എന്താണ് എക്കണോമിക്‌സ് ?
മനുഷ്യന് ഞണ്ണാൻ ഫുഡ് വേണം. പാർപ്പിടം, വസ്ത്രം ഇവ വേണം. സുരക്ഷ വേണം.
പണ്ട് അതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ലളിത കൊടുക്കൽ വാങ്ങലുകളിൽ ഒതുങ്ങി.
എന്നാൽ ഗോത്രങ്ങൾ ഗ്രാമങ്ങൾ ആയി . ഗ്രാമങ്ങൾ രാജ്യങ്ങൾ ആയി . രാജ്യങ്ങൾ അന്തർദേശീയ കൂട്ടായ്മകൾ ആയി . ഗ്ലോബൽ മാർക്കറ്റ്.
പണം ഉണ്ടായി . ഓരോ രാജ്യത്ത് ഓരോ തരം പണം. രാജ്യങ്ങൾ തമ്മിൽ കറൻസി എക്സ്ചേഞ്ച് റേറ്റ് അനുസരിച്ചു കച്ചവടങ്ങൾ നടക്കുന്നു .
കോടിക്കണക്കിനു ജനങ്ങൾക്ക് കാക്കത്തൊള്ളായിരം ആവശ്യങ്ങൾ ആണ് . ചിലർക്ക് ഒട്ടക ഇറച്ചി വേണമെങ്കിൽ കുറെ പേർക്ക് കാട മുട്ട ഫ്രൈ വേണം . ഒരാൾക്ക് ഫിലോസഫി വായിക്കണം എങ്കിൽ ചിലർക്ക് ചിരി സിനിമകൾ കാണണം . ഒരു വിദ്വാൻ തല ഷേവ് ചെയ്യാൻ ബാർബർ ഷാപ്പിലേക്കോടുമ്പോൾ മറ്റൊരുത്തി മുടി തഴച്ചു വളരാനുള്ള എണ്ണ വേണം എന്ന് പറഞ്ഞു നടക്കുന്നു.
ഗ്ലോബൽ മാർക്കറ്റിൽ കിട്ടാത്തത് അധികം ഒന്നും ഇല്ലെന്നു പറയാം . അപ്പനെയും അമ്മയെയും വരെ വാങ്ങാൻ ശ്രമിക്കുന്നവർ ഉണ്ട് . കിട്ടാനും ഇടയുണ്ട് എന്നതാണ് സത്യം .
ശ്വാസകോശം സ്പോന്ജ് പോലെ ആണെങ്കിൽ ആഗോള സമ്പത് വ്യവസ്ഥിതി ഒരു വല പോലെ ആണ് . കോടാനുകോടി ആറ്റങ്ങൾ ചേർന്ന് ഒരു മനുഷ്യ ശരീരം ഉണ്ടാകുന്നത് പോലെ , കോടാനുകോടി മനുഷ്യർ പരസ്പരം വിശ്വസിച് ബ്രഹ്‌മാണ്ഡ കൊടുക്കൽ വാങ്ങലുകളാൽ ബന്ധപ്പെട്ടിരിക്കുന്ന ഒരു അദൃശ്യ മായാ വലയാണ് ഈ ഇക്കോണമി എന്ന് പറയുന്നത് .
ഇത് എങ്ങനെ ഉണ്ടായി ? ആവോ ..ആർക്കും അറിയില്ല . തന്നെ ഉണ്ടായി . സ്വയം ഭൂ .
ഇത് എങ്ങനെ പ്രവർത്തിക്കുന്നു? എങ്ങനെ, എന്തൊക്കെ മാറ്റങ്ങൾ ഇതിൽ വരാം ? ഇതിന്റെ നട്ടും ബോൾട്ടും എവ്‌ടെ ? എൻജിൻ റൂം എവിടെ ? ഇന്ധനങ്ങൾ എന്തൊക്കെ ? ഇതൊക്കെ പഠിക്കാൻ ആണ് എകണോമിസ്റ്റുകൾ ശ്രമിക്കുന്നത് . ആഡം സ്മിത്ത് എന്ന ഒരു ഇംഗ്ളീഷുകാരൻ ചേട്ടൻ ആണ് ഇത് ആദ്യമായി പഠിച്ചു അടിസ്ഥാന തത്വങ്ങൾ വികസിപ്പിച്ചത് . വെൽത് ഓഫ് നേഷൻസ് എന്ന ഒരു ബുക്കും പുള്ളി എഴുതി ഉണ്ടാക്കി .
എക്കണോമി എന്ന മൃഗം ഒരു താന്തോന്നി ആണ് . എത്ര ഒക്കെ പഠിച്ചിട്ടും , ഗുണിച്ചും ഹരിച്ചും , പാരാവാര ഗണിത ഇക്വഷനുകളും സ്റ്റാറ്റിസ്റ്റിക്‌സും ഒക്കെ സോൾവ് ചെയ്ത് നോക്കിയാലും പലപ്പോഴും എങ്ങനെ പെരുമാറും എന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്മാർക്ക് തന്നെ വലിയ പിടി ഒന്നുമില്ല .
എകണോമിക്സിന്റെ ഏറ്റവും അടിസ്ഥാന തത്വം ഇതാണ് :
“ഓരോ മനുഷ്യനും സ്വന്തം ഗുണത്തിന് വേണ്ടി യുക്തി ഭദ്രമായി ചിന്തിച് , വരും വരായ്കകളെ പറ്റി പഠിച്ചു ആലോചിച്ചാണ് ഓരോ തീരുമാനങ്ങളും എടുക്കുന്നത് !”
ഇതിന്റെ ബലത്തിൽ ആണ് ഈ മാക്രോ എക്കണോമിക് തിയറിയും ഗെയിം തിയറിയും കൈനേഷ്യൻ എകണോമിക്‌സും ഒക്കെ കെട്ടി പൊക്കിയിരിക്കുന്നത്.
നമ്മൾ ഒരു കാര്യം മനസിലാക്കണം – കോടി കണക്കിന് മനുഷ്യമനസ്സുകളിൽ ആണ് ഈ ഗ്ലോബൽ സമ്പത് വ്യവസ്ഥ സ്ഥിതി ചെയ്യുന്നത്. അല്ലാതെ ഏതെങ്കിലും കെട്ടിടത്തിലോ സ്ഥലത്തോ “ദേ കെടക്കാണ് എകണോമി” – എന്ന് ഒരു സാധനം ഇല്ല . മൊത്തം ഒരു തോന്നൽ മാത്രം . ദൈവം ഉണ്ടെന്നു എല്ലാർക്കും തോന്നിയാൽ ഉണ്ട് – ആ ദൈവത്തിനു കുറെ പവർ ഉണ്ട് . മായ ആയാലെന്ത് ?
അത് പോലെ എല്ലാവരും പരസ്പരം സമ്മതിച്ച ചില നിയമങ്ങൾ ആണ് എകണോമി . ഇതിന്റെ ഇന്ധനമോ – ഓരോ മനുഷ്യനും എടുക്കുന്ന സാമ്പത്തിക തീരുമാനങ്ങളും .
ഞാൻ എന്ത് വാങ്ങിക്കണം? എന്ത് തിന്നണം ? എന്ത് ജോലി ചെയ്യണം ? ബിസിനെസ്സ് വല്ലതും തുടങ്ങണോ? എന്ത് ബിസിനസ് ?
കഴിഞ്ഞ കുറെ കാലങ്ങൾ ആയി മന ശാസ്ത്രജ്ഞർക്ക് അറിയാവുന്ന ഒരു കാര്യം ആണ് – മനുഷ്യർ അത്ര യുക്തന്മാർ ഒന്നും അല്ല !
പത്തിരുപതു വർഷങ്ങൾ ആയി ചില എകണോമിസ്റ്റുകൾക്കും ഈ സംശയങ്ങൾ തോന്നി തുടങ്ങിയിട്ട് . ഡാനിയേൽ കനിമാൻ , തുടങ്ങുയവരുടെ ചുവടു പിടിച്ചു ഈ വിഷയത്തിൽ നടത്തിയ പഠനങ്ങൾ പ്രമാണിച്ചു ബിഹേവിയറൽ എക്കണോമിക്‌സ് എന്ന ശാസ്ത്രത്തിന്റെ അടിത്തറ ഉണ്ടാക്കിയതിന് ആണ് റിച്ചാർഡ് തലേർക്കു ഈ വര്ഷം നോബൽ കിട്ടിയത് . കനിമാന് 2002 ൽ നോബൽ കിട്ടിയിരുന്നു .
വളരെ അടിസ്ഥാന പരമായി തലേർ ഉം കനിമാനും പറയുന്നത് ചില പ്രധാന കാര്യങ്ങൾ ആണ് :
ആൾക്കാർ യുക്തി ഭദ്രമായി ചിന്തിക്കുന്ന യുക്തന്മാർ അല്ല .
എന്നാൽ യുക്തി ഭദ്രമായി ചിലപ്പോൾ ചിന്തിച്ചേക്കാം . അതിനു മനഃപൂർവമുള്ള പ്രയത്നം ആവശ്യമാണ് . വിദഗ്ദ്ധർ അവരുടെ മേഖലയിൽ പലപ്പോഴും അങ്ങനെ ചിന്തിച്ചേക്കാം . ഉദാഹരണത്തിന് ഒരു രോഗിയുടെ ചികിത്സയെ പറ്റി ഞാൻ യുക്തി സഹ തീരുമാനം എടുത്തേക്കാം . എന്നാൽ ആ രോഗിക്ക് അതിനനുസരിച്ചു ആ തീരുമാനം ബോധ്യം ആവണം എന്നില്ല .
ഞാൻ തന്നെ ഒരു വീട് വക്കുന്നതിലോ റിട്ടയർമെന്റ് പ്ലാനിലോ ഇൻഷുറൻസ് പ്ളാനിലോ കാശ് നിക്ഷേപിക്കുന്നതിൽ എടുക്കുന്ന തീരുമാനങ്ങൾ ഒട്ടും യുക്തി സഹം ആവണം എന്നില്ല . എന്നാൽ ഇതിനെ പറ്റി ശരിയായി പഠിച്ചു , മേഖലയിൽ ഉള്ള വിദക്തരോട് ചോദിച്ചു മനസ്സിലാക്കി , പ്രയാസപ്പെട്ടാൽ ഒരു പക്ഷെ ഏറ്റവും നല്ല തീരുമാനങ്ങൾ എടുക്കാൻ പറ്റിയേക്കും .
അപ്പോൾ നമ്മൾ എല്ലാ ദിവസവും ചെയ്യുന്ന ഏത് സോപ്പ് വാങ്ങണം , എവിടെ പോകണം , എന്നിങ്ങനെ ഉള്ള ചീള് തീരുമാനങ്ങളിൽ യാതൊരു യുക്തിയും വർക് ഔട്ട് ആവുന്നില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ .
കൂടുതൽ അറിയാൻ കന്നിമാൻ ന്റെ “thinking fast and slow “, തലേർ ന്റെ “nudge ” എന്നീ പുസ്തകങ്ങൾ വായിക്കുക . ഞാൻ രണ്ടും വായിച്ചിട്ടുണ്ട് .
മനുഷ്യൻ യുക്തൻ അല്ല . ദുർബൽ ആണ് . എന്നിട്ടും ഈ എകണോമി ഒക്കെ എങ്ങനെയോ ഓടി കൊണ്ടിരിക്കുന്നു . ഇത്രയും ആളുകളുടെ ദുർബല മനസ്സുകൾ ചേർന്ന് എത്രെ ഗംഭീരമായ ഒരു സംഭവം ഉണ്ടാകുന്നു എന്ന് നോക്ക് . അത്ഭുതം തന്നെ (ജിമ്മി മാത്യു )