നടുക്കുണ്ടും നമ്മ ഗടിയും അന്യഗ്രഹ ജീവികളും- പിന്നെ ആചാരങ്ങളും .

കിഴക്ക് മറ്റേ സംഭവം കീറി . കാക്കകൾ കാ , കാ എന്ന് കാറി . നടുക്കുണ്ടുകാർ ചിലർ മലർന്നു കിടന്ന് തുപ്പി – ക്റാ തുഫ്. മറ്റു ചിലർ നടുക്കുണ്ടിലൂടെ ഒഴുകുന്ന പുഴയായ നടുപ്പുഴയിലേക്ക് മുങ്ങിയിരുന്ന് തൂ ……

വേണ്ട . എല്ലാ കഥയിലും ഇങ്ങനെ വേണ്ടാത്ത കാര്യങ്ങൾ എഴുതുന്നു എന്ന് പരാതി കിട്ടിയിട്ടുണ്ട് . ഇനി ബീഹാറിലെയോ യൂ പീ യിലെയോ ഏതോ ഒരു കോടതിയിൽ ഈ പേരും പറഞ്ഞു കേറി ഇറങ്ങാൻ വയ്യ. .

പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ , ചിലർ വക്ഷഭാഗം നദീന്തർ ഭാഗത്തു ഇറക്കി വച്ച് ശൗച കാര്യങ്ങൾ നിർവഹിച്ചു . ഇപ്പൊ ശരിയായില്ലേ ?

അത് നിയമവും ആണല്ലോ .

‘ മുള്ളോഗ നടിക്ക് ബാട്ടി . തൂടഗ നടിക്ക് ബാട്ടി .
തുപ്പഗാ മലന്ന് ബാട്ടി . ഇല്ലാഗ – ബെഡക്ക് , ബെഡക്ക്’

എന്ന് വച്ചാൽ , മുള്ളുന്നെങ്കിൽ നദിയിൽ മുങ്ങി . വെളിക്ക് ഇരിക്കുന്നത് നദിയിൽ മുങ്ങി . തുപ്പുന്നത് മലർന്ന് കിടന്ന് . അല്ലാത്തവർ ഒക്കെ വെറും വെടക്ക് ആകുന്നു .

ഇതാണ് നടുക്കുണ്ട് ഭാഷ. ഇനി മുതൽ ഇത് മലയാളത്തിൽ ആയിരിക്കും ഞാൻ എഴുതുന്നത് .

നിങ്ങൾ കൺഫ്യൂഷൻ ആവണ്ട . കഥ പഴയതാണ് . പണ്ട് പണ്ട് , ഒരു അമ്പതിനായിരം കൊല്ലങ്ങൾക്ക് മുൻപ് . ഏതോ ഒരു സ്ഥലം . അവിടെ ഒരു ഗോത്രം ആളുകൾ . പത്തഞ്ഞൂറ് പേരുണ്ട് . ആണുങ്ങളുണ്ട് , പെണ്ണുങ്ങളുണ്ട് . കുട്ടികളും പട്ടികളും ഉണ്ട് .

ഗോത്രക്കാർ അവിടെ ആ സ്ഥലത്ത് ഇങ്ങനെ സ്ഥിര താമസം ആക്കിയിട്ട് പത്തു നൂറ് കൊല്ലമേ ആയുള്ളൂ . പക്ഷെ കുറെ തലമുറകൾ ആയില്ലേ . അത് കൊണ്ട് , അവർക്ക് ചില കാര്യങ്ങൾ മനസ്സിലായി .

എന്താണാ കാര്യങ്ങൾ ?

അതായത് ഇപ്പൊ അവറ്റകൾ താമസിക്കുന്ന സ്ഥലമുണ്ടല്ലോ – എന്റെ സാറേ – നല്ല സൂപ്പർ സ്ഥലം ആണ് . വളക്കൂറ് ഉള്ള മണ്ണ് . നല്ല കൂറ് ഉള്ള പട്ടികൾ . കറു മുറാ ചവക്കാൻ പറ്റിയ കിഴങ്ങുകളും ഫലങ്ങളും സൊ മെനി . മാനുകൾ , മുയലുകൾ , മാറികൾ , നമ്പിക്കൻ ചെണ്ടന്മാർ , കൊംറകൾ , അങ്ങനെ തിന്നാൻ പറ്റിയ ജീവികൾ ചുറ്റിനും ( സോറി- ഇപ്പോഴില്ലാത്ത ചില ജീവികൾ അന്നുണ്ടായിരുന്നു ). മനുഷ്യരെ തിന്നുന്ന സാബർ ടൂത് കടുവകൾ , കറുങ്കുകൾ , മോക്കന്മാർ എന്നിവർ വളരെ കുറവും .

ചുറ്റും മലകൾ. നടുക്ക് നോക്കെത്താത്ത വിധം കിടക്കുന്ന സമതലം . സാമാന്യം തരക്കേടില്ലാത്ത വലിപ്പമുള്ള , ഗുളു ഗുളു ആരവം പൊഴിച്ച് കൊണ്ട് (കള കളാരവം ഒക്കെ ഇപ്പൊ അല്ലെ ) ഒഴുകുന്ന പുഴ . പുഴയിൽ മീനുകൾ. എന്തൊക്കെ തരങ്ങൾ ! കുണ്ടൻ മീൻ , താങ്ക മൽസ്യം , അയമോദഗി , കുണാക്കള്ളി , പിന്നെ ….

ങേ , മതിയെന്നോ? ഇത് പോലുള്ള സുന്ദര മീനുകളുടെ പേരുകൾ നിങ്ങക്ക് കേൾക്കേണ്ടന്നോ ? വേണ്ടെങ്കി വേണ്ട .

സംഭവം അവർക്ക് മനസ്സിലായത് ഇതാണ് – ഈ സ്ഥലം ആണ് ഭൂമിയുടെ ഒത്ത നടു ! നടുവേദനയുടെ നടു അല്ല – സെൻറർ എന്ന നടു . ഹൃദയ ഭാഗം എന്നർത്ഥം വരുന്ന നടു. ചങ്കായ ഭാഗം. ഭൂമിയുടെ ചങ്കായ നടു ഭാഗം .

നടുക്കുണ്ട് !

അങ്ങനെ ആണാ സ്ഥലത്തിന് ആ പേര് വന്നത് .

ഈ കാണുന്ന ഭയാനക പ്രപഞ്ചത്തിന്റെ ഉടമകളായ എസ്നെസ് സിൻഡിക്കറ്റ് ദേവന്മാരും അവരുടെ നേതാവായ ഡിങ്കുലോസ് ഭഗവാനും നേരിട്ട് ഗോത്ര പൂർവികർക്ക് കൊടുത്തതാണ് , നടുക്കുണ്ട് മൊത്തം !

പണ്ട് , വളരെ പണ്ട് , സകല കര തീരുവയും ഒഴിവാക്കി ഈ സ്ഥലം അവർക്ക് കൊടുത്തപ്പോൾ , ഡിങ്കുലോസ് അവരോട് പറഞ്ഞു :

  • ഇനി മുതൽ നിങ്ങൾ ഞങ്ങളുടെ ആൾക്കാർ ആണ് – നടുക്കുണ്ടന്മാർ എന്ന് നിങ്ങൾ അറിയപ്പെടും .

-ഭൂമിയുടെ മൊത്തം അവകാശവും നിങ്ങൾക്കാണ് .

-നിങ്ങൾ നദിക്ക് മുങ്ങിക്കിടന്നേ മുള്ളാവൂ .

-അങ്ങനെ മാത്രമേ തൂ …… – ഐ മീൻ – യു നോ .

  • വെളിക്ക് ഇറങ്ങാവൂ .
    -ഇല്ലെങ്കിൽ സൂര്യൻ ഉദിക്കില്ല !!
    -കുലം മൊത്തം മുടിഞ്ഞു പോകും !!!

പിന്നെയും കുറെ ഉണ്ട് . ഡിങ്കു സൂക്തങ്ങൾ ഇങ്ങനെ വാമൊഴിയായി ഒത്തിരി ഉണ്ട് . ഉദാഹരണത്തിന് , ആർത്തവമായ സ്ത്രീകൾ മൊത്തം അഞ്ചു ദിവസം നദിയിൽ മുങ്ങി ഇരിക്കണം .

നടുക്കുണ്ടന് ഇതൊക്കെ അറിയാം . അയാളാണ് ഗോത്ര തലവന്റെ മകൻ . നടുക്കുണ്ടുകാരുടെ അഭിമാന ഭാരമാണ് – സോറി – ഭാജനമാണ് , നടുക്കുണ്ടൻ.

നടുക്കുണ്ടന്മാരെ ഭാവിയിൽ ഭരിക്കേണ്ടവൻ ആണ് നടുക്കുണ്ടൻ.

രണ്ടു വര്ഷം മുൻപ് തെക്കേ മലക്കപ്പുറത്തുള്ള കുങ്കു ഗോത്രക്കാരുമായുള്ള യുദ്ധത്തിൽ , ഇരുപത്താറു കുങ്കൻമാരെ , വെട്ടിയും കുത്തിയും കൊന്നത് ആരാ – നടുക്കുണ്ടൻ.

പിടിച്ചു കൊണ്ടുവന്ന അമ്പതു കുങ്കൻമാരെ വെളുക്കുവോളം അടിച്ച് , ഇടിച്ച് , വൃഷണങ്ങൾ ഛേദിച്ച് , ഇഞ്ചിഞ്ചായി കൊന്നത് ആരാ ?- നടുക്കുണ്ടൻ .

ബാക്കി വന്ന കുങ്കൻ കുഞ്ഞുങ്ങളെ തല മരത്തിലിടിച്ച് കൊന്ന് , ശരീരം കറി വയ്ക്കാനായി നടുക്കുണ്ട് അമ്മമാർക്ക് ഇട്ട് കൊടുത്തത് ആരാ ?- നടുക്കുണ്ടൻ.

പിടിച്ചോണ്ട് വന്ന കുങ്കി യുവതികളെ, നല്ലത് രണ്ടെണ്ണത്തിനെ എടുത്തിട്ട് , ബാക്കി ആണുങ്ങൾക്കൊക്കെ വീതിച്ചു കൊടുത്തത് ആരാ ? – നടുക്കുണ്ടൻ.

ഇങ്ങനെ വല്യ ഹീറോ ആയി , ബയങ്കര സമ്പവം ആയി , ശാർദൂല വിക്രീഡിതനായി , നനമയുഗമെട്ടിൽ തട്ടുന്നവനായി , നടുക്കുണ്ടൻ വിലസുമ്പോൾ , നമ്മുടെ സ്വന്തം മില്കി വെ ഗാലക്സിയിൽ ഉള്ള സിറിയസ് ബി എന്ന നക്ഷത്രത്തിന്റെ ചുറ്റും കറങ്ങുന്ന ഗൂഗ് എന്ന ഗ്രഹത്തിൽ എന്ത് നടക്കുകയായിരുന്നു ?

ഞാൻ ഘോര ഘോരം ചോദിക്കുകയാണ് സുഹൃത്തുക്കളെ,

എന്ത് നടക്കുകയായിരുന്നു ?

ഒരു കോൺഫറൻസ് . ഗാലക്ടിക് ഇന്റലിജെന്റ് ബീയിങ്സ് കോൺഫെറെൻസ് . ഗാലക്സിയിൽ ഉള്ള മിനിമം ബുദ്ധിയുള്ള ജീവികളുടെ കോണ്ഫറന്സ്

അജൻഡ – സോൾ എന്ന നക്ഷത്രത്തിന്റെ ചുറ്റും കറങ്ങുന്ന ഭൂമി എന്ന ഗ്രഹത്തിൽ തലക്ക് വെളിവുള്ള ഏതോ ജീവികൾ പരിണമിച്ചുണ്ടായി എന്ന് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയിട്ടുണ്ട് . അവിടെ പോയി കാര്യം തിരക്കണം . കാര്യം ശരിയാണെങ്കിൽ സംഘടനയിൽ ചേർക്കണം .

ഇതിനായി ഗൂഗ് ഗ്രഹക്കാരെ ചട്ടം കെട്ടി . ഗൂഗൻ വൺ , ഗൂഗൻ റ്റു , അങ്ങനെ രണ്ട് കമാണ്ടർമാരെ ഭൂമിയിലേക്ക് ശടെ എന്ന് അയച്ചു . ഒത്തിരി ജെട്ടി ഒന്നും ഗൂഗന്മാർ എടുത്തില്ല . ഹൈപെർഡ്രൈവ് ഉപയോഗിച്ചല്ലേ യാത്ര . അത്ര ദൂരമൊന്നുമില്ലല്ലോ .

സീൻ മാറുന്നു . നടുക്കുണ്ട് മലയുടെ വശത്തുള്ള ഗുഹയിൽ നിന്ന് നടുക്കുണ്ടൻ പുറത്തിറങ്ങുന്നു . ആറടി പൊക്കം . ഉയർന്ന നാസിക . നെഞ്ചിൽ ചെസ്റ്റ് . ഭുജത്തിൽ ഉരുണ്ട ഉരുക്കു മസിലുകൾ. തലയിൽ മുടി . ഹാ – എന്തൊരു ലുക്ക് . നമ്മുടെ ബാഹു ബ …. അല്ലെങ്കി വേണ്ട .

തീർന്നില്ല . വയറിൽ സിക്സ് പാക്ക് , തലച്ചോറിൽ അഹന്ത , അടിവയറ്റിൽ ശങ്ക .

അതെ – മൂത്ര ശങ്ക . അതല്ലേ രാത്രി , രണ്ടു മണിക്ക് ഗുഹക്ക് പുറത്തിറങ്ങിയത് ? ഇത് മനസ്സിലാക്കാൻ പോലും എന്റെ വായനക്കാർക്ക് കഴിവില്ലേ ? സില്ലി കോമാങ്ങാൻസ് .
തണുപ്പത്ത് , കൂരിരുട്ടത്ത് നദിയിലേക്ക് തപ്പി തടഞ്ഞ് ഇറങ്ങുമ്പോഴേക്കും അതാ ഫ്ളയിങ് സോസാർ വന്നു ലാൻഡും ചെയ്തു , നടുക്കുണ്ടനെ പിടിച്ചു കേറ്റി പറന്നുയരുകയും ചെയ്തു .

ഒക്കെ വളരെ പെട്ടന്നായിരുന്നു .

ഈ ഗൂഗന്മാരെ കണ്ടാൽ നമ്മുടെ ഒക്റ്റോപ്പസിനെ പോലെ ഇരിക്കും . ഇവരെ കണ്ട നടുക്കുണ്ടൻ ഭയന്ന് വിറച്ച് അങ്ങനെ നിക്കുകയാണ് . ഗൂഗൻ വൺ പറഞ്ഞു :

“ഗേഗി ഗണ്ട – ഗോഗ് …ഗാഗ ഗൂ ഗൂ …” (പേടിക്കണ്ട മലരേ , നിന്നെ ഞങ്ങൾ ഒന്നും ചെയ്യില്ല .)

പറയുന്നത് മൊത്തം അപ്പൊ തന്നെ ഗൂഗൂ ട്രാൻസ്ലേറ്റ് എന്ന സംഭവം ഉപയോഗിച്ച് നേരിട്ട് നടുക്കുണ്ടന്റെ തലയിൽ കേറിക്കോളും .

ഇതും പറഞ്ഞ് , ഗൂഗൻ വൺ നടുക്കുണ്ടനെ ഒരു ഹിപ്നോട്ടിക് നിദ്രയിൽ ആക്കി . എന്നിട്ട് ഓരോ പ്രപഞ്ച സത്യങ്ങൾ പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു .

ഈ ഭീമാകാരമായ പ്രപഞ്ചത്തിൽ നടുക്കുണ്ടന്മാർ ഒന്നും അല്ലെന്ന് – ഒരു ചുക്കും ചുണ്ണാമ്പും അല്ലെന്ന് – നടുക്കുണ്ടൻ മനസ്സിലാക്കി .

അവൻ ഞെട്ടിയുണർന്നു . വാവിട്ടു കരഞ്ഞു . ഭയങ്കരമായ ശബ്ദത്തിൽ അലറി . നിലത്ത് കിടന്നുരുണ്ടു .

“ഇല്ല – സിൻഡിക്കറ്റ് – എസ്നെസ്സ് —” അവൻ അലറി .

ഗൂഗൻ റ്റു ഗൂഗൻ വൺ നോട് പറഞ്ഞു :

‘ഗഗി . ഗാറ്റ് ഗോഗു . ഗ്രീ ഗ്രോയിം ” (മതിയെടാ കോപ്പേ – അവന്റെ കാറ്റ് പോകും . ഇവരൊന്നും ആയിട്ടില്ല . നമുക്ക് പോകാം .)

‘ഗോര് ഗയൂം ഗൂ ഗാഗ ” (പോടാ . രണ്ടിലൊന്ന് അറിഞ്ഞിട്ട് പോകാം )

പിന്നെയും നടുക്കുണ്ടനെ നിദ്രയിൽ ആക്കി . ഇത്തവണ പറഞ്ഞത് വേറെ ചില കാര്യങ്ങൾ ആണ് :

  • പ്രാപഞ്ചിക നിയമങ്ങൾ ഉണ്ട് . സഹജീവി സഹനം പരമാവധി കുറക്കണം , അങ്ങനെ ഒക്കെ . പക്ഷെ ഈ നദിയിലേക്ക് ഇറങ്ങി ഇരുന്നുള്ള പരിപാടി , മലർന്നു കിടന്നുള്ള തുപ്പൽ , ഒക്കെ കട്ട ലോക്കൽ കാര്യങ്ങൾ ആണ് – അതിലൊന്നും ഒരർത്ഥവും ഇല്ല . ഗ്രാൻഡ് മാസ്റ്ററുടെ മനസ്സ് വായിക്കാൻ ആർക്കും ഇത് വരെ പറ്റിയിട്ടില്ല . ഒത്തിരി കാര്യങ്ങൾ അറിയാത്തതും ഉണ്ട് . വേറെ വിശേഷം ഒന്നുമില്ലല്ലോ ?”

നടുക്കുണ്ടൻ ചാടി എണീറ്റു . ഫ്ലയിങ് സോസറിന്റെ നടുമുറ്റത്ത് ചുറ്റി ഓട്ടം തുടങ്ങി . എട്ട് കൈകളും കെട്ടി ഗോഗന്മാർ നോക്കി നിന്നു .

കരയുന്നു , അട്ടഹസിക്കുന്നു , ഭ്രാന്തനായി ചിരിക്കുന്നു . നടുക്കുണ്ടൻ എന്തൊക്കെയോ ചെയ്യുന്നു . മൂലയിൽ പോയി കുറെ നേരം ഛർദിച്ചു . ഗാംഗിരി മൃഗത്തിന്റെ തോല് കൊണ്ടുണ്ടാക്കിയ ലങ്കോട്ടിയിൽ മല മൂത്ര വിസർജനം ചെയ്തു . തികട്ടി വന്ന ഛര്ദിൽ തുപ്പി – തൂ , ധൂ .

അതായിരുന്നു അവസാനത്തെ ആണി . നദിയിൽ മുങ്ങാതെ ആണ് താൻ കാര്യം സാധിച്ചത്! പിന്നെ മലർന്നു കിടക്കാതെ തുപ്പുകയും ചെയ്തു എന്ന അവബോധം വന്ന ഉടൻ , നടുക്കുണ്ടന്റെ തലച്ചോറിലെ ചില സൈനപ്റ്റിക് കണക്ഷനുകളിൽ പൊട്ടലും ചീറ്റലും ഉണ്ടായി . അവിടെ നിന്ന് ഹൃദയത്തിലേക്കുള്ള വാഗസ് നാഡിയുടെ ഫ്യൂസ് അടിച്ചു പോയി .

അവന്റെ കണ്ണുകൾ തള്ളി . നിലത്ത് വീണു . അപസ്മാര ലക്ഷണങ്ങളോടെ കൈകാൽ ഇട്ടടിച്ചു . വായിൽ നിന്ന് നുരയും പതയും വന്നു . പിന്നെ ചലനം ഇല്ല . ഗോൺ . നടുക്കുണ്ടന്റെ ഇഹലോഹവാഹ—-ഛേ – ഇഹലോക വാസം അവസാനിച്ചു .

അഞ്ചു കൈകൾ പോക്കറ്റിൽ നിന്നും എടുത്ത് ,ഗൂഗൻ വൺ പറഞ്ഞു :

‘ഗാഗ് ഗപ്പഗേ ഗഗാഗ്ഗ് , ഗോയ ” (ഞാൻ അപ്പഴേ പറഞ്ഞില്ലേ മാങ്ങാണ്ടി മോറാ ?)

“ഗാഗ്യ ഗോ ഗാഗുര്ഗാ ” (മാന്യമായി സംസാരിക്കണം . പക്ഷെ താങ്കൾ പറഞ്ഞത് ശരിയാണ് .)

അന്ന് വിട്ട് പോയതാണ് ഗൂഗന്മാർ . പിന്നെ അസോസിയേഷൻ പറഞ്ഞത് അനുസരിച്ച് ഗൂഗന്മാർ ഈയടുത്ത് വന്നിരുന്നു കേട്ടോ . ഇന്റർനാഷണൽ ഡിക്ലറേഷൻ ഓഫ് ഹ്യൂമൻ റൈറ്സ് , ഐക്യ രാഷ്ട്രസഭ പാസാക്കിയതിനു ശേഷം ആണ് അവർക്ക് ഭൂമിയിൽ വീണ്ടും താല്പര്യം വന്നു തുടങ്ങിയത് .

കഴിഞ്ഞ മാസം ആണവർ വന്നത് . ഇത്തവണ ലാൻഡ് ചെയ്ത് റിസ്ക് എടുത്തില്ല . ചുമ്മാ നിരീക്ഷിച്ചു .

അമേരിക്കയുടെ മോളിലൂടെ പറന്നു . അതാ ഓറഞ്ചു മുടിയുള്ള ഒരുത്തൻ നടുവിരൽ പൊക്കി കാണിക്കുന്നു . റഷ്യയുടെ മോളിൽ ചെന്നു . അവിടതാ ഒരാൾ ഷർട്ട് ഇടാതെ മസിൽ ഒക്കെ കാണിച്ച് പ്രസംഗിക്കുന്നു . ടർക്കി , മിഡിൽ ഈസ്റ്റ് , ആഫ്രിക്ക , ചൈന …ഒക്കെ അവർ പോയി .

എന്താണോ എന്തോ . ഈ പ്രാവശ്യവും നമ്മെ അസോസിയേഷനിൽ ചേർക്കാൻ ഉള്ള ഒരുദ്യമവും കണ്ടില്ല .

ഇപ്പൊ നിങ്ങടെ മനസ്സിൽ ഉണ്ടായ ചോദ്യം ഇതല്ലേ ?

എന്ത് കൊണ്ട് ഇന്ത്യയുടെ മോളിൽ വന്ന് നിരീക്ഷിച്ചില്ല ?
അതോ ഇനി ഞാൻ പറയാത്തതാണോ , മനഃപൂർവം ?

എനിക്ക് നിങ്ങളോട് ഒന്നേ പറയാനുള്ളു :

“ഗാൻ ഗീഗിച്ച് ഗോഗ്ഗ് , ഗിനക്ക് ഗഗി ക്ക് ഗഗി , ഗാഗ്രഗൂ ?” (ഞാൻ ഇവിടെ മര്യാദക്ക് ജീവിച്ച് പോകുന്നത് നിനക്ക് സഹിക്കുന്നില്ല അല്ലെടോ അലവലാതീ ?)
(ജിമ്മി മാത്യു ) .

.

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .