ്വര – നല്ല ഫീൽ , അല്ലെ ?
പൊതപ്പ് നന്നായി ഒന്നോടെ ചുറ്റി . എന്തൊരു തണുപ്പാണിഷ്ടോ . ഉച്ച ആവാറായി . എല്ലാടത്തും മഞ്ഞും ഒക്കെ തന്നെ .
ആരെ ആണ് ഓടിച്ചോണ്ട് വരുന്നത് എന്നല്ലേ ? മാമത്തുകൾ .
ഓ – മാമത്ത് എന്താണെന്നു അറിഞ്ഞൂടെ ? ഹോ – എല്ലാം മാമൻ പറഞ്ഞു തരണം . ഒരു ബസിന്റേം അത്ര ഒള്ള ആനകൾ എന്ന് വിചാരിച്ചോ . വളഞ്ഞ കൊടിമരം പോലത്തെ കൊമ്പുകൾ . ഇപ്പൊ നമ്മൾ ഒരെണ്ണത്തിനെ കണ്ടാൽ അപ്പൊ കോണത്തിൽ മുള്ളും – സോറി ടാന്റക്സ് ജെട്ടിയിൽ .
പക്ഷെ നമ്മുടെ കഥ നടക്കുന്ന കാലത്ത് നോ ടാന്റക്സ് ജെട്ടി . നോ ബസുകൾ . അതിനൊക്കെ നാൽപ്പതിനായിരം കൊല്ലം ഇനീം കഴിയണം .
അമ്മോ . ദേ ഭൂമികുലുക്കം പോലെ ഒരു ശബ്ദം . ഡമ്പട, ഡമ്പട, ഡമ്പടാ – ഡെമ്പോ . ദേ വരുന്നു , മാമത്ത് കൂട്ടം . ഹോ . എന്തുട്ടാ ഒരു ഗംഭീരത. ഐ മീൻ ഗാംഭീര്യം . എന്ത് ലുക്കാ . ഓരോന്നും എത്ര ടൺ ഇറച്ചി കാണും . ഐസിനകത്ത് കുഴിച്ചിട്ടാൽ ഒരെണ്ണം മതി – ഒരു മാസം എല്ലാര്ക്കും ചുട്ടു തിന്നാം .
അലർച്ചയോടെ എല്ലാരും ചാടി ഇറങ്ങി . കല്ലറ്റമുള്ള കൂർത്ത മരക്കുന്തങ്ങൾ ചുഴറ്റി അലറി . നൂറു ഗമണ്ടൻ കാൽപാദങ്ങൾ ഏറ്റ് അടിമണ്ണ് പ്രകമ്പനം കൊണ്ടു. മഞ്ഞും പുല്ലുകളും തമ്മിൽ അരഞ്ഞു ചേർന്നു .
അവർ നേരത്തെ മണലിൽ വരച്ച് പ്ലാൻ ചെയ്ത പോലെ തന്നെ , മലയുടെ വിളുമ്പിലേക്ക് അവ തിരിഞ്ഞു . ഒരെണ്ണം വീണാൽ മതി , ഒരേ ഒരെണ്ണം . ഗോത്ര ദൈവമായ ജീ സീയൂസേ , പൂർവിക ആല്മാക്കളെ – കനിവ് തോന്നണേ!
അലറിക്കൊണ്ട് ജീ മീ മറ്റുള്ളവരെക്കാൾ വേഗത്തിൽ ഓടി . തല മേലെ ചൂടില്ലാത്ത മധ്യാഹ്ന സൂര്യൻ തിളങ്ങി . മുഖത്ത് തണുത്ത കാറ്റ് മൂളക്കത്തോടെ അടിച്ചു. അങ്ങ് ദൂരെ ചക്രവാളം വരെ പൊക്കമുള്ള കോണിഫർ മരങ്ങൾ നിരന്നു . തൊട്ടു ഇടത് വശത്ത് അഗാധ കൊക്ക വായ പൊളിച്ചു .
ഒരു വണ്ടൻ കൊമ്പന്റെ കാലിൽ തന്നെ കുന്തം കൊണ്ട് ഒരൊറ്റ കുത്ത് . എവ്ട്ന്നാണീ ധൈര്യം വന്നത് ? അത് ജീ മീക്ക് അറിയില്ല . കാലിടറി , കൊമ്പൻ താഴോട്ട് .
ബിധിം ! എന്നൊന്നും പറഞ്ഞാ പോരാ . ഒരു ഇമ്മിണി വലിയ ബിധിം . ഇമ്മിണി അല്ല . തോനെ വലുത് . ഒരു ബ്രഹ്മാണ്ഡ ബിധിം . ജിണ്ടാസ് ബിധിം . ഹിമാലയ ബിധിം . ഒരു കാക്കത്തൊള്ളായിരം ബിധിം ഒന്നിച്ചു കുഴച്ച പോലത്തെ ബിധിം .
കൊമ്പൻ കൊക്കയിൽ ! ഹോ . ജയഭേരി എന്ന് കേട്ടിട്ടുണ്ടോ ? എന്നാ ഇപ്പൊ കേട്ടോ . അതാണ് ജയഭേരി . നൂറുകണക്കിന് കറുത്ത മനുഷ്യർ തൊണ്ട പൊട്ടി ആ സാമാനം മുഴക്കി . അഴിയുന്ന മാൻതോൽ കോണകങ്ങൾ വലിച്ചു കെട്ടി , ജീ മീ യെ എടുത്തു പൊക്കിക്കൊണ്ട് താഴേക്ക് നടന്നു .
മൂപ്പൻ മോനെ അഭിമാനത്തോടെ നോക്കി പതുക്കെ ഇറങ്ങി .
പരുക്കേറ്റ് വീണുകിടക്കുന്ന മാമത്തിനെ എറിഞ്ഞും കുത്തിയും കൊല്ലാൻ പിന്നേം എടുത്തു ഒരു നാഴിക .
ഇറച്ചിയൊക്കെ മുറിച്ചെടുത്ത് തോൾ ചാക്കുകളിലാക്കി തിരിച്ചു പോകുമ്പോ ആണ് അവയെ കണ്ടത് . ഒരു കൂട്ടം .
“ദേ – പൊട്ടൻ കൂട്ടം !!” ഒരുത്തൻ വിളിച്ചു പറഞ്ഞു .
ജീ മീ ജിജ്ഞാസയോടെ നോക്കി . പൊട്ടൻകൂട്ടങ്ങൾ ! കാട്ടിൽ അവിടവിടായി അവരുണ്ട് . പലരും പറഞ്ഞു കേട്ടിട്ടുണ്ട് . ‘പൊട്ടൻകൂട്ടത്തിനു കൊടുക്കും’- കുസൃതി കാട്ടുമ്പോ അമ്മ പറയാറുണ്ട് . എന്നിട്ടമ്മ ജീ മീ യുടെ കൂടെ കളിക്കാറുള്ള ലീ മയെ പാളി നോക്കും . സ്വല്പം വെളുത്ത നിറവും കറുപ്പിന് ലേശം ചുവപ്പ് രാശിയുള്ള മുടിയും വികൃത രൂപവുമാണ് ലീ മെയ്ക്ക് . വർത്താനം പറയുമ്പോ വ്യക്തത ഇല്ലാതെ ആണ് ആണ് ലീ മ പറയുക . ലീ മയുടെ അമ്മ പൊട്ടൻകൂട്ടക്കാരി ആയിരുന്നത്രേ ! അവളുടെ അച്ഛനും കൂട്ടക്കാരും ഏതോ യുദ്ധത്തിന് പോയിട്ട് പിടിച്ചോണ്ട് വന്നതാത്രേ .
പാറക്കെട്ടിനപ്പുറത്ത് അവയെ കാണാം . ഒരു ഇരുപത് പേരുണ്ട് . മുന്നോട്ട് തള്ളിയ വികൃത മുഖങ്ങളും വെളുവെളാ ഉള്ള ദേഹങ്ങളും . തുണി ഒന്നും അധികമില്ല . പിന്നെ ചൊമല മുടി ! ചൊമല രോമങ്ങൾ ദേഹം മൊത്തവും ഉണ്ട് . കുറുകിയ ആകാരം .
“പട്ടിണി കിടന്ന് ചാവാറായ ഒരു കൂട്ടമാ” മൂപ്പൻ പറഞ്ഞു . ശരിയാണ് . മിക്കവരുടെയും എല്ലൊക്കെ ഉന്തി നിക്കുന്നു. ഇങ്ങോട്ട് നോക്കുന്നുണ്ട് . ഓടാൻ പോലും ശേഷിയില്ല . ഒരു പെണ്ണിന്റെ ഒക്കത്ത് ഒരു കുട്ടി ഉണ്ട്. ചെമന്ന മുടിയും ഉന്തിയ കണ്ണും വയറും.
അത് കരയാൻ വാ പൊളിച്ചു . ശബ്ദം പുറത്തേക്ക് വന്നില്ല . തൊണ്ട വറ്റിയിരുന്നു . തള്ളയുടെ മുലയും . ശോഷിച്ച ആ ചെറിയ ദേഹത്തേക്കാണ് ജീ മീ അമ്പ് വച്ച് വില്ല് കുലച്ചത് .
” ഉം- വിടടാ മോനേ ” – മൂപ്പൻ പ്രോത്സാഹിപ്പിച്ചു .
അമ്പു ലക്‌ഷ്യം കണ്ടപ്പോൾ ജീ മീക്ക് ഒട്ടും കുറ്റബോധം തോന്നിയില്ല . ചാരിതാർഥ്യം തോന്നി .
