ഡോ, ദൈവമേ, റംബൂട്ടെ. പറയെടോ, നീ.

അറിയാവുന്ന ഒരു സ്ത്രീ മരിച്ചു. കോവിഡ് ആയിരുന്നു. നാൽപ്പത് വയസ്. നേഴ്‌സായി പത്തിരുപത്രണ്ടു വയസിൽ നാട് വിട്ടതാണ്. ചോര നീരാക്കി, നാട് കടത്തലിന്റെ ഏകാന്തത ഉള്ളിലൊതുക്കി ഡോളറുകൾ നിർമിക്കുന്ന ഒരു യന്ത്രമായി മാറിയ ആൾ. ഒരാങ്ങള എൻ ഐ ടി യിൽ പഠിച്ചു നല്ല ജോലി ആയി. വേറൊരു സഹോദരിയുടെ പഠനം അല്ലലില്ലാതെ പോയി. കുടുംബം നല്ലൊരു വീട് കെട്ടി. ഇതിനിടെ ആൾ കെട്ടാൻ മറന്നു പോയി.

സ്വാഭാവികം.

ഒന്ന് രണ്ടു കൊല്ലം മുൻപ് നല്ലൊരാൾ വന്നു. അയാളെ കെട്ടി. ഒരു കുഞ്ഞുണ്ടായി.

അറ്റ് ലാസ്റ്റ്.

നാട്ടിൽ വന്നതാണ്. രണ്ടാം തിര ആഞ്ഞടിച്ചു. ആൾ പോയി.

ബ്രീത്ട് ഹെർ ലാസ്റ്റ്. സായിപ്പിന്റെ ഓരോ വചകങ്ങളെ- അവസാന ശ്വാസം വലിച്ചു!

ടക്ക് ന്ന്. ടപക്ക് ന്ന്. ഒറ്റയടിക്ക്.

ജസ്റ്റ് ലൈക്ക് ദാറ്റ്.

യൂ ലൈക് ദാറ്റ്?

നിന്നോടാണ്, – ഉന്നതങ്ങളിൽ ഉണ്ടെന്നു പറയപ്പെടുന്നവനെ….ഡോ, ഇബ്‌ടെ, ഇബ്‌ടെ.

ഇപ്പോഴിന്ത്യയിൽ എല്ലായിടത്തു നിന്നും പലതും കാണുകയും കേക്കുകയും ചെയ്യുന്നു. നോക്കേണ്ടെന്നു വിചാരിച്ചാലും ചെവിട് തുളച്ചും കണ്ണു നിറച്ചും പലതും ഉള്ളിൽ കുത്തി കയറുന്നു.

ദൂരെ നിന്നൊരു അച്ഛൻ കോവിഡ് ബാധിച്ചു ഗ്രാമത്തിലുള്ള സ്വന്തം വീട്ടിൽ എത്തുന്നു. ശ്വാസം കിട്ടാതെ പിടയുന്ന ആളെ വീട്ടുകാർ കയറ്റുന്നില്ല. പുറത്തു മണ്ണിൽ കിടന്ന് ശ്വാസം വലിക്കുന്ന, ഒരു കാലത്ത് ഒക്കത് വച്ചു നടന്ന ആൾക്ക്, അലറിക്കരഞ്ഞു കൊണ്ട്, തടയുന്ന അമ്മയെ തട്ടി മാറ്റി കുപ്പിയിൽ വെള്ളം വായിൽ ഒഴിച്ചു കൊടുക്കുകയാണ് കൗമാരക്കാരി മകൾ.

അയാൾ അധികം താമസിയാതെ മരിച്ചു എന്നു കേൾക്കുന്നു.

അത് പിന്നെ മരിക്കുമല്ലോ. എന്തോരും ലക്ഷക്കണക്കിന് മനുഷ്യർ ഓരോ ദിവസവും മരിച്ചു വീഴുന്നു. ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ. ലക്ഷം വർഷങ്ങൾ ആയല്ലോ.

വെറുതെ മരിക്കുന്നത് മാത്രമല്ലല്ലോ. കൊല്ലുന്നതും ഉണ്ടല്ലോ. പതിനായിരക്കണക്കിന് മനുഷ്യരെ കൊല്ലാനും കൊല്ലാക്കൊല ചെയ്യാനും ഉള്ള വകതിരിവില്ലായ്മയും മനുഷ്യർക്ക് കുറെ ഒക്കെ നീ തന്നെ കൊടുത്ത ഡിസൈൻ ഫീച്ചർ ആണെന്നറിഞ്ഞപ്പോൾ, കുട്ടിമാമാ. ഞാൻ ഞെട്ടി.

മരിച്ച ഭാര്യയെ ആൾ മരിച്ചു എന്നറിയാതെ വീൽ ചെയറിൽ ഇരുത്തിക്കൊണ്ടു, ആസ്പത്രി മുറ്റത്ത് കാത്തു നിക്കുന്ന ആ മനുഷ്യന്റെ മനസിൽ ഉള്ളത് എന്താണെന്ന് നിനക്കറിയാമോ?

എനിക്കറിയാം. ഞാൻ പന്തയം വെയ്ക്കാം:

പ്രാർത്ഥന!

ഉന്നതങ്ങളിൽ നിന്നു നോക്കുമ്പോ, ഈ പ്രപഞ്ചത്തിന്റെ സ്പന്ദനം മൊത്തം കണക്കിൽ ആയിരിക്കും. നീ കാണുന്നത് ആർ എന്ന നമ്പർ ആയിരിക്കും. മനോഹര ഗണിത സമവാക്യങ്ങൾ രചിക്കുന്ന ലളിത സുന്ദര എപിഡമിക് കർവ്‌ ആയിരിക്കും.

ഇങ് താഴെ, ഞങ്ങൾ കാണുന്നത് അതല്ല. അപ്പന്റെ, അമ്മയുടെ, മകളുടെ, പ്രാണ പ്രിയന്റെ….

…ശ്വാസം കിട്ടാതെ ഉള്ള വെപ്രാളം ആണ്; നീലിച്ച ചുണ്ടുകളാണ്, നെറ്റിയിൽ പൊടിയുന്ന വിയർപ്പാണ്,

ഞങ്ങളുടെ മനസ്സിൽ കിനിയുന്ന ആധിയുടെ, നിരാശയുടെ ചോരയാണ്; ചോര!

ബിഗ് ബാംഗ് എങ്ങനെ ഉണ്ടായി? പരിണാമം കൊണ്ടാണ് ജീവികൾ ഉണ്ടായതെങ്കിൽ ആദ്യം ജീവൻ എങ്ങനെയുണ്ടായി??

നീ ഉണ്ടോ ഇല്ലയോ എന്ന താത്വിക തർക്കങ്ങളിൽ ഉയർന്നു കേൾക്കുന്ന ചില ഊള ചോദ്യങ്ങൾ ആണിവയൊക്കെ.

ക്വാന്റം കോലാപ്സ് ഉണ്ടാവാൻ ഒബ്സർവർ വേണ്ടേ?

ആദ്യം ഉണ്ടായ അതി ഭീകര എൻട്രോപി കുറവ് എങ്ങനെ ഉണ്ടായി?

ഉണ്ട!!!

ത്ഫൂ.

എന്നെ സംബന്ധിച്ച് ആകെ ഒരു ചോദ്യമേ ഉള്ളു?

വൈ ഇതൊക്കെ?

വൈ വ്യര്ഥത?

വൈ മൗനം?

ഞാൻ ആകെ ഒരദ്‌ഭുതമേ കണ്ടിട്ടുള്ളു:

“I am always amazed by people. How they can go on. How they manage to get up and walk, bruised and beaten, with tears streaming down their faces.”

നീയെന്ത് ചെയ്താലും, അടിയും ഇടിയും കൊണ്ട്, മേൽ മൊത്തം ചോരയുമായി , മുഖത്ത് ഒലിച്ചിറങ്ങുന്ന കണ്ണീരുമായി, മനുഷ്യർ പിന്നെയും മുന്നോട്ട്, മുന്നോട്ട് നടക്കുന്നു.

ഇതാണ് ആ അദ്‌ഭുതം.

എവിടെ, നീതി? എവിടെ ന്യായം? എന്നു ഞാൻ ചോദിക്കുന്നില്ല.

എവിടെ ദയ?

എവിടെ ദയ?

കുറച്ചു ദയ കാണിക്കാൻ പറ്റുമോ?

പറ്റില്ലല്ലേ??

സാരമില്ല.

നീയെന്ത് ചെയ്താലും, അടിയും ഇടിയും കൊണ്ട്, മേൽ മൊത്തം ചോരയുമായി , മുഖത്ത് ഒലിച്ചിറങ്ങുന്ന കണ്ണീരുമായി, ഞങ്ങൾ പിന്നെയും മുന്നോട്ട്, മുന്നോട്ട് നടക്കും.

ചെക്.

(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .