മനുഷ്യരെ പിടിച്ച കാലം .

“ദി പാസ്റ്റ് ഈസ് എ ഫോറിൻ  കൺട്രി .

  ദേ ഡു തിങ്ങ്സ്  ഡിഫെറൻറ്ലി  ദേർ “

ഹാറ്റ്ലി എന്ന ഒരു ചുള്ളൻ പറഞ്ഞതാണിത് :

“’പഴേ കാലം – വേറൊരു സ്ഥല , ഷ്ടോ

   അവടെ അവമ്മാര് മ്മ്‌ടെ പോലൊന്നും അല്ല “

പണ്ടത്തെ ശരി തെറ്റുകളെ വേറെ ആയിരുന്നു ! ഒരഞ്ഞൂറ്‍ വര്ഷം മുൻപ് നമ്മടെ അപ്പൂപ്പന്റയപ്പൂന്റെ , അമ്മൂമ്മേടെ അമ്മൂമ്മേടെ അങ്ങെനെ കൊറേ പുറകോട്ട് പോയാൽ , അവർ ചെയ്തതും അനുഭവിച്ചതും ആയ കാര്യങ്ങൾ കേട്ടാൽ നമ്മൾ ഞെട്ടും ! ഞെട്ടി തരിച്ച് കോഞ്ഞാട്ട ആവും .

അപ്പോഴത്തെ പല കാര്യങ്ങളും നമ്മൾ വിശ്വസിക്കില്ല , നിഷേധിക്കും , . ചിലപ്പോ ന്യായീകരിക്കും . നമ്മുടെ ജാതി വ്യവസ്ഥയെ വൈറ്റ് വാഷ് ചെയ്യാൻ നോക്കുന്ന പോലെ .

ഇപ്പൊ നമ്മൾ അങ്ങനെ ഒന്നുമില്ല – ആഹാ. ബെസ്റ്റ് .

ശരിയാണ് . ഒത്തിരി മാറി .

ഫോർ എഗ്‌സാമ്പിൾ , നമ്മുടെ സായിപ്പന്മാരെ  എടുക്ക് . എന്ത് നല്ലവർ . എന്ത് ശാസ്ത്രകുതുകികൾ . എന്ത് തങ്കമാന ലിബറലുകൾ . പച്ചവെള്ളം ചവ ചവ ചവയ്ക്കുന്നവർ . (കുറെ പേര് – എല്ലാവരുമല്ല ). നമ്മുടെ കുറെ ലിബറലുകൾ അവരുടെ സംസ്കാരം കണ്ടു വെള്ളമിറക്കുന്നുണ്ട് .

ഒക്കെ ശരിയാണ് . ശാസ്ത്രത്തിന്റെ വഴികളിലൂടെ ആദ്യം സഞ്ചരിച്ചവർ അവരാണ് . അതിന്റെ ഗുണം അവർക്ക് കിട്ടി . പക്ഷെ ഇപ്പൊ , ഇത്രേം കാശിന്റെ പുറത്തിരുന്ന് സുഖിക്കുന്നത് പണ്ട് അവരുടെ പൂർവികർ ചെയ്ത കൊറേ വേണ്ടാതീനങ്ങളുടെ ഫലം തന്നെ ആണ് .

അത് കൊണ്ടെന്താ ?

ഒരു ചുക്കുമില്ല . ഇപ്പോൾ ഉള്ളവരെ പഴേ കാര്യങ്ങൾക്ക് പ്രതിയാക്കാൻ പറ്റുകയുമില്ല . അങ്ങനെ ആണെങ്കിൽ നമ്മൾ ഒക്കെ പല കാര്യങ്ങൾക്കും ഉത്തരം പറയണ്ട വന്നേനെ .

പക്ഷെ – സ്മരണ വേണം , സ്മരണ . മാത്രമല്ല , ഇപ്പോഴുള്ള ആളുകളിലും പഴേ കാലത്തിന്റെ ഇരകൾ കാണാം എന്നതാണ് കാലത്തിന്റെ ക്രൂരത . ഇവിടുത്തെ താഴ്ന്ന ജാതിക്കാരുടെ കാര്യം ഓർക്കുക .

അത് പോട്ടെ –

പണ്ട് കാലം തൊട്ടേ അടിമകൾ ഉണ്ട്. സുമേറിയയിലും , ഈജിപ്തിലും , അറേബ്യായിലും ഒക്കെ ഉണ്ടായിരുന്നു . റോമിലെ അടിമകൾ പ്രസിദ്ധമാണല്ലോ .

പക്ഷെ നമ്മുടെ ആധുനിക കാലത്തോടടുത്ത് വരെ ഉണ്ടായിരുന്ന അടിമത്തം ആഫ്രിക്കക്കാരെ അടിമകൾ ആക്കിയിട്ടുള്ളതായിരുന്നു .

ഒന്ന് ചിന്തിച്ചു നോക്ക് . നമ്മൾ ഇങ്ങനെ ഒരു ഗോത്രത്തിൽ കുടുംബം , കുട്ടികൾ , ചേട്ടന്മാർ , ചേച്ചികൾ , പേരപ്പന്മാർ , അമ്മായികൾ , അമ്മായിയപ്പൻ , പേപ്പൻ , പേപ്പി , ചിറ്റപ്പൻ , ചിറ്റപ്പി , അനന്തിരവൻ , തിരവികൾ അങ്ങനെ കുറെ ആളുകളും അല്ലാത്തവരുമൊക്കെ ആ ആയി സസുഖം വാഴുന്നു . പെട്ടന്ന് കുറെ വെള്ളത്തൊലിയുള്ള കാലമാടന്മാർ നമ്മുടെ ശത്രുഗോത്രവുമായി  ചേർന്ന് നമ്മളെ ആക്രമിക്കുന്നു . അച്ഛനെ കൊല്ലുന്നു . ചേട്ടനെ , അങ്ങനെ കുറെ പേരെ കശാപ്പ് ചെയ്യുന്നു . ബാക്കി ഉള്ളവരെ ഒക്കെ പിടിച്ചു കെട്ടുന്നു . ചങ്ങലകൾ! കാലുകൾ തമ്മിലും കയ്യിലും .

നടക്കടാ , നടക്കടീ .

നൂറു കണക്കിന് മൈൽ നടത്തുന്നു . ഭക്ഷണമില്ല . വെള്ളമില്ല . ഉറ്റവർ മരിച്ചു വീഴുന്നു . പിന്നെ കപ്പലിൽ ചാള അടുക്കിയ പോലെ കൊണ്ട് പോവുന്നു . തീട്ടത്തിലും മൂത്രത്തിലും കിടക്കുന്നു . കുറെ എണ്ണം പിന്നേം ചാവുന്നു . ചങ്ങലകൾ കൊണ്ട് കാല് പൊട്ടി ചോര ഒലിക്കുന്നു . എവിടെയോ എത്തുന്നു . പൊന്നുമോളെ ആരോ കൊണ്ട് പോവുന്നു . ഭാര്യയെ വേറെ എങ്ങോട്ടോ. (അല്ലെങ്കിൽ ഭർത്താവിനെ.)

നിങ്ങളെ ഏതോ ഒരു കൃഷി സ്ഥലത്തേക്ക് . ജീവിതം മൊത്തം അവിടെ അടിമ!

ചാട്ടയടി , ബലാത്സംഗങ്ങൾ, കൊല്ലൽ!

ആഹഹാ . കേട്ടിട്ട് തന്നെ കൊതിയാകുന്നു . എത്ര മനോഹരമായ ആചാരങ്ങൾ .

പതിനാലാം നൂറ്റാണ്ട് തൊട്ട് , പത്തൊൻപതാം നൂറ്റാണ്ട് പകുതി വരെ തുടർന്നു , ആഫ്രിക്കയിലെ ചോരയും നീരുമുള്ള , വികാരങ്ങളും ചിന്താ ശക്തിയുമുള്ള കറുത്ത മനുഷ്യരെ കച്ചവടം ചെയ്യൽ .

കാര്യം ഇത്രേ ഉള്ളു . ഇന്ത്യ , ചൈന , മുസ്‌ലീം സംസ്കാരങ്ങൾ ഒരു ദീർഘ ഉറക്കത്തിലേക്ക് പോയി . യൂറോപ്യൻ സായിപ്പന്മാർ റീഫോർമേഷൻ എന്ന കുണാണ്ടറി കഴിഞ്ഞു , റിനൈസൻസ് എന്ന ചിന്താ വിസ്ഫോടനത്തിലേക്കെത്തി . അത് കഴിഞ്ഞ ഉടൻ ദാ വരുന്നു, എൻലൈറ്റൻമെന്റ്.

മൂട്ടിനു തീ പിടിച്ച പോലെ അവന്മാർ സായിപ്പന്മാർ ഇങ്ങനെ പായുകയാണ് സുഹൃത്തുക്കളെ , പായുകയാണ് . പായ്ക്കപ്പൽ ഒക്കെ പരിഷ്കരിച്ചു . ലോകം മൊത്തം കറങ്ങണം എന്നും , എല്ലാം കാല്കീഴില് ആക്കണം എന്നും അമേദ്ധ്യമായ ഒരു വാഞ്ഛ . ഛെ ..അദമ്യമായ എന്ന് തിരുത്തി വായിക്കുക .

അങ്ങ് പടിഞ്ഞാറ്റ് അറ്റ്ലാന്റിക്കിലേക്ക് ചെന്ന് . ആഹാ – അമേരിക്ക കണ്ടു പിടിച്ചേ എന്നും പറഞ്ഞൊരു ബഹളം . ഏത് – പത്തു പതിനേഴായിരം വര്ഷങ്ങള്ക്കു മുൻപേ അവിടെത്തിയ , ഇന്കാ , ആസ്റ്റെക് , മായൻ സംസ്കാരം ഉള്ള , കോടിക്കണക്കിനു വരുന്ന ഒരു ജനത അവിടെ ഉണ്ടേ . എന്നിട്ടാണ് .

ഒക്കേത്തിനേം കൊന്നു . കുറെ പേരെ അടിമകൾ ആക്കി . യൂറോപ്പിൽ നിന്ന് ഭീകര കുടിയേറ്റം തുടങ്ങി . ആർക്ക് ചെന്നാലും സ്ഥലം ഇഷ്ടം പോലെ . കാപ്പി , പുകയില , കരിമ്പ് , പരുത്തി , അങ്ങനെ കൃഷി തുടങ്ങി . അമേരിക്കൻ ഒറിജിനൽ വാസികൾ അടിമകൾ . പക്ഷെ ഒരു പ്രശ്നം . രോഗങ്ങൾ വന്നു അടിമകൾ വേഗം മരിച്ചു പോവുന്നു . എന്ത് ചെയ്യും ?

പോർട്ടുഗീസ് , സ്പെയിൻ , ഫ്രഞ്ച് , ബ്രിടീഷ് , ഡെന്മാർക്ക് , ഹോളണ്ട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും സായിപ്പന്മാർ അറ്റ്ലാന്റിക്കിൽ കളിക്കുന്നത് . ആദ്യമൊക്കെ ആഫ്രിക്കയുടെ ഉള്ളിലേക്ക് കേറാൻ പേടിയാണ് . ഒരു കൊല്ലമൊക്കെയേ അവിടെ സായിപ്പ് ജീവിക്കുള്ളു . യെല്ലോ ഫേവർ , മലേറിയ ഒക്കെ ആണ് വില്ലന്മാർ . അപ്പൊ ആഫ്രിക്കയുടെ പടിഞ്ഞാറേ തീരം തൊട്ട് തൊട്ടാണ് പരിപാടി . അവിടെ ഉള്ള ചില വലിയ ഗോത്ര രാജാക്കന്മാരെ ചാക്കിട്ടു . തോക്കും , വെടിയും, ആളും അർത്ഥവും നൽകി . അവർ ആഫ്രിക്കയുടെ ഉള്ളിൽ ചെന്ന് വേറെ ഗോത്രക്കാരെ പിടിച്ചോണ്ട് വരും . സായിപ്പിന് വിൽക്കും . സായിപ്പ് പകരം തോക്ക്, ഉടുപ്പ് , മറ്റു ഫാക്ടറികളിൽ ഉണ്ടാക്കിയ സാമാനങ്ങൾ എന്നിവ കൊടുക്കും .

അടിമകളെ ചങ്ങലയിൽ ഒക്കെ ഇട്ട് നടത്തികൊണ്ട് തുറമുഖങ്ങളിൽ എത്തും . പിന്നെ കപ്പലിന്റെ അടിയിലെ ഇരുട്ടിൽ മാസങ്ങൾ. പിന്നെ വെസ്റ്റ് ഇൻഡീസിലും , സൗത്ത് അമേരിക്കയിലും അടിമപ്പണി .

ഇതേ അടിമകൾ ഉണ്ടാക്കുന്ന കാപ്പി , പുകയില ഒക്കെ യൂറോപ്പിൽ കൊണ്ട് വിക്കും . അവിടെ നിന്ന് അടുത്ത കപ്പൽ യാത്രക്കുള്ള ചിലവും കച്ചവടത്തിനുള്ള ചരക്കും ഒപ്പിക്കും . എന്നിട്ട് പിന്നേം ആഫ്രിക്കയിലേക്ക് . അവിടന് പുതിയ ബാച്ച് അടിമകളെയും കൊണ്ട്  അമേരിക്കയിലേക്ക് . എന്നിട്ട് അവിടന്ന് …….

കാര്യം മനസിലായല്ലോ . അടിമകളുടെ അധ്വാനം കൊണ്ട് തന്നെ , എല്ലാം നടക്കും . ബുദ്ധി നോക്കണേ .

കൊല്ലം അൻപതിനായിരം അടിമകൾ അമേരിക്കയിൽ എത്തും . വേറെ ഒരു അൻപതിനായിരം മരിച്ചു പോവും കേട്ടോ . അതിപ്പോ എന്ത് ചെയ്യാൻ . കടലിൽ ആണെങ്കി അങ്ങ് വെള്ളത്തിലോട്ട് ശരീരം തട്ടും . സ്രാവുകൾ തഴച്ചു വളർന്നു . കടൽ പാതകളിൽ സ്രാവുകൾ കാത്ത് നിന്ന് തുടങ്ങി .

ആകെ മൊത്തം ടോട്ടൽ , ഒന്നേകാൽ കോടിയോളം ആഫ്രിക്കക്കാരെ ഇങ്ങനെ കടത്തി എന്ന് കണക്കാക്കപ്പെടുന്നു . പള്ളിയും , പോപ്പും പട്ടക്കാരനും ഒന്നും ഒന്നും പറഞ്ഞില്ല . പിന്നീട് , ഇരുപതാം നൂറ്റാണ്ടിൽ പോപ്പും , ആംഗ്ലിക്കൻ ചർച്ചും മാപ്പ് പറഞ്ഞു . ഒന്നും മിണ്ടാഞ്ഞതിന് മാപ്പ് . കോപ്പ് ! ലേശം വൈകിപ്പോയി – അത്രേ ഉള്ളു .

1807 ൽ ബ്രിട്ടൻ ഈ മനുഷ്യക്കടത്ത് നിരോധിച്ചു . 1830 കളോടെ കച്ചവടവും അവസാനിച്ചു . അമേരിക്കയിൽ ഇത് നിരോധിക്കുന്നതിന് സംബന്ധിച്ച് ഭീകര ആഭ്യന്തര യുദ്ധം ഉണ്ടായല്ലോ . എബ്രഹാം ലിങ്കൺ ജയിച്ചു .

ആഫ്രിക്കയിൽ ജനസംഖ്യ തന്നെ ഇത്രേം കുറഞ്ഞു , തീരെ വികാസവും   പ്രാപിക്കാഞ്ഞതിൽ ഒരു പ്രധാന  കാരണം ഇതാണെന്നു ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു .

എന്നാൽ , തുല്യത , മനുഷ്യർ എല്ലാവര്ക്കും ചില അവകാശങ്ങൾ ഉണ്ടെന്നുള്ള ബോധം , ഇവയൊക്കെ കൊണ്ട് വന്ന , ശാസ്ത്രം , ലിബറൽ ഹ്യൂമനിസം , ജനാധിപത്യം , ഇവയൊക്കെ ഉണ്ടാക്കിയതും സായിപ്പ് ആണെന്നുള്ളതാണ് തമാശ . തിന്നിട്ട് എല്ലിൽ കുത്തിയപ്പോ ഉയർന്നു വന്ന ആശയങ്ങൾ ആണ് അവയോക്കെ. എല്ലാര്ക്കും പിന്നീട്ഗുണമുണ്ടായി കേട്ടോ .

അപ്പൊ നവോഥാന ആശയങ്ങൾ മാത്രമാണോ , അടിമക്കച്ചവടം അവസാനിക്കാൻ കാരണം? ഏയ് അങ്ങനെ ഒന്നുമില്ല . അപ്പോഴേക്കും ഇന്ത്യ , ഇൻഡോ ചൈന , മിഡിൽ ഈസ്റ്റ് , ആഫ്രിക്ക ഇവയിലൊക്കെ നിറച്ചും കോളനികൾ ആയല്ലോ . അവിടെ കൃഷിയും ഒക്കെ ചെയ്താൽ പോരെ ? ഇതേ ചൂഷണ പരിപാടി അവിടെ പറ്റുമല്ലോ . അത് കഥ വേറെ .

1960 കളിൽ ആണ് , ഈ അടിമകളുടെ പിൻതലമുറക്കാർക്ക് അമേരിക്കയിൽ സാദാ മനുഷ്യരുടെ എല്ലാ അവകാശങ്ങളും കിട്ടുന്നത് !

ഇതൊക്കെ അറിഞ്ഞിട്ടെന്തിനാ ?

ഓ – ചുമ്മാ . ഒരു സ്മരണ ഉണ്ടാവുന്നത് ഇല്ലാത്തതിനെക്കാൾ നല്ലതല്ലേ ,    ങേ , ങേ ?

(ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .