പലപ്പോഴും നമ്മൾ കേട്ടിട്ടുള്ള ഒരു കാര്യമാണ് – മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുത് !
പക്ഷെ സത്യത്തിന്റെ മുഖം ഒരു മാതിരി ആണ് . ഈ മതകുമാറും രാഷ്ട്രീയ കുമാരിയും ൽ കെ ജി തൊട്ടേ ഭയങ്കര ലൈൻ ആയിരുന്നു!
ഗാന്ധി ഒരിക്കൽ പറഞ്ഞിട്ടുണ്ട് :
“മതവും രാഷ്ട്രീയവും തമ്മിൽ ബന്ധമില്ല എന്ന് പറയുന്നവർക്ക് , മതം എന്താണ് എന്നറിയില്ല “. അത്ഭുതപ്പെടുത്തുന്ന വാക്കുകൾ ആണവ . എന്ത് കൊണ്ട് ഗാന്ധി , ഒരു അതി സമർത്ഥനായ രാഷ്ട്രീയ നേതാവായി എന്നതിന് തെളിവാണ് ഈ വാക്കുകൾ .
മനുഷ്യൻ ഉണ്ടായ കാലം തൊട്ടേ , കട്ട ലൈനുകൾ ആയിരുന്നു ഇവർ. പണ്ട് കല്ല് യുഗത്തിൽ ഇപ്പോഴും ജീവിക്കുന്ന ഗോത്രങ്ങളിൽ , മന്ത്രവാദി ഉണ്ട്. ഇയാൾ ആണ് പുരോഹിതൻ . വളരെ അധികാരം ഉള്ള പോസ്റ്റ് ആണ് . മൂപ്പൻ ഒരു മാതിരി എല്ലാ കാര്യങ്ങളും മന്ത്രവാദിയുമായി ഇൻസൾട്ട് ചെയ്യും . സോറി …കൺസൾട്ട് ചെയ്യും . ഇനി അഥവാ മൂപ്പൻ എന്ന ഒരു പോസ്റ്റ് ഇല്ലെങ്കിലോ ? അങ്ങനത്തെ ഗോത്രങ്ങളും ഉണ്ട് . അപ്പൊ മന്ത്രവാദി ആണ് നേതാവ് ! മൂപ്പൻ മാത്രമുള്ള , മന്ത്രവാദി ഇല്ലാത്ത ഒരു ഗോത്രവുമില്ല !
അതായത് മിസ്റ്റർ പെരേര – അത്യാകര്ഷണമാണ് ….ഛെ ,,,,അനുപേക്ഷികമാണ് ….ഹ .
യെസ് – അത്യന്താപേക്ഷികമാണ് ഇവർ തമ്മിൽ ഉള്ള ബാന്ധവം .
ഈ അടുത്ത കാലത്ത് വരെ .
ആദ്യകാല മഹാ സംസ്കാരങ്ങളിൽ ഒക്കെ , ദൈവത്തിന്റെ പ്രതിരൂപം ആണ് , രാജാവ് . ഈജിപ്തിലെ ഫറവോയെ നോക്ക് – ദൈവം തന്നെ !
സൂര്യ വംശിയായ രാജാവ് . ചന്ദ്ര വംശത്തിൽ പിറന്ന ചക്രവർത്തി .
ക്ഷത്രിയന്മാരെ നേർവഴിക്ക് നടത്താൻ , ചാണക്യന്മാരായ ബ്രാഹ്മണർ .
പദ്മനാഭ ദാസന്മാരായ എളിമയുള്ള രാജാക്കന്മാർ .
ക്രിസ്തീയത എന്ന മതം ഇത്ര പ്രബലമാകുന്നത് തന്നെ , ഇത് പോലുള്ള ഒരു ബാന്ധവത്തിന്റെ പുറം പറ്റി ആണ് എ . ഡി മൂനാം നൂറ്റാണ്ടിൽ , റോമിലെ കോൺസ്റ്റന്റൈൻ ചക്രവർത്തിക്ക് പെട്ടന്ന് തോന്നി –
“സാമ്രാജ്യത്തിൽ പല ദൈവങ്ങൾ , പല മതങ്ങൾ . റോമാ ദൈവങ്ങൾ മറ്റു ദൈവങ്ങളുടെ കൂടെചക്ക കുഴയുന്നത് പോലെ കുഴഞ്ഞു കിടക്കുന്നു . ഇത് ശരിയാവൂല്ല . ഒരൊറ്റ മതം മതി “
ആ മതം ആണ് ക്രിസ്തുമതം . (ചക്രവർത്തി അങ്ങനെ ആണോ പറഞ്ഞത് ? ചക്ക അന്ന് റോമിൽ ഇല്ലല്ലോ – ഇങ്ങനത്തെ ചോദ്യങ്ങൾ നിരോധിച്ചിരിക്കുന്നു . ചോദിക്കുന്നവർ നരകത്തിൽ പോകും )
പിന്നെ ഒരു ആയിരത്തഞ്ഞൂറു വര്ഷം ക്രിസ്ത്യൻ യൂറോപ്പിൽ മതത്തിന്റെ തേർവാഴ്ച ആയിരുന്നു . മാർപാപ്പ പറയും പോലെയേ രാജാക്കന്മാർക്ക് അനങ്ങാൻ പറ്റൂ .
ഒരു മാറ്റം വരുന്നത് , റിഫോർമേഷൻ എന്ന ഒരു സാമാനം ആയിരത്തി അഞ്ഞൂറാം ആണ്ടോടു കൂടി വന്നപ്പോൾ ആണ് . മാർട്ടിൻ ലൂഥർ എന്ന ഒരു പാതിരി , കത്തോലിക്കാ സഭക്കെതിരെ തിരിഞ്ഞു .
“നിങ്ങൾ ഒക്കെ കള്ളന്മാർ ആണ് . ബൈബിൾ വായിച്ച് ഓരോ മനുഷ്യരും മനസ്സിലാക്കിയാൽ മതി . നിങ്ങൾ വായിച്ച് അർഥം പറഞ്ഞു തരേണ്ട .” – “സോള സ്ക്രിപിച്ചുറെ “= വചനം മാത്രം മതി . ഇതാണ് പ്രൊട്ടസ്റ്റന്റ് ക്രിസ്തീയതയുടെ ഉപജ്ഞാതാവ് ആയ , മാർട്ടിൻ ലൂഥർ പറഞ്ഞത് .
ഛഗഡ- ഘോര ഛഗഡ. ലക്ഷങ്ങൾ ആണ് യുദ്ധങ്ങളിൽ മരിച്ചത് . കത്തോലിസിസത്തെ ക്കാൾ മതാൽമകവും ഭീകരവുമായി മാറി ലൂതറനിസം . ആയിരത്തി അറുനൂറ്റി പതിനെട്ട് മുതൽ മുപ്പത് വർഷത്തോളം യൂറോപ്പിൽ ,പ്രൊട്ടസ്റ്റന്റ് രാജ്യങ്ങളും , കത്തോലിക്കാ രാജ്യങ്ങളും തമ്മിൽ ഏറ്റു മുട്ടി . കോടികൾ കൊല്ലപ്പെട്ടു . ജർമനിയിലെ ഒക്കെ , മൂന്നിലൊന്നു മനുഷ്യർ ചത്തു മലച്ചു .
ഇതോടെ യൂറോപ്പിൽ എല്ലാര്ക്കും മതിയായി . മതത്തോട് ഒരു ഭയങ്കര മടുപ്പ് എല്ലാര്ക്കും ഉണ്ടായി . വേറെ പല കാരണങ്ങളും ഉണ്ട് കേട്ടോ . രാഷ്ട്രം വേറെ , മതം വേറെ . അങ്ങനെ ഒരു സംഭവം ഉദയം ചെയ്തു .
ആളുകൾ പേടി ഇല്ലാതെ പുസ്തകങ്ങൾ വായിക്കാനും , കാര്യങ്ങൾ ചോദ്യം ചെയ്യാനും തുടങ്ങി .
കല , സാഹിത്യം ഒക്കെ മുന്നോട്ട് കുതിച്ചു – റിനൈസൻസ് .
ശാസ്ത്രം വികസിച്ചു തുടങ്ങി . അറിവിന്റെ ചക്രവാളം വിടര്ന്നു – എൻലൈറ്റൻമെന്റ്റ് .
പിന്നെ പതുക്കെ , ജനാധിപത്യം എന്ന പഴേ ഗ്രീക്ക് ഐഡിയ വീണ്ടും ഉയർത്തെഴുന്നേൽക്കുകയായി .
യൂറോപ്യന്മാരുടെ ലോക ഭരണം ആയിരുന്നു പിന്നീട് . അതിനെല്ലാ സപ്പോർട്ടും ആയി മതം തൊട്ടു പുറകെ ഉണ്ടായിരുന്നു കേട്ടോ . ഒരു നൂറ് കൊല്ലമേ ആയുള്ളൂ , ഈ പൂർണ സെക്കുലറിസം അഥവാ മതേതരത്വം എന്ന സാധനം വന്നിട്ട് . അതിഷ്ടം ഇല്ലാത്ത ക്രിസ്ത്യാനികളും ഉണ്ട് !:
2007 ൽ മരിച്ച , അമേരിക്കൻ രാഷ്ട്രീയത്തിൽ വളരെ ആക്റ്റീവ് ആയിരുന്ന ഒരു ക്രിസ്ത്യൻ ഇവാൻജെലിസ്റ്റ് ജെറി ഫാരെൽ പറയുന്നത് നോക്ക് :
മതവും രാഷ്ട്രീയവും രണ്ടാണ് എന്ന കാര്യം ചെകുത്താൻ ഉണ്ടാക്കിയത് ആണത്രേ !
അപ്പൊ ചില ഷോർട്ട് പാഠങ്ങൾ എന്താണ് എന്ന് വച്ചാൽ,
- മതം സമൂഹ നിർമ്മിതിക്കും , നിയമ വ്യവസ്ഥക്കും ഉള്ള ഒരു ചട്ടക്കൂടായാണ് പ്രവർത്തിച്ചത് .
- പക്ഷെ , അത് സമൂഹ അടിച്ചമർത്തിലിനു വഴി വയ്ക്കും .
- ചോദ്യം ചെയ്യാൻ പാടില്ലാത്ത ഒരു രാഷ്ട്രീയ നേതൃത്വത്തെ ഉണ്ടാക്കും .
- ശാസ്ത്രം , കച്ചവടം , പുരോഗതി എന്നിവയെ തടയും .
- ശരിക്കുള്ള ജനാധിപത്യം സാദ്ധ്യമല്ലാതാക്കും .
ഇത് മനസ്സിലാക്കി , പതിയെ , പാശ്ചാത്യർ ആണ് മതത്തെയും രാഷ്ട്രീയത്തെയും പിരിച്ചത് . നമ്മുടെ ഭരണ ഘടന ഒരു പാശ്ചാത്യ ഉത്പന്നം തന്നെയാണ് .
എന്നാൽ , മതവുമായി കൂട്ടിക്കുഴച്ചാൽ , എത്ര നല്ല ഭരണ ഘടനയും കോഞ്ഞാട്ട ആകും . ഇതിനു ഇറാൻ എന്ന രാജ്യത്തേക്ക് നോക്കിയാൽ മതി . 1979 ൽ , നല്ല ഉഗ്രം ഭരണ ഘടന ഒക്കെ ഉണ്ടാക്കിയതായിരുന്നു . പക്ഷെ ആയത്തൊള്ള എന്ന പുരോഹിത പോസ്റ്റിനു ചില ചിന്ന അധികാരങ്ങൾ കൊടുത്തു എന്ന ഒരു തെറ്റേ ,ജനങ്ങൾ ചെയ്തുള്ളു .
ചരിത്ര പാഠങ്ങൾ പഠിക്കാതെ , മൂ ….മൂ……മുക്രയിട്ട് , ചരിത്രം ആവർത്തിക്കാൻ ചന്തു ജനങ്ങളുടെ ജീവിതം ഇനിയും ബാക്കി ! (ജിമ്മി മാത്യു )