ലോകം എന്ന് പറഞ്ഞാൽ നമ്മുടെ വിചാരം ഈ കുഞ്ഞു ഭൂലോകം ആണെന്നാണ്. അതിലെ കുറെ കുഞ്ഞു മനുഷ്യർക്ക് മാത്രമേ ചരിത്രം ഉള്ളു എന്ന് നമ്മൾ വിചാരിക്കുന്നു. ഞാൻ ഉദ്ദേശിക്കുന്നത് ഈ പ്രപഞ്ചമാണ്- ബ്രഹ്മാണ്ഡം!!
അതായത്, ഈ ഭൗതിക ശാസ്ത്ര നിയമങ്ങൾ,..ഗുരുത്തവാകർഷണം പോലെ ഉള്ളവ….ചരിത്രം അല്ല എന്ന് നമ്മൾ വിചാരിക്കുന്നു. എന്നാൽ ഈ പ്രപഞ്ചത്തിനും അതിന്റെ നിയമങ്ങൾക്കും ഒരു ചരിത്രം ഉണ്ട്. അതാണ് കോസ്മോളജി.
14 ബില്യൺ വർഷങ്ങൾക്കു മുൻപാണ് സംഭവം തുടങ്ങുന്നത്. ഒരു ബില്യൺ എന്നാൽ 1000 മില്യൺ. ഒരു മില്യൺ എന്നാൽ പത്തു ലക്ഷം. അതായത് നൂറ്റി നാൽപതിനായിരം ലക്ഷം വർഷങ്ങൾക്കു മുൻപാണ് ഈ പ്രപഞ്ചം പൊട്ടി ഉണ്ടാവുന്നത്.
ഒരു സിനിമയിൽ പറയുന്നുണ്ട്_ “ഒരു വലിയ വളിയിൽ നിന്നാണ് പ്രപഞ്ചം ഉണ്ടായത്. നീ കേട്ടിട്ടില്ലേ- ദി ബിഗ് ബാംഗ്!”
വലിയ ഒരു വെടി!!!
അതെ സുഹൃത്തുക്കളെ.
ആദിയിൽ ഒരു മൂല ബിന്ദു ഉണ്ടായിരുന്നു. (മൂലത്തിൽ നിന്നുള്ള…വളി തുടങ്ങിയ വളിച്ച കമന്റുകൾ നിരോധിച്ചിരിക്കുന്നു).
സിംഗുലരിറ്റി എന്നാണു ഇതിന്റെ പേര്. ഈ ബിന്ദുവിന് നീളവും വീതിയും ഒന്നുമില്ല. വെറും ബിന്ദു. ഒരു പോയിന്റ്.
പെട്ടന്നു ഈ പോയിന്റ് ഒരു കാരണവുമില്ലാതെ അങ്ങ് വികസിക്കാൻ തുടങ്ങി. ലക്കും ലഗാനും ഇല്ലാതെ, ബെല്ലും ബ്രേക്കും ഇല്ലാതെ , ഹദും കണക്കും ഇല്ലാതെ – അങ്ങ് വികസിച്ചു …അതി വേഗത്തിൽ. ആദ്യം വെറും സ്ഥലവും സമയവും പിറന്നു. (Space and Time).
പിന്നെ വെളിച്ചം ഉണ്ടായി. ലക്ടറോണുകളും പ്രോട്ടോണുകളും മറ്റു കണികകളും ഉണ്ടായി.
പ്രോട്ടോണും ന്യൂട്രണും എലേക്ട്രോണും ചേർന്ന് ആറ്റങ്ങൾ ഉണ്ടായി. ഹൈഡ്രജൻ, ഹീലിയാം, ആണ് പ്രധാനമായും ഉണ്ടായത്.
ഗുരുത്തവാകർഷണം വഴി അവിടെഅവിടെ ആറ്റങ്ങൾ കട്ട പിടിച്ചു ഞെങ്ങി.
ഞെങ്ങിയ കടകളുടെ നടുക്ക് ന്യൂക്ലീർ ഫ്യൂഷൻ നടന്നു …ഹൈഡ്രജൻ ബോംബ്. വെളിച്ചം പുറത്തേക്കു തെറിച്ചു. പക്ഷെ ഗുരുത്തവാകർഷണം കാരണം പൊട്ടി തെറിച്ചില്ല. നിന്ന് കത്തി.- നക്ഷത്രങ്ങൾ.
ഫ്യൂഷൻ എന്ന് പറഞ്ഞാൽ , ഹൈഡ്രജൻ ആറ്റങ്ങൾ ചേർന്ന് ഹീലിയം , പിന്നെ ലിഥിയം , നാല് ഹീലിയം ചേർന്ന് കാർബൺ . അതായത് ഒരു മൂലക ഫാക്ടറി ആണ് ഓരോ നക്ഷത്രവും . ഒരോ ഫ്യൂഷൻ റിയാക്ഷനും പുറന്തള്ളുന്നത് , അനേകായിരം കിലോവാട്ട് ഊർജം .
നക്ഷത്രങ്ങൾ മരിക്കുന്നു , ഉണ്ടാവുന്നു . പിന്നെയും മരിക്കുന്നു , വീണ്ടും ഉണ്ടാവുന്നു . മരിക്കുന്ന ചില നക്ഷത്രങ്ങളുടെ അവസാന ശ്വാസം ആയ സൂപ്പർ നോവകളിലാണ് ജീവന് അത്യാവശ്യം ആയ ചില മൂലകങ്ങൾ ഉണ്ടാവുന്നുള്ളു . അതായത് , ഒരു തലമുറ കഴിഞ്ഞു അടുത്ത തലമുറയിലെ ഒരു നക്ഷത്രത്തിന് ചുറ്റും ഉള്ള ഒരു ഗ്രഹത്തിലെ , ജീവൻ ഉണ്ടാവാൻ സാധ്യത ഉള്ളു . അങ്ങനത്തെ ഒരു നക്ഷത്രമാണ് നമ്മുടെ സൂര്യൻ .
നക്ഷത്രകൂട്ടങ്ങൾ ആണ് ഗാലക്‌സികൾ. ഇത് പോലെ നാല് ബില്യൺ വർഷങ്ങൾക്കു മുൻപ് സൂര്യൻ ഉണ്ടായി. സൂര്യന് ചുറ്റും നമ്മൾ ഭൂമിയിൽ കറങ്ങുന്നു. മനുഷ്യൻ ഉണ്ടായിട്ട് വെറും രണ്ടു ലക്ഷം വർഷങ്ങളെ ആയിട്ടുള്ളു.
ഈ മണൽ തരിയിൽ ഇരുന്നു നമ്മൾ ഉണ്ണുന്നു , ഉറങ്ങുന്നു . വളി വിടുന്നു , പെടുക്കുന്നു .
എന്റെ പ്രത്യയ ശാസ്ത്രവും മതവുമാണ് ശരി എന്ന് പറഞ്ഞു അടി കൂടുന്നു .
എന്റെ ദൈവം പറഞ്ഞതാണത്രേ ശരി .
ആദിയിൽ ദൈവം ഒന്ന് പൊട്ടിച്ചു – വലിയ വെടി ഒന്ന് …..
ഞാൻ ചോദിച്ചു : ദൈവമേ – എന്താണ് ഇതിന്റെ ഒക്കെ അർത്ഥം ?
ദൈവം ചോദിച്ചു : അറിഞ്ഞിട്ടെന്തിനാ ?
“ഒരു മതം സ്ഥാപിക്കാനാ . എന്നിട്ടു വേണം അടി കൂടാൻ , കൊല്ലാൻ , ചാകാൻ .”
ദൈവം – :എടാ , ഒരു സീറോ വാട്ട് ബൾബിലുടെ 100 കിലോവാട്ട് പോയാൽ എന്ത് പറ്റും ?
“അതിന്റെ ഫ്യൂസ് അടിച്ചു പോകും .”
“അതെ കൂടുതൽ അറിഞ്ഞാൽ നിന്റെ ഒബ്ലാങ്കട്ടയുടെ ഫ്യൂസ് അടിച്ചു പോകും . അത് കൊണ്ട് വീട്ടിപ്പോടാ .”
“ദൈവമേ , വീട്ടി പോയാ പാത്രം കഴുകി വക്കണ്ട വരും . ഇന്ന് കൊച്ചിനെ പെണ്ണുംപിള്ളയാ പഠിപ്പിക്കുന്നത് . ഞാൻ കണ്ടം വഴി ഓടിയെച്ചും വരാം . അതാ ഇപ്പൊ ഫാഷൻ .”
“എന്നാൽ ഓട് മ ….രെ കണ്ടാം വഴി .”
ശരി ദൈവമേ , പിന്നെ കാണാം . (ജിമ്മി മാത്യു )