“എന്റപ്പൻ തെണ്ടി , എന്റപ്പൻ പട്ടി “

എട്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുക ആയിരുന്നു . മഹത്തായ മോഡൽ സ്‌കൂളിന്റെ പുറകിൽ മൈലി പാടം എന്ന ഒരു സ്ഥലം ഉണ്ട് . ഇന്നത് ഒരു ഭയങ്കര പോഷ് ഏരിയ ആണത്രേ . അന്ന് ഞങ്ങളിൽ വില്ലന്മാരായ ആൺകുട്ടികൾ പോലും പോകാൻ മടിക്കുന്ന ഒരു വിജന ചതുപ്പ് പ്രദേശം ആയിരുന്നു . കുറച്ചു കറുത്ത കുറിയ മനുഷ്യർ കുടിലുകളിൽ പാർത്തിരുന്നു . അവരുടെ മക്കൾ പലരും ഞങ്ങളുടെ സ്‌കൂളിൽ പഠിച്ചിരുന്നു .

മൈലിപ്പാടം ഗാങ് എന്നാണു അവരെ വിളിച്ചിരുന്നത് . എന്റെ ക്ലാസ്സിൽ നാരായണൻ എന്ന ഒരു ചെറിയ, മെലിഞ്ഞു തൊലിഞ്ഞ , കറുത്ത് പിടച്ച ഒരുത്തൻ ഉണ്ടായിരുന്നു . അധികം ആരോടും മിണ്ടില്ല . ഉള്ളിൽ ഉള്ള ദയനീയത പുറത്തു ധാർഷ്ട്യം ആയി എടുത്തണിഞ്ഞു ആണ് നടപ്പ് .

കീരിക്കാടൻ ജോസിനെപ്പോലെ നാരായണൻ ഇങ്ങനെ നടക്കും . പഠിപ്പിൽ പൂജ്യം . എല്ലാർക്കും പേടി . ക്ലാസ്സിലെ മറ്റൊരു വെളുത്ത, തടിച്ച , വില്ലനായ ജോസൂട്ടി പോലും നാരായണനെ ഒന്നും ചെയ്യില്ല .

കാരണം ? മൈലിപ്പാടം ഗാങ് ! പത്താം ക്ലാസ്സിൽ അവിടുന്നുള്ള രണ്ടു മൂന്നു പേര് ഉണ്ട് ! അവർ അടിക്കുമോ ? നാരായണനെ തൊട്ടാൽ അവർ അടിക്കും എന്നാണു വിശ്വാസം . മാത്രമല്ല , നാരായണന്റെ അച്ഛന് കരാട്ടെ അറിയാമത്രേ …..

പത്താം ക്ലാസ് കഴിഞ്ഞു മൈലിപ്പാടം ഗാങ് പോയി . ജോസൂട്ടി നാരായണനെ നോട്ടമിട്ടു .

നാരായണൻ ഒഴിഞ്ഞു മാറി നടന്നു . “അച്ഛന് കരാട്ടെ അറിയാട്ട …” അവൻ വാണ് ചെയ്തു .

കൊടുത്തു തടിയൻ ജോസൂട്ടി നാരായണന്റെ ചെള്ളക്ക് ഒന്ന് . നാരായണൻ താഴെ വീണു . നാരായണൻ ഭയങ്കര അടിക്കാരൻ ആണെന്നാണ് ഞങ്ങളുടെ വിചാരം . ഇത് വരെ അടിയുണ്ടാക്കി കണ്ടിട്ടില്ലെങ്കിലും .

എവടെ – നാരായണൻ അടി കൊണ്ട് ചുരുണ്ടു കിടക്കുകയാണ് . ജോസൂട്ടി പുറത്തു കയറി ഇരുന്നു . നെഞ്ചത് ഇടി തുടങ്ങി . നാരായണൻ ശബ്ദം ഉണ്ടാക്കാതെ കരയുന്നുണ്ട് . കണ്ണീർ കറുത്ത ഒട്ടിയ കവിളിലൂടെ ഒഴുകി .

“പറഞ്ഞേരാ – നിന്റപ്പൻ തെണ്ടി , നിന്റപ്പൻ പട്ടി – എന്റെ എന്ന് വച്ച് പറഞ്ഞേരാ ”

ഞങ്ങൾ ചുറ്റും കൂടി നിൽക്കുന്നു . ആരും ഒന്നും ചെയ്യുന്നില്ല . ജോസൂട്ടി ഇടിച്ചു പദം വരുത്തുകയാണ് . നാരാണന്റെ മൂക്കിൽ നിന്ന് ചോര ഒലിച്ചിറങ്ങി .

“എന്റപ്പൻ തെണ്ടി , എന്റപ്പൻ പട്ടി . ” നാരായണൻ തേങ്ങി .

“പിന്നേം പറഞ്ഞേരാ ”

“എന്റപ്പൻ തെണ്ടി , എന്റപ്പൻ പട്ടി . എന്റപ്പൻ തെണ്ടി എന്റപ്പൻ പട്ടി ”

ജോസൂട്ടി വിട്ടു . നാരായണൻ എഴുന്നേറ്റു . കണ്ണ് തുടച്ചു . ചോര പുറം കൈ കൊണ്ട് തേച്ചു . അവൻ അപ്പോഴും പതുക്കെ പറഞ്ഞു കൊണ്ടിരുന്നു :

“എന്റപ്പൻ തെണ്ടി , എന്റപ്പൻ പട്ടി ”

ഇത് പോലെ പത്തു നാനൂറു വർഷങ്ങൾക്കു മുൻപ് ഗലീലിയോ ഗലീലി എന്ന വയസ്സനെ കൈ പിടിച്ചു തിരിച്ചു അന്നത്തെ കത്തോലിക്കാ സഭ പറഞ്ഞത് :

“പറയടാ പട്ടി – സൂര്യൻ ഭൂമിയെ കറങ്ങുന്നു . പറയടാ .”

അങ്ങേര് പറഞ്ഞു – അത് കൊണ്ട് സൂര്യൻ ഭൂമീടെ ചുറ്റും തിരിഞ്ഞോ ?

എന്നാലും നമ്മൾ ഇങ്ങനെ ഒക്കെ ചെയ്തോണ്ടിരിക്കും . ബാമിയൻ ബുദ്ധവിഗ്രഹങ്ങൾ തകർക്കും . അലെക്‌സാൻഡ്രിയൻ ലൈബ്രറിക്ക് തീയിടും . പരിണാമം പഠിപ്പിക്കുന്നത് വിലക്കും .

ബാബ്‌റി മസ്ജിദ് തകർക്കും . താജ് മഹൽ തേജോ മഹാലയ ആണെന്ന് പറയും .

ചരിത്രത്തെ കുത്തിപ്പൊട്ടിക്കാൻ നോക്കും . ചരിത്രത്തിനു പകരം വീട്ടാൻ കോപ്പ് കൂട്ടും .

ആളുകൾ ചാവും . തലമുറകൾ മാറും . രാജ്യാതിർത്തികൾ തിരുത്തപ്പെടും .

മതങ്ങൾ തിരിച്ചറിയാൻ പറ്റാത്ത വിധം മാറി മറിയും .

അടുത്ത നൂറ്റാണ്ടിൽ തന്നെ ചരിത്രം ഇതോർത്തു ചിരിക്കും . ആളുകളും ചിരിക്കും .

അന്നും അടികൾ ഉണ്ടാകുമായിരിക്കും . ചിലർക്ക് കരയാനും യോഗം കാണും :

എന്റപ്പൻ തെണ്ടി , എന്റപ്പൻ പട്ടി , എന്റപ്പൻ തെണ്ടി , എന്റപ്പൻ പട്ടി( ജിമ്മി മാത്യു ….

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .