“എന്തെല്ലാം പ്രശ്നങ്ങളാ . ആരും ഇറച്ചി കഴിക്കാൻ പാടില്ല . അങ്ങനെ ഒരു പ്രശ്നം . ചിലർക്ക് കൈ വെട്ടണം, ബെൽറ്റ് ബോംബായി ചാവണം . ഫോൺ ചെയ്ത് അശ്ലീല സ്വയം സഹായം ചെയ്യാമോ ? വർഗീയ ലഹളകൾ ഉണ്ടാകും തോറും ചിലരുടെ വോട്ടു ശതമാനം കൂടുന്നു . ഭയങ്കര പ്രശ്നമല്ലേ അത് ? ഈ പ്രശ്നങ്ങളൊക്കെ എങ്ങനെ തീരും ? എപ്പോ തീരും ? ” എന്റെ ഒരു സുഹൃത് കുണ്ടിതനായി പറഞ്ഞു .
എനിക്ക് പെട്ടന്ന് ഓര്മ വന്നത് ഒരു പഴേ ഡോക്ടറെ ആണ് . അച്ഛന്റെ ഒരു സുഹൃത്തായിരുന്നു .
എല്ലാ ദിവസവും തൊണ്ണൂറു വയസ്സായ ഒരമ്മാമ്മ അദ്ദേഹത്തെ കാണാൻ വരും . അവിടെ വേദന , ഇവിടെ വേദന , നെഞ്ചിൽ ഒരു പെടപ്പ് , അകെ ഒരു മാതിരി – അങ്ങനെ പല പ്രശ്നങ്ങളാണ് അമ്മാമ്മക്ക് .
ഡോക്ടർ ക്ഷമയോടെ എന്നും പരിശോധിക്കും . ആശ്വസിപ്പിക്കും . ചിലപ്പോൾ മരുന്നും കൊടുക്കും .
ഒരു ദിവസം അമ്മാമ്മ ചോദിച്ചു :
“ടാട്ടറേ – എന്റെ ഈ പ്രശ്നങ്ങളിക്കെ അവസാനിക്കുവോ ? സത്യം പറ .”
“പിന്നേ – അമ്മച്ചി ഒന്ന് കൊണ്ടും വിഷമിക്കണ്ട . ഒക്കെ ഉടൻ എല്ലാം ശരിയാകും.” ഡോക്ടർ പറഞ്ഞു .
അമ്മാമ്മ ആശ്വാസത്തോടെ പോയി .
പിറ്റേന്ന് തന്നെ അമ്മാമ്മ സമാധാനത്തോടെ മരിച്ചു .
ഞാൻ പറഞ്ഞു വരുന്നത് – എന്തൊക്കെ പ്രശ്നങ്ങൾ ഈ ലോകത് ഉണ്ടെന്നു നമ്മൾക്ക് തോന്നിയാലും നമ്മൾ തളരരുത് . എല്ലാ പ്രശ്നങ്ങളും അവസാനിക്കും. സോൾവ് ആകും . ഞാൻ ഗാരന്റി .
പോട്ടെ . എന്റെ പ്രശ്നങ്ങളെല്ലാം തീർത്തു തുടങ്ങട്ടെ . എന്നിട്ടു വേണം മൂക്കിൽ പഞ്ഞി വച്ചിട്ട് സമാധാനപരമായി ഒന്ന് വിശ്രമിക്കാൻ . ഹോ – കൊതിയായിട്ട് പാടില്ല .