പലരും ചോദിക്കാറുണ്ട് . നിനക്ക് വേറെ പണിയില്ലേ ? എന്തിനാ ഇങ്ങനെ ഓരോന്ന് എഴുതുന്നത് ?
“എന്തുട്ട് പൂട്ടിനാ ശവിയെ നീ ഈ ക്ണാപ്പൊക്കെ ഏഴ്തണെ ?” എന്ന് ചോദിക്കുന്ന മര ശ്ശവ്യോളും കുറവല്ല . നമ്മുടെ നാട്ടിൽ അങ്ങനെ ആണല്ലോ . എന്ത് ചെയ്യുന്നതിനും എന്തെങ്കിലും പ്രയോജനം വേണമല്ലോ. പ്രയോജനം കാശായി തന്നെ കിട്ടിയാൽ നല്ലത് . കാശ് കിട്ടാത്ത പണിക്ക് – അതിപ്പോൾ വ്യായാമം, കുളി , പല്ലുതേപ്പ് ഒക്കെ ആയാൽ പോലും, ‘ഇതൊക്കെ ചെയ്തിട്ട് എന്നാ കാര്യാന്നെ ?” എന്ന് ചോദിക്കുന്ന ചില നല്ല തങ്കപ്പെട്ട മനുഷ്യ ശിരോമണികളും ഇദ്ദുനിയാവിൽ ഇല്ലാതില്ലാതില്ല . ഇങ്ങനെ അല്ലാത്തവരും ഇല്ലാതില്ലാതില്ലാതില്ല , കേട്ടോ .
ചുരുക്കം ചിലർക്ക് അതല്ല പ്രശ്നം . നിങ്ങക്കറിയാമോ എന്ന് എനിക്കറിയാമ്മേല . ഹിന്ദുക്കളിൽ വളരെ ചുരുക്കമായി , ഇന്ത്യ ഹിന്ദു രാഷ്ട്രം ആവണം, എന്നും , മുസ്ലീങ്ങളിൽ വളരെ ചുരുക്കമായി , സിറിയേൽ ഉണ്ടായിരുന്ന നാരകീയ സെറ്റപ്പ് പോലത്തെ കാലിഫേറ്റ് ആണ് ഞമ്മന്റെ രാജ്യം എന്നും ഉറച്ച് വിശ്വസിക്കുന്ന ടീമ്സ് ഉള്ളത് പോലെ, നാളെ ലോകം അവസാനിക്കും എന്നും , യേശു എന്ന ഈശോ മറ്റന്നാൾ തന്നെ വന്ന് സ്വയംഭോഗം , അവിശ്വാസം , കുമ്പസാരിക്കുമ്പോൾ പാപങ്ങൾ ഒളിച്ചു വക്കുക , പള്ളിയിൽ ഇരുന്ന് പല വിചാരങ്ങളിൽ ഏർപ്പെടുക തുടങ്ങിയ വേറെ ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാത്ത കാര്യങ്ങൾ ചെയ്ത എല്ലാവരെയും പിടിച്ച് , നിത്യമായി കത്തുന്ന നരകത്തിൽ (എന്തോരും പെട്രോൾ വേണ്ടി വരും!) ഇട്ട് അനന്തവും അവസാനിക്കാത്തതും ആയ കാലത്തേക്ക് പൊരിക്കും എന്നും വിശ്വസിക്കുന്നവർ കുറച്ചാണെങ്കിലും ക്രിസ്ത്യാനികളുടെ ഇടയിലും ഉണ്ട് !
ആശുപത്രികൾ നടത്തുക , നല്ല ഒന്നാന്തരം ഫീസ് ഉള്ള സ്‌കൂളുകൾ ഓടിക്കുക , കെട്ടിട സമുച്ഛയങ്ങൾ പണിത് ഉയർത്തി വാടകക്ക് കൊടുക്കുക , ഇതൊക്കെ തന്നെ നടത്തുമ്പോൾ , ഇടക്ക് ഒരു റിലാക്‌സേഷന് വേണ്ടി കുടി , അടിപിടി , പിടുത്തം , റ്റാക്സ്‌വെട്ടിപ്പ് , ഇവയൊക്കെ ചെയ്ത കിരീടം വെച്ച പല വേന്ദ്രന്മാരും സ്വർഗ്ഗരാജ്യത്തിൽ അടിച്ചു പൊളിച്ചു കല്പാന്ത കാലത്തോളം വാഴും എന്നും ഇവരിൽ ചിലർ വിശ്വസിക്കുന്നു .
അങ്ങനെ ഉള്ളവരിൽ ചിലർ ചോദിക്കുന്നത് , ഞാൻ എന്ത് കൊണ്ട്, യുക്തീടെ ഭാഷയിൽ മാത്രം സംസാരിക്കുന്നു , എന്നതാണ് ! ഈ യുക്തിക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒന്നും ഇല്ലേ ? ആ ലൈനിൽ അല്ലല്ലോ ഒന്നും വരുന്നത് .
“ഒരു ധ്യാനം കൂടണം . നീ ഒരു ധ്യാനം കൂടിയേ പറ്റൂ !”
ഇങ്ങനെ പറയുന്നു ; ചിലർ!
സീ , മനുഷമ്മാരെ , – മീൻകുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട കാര്യണ്ടോ ?
കോഴീനെ ചിക്കാൻ പഠിപ്പിക്ക്യാ ?
-പീ സീ ജോർജിനെ, പബ്ലിസിറ്റി പഠിപ്പിക്യ ?
അത് പോലെ ഒരു ചൊല്ലുണ്ട് – മാർപാപ്പനെ വേദോപദേശം പഠിപ്പിക്യ ?
അയ്യോ – അത് പോലത്തെ വലിയ ആളൊന്നും ഞാൻ ആണെന്ന് അല്ല പറഞ്ഞു വരുന്നത് . പക്ഷെ എന്നും വേദോപദേശത്തിനു ഞാൻ ആയിരുന്നു ഒന്നാമൻ ! ഒത്തിരി സമ്മാനങ്ങൾ ഒക്കെ കിട്ടിയിട്ടുണ്ട്!
എന്നാൽ ഇതല്ല ആത്മജ്ഞാനത്തിനുള്ള വഴി എന്ന് ദൈവം തന്നെ എന്നോട് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു!
ആ കഥ ആണ് ഞാൻ ഇനി പറയാൻ പോകുന്നത് . അനുഭവങ്ങൾ ആണല്ലോ ദൈവീക വളർച്ചയിൽ വലുത് .
തീരെ ചെറു പ്രായത്തിൽ തന്നെ, ഒരു അഞ്ച് , ആറു വയസ്സ് മുതൽ ,ഇങ്ങനത്തെ ചില ചിന്തകൾ എനിക്കുണ്ടായിരുന്നു :
ഞാൻ എവിടന്നു വന്നു ?
ഈ കാണുന്ന അനേക ശതകോടി മനുഷ്യർ എങ്ങനെ ഉണ്ടായി ?
ഈ നീണ്ടു പരന്ന് , മോളിലോട്ടും താഴോട്ടും അന്തോം കുന്തോം ഇല്ലാതെ , ഇങ്ങനെ കിടക്കുന്ന മഹാ ബ്രഹ്‌മാൻഡം , ഈ പ്രകടിത തടം , ഈ പാരാവാര പ്രപഞ്ചം , ഈ ഡിങ്കോൾഫി കുണാണ്ടറി ലോകം – എങ്ങനെ ഉണ്ടായി ?
എന്തിന് ? എന്നാത്തിന് ? എന്തുട്ടിന് ? ഫോർ വാട്ട് ?
ആൻഡ് ഹൌ എക്സക്റ്റ്ലി ?
അങ്ങനെ ഇംഗ്ളീഷിൽ ചിന്തിച്ചില്ല . “ഔച്ച് !” എന്നൊന്നും അന്ന് ആർക്കും പറയാൻ അറിയാൻ പാടില്ല . “അയ്യോ ” , “എന്റമ്മോ ” എന്നൊക്കെ പച്ച മലയാളത്തിൽ ആണ് നമ്മൾ നുള്ളും അടിയും ഒക്കെ കിട്ടുമ്പോൾ മോങ്ങിക്കൊണ്ടിരുന്നത് .
പൂമ്പാറ്റ വായിച്ചു . ബാലരമ വായിച്ചു . പിന്നീട് ഒരു മഹാ പ്രവാചക ദൈവം ആയി മാറിയ ഡിങ്കന്റെ ബാലമംഗളം വായിച്ചു . മൂന്നാം ക്ലാസ്സ് ആയപ്പോൾ , നെയ്യാറ്റിൻകരയിലെ മുനിസിപ്പൽ ലൈബ്രറിയിലെ ബാല വിഭാഗ പുസ്തകങ്ങൾ മൊത്തം വായിച്ചു തീർത്തു . മാസത്തിൽ ഒന്ന് രണ്ടു തവണ അപ്പന്റെ ഒപ്പം തിരുവനന്തപുരത്ത് പോകും . അപ്പൊ കരഞ്ഞും വാശി പിടിച്ചും കുറെ പുസ്തകങ്ങൾ വാങ്ങിപ്പിക്കും . യാക്കോബ് പെറൽമാന്റെ ഭൗതിക കൗതുകം ഒക്കെ വായിച്ചു തുടങ്ങി .
ഇതിനു ഒരിക്കലും കൂട്ടി മുട്ടാത്ത സമാന്തര രേഖയായി വേദോപദേശ പഠനവും തുടർന്നു .
അപ്പോഴേക്കും തൃശൂരായി താമസം . അഞ്ചാം ക്‌ളാസ് . അപ്പൊ ഒക്കെ മനസ്സിലായി തുടങ്ങി എന്ന് കൂട്ടിക്കോ . തൃശൂർ പബ്ലിക് ലൈബ്രറീൽ ആണ് പെറ്റ് കിടപ്പ് . കാൾ സാഗന്റെ കോസ്മോസ് വായിച്ചു തുടങ്ങി .
പുത്തൻ പള്ളിയിൽ വേദോപദേശ പഠനം പൊടി പൊടിക്കുന്നു . അല്ലറ ചില്ലറ കച്ചോടം , പിന്നെ പള്ളിയിൽ അച്ചന്മാരുടെ പുറകെ ഒക്കെ നടപ്പ് , അങ്ങനെ ഒക്കെ പോകുന്ന ഒരു ദേവസ്സി ആണ് മാഷ് ആയി പഠിപ്പീര് .
ഒരിക്കൽ എനിക്ക് ഒരു കുസൃതി തോന്നി :
“മാഷെ , ഈ ആദ്യത്തെ ദെവസം ദൈവാ പറഞില്യേ , വെളിച്ചം ണ്ടാവട്ടെ ന്ന് ?”
മാഷിന് ഉത്‍സാഹം ആയി .
“പിന്നെ! ന്തുട്ടാ സംശയം ? ദൈവം ന്ഗടാ പറഞ്ഞു ; സംഭവം ന്ഗടാ ണ്ടായി .”
“അല്ല മാഷേ , മൂന്നാം ദേവസല്ലേ സൂര്യൻ ണ്ടായത് ? അപ്പൊ സൂര്യൻ ല്ലാതെ എങ്ങനെ ലൈറ്റ് ണ്ടായി ?”
മാഷ് ഒന്ന് പരുങ്ങി . പിന്നെ ചിരിച്ചു .
“ഡാ , ഞാനണാ മാഷ് , നീയണാ മാഷ് ?”
“അത് മാഷ് ണ് മാഷ് .”
“അപ്പൊ പറയണത് ങ്ഡ് കേട്ടാ മതി .”
ഹഹഹ കകകക ……ഞാൻ ചുറ്റും നോക്കി . പിള്ളേർ ഒക്കെ ഇരുന്നു ഇങ്ങനെ ചിരിക്കയാണ് . ഞാൻ ഇളിഞ്ഞ ഒരു ചിരി ചിരിച്ചു . ബെഞ്ചിൽ പോയി ഇരുന്നു . മാഷ് ഇങ്ങനെ അടിച്ചു വിടുകയാണ് .
ചെറുതായി ഉറങ്ങിയോ എന്ന് ഒരു സംശയം . പെട്ടന്ന് എനിക്ക് ഒരു ദർശനം കിട്ടി .
ഈ ദർശനം എന്ന് പറഞ്ഞാൽ ദൈവത്തിനു പ്രിയപ്പെട്ടവർക്ക് ഇടയ്ക്കിടെ കിട്ടുന്നത് ആണ് . ഈ ഫീൽഡിൽ ഉള്ളവർക്ക് അത് പുത്തരി അല്ല . പക്ഷെ ഞാൻ പേടിച്ചു പോയി .
നരകത്തിൽ ആണോ എത്തിയത് എന്ന് ഞാൻ സംശയിച്ചു . നമ്മുടെ ശക്തൻ തമ്പുരാൻ മാർക്കറ്റ് പോലെ ഒരു സ്ഥലം . എങ്ങും ജനം . പുരോഹിതരെ പോലെ ഉള്ള ചിലർ ഗമയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു . ക്ലാസ്സിൽ നിന്ന് പെട്ടന്ന് അവിടേക്ക് ടെലിപോർറ്റേഷൻ വഴി എത്തിയത് ആണ് . ദർശന ട്രാവെൽസ് .
ഭയങ്കരമായി വിശക്കുന്നു . ദാഹിക്കുന്നു . ഞാൻ ചുറ്റും നോക്കി .
ആളുകൾ എല്ലാവരും കൂടി നിന്ന് തിന്നുകയാണ് . എന്താണ് തിന്നുന്നത് ?
കാളാമുണ്ടൻ ! കാളാ മുണ്ടൻ ആണ് തിന്നുന്നത് !
അയ് ശരി – എന്താണീ കാളാ മുണ്ടൻ എന്നറിയില്ല എന്നോ ? ഛായ് , ലജ്‌ജാവഹം .
ഈ പഴക്കുലയുടെ വളഞ്ഞ കട ആണ് കാളാ മുണ്ടൻ . അതിൽ ആണീ കുലകൾ തൂക്കി ഇടാറ് . ആ സാധനം ആണ് ആളുകൾ കീറി കീറി പച്ചക്ക് തിന്നോണ്ടിരിക്കുന്നത്!
നോക്കിയപ്പോ തൊട്ടപ്പുറത്ത് , ഒരു മേശയിൽ , ഒരു ബുഫെ സെറ്റ് ചെയ്തു വച്ചിരിക്കയാണ് !
അപ്പം , സ്ടൂ . ഇഡ്ഡലി , ചമ്മന്തി . പുട്ട് കടല . പോർക്ക് വിന്താലു വിത്ത് റൂമാലി റൊട്ടി . അങ്ങനെയങ്ങനെ ….
അതൊന്നും ആരും തിന്നുന്നില്ല .
ഞാൻ അങ്ങോട്ട് ഓടി ചെന്നു . പക്ഷെ ആളുകൾ എന്നെ തടഞ്ഞു ! കൂട്ടി ഇട്ടിരിക്കുന്ന കുലകളിലേക്ക് ചൂണ്ടി . ഞാൻ കുലകൾ മൊത്തം ഇരുന്നു തപ്പി . പച്ച ഞരണ്ട കായ്കൾ . പഴുത്തിട്ടില്ല . ഭയങ്കര ചവർപ്പ് . ഈ ആളോള് മൊത്തം തിന്നുന്നതോ- തൊലിയും തണ്ടും മാത്രവും . അപ്പ്രത്ത് ഒന്നാന്തരം ഭക്ഷണം വിളമ്പി വച്ചത് ആരും തിന്നുന്നതും ഇല്ല .
ദൈവമേ – വിശന്നു ചാവാറായി . എന്ത് ചെയ്യും ?
പെട്ടന്ന് മാഷ് കുലുക്കി ഉണർത്തി . “ന്തുട്ടണ്ടാ രാത്രി പണി ?”
അങ്ങനെ ദർശനം അവസാനിച്ചു .
ഈ ദർശനത്തിന്റെ അർത്ഥമോ സാംഗത്യമോ എനിക്ക് മനസ്സിലായില്ല . ഞാൻ എന്റെ സ്വന്തം നിലക്ക് ജീവിതം തുടർന്നു . വീടിന്റെ ബാക്കിലെ കാനയിലൂടെ അനേക ഗ്യാലൻ വെള്ളം ഓരോ മഴക്കാലത്തും ഒലിച്ചു പോയി . അപ്പൻ വേറെ വീട് മേടിച്ചു . അങ്ങോട്ട് മാറി . കാന തന്നെ പിന്നീട് ഇല്ലാതായി . എന്തിന് , താഴെ ആളോള് ഇറങ്ങാൻ മടിക്കുന്ന , പാമ്പുകളും , മുതലകളും വിളയാടിയിരുന്ന ചതുപ്പിൽ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡും ഹാർട്ട് ഹോസ്പിറ്റലും വന്നു .
ഞാൻ ഡോക്ടറും സർജനും ആയി . കെട്ടാൻ പോകുന്നതിനു മുൻപ് ചിലർക്ക് നിർബന്ധം . ഇവൻ ആള് കൊള്ളാമെങ്കിലും അത്ര ശരിയല്ല . എന്തോ മിസ്റ്റേക് ഉണ്ട് . ധ്യാനം കൂടണം !
ഛെ – അതിന്റെ ആവശ്യം ഒന്നും ഇല്ലെന്നു ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസന്റെ കാരക്ടർ പോലെ ഞാൻ പറഞ്ഞെങ്കിലും പോവേണ്ടി വന്നു .
ധ്യാനം ഉഷാർ . പാട്ട് , ബഹളം , രോഗ ശാന്തി , അങ്ങനെയങ്ങനെ കത്തിക്കയറി . എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല . ഒരു അമ്മിക്കല്ലിനു കാറ്റ് തട്ടിയ മട്ട്. ഇന്നത്തെ ഭാഷയിൽ , ആ അല്ലെലുയ്യ ഇളം കാറ്റിൽ എന്റെ തേങ്ങാക്കുലകൾ ആടിയില്ല .
ഒരു തരിമ്പും ആടിയില്ല .
അന്ന് രാത്രി ആണ് രണ്ടാമത്തെ ദർശനം . ഇത്തവണ സ്വർഗം ആണെന്ന് തോന്നുന്നു . വാട്സാപ്പിലെ ഗുജറാത്ത് പോലെ പള പളാ മിന്നുന്ന ഒരു സ്ഥലം . നടുക്ക് ഒരു ശിങ്കാസനത്തിൽ മോദിയേക്കാൾ പത്തിരട്ടി ഗൗരവാലിറ്റി ഉള്ള ഒരാൾ . താടി നിലത്തു മുട്ടും . എന്നെ കണ്ടതും പുള്ളി ചാടി എണീറ്റു .
ബഹുമാനം കൊണ്ടല്ല കേട്ടോ , ദേഷ്യം കൊണ്ട് . ഞാൻ ഇങ്ങനെ വിറച്ച് നിൽക്കുകയാണ് .
“നിന്നോടല്ലേടാ പറഞ്ഞത് ഈ പരിസരത്ത് വന്നു പോകരുതെന്ന് !!”
ങേ എപ്പോ ? ഞാൻ അന്തത്തിനു പകരം ഒരു ഏമ്പക്കം വിട്ടു . ഏം ……പേടി കൊണ്ടാണെ .
“എടാ , പൊട്ടാ . കണ്ട കഴുതക്കും പശൂനും തിന്നാൻ ആണ് കാളാ മുണ്ടനും പഴത്തൊലിയും ഞാൻ ഉണ്ടാക്കി വച്ചിരിക്കുന്നത് . നിനക്ക് പഴം തിന്നൂടെ ?””
“പഴം എനിക്ക് അത്ര പിടിക്കുന്നില്ല അങ്ങുന്നേ . ” ഞാൻ താഴ്മയായി ഉണർത്തിച്ചു .
“എന്നാ വേണ്ട – പുട്ടും കടലേം തട്ട് . പോർക്കും കൂറക്കേം പൊറോട്ടേം ഇഷ്ടമാണോ കുഞ്ഞേ ?” ശബ്ദം സ്വല്പം മയം ആയിട്ടുണ്ട് . ഞാൻ ആശ്വാസ നിശ്വാസം വിട്ടു .
“ആണ് ദൈവമേ . വേറെ ഒത്തിരി സാധനങ്ങൾ ഇഷ്ടമാണ് .”
“തിന്നാവുന്നതെല്ലാം തട്ടിക്കൊ . നിനക്ക് ഞാൻ ഒരു വലിയ ഭാവി കാണുന്നുണ്ട് . ഭക്തി മാർഗം നിനക്ക് പറ്റിയതല്ല . യുക്തിയിലൂടെ നീ സഞ്ചരിക്കൂ . അതിവേഗം ബഹുദൂരം നീ പോകും . കുറെ ആൾക്കാർ നിന്റെ പിറകെ വരും . ഫോളോ ചെയ്യും .”
പെട്ടന്ന് ദർശനം അവസാനിച്ചു .
സുഹൃത്തുക്കളെ – ഇതാണ് എന്റെ കഥ . ഇത് വിശ്വസിക്കാത്ത ചിലർ ഉണ്ടാവും .
അതാണ് പ്രശ്നം . എന്റെ ദർശനം കീറിയ വള്ളി സൗസർ . വല്ലോർടേം ദർശനം ബർമുഡ .
ആകെ എന്റെ പ്രശ്നം – എനിക്ക് പറയാൻ ഒത്തിരി ഉണ്ട് . മുൻപ് പറഞ്ഞ ചോദ്യങ്ങൾക്ക് കുറെ എണ്ണത്തിന് മറുപടിയും . പക്ഷെ എന്നെ ഫോളോ ചെയ്യുന്നവർ താരതമ്യേന കുറവാണ് . നിങ്ങൾ ഇത് ഷെയർ ചെയ്ത് , എന്നെ ഫോളോ ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നത് , ദൈവഹിതം ആണെന്നറിഞ്ഞു നിങ്ങൾ ചെയ്യണം .
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ .
ഫോളോ ചെയ്യാൻ പറ്റുന്നവർ ഫോളോ ചെയ്യട്ടെ .
(ജിമ്മി മാത്യു )