ഷര്‍ട്ടൂരിയാലുള്ള ഗുണവും പടങ്ങള്‍ കയറ്റിയ സ്കാനുകളും

 

രാവിലെ ഫുള്‍‌സ്ലീവ് ഷര്‍ട്ടും പാന്റ്സും കയറ്റി , പാന്റ് ഇന്‍സര്‍ട്ട് ചെയ്യണം. ഷൂസും സോക്സും ഇടണം. കയ്യിന്റെ സ്ലീവ് എപ്പോഴും മുട്ടുവരെ കയറ്റി വക്കും. ഫുള്‍‌സ്ലീവായി ഇട്ടാല്‍ ഒരു രോഗിയില്‍ നിന്ന് മറ്റൊരു രോഗിയിലേക്ക് അണുക്കള്‍ പകരും. കഴിഞ്ഞ അഞ്ചാറു വര്‍ഷത്തെ ഒരു കണ്ടെത്തലാണു ഇത്. ബ്രിട്ടനിലൊക്കെ സ്ട്രിക്റ്റ് ആണു. അതുകൊണ്ട് തന്നെ വാച്ചിടാറില്ല.

ഒരു ജീന്‍സും ടീഷര്‍ട്ടുമിട്ട് ആശുപത്രിയില്‍ പോകാവുന്നതേ ഉള്ളൂ. പക്ഷെ ഭാര്യ സമ്മതിക്കുകയില്ല. കണ്ടാല്‍ എന്റെയമ്മ വയലന്റ് ആവും. ഒരു ഡോക്ടര്‍ എന്ന് പറയുമ്പോള്‍ ഒരു ലുക്കൊക്കെ വേണമത്രെ. ഒരു ദൈവപരിവേഷം വേണമത്രെ.

എന്നാല്‍ കമ്പ്ലീറ്റ് പച്ചയായ മനുഷ്യന്മാരാണു ഈ ഡോക്റ്റര്‍മാര്‍. ഒരു ജോലി ചെയ്യുന്നു എന്നതാണു സത്യം. ഏതൊരു പ്രധാന ജോലിയെപ്പോലെയും അറിവ്. കഴിവ്, ആത്മാര്‍ത്ഥത, പിന്നെ മനസ്സാക്ഷി – ഇവയൊക്കെ വേണമെന്ന് മാത്രം. ഇതില്ലാത്തവരും ഇഷ്ടം പോലെയുണ്ട് കേട്ടോ. മനുഷന്മാര്‍ അങ്ങനെയാണല്ലോ.

ആദ്യത്തെ രോഗിവന്നു. നമുക്കയാളെ ജോസഫ് എന്ന് വിളിക്കാം. ഒരു വര്‍ഷമായുള്ള പ്രശ്നമാണു ജോസഫിന്റെ. കയ്യുടെ സര്‍ജ്ജന്മാരും കൂടെയാണു പ്ലാസ്റ്റിക് റീകണ്‍സ്ട്രക്റ്റീവ് റീസര്‍ജ്ജന്മാര്‍. അതിനാലാണ് അദ്ദേഹം എന്റെയടുത്ത് വന്നത്.

ഇടത്തേക്കയ്യിന്റെ തള്ളവിരലില്‍ കുറെനാളായി ഒരു വീക്കമുണ്ട്. പതുക്കെ അത് കൈപ്പത്തിയും കടന്ന് മേലോട്ട് വളരുന്നുണ്ട്. ഇതാണു പ്രശ്നം.

ഞാന്‍ പരിശോധിച്ചു, കാന്‍സര്‍ പോലെയുള്ള മുഴയായി തോന്നിയില്ല. കാരണം ശരിക്കും ഒരു മുഴയില്ല. പതുപതുത്ത ഒരു വീര്‍മ്മതയാണുള്ളത്.

ചെറിയ വേദനയുണ്ട്. സന്ധികള്‍ ഒക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ വിരലുകള്‍ അനക്കുമ്പോള്‍ വലിയ വേദനയില്ല. ഞെക്കുമ്പോള്‍ ചെറിയ വേദനയുണ്ട്. ബാക്റ്റീരിയ മൂലമുള്ള പഴുപ്പോടുകൂടിയ തീവ്രഅണുബാധയാകാന്‍ സാധ്യതയില്ല. ഒരു വര്‍ഷമായി നിലനില്‍ക്കാന്‍ സാധ്യത കുറവാണു. വേദനയത്രയൊട്ടില്ലതാനും, ഏതാണ്ട് അഞ്ചെട്ട് സാധ്യതകള്‍ മനസ്സില്‍ തെളിഞ്ഞു.

ഞാനുടന്‍ ഡോ. ശ്രീകുമാറിനെ വിളിച്ചു. അദ്ദേഹം എം.ബി.ബി.എസ് കഴിഞ്ഞ് എംഡി റേഡിയോ ഡയഗ്നോസിസ് ചെയ്ത ആളാണു. എം.ആര്‍.ഐ സ്കാനാണു ആളുടെ ഇഷ്ടമേഖല.

അള്‍ട്രാ സൗണ്ട് സ്കാന്‍ ചിലവ് കുറവാണു. പക്ഷെ കൈപോലെയുള്ള ചെറിയ ശരീരഭാഗങ്ങളിലെ സൂക്ഷ്മകാര്യങ്ങള്‍ കാണാനായി നേരിട്ട് എം.ആര്‍.ഐ ചെയ്യുന്നതാണു നല്ലത്. കൈക്ക് ഒരു ചെറിയ മുഴക്ക് എം.ആര്‍.ഐ യോ! ഇങ്ങനെ ആളുകള്‍ ചിന്തിക്കാന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇതിനെപറ്റി രോഗിയോട് വിശദമായി സംസാരിച്ചു. ജോസഫിനെ ബോധ്യപ്പെടുത്താന്‍ വിഷമം വന്നില്ല. ഒരു വര്‍ഷമായി പ്രശ്നം ഉള്ളതുകൊണ്ടും പലരെ കണ്ടിട്ടും ഒരു തീരുമാനം എത്താതതുകൊണ്ടുമാണത്. ആദ്യമായി വരികയാണെങ്കില്‍ ചിലപ്പോള്‍ ജോസഫിനു സംശയം തോന്നിയേനെ. അപ്പോള്‍ തന്നെ – “ഇപ്പോള്‍ എം.ആര്‍.ഐ എടുക്കണമെന്നില്ല. ഒന്നു രണ്ട് ഡോക്ടര്‍മാരെകൂടി കണ്ട് അഭിപ്രായം എടുത്തോളൂ. ” എന്ന് പറഞ്ഞേനെ.

ഈ കാര്യങ്ങള്‍ ലളിതവും വ്യക്തവുമായി പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കേണ്ടത് ഡോക്ടറുടെ കടമയാണു. സമയക്കുറവ് കാരണം ചില സ്ഥലങ്ങളില്‍ ഇത് സാധിക്കാതെ വരാം.

എം.ആര്‍.ഐ കഴിഞ്ഞപ്പോള്‍ ഞാന്‍ അതുനോക്കി. കയ്യുടെ വള്ളികള്‍ക്കു ചുറ്റുമുള്ള ഒരു പാടയില്‍ നീര്‍ക്കെട്ടുകള്‍ പോലെയാണു മുഴുവനും. ഉടന്‍ തന്നെ ശ്രീകുമാറെ ഫോണില്‍ വിളിച്ച് സ്കാന്‍ ചര്‍ച്ചചെയ്തു. ഒന്നുകില്‍ ഒരുതരം വാതമായ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്. അല്ലെങ്കില്‍ കൈയ്ക്കക്കത്തെ ദശയെ ബാധിക്കുന്ന ക്ഷയരോഗം. ഇതിലൊന്നാവാനാണു സ്കാന്‍ അനുസരിച്ച് സാദ്ധ്യത.

റൂമറ്റോളജിസ്റ്റ് അഥവാ വാതരോഗവിദഗ്ദ്ധന്റെ അടുത്ത് രോഗിയെ ഒന്നുവിട്ടു. വാതരോഗവിദഗ്ദ്ധന്‍ ഇല്ലായിരുന്നെങ്കില്‍ മെഡിനില്‍ എംഡിയുള്ള ഫിസിഷ്യന്റെ അടുത്ത് വിട്ടേനെ. എം ഡി കഴിഞ്ഞ് ഡി.എം മൂന്നുവര്‍ഷം പരിശീലനം എടുത്തയാളാണു റൂമറ്റോളജിസ്റ്റ്. റൂമറ്റോളജിസ്റ്റ് എക്സ്റേ എടുത്ത് കഴിഞ്ഞ് കുറെ രക്ത ടെസ്റ്റുകള്‍ ചെയ്യിച്ചു. ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഫലങ്ങള്‍ നോക്കി. റൂമറ്റോയ്ഡ് ആര്‍ത്രെറ്റിസ് ആവാന്‍ സാധ്യതയില്ല. അള്‍ട്രാസൗണ്ട് സ്കാന്‍ ചെയ്ത് നീര്‍ക്കെട്ടുള്ള ദശ കുറച്ച് കുത്തിയെടുത്ത് പിസി ആര്‍ എന്ന ടെസ്റ്റും ഒരു ബയോപ്സിയുമെടുത്ത് ക്ഷയരോഗമാണോ എന്ന് നോക്കാം

ഈ സ്ഥിതിയില്‍ വീണ്ടും രോഗിയുമായി നന്നായി സംസാരിക്കണം. രണ്ടു ദിവസമായി ജോസഫ് നടക്കുന്നു. ആദ്യം എം ആര്‍ ഐ. പിന്നെ എക്സ്‌റേ. പിന്നെ കുറെ ടെസ്റ്റുകള്‍. എന്നിട്ടിപ്പോള്‍ പറയുന്നു, അള്‍ട്രാ സൗണ്ട് എടുക്കണമത്രെ. എം ആര്‍ ഐ ആണു അള്‍ട്രാസൗണ്ടിനേക്കാള്‍ നല്ലത് എന്ന് ഡോക്റ്റര്‍ തന്നെയല്ലേ പറഞ്ഞത് ?

അതായുതുത്തമാ അല്ല ജോസഫേ – എം ആര്‍ ഐ എടുത്തപ്പോള്‍ ദശയുടെ വീക്കം എവിടെയാണെന്ന് മനസ്സിലായി. ഇനി സൂചി കയ്യില്‍ കടത്തി അള്‍ട്രാസൗണ്ട് നോക്കുമ്പോള്‍ സൂചി ദശയില്‍ ഇറങ്ങുന്നത് കാണാം. ഡോ ശ്രീകുമാര്‍ തന്നെ അള്‍ട്രാസൗണ്ട് ഗൈഡഡ് നീഡില്‍ ബയോപ്സി ചെയ്തു. സൂചി കടന്നുപോകുന്നത് കൃത്യമായി സ്കാനില്‍ കാണാം. എം ആര്‍ ഐ അദ്ദേഹത്തിനറിയാവുന്നത് കൊണ്ട് സംഗതി വളരെ വ്യക്തമാണു.

പിസിആര്‍ ചെയ്യുന്നത് ബയോകെമിസ്ട്രിയില്‍ പരിശീലനം നേടിയവരാണു. ബയോപ്സി എടുത്തത് മൈക്രോസ്കോപ്പില്‍ നോക്കുന്നത് എംഡി പാത്തോളജി കഴിഞ്ഞ ഡോക്ടര്‍മാരാണു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ റിസള്‍ട്ട് വന്നു. പാത്തോളജി ഡോക്ടര്‍മാരുമായി ഫോണില്‍ സംസാരിച്ച് റിസള്‍ട്ട് ചര്‍ച്ച ചെയ്തു. സംഭം ക്ഷയരോഗം തന്നെ.

ഒമ്പത് മാസം മരുന്നുകള്‍ കഴിക്കണം. ഒരു ഹാന്‍ഡ് സര്‍ജന്‍ എന്ന നിലയിലുള്ള എന്റെ രോള്‍ കഴിഞ്ഞു. ഒരു ഫിസിക്ഷ്യന്റെ കീഴില്‍ മരുന്നു കഴിക്കുന്നതാകും ഉചിതം. ജോസഫിന്റെ വീട്ടിനടുത്ത് ആരോഗ്യവകുപ്പില്‍ നിന്ന് മരുന്നും സൗജന്യമായി കിട്ടും. വേണമെങ്കില്‍ പ്രൈവറ്റായി ഇവിടെതന്നെ ചികിത്സ എടുക്കാം.

ജോസഫിന്റെ പ്രശ്നം മനസ്സിലാക്കി ചികിത്സ തുടങ്ങാന്‍ അപ്പോള്‍ എത്രപേരുടെ അദ്ധ്വാനവും അറിവും വേണ്ടി വന്നു ? എത്ര ടെസ്റ്റുകളും സ്കാനുകളും ? ഒരു കെയര്‍ മാനേജരുടെ റോളാണു എനിക്കുണ്ടായിരുന്നത്.

ദൈവവുമല്ല, കുന്തവുമല്ല. തല ഉപയോഗിച്ച് നൂറ്റാണ്ടുകളായി തേച്ചു മിനുക്കിയ ഒരു പ്രായോഗിക ശാസ്ത്രത്തിന്റെ ഇന്നത്തെ പ്രയോഗം മാത്രമാണു നാം കണ്ടത്. തലയും വേണം മനസ്സും വേണം. ഹൃദയം കൂടി ഉണ്ടെങ്കില്‍ നല്ലത്.

ജോസഫിന്റെ കൈവീക്കത്തിനു നല്ല കുറവുണ്ടെന്ന് കണ്ട ദിവസമാണു. ഷര്‍ട്ടിടാത്ത ഒരാള്‍ പറയുന്നു ഈ സ്കാനൊക്കെ തട്ടിപ്പാണത്രെ. നേരത്തെ ലോഡ് ചെയ്ത പടങ്ങള്‍ ഓരോന്നായി ഇറക്കുകയാണെന്ന്.

വീട്ടിലെത്തിയ ഞാന്‍ ഷര്‍ട്ടൊക്കെ അഴിച്ച് കണ്ണാടിയില്‍ നോക്കി. കുഴപ്പമില്ല നെഞ്ചത്ത് നല്ല രോമമുണ്ട്. കുറച്ച് നരപ്പിച്ചാല്‍ മതി. വലിയ വിവരം വേണ്ട. ദൈവമാണെന്നങ്ങ് സ്വയം തോന്നിയാല്‍ മതി.

ഞാന്‍ നെഞ്ചത്തൊക്കെ ഒരു രോമം പറിച്ച് സൂക്ഷിച്ച് നോക്കി. എന്താ പറയുക. —– അതു ചിലരുകടെ വാക്കുകള്‍ പോലിരിക്കുന്നു ?

ഒരു മുപ്പത് വര്‍ഷം മുന്‍പാണെങ്കില്‍ ഒരൊറ്റ ഡോക്ടര്‍ കണ്ട് തീര്‍പ്പ് കല്പ്പിക്കേണ്ട ഗതി വന്നേനെ. അങ്ങനെയാണെങ്കില്‍ ചിലപ്പോല്‍ വളരെക്കാലം ഈ രോഗം കണ്ടുപിടിക്കാന്‍ പറ്റിയില്ല എന്ന് വരാം. അല്ലെങ്കില്‍ ചിലപ്പോള്‍ കാടടച്ച് വെടി വയ്ക്കുന്നത് പോലെ ആര്‍ത്രെറ്റിസിന്റെ മരുന്ന് ഒരു പക്ഷെ കൊടുത്ത് നോക്കിയേക്കും. പക്ഷെ ഈ മരുന്നുകള്‍ ക്ഷയരോഗത്തെ മൂച്ഛിപ്പിക്കും.

വളരെ പരിചയസമ്പന്നന്നായ് ഒരു ഡോക്ടര്‍ക്ക് ഒരു പക്ഷെ ക്ഷയരോഗമാണെന്ന് തന്നെ തോന്നിയേക്കും. വെറുതേ അതിനുള്ള മരുന്നുകള്‍ കൊടുത്തു നോക്കാം. നല്ല പാര്‍ശ്വഫലസാദ്ധ്യതയുള്ള മരുന്നുകളാണു. ഇതൊക്കെ ഇന്ന് സുരക്ഷിതമായി, രോഗം ഉറപ്പിച്ചിട്ടേ കൊടുക്കാറുള്ളൂ

ദൈവത്തെപ്പോലെയുള്ള പഴയ ഡോക്ടറുടെ കാലം ഇനി വരാത്തവണ്ണം പോയിമറഞ്ഞു. പലരോഗികള്‍ക്കും ഇത് മനസ്സിലായിട്ടില്ല. ചികിത്സാവ്യവസ്ഥിതികളാണു ഇപ്പോഴുള്ളത്. നല്ല വ്യവസ്ഥിതിതിക്കുള്ളില്‍ ഒരു സാധാരണ ഡോക്ടര്‍ക്ക് നല്ല സേവനം ചെയ്യാന്‍ പറ്റും. സര്‍ക്കാര്‍ സം‌വിധാനങ്ങള്‍ പലപ്പോഴും രോഗികളുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. ഉത്തരവാദിത്വം ഡോക്ടര്‍ക്ക് മാത്രമാണെന്നാണ് ആളുകടെ വിചാരം . ദൈവം താഴെ വീഴുമ്പോള്‍ വെറും കല്‍‌വിഗ്രഹമാവുന്നു. അതിനെ തച്ചുടക്കാനും അടിക്കാനും ഉത്സാഹം കൂടും. അതുകൊണ്ടൊന്നും പക്ഷെ ഒരു പ്രയോജനവുമില്ല. വ്യസ്ഥിതി കൂടുതല്‍ വഷളാവുന്നു എന്ന് മാത്രം