നിക്ഷ്പക്ഷൻ

“നിങ്ങൾ തീരെ നിക്ഷ്പക്ഷനല്ല” . ഇൻബോക്സിൽ വന്ന ആ മെസ്സേജ് എന്നെ നിരാശപ്പെടുത്തി . എല്ലാ വശവും പഠിക്കാൻ കുറെ ശ്രമിക്കാറുണ്ട്…എന്നിട്ടും ….

അസ്വസ്ഥനായാണ് ഉറങ്ങാൻ കിടന്നത് . ഒന്ന് മയങ്ങിയിട്ടുണ്ടാകും . സ് …സ് …ശബ്ദം കേട്ടാണുണർന്നത് . അതാ ബെഡ്‌റൂമിൽ ഒരു മനുഷ്യൻ .

കുള്ളനാണ് . പൂർണ നഗ്നൻ . നീണ്ട താടി സംഭവങ്ങളെല്ലാം മറച്ചിട്ടുണ്ട് . അതൊരാശ്വാസം . ഞാൻ അമ്പരന്നിരുന്നു ഇങ്ങനെ നോക്കുകയാണ്. അങ്ങേര് എന്നെ നോക്കി പല്ല് ഇ ളിക്കുകയാണ് സുഹൃത്തുക്കളെ …ഇളിക്കുകയാണ് .

“ഞാനാണ് സംശയഃ നിവാരണൻ . ദേവലോകത്തു നിന്നു വരുന്നു .”

എന്തിന് – ചോദ്യഭാവത്തിൽ ഞാൻ നോക്കി . എനിക്ക് ഭയമൊന്നും തോന്നിയില്ല .

“മാനേജർ പറഞ്ഞയച്ചതാണ് . എന്തോ സംശയമുണ്ടെന്ന് പറഞ്ഞു ?”

ഓകെ . അദ്ദേഹം അയച്ചതാണ് .

“തുണിയുടുത്തു കൂടെ സ്നേഹിതാ ? അതോ അവിടെയും കാശൊക്കെ ഡീമോണിറ്റൈസ് ചെയ്തു പണ്ടാരം അടങ്ങിയോ ?” ഞാൻ ചോദിച്ചു .

“യ് – അതൊന്നുമല്ല . ഞാൻ സത്യത്തെ പ്രതിനിധാനം ചെയ്യുന്നു . സത്യത്തിന്റെ ഫ്രണ്ട് ഭാഗം വൃത്തികെട്ടതും വിരൂപവുമായിരിക്കും .”

“മുഖം എന്നല്ലേ ?”

“അല്ല ” അയാൾ ഗൗരവം പൂണ്ടു .”വേഗം ചോദിക്ക് ഗഡീ . ഇത് കഴിഞ്ഞിട്ട് വേണം ആർ ബി ഐ ഗവർണറെ ഒന്ന് കാണാൻ . ഒക്കെ എണ്ണിക്കഴിഞ്ഞെന്നോ എങ്ങനെ സത്യം പറയുമെന്നോ ഒക്കെ മാനേജരെ വിളിച്ചു കരയുന്നതു കേട്ടു “

“ഒരു നിക്ഷ്പക്ഷനെ ഇപ്പോൾ കാണിച്ചു തരണം . അങ്ങനെ ഒരാൾ എവിടെയുണ്ട് ?”

അയാൾ കൈ നീട്ടി . നിമിഷനേരത്തിനുള്ളിൽ ഞങ്ങൾ പറക്കുകയാണ് സുഹൃത്തുക്കളെ , പറക്കുകയാണ് . താഴെ കാടും മേടും പറമ്പും പുൽമേടുകളും ഓടി മറയുന്നു .

“നിക്ഷ്പക്ഷനാവാൻ വലിയ പാടായിരിക്കും .” ഞാൻ ചോദിച്ചു . പറക്കലിനിടെയിലാണ് .

അയ്”- “ഒരു പാടുമില്ല . സാഹചര്യങ്ങൾ ഒത്തു വന്നാൽ ഏതൊരാൾക്കും പെട്ടന്ന് നിക്ഷ്പക്ഷനാകാം .”

ഞങ്ങൾ പറന്നിറങ്ങി . ഒരു വീടിന്റെ മുന്നിലാണ് . നിറയെ ആളുകൾ . ആരുടെയോ ചുറ്റും കൂടിയിരിക്കുകയാണ് . മഹാനായ നിക്ഷ്പക്ഷനെ കണ്ടു അഭിപ്രായങ്ങൾ തേടാൻ വന്നതായിരിക്കും . ജനങ്ങൾക്കിടയിലൂടെ നൂണ്ടു ഞാൻ അകത്തു കയറി . അതാ – നിക്ഷ്പക്ഷൻ .

കിടക്കുകയാണ് . ഒരു പെട്ടിയിൽ . മൂക്കിൽ പഞ്ഞി വച്ചിട്ടുണ്ട് . മുഖത്ത് നിക്ഷ്പക്ഷ ഭാവം തളം കെട്ടി കിടക്കുന്നു . വല്ലാത്ത സമാധാനം നൽകുന്ന ശാന്തത .

“ഇന്ന് രാവിലെ നിക്ഷ്പക്ഷനായതേയുള്ളു .” നമ്മുടെ ഭീകര വിരൂപ ഫ്രണ്ട് മൊഴിഞ്ഞു .