—————————————————————————————-
പടെ !
ഞാൻ നിലത്ത് വീണു ഞെട്ടി എണീറ്റു . മുള്ളാൻ മുട്ടുന്നുണ്ട് . തല വേദനിക്കുന്നു . എന്തൊരു സ്വപ്നഷ്ടോ . ഞാൻ ആയിരുന്നു ജീ മീ ! പഴേ ഏതോ പൂർവിക സംഭവം ആരിക്കും ഇങ്ങനത്തെ സ്വപ്നം ഒക്കെ ആയി കാണുന്നത് . ഒരറുപതിനായിരം കൊല്ലം മുൻപേ ആണല്ലോ നമ്മൾ ആധുനിക മനുഷ്യർ ആഫ്രിക്കയിൽ നിന്ന് പുറത്തിറങ്ങിയത് . അപ്പൊ യൂറോപ്പിലെ തണുപ്പിൽ ഉണ്ടായിരുന്ന മറ്റൊരുതരം മനുഷ്യർ ആയിരുന്നു നിയാണ്ടെർത്താലുകൾ . ഒന്ന് രണ്ടു ലക്ഷം മുൻപേ ആഫ്രിക്കയിൽ നിന്ന് പോയ വേറൊരു മനുഷ്യക്കൂട്ടം .
നമ്മൾ ചെന്നിട്ട് ഒരു പതിനായിരം കൊല്ലത്തിനുള്ളിൽ അവരൊക്കെ അപ്രത്യക്ഷമായി ! പക്ഷെ ഇപ്പൊ ആഫ്രിക്കക്ക് പുറത്തുള്ള മനുഷ്യരിൽ നിയാണ്ടെർതാൽ ജനിതക അംശം സ്വല്പം ഉണ്ട്! അവരും മനുഷ്യർ തന്നെ ആയിരുന്നു ! പല പല തരം മനുഷ്യർ ഉള്ള ഒരു ലോകം ! എന്താല്ലേ !?
നമ്മൾ ഒരൊറ്റ വർഗം മാത്രേ ഇപ്പൊ ഉള്ളു . എന്നിട്ടും എന്തോരം അടി . കൂട്ടക്കൊലകൾ , യുദ്ധങ്ങൾ . പതുക്കെ നമ്മൾ ഒറ്റ ലോകം ആവുകയാണല്ലോ . ഇനി ഇപ്പൊ സമാധാനം വരുവായിരിക്കും .
മുള്ളീട്ടു വേഗം കേറി കിടന്നു .
—————————————————-
ചീഫ് സ്‌പെയ്‌സ് മാർഷൽ ചീ മീ മത്തി ഒരു കോടി പ്രകാശവര്ഷങ്ങൾക്കപ്പുറത്ത് നിന്ന് ഒരൊറ്റ ക്വാണ്ടം ലീപ്പിൽ ആണ് സോൾ എന്ന ആ നക്ഷത്രത്തിനടുത്ത് എത്തിയത് . ഒരു ബസിന്റെ അത്രേ ഉള്ളു അയാളുടെ യുദ്ധ സ്പെയ്സ് വാഹനം . പക്ഷെ അങ്ങേര് ബസൊന്നും കണ്ടിട്ടില്ല . ഇവിടുത്തെ ബസിന്റെ കാലം കഴിഞ്ഞിട്ട് നാല്പതിനായിരം കൊല്ലങ്ങൾ കഴിഞ്ഞിരുന്നു .
ചീ മീ പോർട്ടലിലൂടെ പുറത്തേക്ക് നോക്കി . അതാ കാണാം . ഒരു നീല ഗ്രഹം . നീല സമുദ്രങ്ങൾ . തടാകങ്ങൾ . കാടുകൾ .
നഗരങ്ങൾ . ശതകോടിക്കണക്കിനു മനുഷ്യർ . പക്ഷെ ഒക്കെ ശത്രുക്കൾ . ഈ ഗൃഹം ആണത്രേ മൂല ഗ്രഹം ! മനുഷ്യൻ ഇവിടാണത്രെ ഉണ്ടായത് ! ഓരോ ഐതിഹ്യങ്ങളേ. ചീ മീക്ക് ചിരി വന്നു .
ഫ്യൂഷൻ ബോംബ് ഘടിപ്പിച്ച മിസൈൽ പതിയെ ചീ മീ ഗ്രഹത്തിന് നേരെ തിരിച്ചു . ഒറ്റയടിക്ക് അത് മൊത്തം വെറും ബഹിരാകാശ ധൂളി ആകും .
സ്വിച്ച് ഞെക്കിയപ്പോൾ ചീഫ് സ്‌പെയ്‌സ് മാർഷൽ ചീ മീക്ക് കുറ്റബോധം തോന്നിയില്ല . ചാരിതാർഥ്യം തോന്നി .
(ജിമ്മി മാത്യു )