മുൻപത്തെ പോസ്റ്റിൽ (കമന്റിൽ ) ശാസ്ത്രത്തിന്റെ ശരിയിലേക്കുള്ള പാത ഏതാണ്ട് പറഞ്ഞിരുന്നു
അതായത് , നമ്മുടെ തന്തേം തള്ളേം നമ്മുടെ തന്നെ ആന്നോ.?
ഞാൻ ഏകദേശം അവരെ പോലെ ഇരിക്കുന്നു . അവർ നമ്മളെ അങ്ങനെ ആണ് പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത് . നാട്ടുകാരും വീട്ടുകാരും അങ്ങനെ തന്നെ പറയുന്നു . ആൽബത്തിൽ പഴേ ഫോട്ടോകൾ നിങ്ങൾ ജനിച്ച ഉടൻ ഉൾപ്പെടെ ഉള്ളവ നാം കാണുന്നു . അങ്ങനെ അവർ നമ്മുടെ അപ്പനും അമ്മയും ആണെന്ന് ഏകദേശം ഉറപ്പായും നമ്മൾ വിശ്വസിക്കുന്നു .
ഇനിയും സംശയം തീർന്നില്ലെങ്കിൽ ഡി ണ് എ ടെസ്റ്റ് ചെയ്യാം . ഏകദേശം ഉറപ്പായും അപ്പോൾ നമുക്ക് തെളിയിക്കാം . എന്നാൽ പോലും നൂറു ശതമാനം ഉറപ്പാക്കാൻ പറ്റില്ല എന്ന് നമ്മൾ കണ്ടു. ഇത് പോലെ ആണ് ശാസ്ത്രവും . ശാസ്ത്രത്തെ പറ്റി വലിയ അവബോധം ഇല്ലാത്തവർ വിചാരിക്കുന്നത് സംശയാതീതം ആയി തെളിയിക്കണം എന്നാണു . സംശയാതീതം എന്നൊന്നില്ല. ഏകദേശം ഉറപ്പ് എന്നേയുള്ളു . എന്നാൽ ശാസ്ത്രേതര അറിവുകളുടെ അനേകം മടങ്ങ് ഉറപ്പ് ശാസ്ത്ര കാര്യങ്ങളിൽ ഉണ്ട് .
തിയറി എന്ന് പറഞ്ഞാൽ “വെറും തിയറി ” അല്ല . മിക്കവാറും തിയറികൾ ഏകദേശം ഉറപ്പായും ശരി ആണ് . തിയറി ഓഫ് ഗ്രാവിറ്റി – ശരി ആണ് . അതിന്റെ ഒരു മെച്ചപ്പെട്ട , സാധാരണ അല്ലാത്ത സാഹചര്യങ്ങളിൽ കൂടി ഉപയോഗിക്കാവുന്ന ഗ്രാവിറ്റി യെ പറ്റി ഉള്ള തിയറി ആണ് ഐൻസ്റ്റീന്റെ ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി .
300 എ ഡി മുതൽ ഏകദേശം 1900 എ ഡി വരെ ക്രിസ്ത്യൻ സഭകൾ പഠിപ്പിച്ചിരുന്നത് ഭൂമിക്ക് ഏകദേശം 6000 കൊല്ലമേ പഴക്കം ഉണ്ടായിരുന്നുള്ളു എന്നാണു . എല്ലാ ജീവികളെയും ഒന്നിച്ചു ദൈവം ഉണ്ടാക്കി എന്നും പഠിപ്പിച്ചു . എന്നാൽ ഇത് എല്ലാവരും അത് പോലെ വിശ്വസിച്ചു എന്നും ചാൾസ് ഡാർവിൻ ആദ്യമായി പരിണാമം എന്ന് പറഞ്ഞപ്പോൾ എല്ലാരും ഞെട്ടി തരിച്ചെന്നും നിങ്ങൾ വിചാരിക്കരുത് . അങ്ങനെ ഒന്നും അല്ല സംഗതി .
1500 കളോടു കൂടി ആളുകൾക്ക് സംശയം തോന്നി തുടങ്ങിയിരുന്നു . അന്ന് മുതൽ പ്രകൃതിയെ നിരീക്ഷിക്കുന്ന ശാസ്ത്രജ്ഞന്മാർ ഉണ്ടായിരുന്നു .
കാൾ ലിന്നേ യെസ് എന്ന ഒരാൾ ജീവികളെ പല തരങ്ങൾ ആയി തിരിച്ചു . അവരുടെ രൂപം , അനാട്ടമി , സ്വഭാവം , ഇതൊക്കെ വച്ചാണ് അങ്ങേര് തിരിച്ചത് . ആദ്യം തന്നെ സൂക്ഷ്മ ജീവാണുക്കൾ , ചെടികൾ , മൃഗങ്ങൾ . മൃഗങ്ങളിൽ തന്നെ , നട്ടെല്ലുള്ളവ , ഇല്ലാത്തവ . ഉള്ളവയിൽ, മീനുകൾ, ഉരഗങ്ങൾ, പക്ഷികൾ, സസ്തനികൾ . ഇല്ലാത്തവയിൽ പുഴുക്കൾ, പ്രാണികൾ, ഒച്ചുവർഗം മുതലായവ .
അതായത് , ആദ്യം കാണിച്ച പോലത്തെ ഒരു മരത്തിന്റെ ശിഖരങ്ങൾ കണക്കെ ആണ് സംഭവം . അതായത് മരത്തിന്റെ തായ് തടിയുടെ കീഴെ ഉള്ള ഒരൊറ്റ ജീവി രൂപാന്തരം പ്രാപിച്ചാണ് എല്ലാ ജീവികളും ഉണ്ടായത് എന്ന് സൂചന അന്നേ ഉണ്ടായിരുന്നു.
അടുത്ത പ്രശ്നം ഉയർത്തി കൊണ്ട് വന്നത് ജിയോളജിസ്റ്റുകൾ ആണ് . ഭൂമിയുടെയും, മലകളുടെയും , പാറകളുടെയും ഒക്കെ ഘടന പഠിച്ചിട്ട് , കോടിക്കണക്കിനു കൊല്ലങ്ങൾ പഴക്കം ഭൂമിക്കുണ്ടെന്നും , ഭൂമിയിൽ കാലാന്തരേ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അവർ പറഞ്ഞു . ഡാർവിന്റെ കാലം ആയപ്പോഴേക്കും ചാൾസ് ലയേൽ എന്ന ഒരാളുടെ ഇത്തരം നിഗമനങ്ങൾ ഒരു മാതിരി വിവരം ഉള്ള എല്ലാരും അംഗീകരിച്ചിരുന്നു !
പിന്നെ ഇടയ്ക്കിടെ ഫോസിലുകൾ പൊന്തി വരും . ഇന്നില്ലാതിരുന്ന ജീവികളുടെ പല്ലും, എല്ലും, മുട്ടയും ഒക്കെ .
വേറെയും വളരെ അധികം സാഹചര്യ തെളിവുകൾ ഉണ്ട് . ഗുഹകൾക്കകത്തെ മീനുകള്ക് കണ്ണില്ല – എന്ത് കൊണ്ട് ? ദ്വീപുകളിലെ ജീവികൾ ചില അടുത്തുള്ള വൻകരയിലെ ജീവികളെ പോലെ ഉണ്ടെങ്കിലും പല വിധത്തിൽ രൂപ മാറ്റം വന്ന പോലെ ഇരിക്കുന്നു . ഉദാഹരണത്തിന് , ലെമൂർ എന്ന ജീവി , മഡഗാസ്കർ ദ്വീപിൽ ചെറുതും വലുതുമായി ഡസൻ കണക്കിന് ജീവികളായി നടക്കുന്നു !
ഒക്കെ ചേർന്ന് , ജീവികൾ പതിയെ മാറ്റങ്ങൾ സംഭവിച്ചു പുതിയ ജീവികൾ ഉണ്ടാകും എന്ന് കുറെ അധികം ആളുകൾ ഡാർവിന് മുന്നേ വിശ്വസിച്ചു പൊന്നു . എന്തിനു – ചാൾസ് ഡാർവിന്റെ സ്വന്തം തന്തേടെ തന്ത – അതായത് അപ്പൂപ്പൻ ആയ ഇറാസ്മസ് ഡാർവിൻ, പരിണാമത്തിൽ വിശ്വസിച്ചിരുന്നു !
പരിണാമം എങ്ങനെ ഉണ്ടാകുന്നു എന്നാണു മനസ്സിലാകാതിരുന്നത് . അതാണ് ഡാർവിൻ പറഞ്ഞത് . മാത്രമല്ല , അതി ബ്രഹത്തായ തെളിവുകളിലൂടെ അത് സ്ഥാപിക്കുകയും ചെയ്തു . ഡാർവിൻ പറഞ്ഞത് പര സിംപിൾ ആണ് .:
ജീവികൾ പെറ്റു പെരുകുന്നു .
മക്കൾ അപ്പനമ്മമാരെ പോലെ ഏകദേശം ഇരിക്കുന്നു – എന്നാൽ മുഴുവനായും അല്ല .
അതായത് മക്കളിൽ ചെറു മാറ്റങ്ങൾ ഉണ്ട് .
ജീവികൾ തമ്മിൽ ജീവിക്കാൻ മത്സരം ഉണ്ട് .
ചുറ്റുപാടുകൾക്ക് ഏറ്റവും അനുയോജ്യമായത് മാത്രം ജീവിക്കും – മറ്റേതൊക്കെ മരിക്കും .
ചുറ്റുപാടുകൾ മാറുന്നതനുസരിച്ചു ജീവികളും മാറും .
ഇത്രേയുള്ളൂ . സൊ സിംപിൾ . തെളിവുകൾ പിന്നീട് കൂടുക അല്ലാതെ കാര്യമായ ഒരു വെല്ലുവിളിയും ഈ സത്യത്തിനു ഉണ്ടായിട്ടില്ല .
– ഫോസിലുകൾ മണ്ണിന്റെ ഏതു ലയേറിൽ കാണുന്നു എന്നനുസരിച് പഴേ ജീവികൾ താഴെയും മറ്റുള്ളവ മോളിലും കാണുന്നു . ഇതും ജീവിത മര ശാഖാ ചിത്രവുമായി നല്ല പൊരുത്തം ഉണ്ട് ,
– പഴമ നിർണയിക്കാൻ കാർബൺ ഡേറ്റിംഗ് മുതൽ പൊളോണിയമ് ഡേറ്റിംഗ് വരെ ഉണ്ട് .
– ഡി എൻ എ കണ്ടു പിടിച്ചതോടെ കാര്യങ്ങൾ കൂടുതൽ നന്നാ വിശദീകരിക്കാം എന്നായി . ജീനുകൾ മാറുന്നത് , ജീനുകൾ ഇല്ലാത്ത ഇന്ട്രോണുകൾ എന്ന പ്രദേശം മാറുന്നത് എന്നിവ നോക്കി ഓരോ ജീവിയും എപ്പോൾ ഉണ്ടായി എന്ന് കൃത്യമായി ഇന്ന് പറയാം . ഉദാഹരണത്തിന് – 60 ലക്ഷം വര്ഷങ്ങള്ക്കു മുൻപായാണ് ചിമ്പാൻസിയും നമ്മളും വഴി പിരിഞ്ഞത്. നമ്മുടെ പൂർവികർ ഇപ്പോൾ ഉള്ള കുരങ്ങുകൾ അല്ല (പടം നോക്കുക )
– ഡി എൻ എ ഡാറ്റാ ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു ജീവിത മര ശിഖര പടമാണ് രണ്ടാമത് കാണിച്ചിരിക്കുന്നത് . എന്തൊരു പൊരുത്തം ആണെന്ന് നോക്ക് ! ഡാർവിൻ പറഞ്ഞതിന് ശേഷം 100 വര്ഷം കഴിഞ്ഞാണ് ഡി എൻ എ കണ്ടുപിടിക്കുന്നത് ! (ജിമ്മി മാത്യു )