ജാതിയും വെളുപ്പും ഇൻഡ്യാക്കാരും – പോപ്പുലേഷൻ ജനറ്റിക്സ് എന്ന നിരോധിക്കേണ്ട ശാസ്ത്രം:

ഇച്ചിരി പേടിക്കണ്ട സമയങ്ങൾ ആണ് . നമ്മൾ എന്തെങ്കിലും കുത്തി ക്കുറിക്കും. മാഷിന്റെ പടം കോമഡിയായി വരക്കും. ബെഞ്ചിൽ അടുത്തിരിക്കുന്നവൻ നമ്മളെ – “ദേ സാർ നോക്കിയേ – ഈ ജിമ്മി ” എന്ന് വിളിച്ചു കൂവും . നമ്മൾ മൂഞ്ച് മിടായി തിന്നും .

 

ഒരു സാറിനെതിരെയും ഒന്നും ചെയ്യാൻ പറ്റില്ല – പ്രശ്നമാണ് . അതിപ്പോ ജ്വലാക്കെതിരെ ആണെങ്കിലും, ആമിർ ഖാനെതിരെ ആണെങ്കിലും സാറന്മാർ ഒരു പോലാണ് .

 

എന്നാൽ പടക്കം പൊട്ടിച്ചവൻ ആണെങ്കിലും , കത്തി കുത്ത് നടത്തിയവർ ആണെങ്കിലും സാറിന്റെ ബന്ധുവോ സുഹൃത്തിന്റെ മകനോ ആണെങ്കിൽ ഒന്നും സംഭവിക്കില്ല – തെളിവില്ലെന്ന് !

 

അപ്പൊ – ഭാവി ഇനി അതിലാണ് – ഒറ്റി കൊടുക്കലിൽ . എന്റെ ക്‌ളാസിൽ ഒരുത്തൻ ഉണ്ടായിരുന്നു . വേണ്ടാത്ത ചീത്ത പുസ്തകം ഒക്കെ ചിലർ കൊണ്ട് വന്നു വായിക്കും . പടം നോക്കും . ഞാൻ അതൊന്നും നോക്കാറേ ഇല്ല – അത് പറയണ്ടല്ലോ . ഈ പറഞ്ഞ പയ്യനെ നമുക്ക് മൈലാഞ്ചി എന്ന് വിളിക്കാം . അവൻ ഇതൊക്കെ വാങ്ങി പടം നോക്കും; അറഞ്ചം പുറഞ്ചം വായിക്കും . എന്നിട്ട് സാറിനു കൊണ്ട് കൊടുക്കും .

 

“സാർ  ഈ ———(ഡാഷ്) കൊണ്ട് വന്നതാ . ”

 

ഈ റോൾ എനിക്ക് നന്നായി ചേരും എന്ന് തോന്നുന്നു . അത് കൊണ്ട് ബാൻ ചെയ്യണ്ട സാധനങ്ങൾ ഒക്കെ സർക്കാരിന് പറഞ്ഞു കൊടുക്കുക എന്നതാണ് എന്റെ ഒരു ജോലി .

 

സൽമാൻ റാഷദീന്റെ ‘സാത്താൻ പാട്ടുകൾ “, നിക്കോസ് കശാന്തിന്റെ ‘ക്രിസ്തുവിന്റെ അന്ത്യ പ്രലോഭനം ‘ ഒക്കെ വായിച്ചു രസിച്ചു . എന്തിന് , വെന്ഡി ഡോണിഗറിന്റെ പുസ്തകം വരെ വായിച്ചു .

 

പിന്നേം ബാൻ ചെയ്യേണ്ട കുറെ പുസ്തകങ്ങൾ കിട്ടിയിട്ടുണ്ട് . നെഹ്രുവിന്റെ പുസ്തകങ്ങൾ , റോമിലെ ഥാപ്പറിന്റെയും , രാമാ ചന്ദ്ര ഗുഹയുടെയും ഒക്കെ ബാൻ ചെയ്യേണ്ടവ ആണ് . കാരണം അതിലൊക്കെ പറയുന്നത് ഇന്ത്യക്കാർ പല ജന വിഭാഗങ്ങൾ ചേർന്നവർ ആണെന്നാണ് ! കഷ്ടം . മിക്ക സായിപ്പൻ ചരിത്രകാരന്മാരും അതൊക്കെ തന്നെ ആണ് പറയുന്നത് .

 

പറയുന്നതിന് ചില കാരണങ്ങൾ ഉണ്ട് . നമ്മുടെ നാട്ടിൽ പല ‘ലുക്ക് ‘ ഉള്ള ജനങ്ങൾ ഉണ്ട് . വെളുത്തവർ ഉണ്ട് , കറുത്തവർ ഉണ്ട് . ചുണ്ടുകൾ , മുടി , ഇവയിലൊക്കെ പ്രകടമായ വ്യത്യാസം ഉണ്ട്. രവി ചന്ദ്രൻ സാർ പറഞ്ഞ പോലെ ഒന്നും ഇല്ലെങ്കിലും ജാതീയമായി ചിലർക്കെങ്കിലും ചില പ്രത്യേകതകൾ കാണാൻ പറ്റും.

 

പ്രധാനമായും രണ്ടു വർഗ്ഗത്തിൽ പെട്ട ഭാഷകൾ ആണ് ഇവിടെ സംസാരിക്ക പ്പെടുന്നത് . ഒന്ന് , ഹിന്ദി , ഗുജറാത്തി , മറാത്തി, ബംഗാളി ഒക്കെ ഉൾപ്പെടുന്ന ഇൻഡോ യൂറോപ്യൻ ഭാഷകൾ . രണ്ട് – മലയാളം , തമിഴ് , കന്നഡ , തെലുങ്ക് , ഇവ ഉൾപ്പെടുന്ന തെക്കേ അറ്റത്തു പ്രധാനമായി സംസാരിക്കുന്ന ദ്രാവിഡ ഭാഷകൾ . അവിടവിടെയായി , ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ നടുക്കും ഒക്കെ ചില ഗോത്ര ഭാഷകൾ ദ്രാവിഡം ആണ് . പാകിസ്താനിലെ ഒരു ഗോത്ര വർഗക്കാർ സംസാരിക്കുന്ന ബ്രാഹുയി എന്ന ഭാഷ ദ്രാവിഡം ആണ് .

 

ഹിന്ദിയും ഉത്തരേന്ത്യൻ ഭാഷകളും മാത്രമല്ല ഇൻഡോ യൂറോപ്യൻ ഭാഷകളിൽ പെട്ടത് . ഇറാനിയൻ , അർമേനിയൻ , ഇംഗ്ളീഷ് , ജർമൻ , ഫ്രഞ്ച് പിന്നെ യൂറോപ്യൻ ഭാഷയുടെ പൂർവികരായ ഗ്രീക്ക്, ലാറ്റിൻ , പിന്നെ നമ്മുടെ ഉത്തരേന്ത്യൻ ഭാഷകളുടെ പൂർവികർ ആയ സംസ്കൃതവും ഇൻഡോ യൂറോപ്യൻ ആണ്! (ഉദാ : മാതാഹ്, പിതാഹ് – സംസ്‌കൃതം . മാതർ ,പിതർ- ലാറ്റിൻ). ദ്രാവിഡ ഭാഷകൾക്ക് ഇന്ത്യയുടെ പുറത്തുള്ള ഒരു ഭാഷയും ആയി ബന്ധം ഇല്ല .

 

പിന്നെ പുരാവസ്തു ഗവേഷകരുടെ കണ്ടെത്തലുകൾ ഉണ്ട് . 2500 ബിസി മുതൽ , 1800 ബിസി വരെ ഇന്ത്യയുടെ വടക്കു കിഴക്ക് അതി പ്രബലമായി നിന്നിരുന്ന ഒരു സംസ്കാരം ആണ് സിന്ധു നദീ തട സംസ്കാരം . നഗരങ്ങൾ , കെട്ടിടങ്ങൾ , പ്രതിമകൾ , ആട് , മാട് , കര കൗശല വസ്തുക്കൾ ഒക്കെ കണ്ടമാനം ഉണ്ട് . കുതിരകൾ തീരെ ഇല്ല .

 

ആരായിരുന്നു സിന്ധു സംസ്കാരത്തിന്റെ ആൾക്കാർ ? ആർക്കറിയാം . ആർക്കും അറിയില്ല . ഭാഷ അറിയില്ല . ഇത് വരെ ചില എഴുത്തുകൾ വായിക്കാൻ പറ്റിയിട്ടില്ല .

 

കുറെ നാക്കില്ലാത്ത പുരാവസ്തുക്കൾ മാത്രം . 1800 ബി സി യോടെ ഈ സംസ്കാരത്തിന്റെ ശേഷിപ്പുകൾ അവസാനിക്കുക ആണ് .

 

പിന്നെ ചരിത്രകാരന്മാർ കേൾക്കുന്നത് ഋഗ്വേദത്തിന്റെ കർണ മധുരമായ മാന്ത്രിക ധ്വനികൾ ആണ് . ഇന്ദ്രൻ , സൂര്യ ദേവൻ . കുതിര വണ്ടികൾ . സോമ രസം , ചാതുർവർണ്യം . ബ്രാഹ്‌മണന്മാർ തലമുറ തലമുറ ആയി മൂവാരിത്തഞ്ഞൂറോളം കൊല്ലം വാമൊഴി ആയി മാത്രം കൈമാറി വന്ന വേദങ്ങൾ ലോകത്തിലെ തന്നെ മഹാത്ഭുതങ്ങളിൽ ഒന്നാണ് . 2000 ബി സിക്കും , 1500 ബി സി ക്കും ഇടക്കാണ് വേദങ്ങളുടെ ഉത്ഭവം . ഹിസ്റ്റോറിക്കൽ ലിംഗയ്സ്റ്റിക്സ് എന്ന ശാസ്ത്രം ഇത് വ്യക്തമാക്കുന്നുണ്ട് .

 

ഇതോന്നും ഒരു തെളിവല്ല എന്ന് നമുക്കറിയാം . ഇത്രയും കാര്യങ്ങളിൽ നിന്ന് നമുക്ക് എന്ത് മനസ്സിലായി ? അതിലെ കാര്യമില്ല . എന്ത് മനസ്സിലാക്കണം എന്ന് മാത്രം അറിഞ്ഞാൽ മതി :

 

1 . അതി പുരാതന കാലം മുതൽക്കേ (പത്തിരുപത്തിനായിരം വര്ഷം ആയി ) നമ്മൾ ഒരു ജനത ആയിരുന്നു .

 

2 . ഈ തൊട്ടടുത്ത കാലം വരെ അങ്ങനെ ആയിരുന്നു . പിന്നെ പെട്ടന്ന് , മുഗളന്മാർ , ബ്രിടീഷുകാർ . പിന്നത്തെ കാര്യം ഒന്നും പറയണ്ടല്ലോ . ബ്രിടീഷുകാർ ഉണ്ടാക്കിയതാണ് ജാതീയം ആയ വേർതിരിവുകൾ .

 

അപ്പൊ കുറെ ചരിത്ര പുസ്തകങ്ങൾ ബാൻ ചെയ്തു പുതിയവ എഴുതിയാൽ സംഭവം ക്ളീൻ ആയി . സായിപ്പന്മാരെ ചരിത്രം പഠിക്കാന് ഇനി ഇങ്ങോട്ട് അടുപ്പിക്കുകയെ അരുത് .

 

അപ്പോഴാണ് പുതിയ ഒരു പ്രശ്നം – പോപ്പുലേഷൻ ജനറ്റിക്സ് എന്ന ശാസ്ത്ര ശാഖയുടെ ജനനം . ലൂക്ക കവല്ലി ഫോസാ എന്ന സായിപ്പ് ആണ് ഇതിന്റെ ഉപജ്ഞാതാവ് .

 

ഈ ശാസ്ത്രം അങ്ങനെ തന്നെ ബാൻ ചെയ്യണം എന്നാണു എന്റെ ഒരിത് . അങ്ങനെ ചെയ്‌താൽ അത് നല്ല ഒരിതായിരിക്കും.

 

കഴിഞ്ഞ ഒരു അഞ്ചാറു കൊല്ലത്തിനടിയിൽ അതി ഭയങ്കര വികാസങ്ങൾ ആണ് ഈ ശാസ്ത്രത്തിനു ഉണ്ടായിരിക്കുന്നത് . സംശയങ്ങൾ ഉള്ളവർ ഈ രംഗത്തെ ഒരു അതികായൻ ആയ ഡേവിഡ് റെയ്ക് എഴുതിയ who we are and how we got here എന്ന പുസ്തകം  വായിക്കാതിരിക്ക്മല്ലോ( ബാൻ ചെയ്താൽ വായിക്കാതിരിക്കാമല്ലോ ) . ആരാണ് നാം ? നമ്മൾ എങ്ങിനെ ഇവിടെ എത്തി ? – ഇതാണ് പുസ്തകത്തിന്റെ പേര് . ഇതിൽ ‘ഇന്ത്യയെ ഉണ്ടാക്കിയ കൂട്ടി മുട്ടൽ ” എന്ന അദ്ധ്യായം തീരെ വായിക്കരുത് .

 

പണ്ടത്തെ ജന വിഭാഗങ്ങളുടെ യാത്രകൾ , മാറ്റങ്ങൾ , മാറി താമസിക്കലുകൾ എന്നിവ , അവിടുള്ള ഇപ്പോഴത്തെ മനുഷ്യരുടെ ഉള്ളിൽ ഉള്ള ഡി ൻ എ പടിക്കുന്നതിലൂടെ സാധിക്കും എന്നതാണ് ഈ ശാസ്ത്രത്തിന്റെ കാതൽ . അത് മാത്രം അല്ല – ഈ അടുത്ത കാലത്തായി , പുരാതന ശവ ശരീരങ്ങളുടെ എല്ലിലെ മജ്ജയിൽ നിന്ന് ഡി ൻ എ വേർതിരിച്ചെടുത്ത് ഇതേ പഠനങ്ങൾ  ചെയ്യാം , കാര്യങ്ങൾ ഒത്തു നോക്കാം .

 

ഈ ശാസ്ത്രം മൂലമുള്ള നിഗമനങ്ങൾ കേട്ടാൽ നമുക്ക് ദേഷ്യം വന്നു പോകും . അത്ര പൈശാചികം ആണ് . ബാൻ ചെയ്യാതെ നിവർത്തിയില്ല , ഈ ശാസ്ത്രം . പ്രധാന നിഗമനങ്ങൾ താഴെ കൊടുക്കുന്നു . വായിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ .

 

അൻപതിനായിരം കൊല്ലങ്ങൾക്ക് മുൻപ് ആഫ്രിക്കയിൽ നിന്ന് പുറത്തിറങ്ങിയ ആദിമമനുഷ്യർ ഇന്ത്യ വഴി ഓസ്‌ട്രേലിയ വരെ എത്തി . അവരുടെ പിന്തലമുറക്കാർ ആണ് ഓസ്‌ട്രേലിയൻ ആദി വാസികൾ . നമ്മുടെ ആൻഡമാൻ ദ്വീപിൽ ഉള്ള ചിലർ ഇവരുടെ വർഗ്ഗത്തിൽ പെട്ട കലർപ്പ് അധികം ഇല്ലാത്തവർ ആണ് .

 

ഇന്ത്യയിലെ മറ്റു മനുഷ്യർ എല്ലാം തന്നെ കലർപ്പുള്ളവർ ആണ് . പിന്നീട് രണ്ടു പ്രധാന ജന വിഭാഗങ്ങൾ ആണ് ഇങ്ങോട്ടു വന്നു ഇട  കലർന്ന് ഇന്ത്യൻ ജനത ആയത് .

 

ഒമ്പതിനായിരം കൊല്ലങ്ങൾക്ക് മുൻപ് ഒരു ജനത (ഇറാൻ ഭാഗത്തെ കർഷക ജനത ) ഇവിടെ വന്നു , ആദിമ  വർഗക്കാരുമായി കൂടി കലർന്ന് തെക്കേ ഇന്ത്യൻ പൂർവിക ജനത എന്ന ജന വിഭാഗം രൂപപ്പെട്ടു( ancestral south indians ). ഈ ജനതയുടെ ഭാഷ ദ്രാവിഡം ആയിരുന്നു എന്ന് ചില സൂചനകൾ ഉണ്ട് .

 

2000 ബി സി യോടെ ഒരു വളരെ പ്രധാന ജനതയുടെ തള്ളിക്കയറ്റം ഉണ്ടായി . ഇവരെ വടക്കേ ഇന്ത്യൻ പൂർവിക ജനത എന്ന് വിളിക്കാം . റഷ്യൻ പുൽത്തകിടികളിൽ കന്നു കാലികളെ മേച്ചു നടന്നു , കുതിരവണ്ടികളിൽ യുദ്ധം ചെയ്യുന്ന യാമ്‌നായ എന്ന ജനതയുമായി  ഈ ജനതക്ക് അടുത്ത ബന്ധം ഉണ്ട് . ഇവരാണ് ഇതേ സമയത്തും കുറച്ചു മുൻപും ആയി യൂറോപ് മൊത്തം പടർന്നു ഇൻഡോ യൂറോപ്യൻ ഭാഷകൾ പടർത്തിയത് .

 

ഏകദേശം 200 എ ഡി വരെ ഈ രണ്ടു ജനതകളും തമ്മിൽ കൂടി കലർന്നു . പ്രധാനമായും വടക്കേ ഇന്ത്യൻ പൂർവിക ജനതയുടെ ആണുങ്ങളിൽ നിന്ന് തെക്കേ ഇന്ത്യൻ പൂർവിക ജനതയുടെ പെണ്ണുങ്ങളിലേക്കാണ് ഇട കലരൽ നടന്നത് . കലർപ്പില്ലാത്ത ഒരൊറ്റ ജനതയും ഇന്ത്യയിൽ ഇല്ല (ആൻഡമാൻ ദ്വീപുകളിൽ അല്ലാതെ ). വടക്കേ ഇന്ത്യയിൽ , ഇൻഡോ യൂറോപ്യൻ ഭാഷാ സംസാരിക്കുന്നവരിൽ ani മിശ്രണം ആണ് കൂടുതൽ . ദ്രാവിഡ ഭാഷ സംസാരിക്കുന്നവരിൽ asi മിശ്രണം ആണ് കൂടുതൽ .

 

200 എ ഡി തൊട്ട് ഇവിടെ ജാതികൾ തമ്മിൽ മിശ്രണം അധികം നടന്നിട്ടേയില്ല ! ഒരേ സ്ഥലത്തെ ജാതികൾ തമ്മിൽ , വടക്കേ യൂറോപ്പും തെക്കേ യൂറോപ്പും തമ്മിൽ ഉള്ള വ്യത്യാസത്തെക്കാൾ മൂന്നു മടങ്ങു വരെ വ്യത്യാസം ഉണ്ട് എന്ന് കണക്കാക്കാമത്രേ!

 

അത് മാത്രമല്ല – ഉയർന്ന ജാതികളിൽ ani മിശ്രണം കൂടുതൽ ആണത്രേ . താഴ്ന്ന ജാതികളിൽ asi മിശ്രണം ആണ് കൂടുതൽ എന്ന് . ഒരേ സംസ്ഥാനങ്ങളിൽ , ഒരേ ഭാഷ സംസാരിക്കുന്നവരിൽ ഇതേ പാറ്റേൺ ആണെന്ന അവിശ്വസനീയമായ കാര്യം ഒരു ഉളുപ്പും ഇല്ലാതെ കാര്യ കാരണ സഹിതം പറഞ്ഞു വക്കുന്നു ഈ ശാസ്ത്രം .

 

മാത്രമല്ല , ചില പാറ്റേണുകൾ നോക്കുമ്പോൾ ചില deep divisions അഥവാ അതി പുരാതന വ്യത്യാസങ്ങൾ കാണാം . അതിൽ നിന്നും , asi യുമായി മിക്സ്  ചെയ്യുന്നതിന് മുൻപേ തന്നെ ജാതി വ്യത്യാസങ്ങൾ ani യിൽ ഉണ്ടായിരുന്നത്രെ .

 

അപ്പൊ ഇത്രേം കാലം ലോകത്തെ എല്ലാ ചരിത്ര കാരന്മാരുമായി യുദ്ധം ചെയ്തു നമ്മൾ തമസ്കരിച്ച കാര്യങ്ങൾ എന്തായി ? അത് തന്നെ ആധുനിക ശാസ്ത്രം എന്ന പേരിൽ പിന്നേം കൊണ്ട് വന്നിരിക്കുന്നു !

 

പൊതുവെ ശാസ്ത്രം പ്രശ്നമാണ് . ഇതൊന്നും ഇല്ലാതെ എത്ര കാലം നമ്മൾ ഇവിടെ ജീവിച്ചു ? ഇനിയും അങ്ങനെ തന്നെ പോയാൽ പോരെ ? ഞാൻ ചോദിക്കുക ആണ് സുഹൃത്തുക്കളെ . വിമർശനാത്മക ശാസ്ത്രത്തിന്റെ ആവശ്യം എന്താണ് ? ഗുരുക്കന്മാർ ആലോചിച്ചു , മനനം ചെയ്തു ഉണ്ടാക്കുന്ന കാര്യങ്ങൾ ചുമ്മാ അങ്ങ് വിഴുങ്ങിയാൽ പോരെ ? (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .