തൃശൂർ – തറവാട്ടിൽ ചെന്നാൽ എന്റെ എളേ മോൾക്ക് ഒരു പ്രശ്നമുണ്ട് . എന്തെങ്കിലും കഥ പറഞ്ഞു കൊടുത്താലേ ഉറങ്ങു . എന്തൂട്ട് തൊന്തരവ് ആണെന്ന് നോക്കണേ .
എന്റെ ‘അമ്മ തുടങ്ങി – “ഒരിക്കൽ ഒരു ആമയും മുയലും ….”
“അയ്യോ ..അത് വേണ്ടേ …കേട്ടിട്ടു ബോറടിച്ചു .”
“എന്നാൽ ‘അമ്മ പറഞ്ഞു തരും .”
“എനിക്കറിയാമ്പാടില്ല . പപ്പാ ഇന്ന് പറഞ്ഞു തരും .”
“കോപ്പ് . സ്ഥിരം പരിപാടിയാണ് . പപ്പാ അത് ചെയ്തു തരും ; ഇത് ചെയ്തു തരും . ഉണ്ടംപൊരി . മര്യാദക്ക് ഒന്ന് വായിക്കാൻ പോലും സമ്മതിക്കൂല്ല അല്ലെ ?”
“നീ തന്നെ പറഞ്ഞു കൊടുത്താ മതി . ങാഹാ ..അത്രക്കായോ ” എന്റെ സ്വന്തം ‘അമ്മ . ഹോ . എന്നാൽ തുടങ്ങുക തന്നെ .
“ഒരിടത്തു മലർ മതി എന്ന ഒരു ദേശത്തു ബുദ്ധി സേന എന്ന അതിസുന്ദരി ആയ ഒരു രാജകുമാരി ഉണ്ടായിരുന്നു .”
“ങേ- അങ്ങനെ അല്ലല്ലോ .”
“ഇത് വേറെ കഥ . ”
‘”പാപ്പാ ഒക്കെ ”
ബുദ്ധിസേനയെ കല്യാണം കഴിക്കണം എന്ന് പറഞ്ഞു ലോകത്തു പലയിടത്തു നിന്നും കോന്തന്മാർ വന്നു രാജാവിനെ ബുദ്ധി മുട്ടിച്ചു കൊണ്ടിരുന്നു . അവസാനം രാജാവ് പറഞ്ഞു –
രാജ്യത്തിന്റെ വടക്കു ഭാഗത്തു മൂവായിരം മൈൽ നീണ്ടു കിടക്കുന്ന ഒരു കാടുണ്ട് . ആ കാടു കടന്നാൽ ഐസ് കട്ട പിടിച്ചു കെടക്കണ ഹിമാലയ പർവതം . അതിന്റെ ഉച്ചിയിൽ യതി എന്ന് പറയുന്ന ഭീകര ജീവികൾ ഉണ്ട് .
“യതിയാ ?”
അതെ. യതി എന്ന് പറഞ്ഞാൽ നമ്മുടെ പത്തു പോളാർ ബെയർ കൂടിയ അത്രേം വലിപ്പം . അത് പോലെ വെള്ള രോമം . ഗോറില്ലെടെ ഷേപ്പ് .
യതികളുടെ രാജ്യത്തിന് നടുക്ക് ഒരു വിശിഷ്ട മരത്തിൽ ഒരു പഴമുണ്ട് – മാങ് തേങ്ങാ . ഈ മാങ് തേങ്ങാ പറിച്ചോണ്ട് വന്നാൽ അവനെ എന്റെ മകൾ ബുദ്ധി സേനക്ക് കെട്ടിച്ചു കൊടുക്കുന്നതായിരിക്കും .
ആദ്യം തന്നെ ഒരു പരട്ട വന്നു – തള്ളൽ ദേവൻ . തള്ളൻ ദേവൻ തള്ളു തുടങ്ങി – ‘രാജാവേ – ഞാൻ കൊണ്ട് വരും . ഞാനാരാ മോൻ എന്ന് ….’ ‘മതി മതി . തള്ളു വേണ്ടാ . സംഭവം കൊണ്ട് വന്നാൽ മതി .”- “ഓക്കേ ‘
തള്ളൽ ദേവൻ കാട്ടിൽ കയറി . കുറെ നടന്നപ്പോൾ കുടിച്ച കള്ളിന്റെ തള്ളൽ നിന്നു . തള്ളൽ ദേവൻ സ്ഥലം കാലിയാക്കി .
പിന്നെ വന്നത് ആരായിരുന്നു ? – പല്ലൻ ദേവൻ . പല്ലൻ ദേവൻ യതികളുടെ അടുത്ത് വരെ ചെന്നു . പല്ലിളിച്ചു കാട്ടി . യതികൾ കോമ്പല്ലുകൾ പുറത്തു കാട്ടി ഭയങ്കരമായി അലറി .
പല്ലൻ ദേവൻ ഓടി തള്ളി .
പിന്നെ വന്നത് – ഒരു മലയാളി ആയിരുന്നു . ബാഹു ശശി നഹി .
“ങേ .. ബാഹുശശി ..എന്ന് പോരെ .”
“നഹി ,,ന്നു പറഞ്ഞാ നഹി ..ബാഹുശശിനഹി .”
“ഓക്കേ”
ബാഹുശശിനഹി മലർമതിയിൽ ചെന്ന് . ആദ്യം തന്നെ രാജാവിനെ വണങ്ങിയ ഉടൻ തന്നെ ബുദ്ധി സേനയെ നോക്കി മന്ദഹസിച്ചു . രാജാവ് കാണാതെ സൈറ്റടിച്ചു കാണിച്ചു . ചുള്ളനാണ് ബാഹു ശശി നഹി .
“ഞാൻ പഴം കൊണ്ട് വരാം . അതിനു മുൻപേ എനിക്ക് രാജകുമാരിയോട് ഒറ്റക്ക് ഒന്ന് സംസാരിക്കണം .”
ങേ . ആർക്കും അതിഷ്ടപ്പെട്ടില്ല . എന്നാലും ബുദ്ധി സേന പറഞ്ഞത് കൊണ്ട് രാജാവ് സമ്മതിച്ചു . എല്ലാവരും മുറിയിൽ നിന്ന് പോയി . അവനും രാജകുമാരിയും ഒറ്റക്കായി .
ചുള്ളനാണ് ബാഹുശശിനഹി . പിന്നെ തൃശൂർക്കാരനും .
“അല്ലയോ മഹാനുഭാവത്തി – രാജ് കുമാരിജി . അടിയൻ കൃതാർത്ഥൻ ആയി , അതായത് ..”
“സംസ്‌കൃതം വേണ്ടാ . മര്യാദക്ക് വർതാനാ പറഞ്ഞോ ഇയ്യ് .” രാജ് കുമാരി പറഞ്ഞു .
ബാഹു ശശി നഹി തൊണ്ട ക്ലിയർ ചെയ്തു . എന്നിട്ടു പറഞ്ഞു :
“ഡീ അലവലാതീ – നെന്റെ തന്തക്ക് പ്രാന്തണ് – നട്ട പ്രാന്ത് . നിനക്ക് ആരെങ്കിലും കേട്ടണന്ന് ണ്ടാട്യേ? ഇന്ന് രാത്രീല് ഇറങ്ങിയാ വാ . മ്മക്ക് എങ്ങിട്ടെങ്കിലും ഓടിയ പൂവാം . നിനക്കെന്തിനാ മാങ് തേങ്ങാ?”
“എനിക്കല്ലെങ്കിലും വേണ്ടാ മാങ് തേങ്ങാ .”
“എന്നാ പറഞ്ഞ പോലെ .”
പഴം പറിക്കാൻ ആണെന്ന് പറഞ്ഞിറങ്ങിയ ബാഹു ശശി നഹി അതാ രാത്രി ഒളിച്ചു തിരിച്ചു വരുന്നു . ബുദ്ധി സേനന്റെ കൂടെ ഒളിച്ചോടുന്നു .
“പിന്നെ സുഖമായി ജീവിക്കുന്നു ?”
അതറിയില്ല . അങ്ങനെയും പറയാം .
“ആഹാ . സൂപ്പർ കഥ .” മോൾ കൈ അടിച്ചു .
അപ്പോൾ ‘അമ്മ – “അതെ -നീ ഇനി കഥ പറയണ്ട ”
“എന്താ നല്ല കഥയല്ലേ ? ഡോണ്ട് യൂ ലൈക് ? അവക്കിഷ്ടായി .”
“വേണ്ട . സ്ഥലം വിട്ടോ . ഓട് മങ്കിയെ കണ്ടം വഴി ”
“വേണ്ടങ്കിൽ വേണ്ട .”
ബാഹു ശശി നഹി !!(ജിമ്മി മാത്യു )