മുന്നൂറ്‌ ശതമാനം പരാജയപ്പെട്ട സർജറി ! അന്ത ഭീകര കാലം .

അതായത് സുഹൃത്തുക്കളെ , എം ബി ബി എസ് മൂന്നാം വര്ഷം ആണ് ആദ്യമായി ഓപ്പറേഷൻ തീയേറ്ററിൽ കാലെടുത്തു വയ്ക്കുന്നത് . എനിക്ക് വളരെ ഇഷ്ടപ്പെട്ടു . വെളിയിൽ ആകെ ഒരു ശ്വാസം മുട്ടാണ് . രോഗികൾ തിക്കി തിക്കി നിൽക്കുന്നു . ചിലേടത്ത് ഒരു വാട . ചൂട് നല്ല ജാസ്തി . സ്വര്യം കമ്മി . വാർഡുകളിൽ നടക്കാൻ പാടാണ് . നിലത്തൊക്കെ രോഗികൾ കിടപ്പുണ്ട്. ശബ്ദ കോലാഹലം .

പക്ഷെ തീയേറ്റർ – ആഹാ , ആഹഹാ . നല്ല എ സി . സംസാരം ഒന്നും ഇല്ലെന്നല്ല , എങ്കിലും സമാധാനം . രോഗികൾ നല്ല സുഖമായി ഉറങ്ങുന്നു . ആളുകൾ ഏകാഗ്രതയോടെ ജോലി ചെയ്യുന്നു . മോണിറ്ററുകളുടെ ബീപ്പ് , ബീപ്പ് ശബ്ദം . ടെൻഷൻ – അത് വിദ്യാർത്ഥിയായ നമ്മൾ അടിക്കണ്ടല്ലോ .

അപ്പൊ ചാൾസ് ഡാർവിന് എന്ത് പറ്റി ? മൂപ്പർ എന്തിനാണ് ഓടിയത് ? പുള്ളിയും എന്റെ പോലെ തന്നെ അല്ലായിരുന്നോ ?

ങേ – ഡോക്ടേഴ്സ് ഡേ ആഘോഷിക്കാൻ നാലെണ്ണം വിട്ട് , ഇങ്ങേരുടെ ബോധം പോയോ എന്നല്ലേ ? ഇല്ല . ഇച്ചിരി ബാക്കിയുണ്ട് .

എന്റെ പോലെ തന്നെ , ഡാക്കിട്ടർ ആവാൻ മെഡിക്കൽ കോളേജിൽ ചേർന്നതാണ് ചാൾസ് ഡാർവിനും. ആയിരത്തി എണ്ണൂറ്റി മുപ്പതിനോട് അടുപ്പിച്ചു, അങ്ങ് ഇംഗ്ലണ്ടിൽ ആണെന്ന് മാത്രം . ചെന്നിട്ട് , പഠിത്തം കുറെ ആയപ്പോൾ , ഓപ്പറേഷൻ തീയേറ്ററിൽ ആദ്യമായി പോവേണ്ടി വന്നു . ഒരു കുട്ടിയുടെ മേൽ സർജറി ചെയ്യുന്നത് കണ്ടു .

പകുതി കണ്ടതോടെ ഒറ്റ ഓട്ടം ആയിരുന്നു ! പുറത്തു പോയി കുറെ ശർദിച്ചു . തല കറങ്ങി . പിന്നെ പെട്ടിയും കിടക്കയുമെടുത്ത് വീട്ടിൽ പോയി . ആ ആഘാഥത്തിൽ ആണെന്ന് തോന്നുന്നു , പരിണാമ സിദ്ധാന്തം കണ്ടുപിടിച്ചത് . അത്രക്ക് ഷോക്ക് ആയിപ്പോയി .

നിങ്ങൾ ഒരു വൃത്തികെട്ട അറ സങ്കൽപ്പിക്കുക . പഴയ കാല മെക്കാനിക്കുകളുടെ വലിയ ലോറി ഒക്കെ നന്നാക്കുന്ന ഒരു ഷെഡ് , മനസ്സിൽ കണ്ടാൽ മതി . നടുക്ക് പാതി ഇരുട്ടിൽ ഒരു സ്റ്റേജ് . അതിൽ ഒരു ലോഹക്കട്ടിൽ . കട്ടിലിൽ ഇന്നലത്തെ ചോര തളം കെട്ടി നിൽക്കുന്നു . കട്ടിലിന്റെ കാലറ്റത്ത് ഒരു കുഴി . അതിൽ അറക്കപ്പൊടി നിറച്ചിരിക്കുന്നു . അതിലേക്കാണ് ചോര ഒഴുകിയിറങ്ങേണ്ടത് . മൊത്തം ഒരു നാറ്റം . ചീഞ്ഞ മനുഷ്യ രക്തത്തിന്റെ , മൂത്രത്തിന്റെ , മലത്തിന്റെ . വേറൊരു മേശയിൽ ചോരക്കറ പിടിച്ച കുറെ കത്തികൾ , അറക്കവാൾ , ചുറ്റിക , ഉളി , കൊടുവാൾ , ചവണ .

ഇനി കട്ടിലിൽ ജീവനുള്ള മനുഷ്യനെ നാലഞ്ചു പേര് ചേർന്ന് പിടിച്ചു കിടത്തിയിരിക്കുന്നു . ചോര ! അറക്ക വാളിന്റെ ശബ്ദം . നീണ്ട ആർത്ത നാദം . ഒരു തടിമാടൻ ബദ്ധപ്പെട്ട് എന്തൊക്കെയോ ആ പാവം മനുഷ്യനെ ചെയ്യുന്നു . തടി മാടന്റെ മുഖത്തും കയ്യിലും ഉടുപ്പിലും മൊത്തം ചോര .

മതിയോ സങ്കല്പിച്ചത് ?

ഇതാണ് സാറേ അന്ന് സർജന്മാരുടെ മെയിൻ . അക്കാലത്തെ ഒരു വലിയ സർജൻ ആയിരുന്നു , റോബർട്ട് ലിസ്റ്റൻ. ആറടി രണ്ടിഞ്ച് പൊക്കം . ഹൾക്ക് ഹോഗന്റെ ബോഡിയും ലുക്കും . മറ്റു സർജന്മാരുടെ ആരാധനാ പാത്രം . ശക്തി , സ്പീഡ് . ഇതാണ് ഗുണങ്ങൾ . ഒരു അഞ്ചാറ് മിനിറ്റിനുള്ളിൽ തീർക്കണം എല്ലാ ശസ്ത്രക്രിയയും . ഇല്ലെങ്കിൽ രോഗി മിക്കവാറും മരിക്കും . അല്ലെങ്കിലും മരിക്കാൻ നല്ല സാധ്യത ഉണ്ട് . അത് വേറെ കാര്യം .

അണുബാധ ഉള്ള , അഥവാ അപകടത്തിൽ പെട്ട കാലോ കയ്യോ മുറിച്ചു കളയുന്നതാണ് അന്നത്തെ ഒരു പ്രധാന ഓപ്പറേഷൻ . രോഗിയെ പിടിച്ചു കിടത്തും . ഇടത് കൈയും കക്ഷവും ചേർത്ത് മേൽതുടയിൽ ഒരൊറ്റ പിടിയാണ്. പിടഞ്ഞാൽ ഒന്നും അനങ്ങരുതല്ലോ . ഒറ്റ വെട്ട്. എല്ലു കാണും . പിന്നെ അറക്കവാൾ . എല്ലു മുറിക്കും . ചീറ്റി തെറിക്കുന്ന രക്തം വരുന്ന ദശ ഒക്കെക്കൂടി മിന്നൽ വേഗത്തിൽ തയ്ച്ചു മുറുക്കി ഒരു കെട്ടാണ് . മുപ്പത് സെക്കൻഡ് കൊണ്ട് എല്ലാം കഴിയും . അതാണ് റോബർട്ട് ലിസ്റ്റൻ  . എന്നിട്ട് ചോര ഒഴുകുന്ന കൈകൾ ചുറ്റും കയ്യടിക്കുന്ന ആരാധകർക്ക് നേരെ ഉയർത്തിക്കാട്ടും . എന്നിട്ടാ ചോര നെഞ്ചത്തുള്ള ഏപ്രണിൽ തേയ്ക്കും . ഒരലർച്ചയും .

ആഹാ . ഉഗ്രൻ സർജൻ . ചുറ്റിനും നിൽക്കുന്ന വിദ്യാർത്ഥികളും , മറ്റു കാണികളും അദ്‌ഭുതം കൂറും .

ഒരിക്കൽ നമ്മൾ ഓപ്പറേഷന് സമ്മതിച്ചു കഴിഞ്ഞാൽ , പിന്നെ തിയേറ്ററിൽ കേറിയാൽ , അവർക്കെന്തും    ചെയ്യാം .അതാണ് അന്നത്തെ കരാർ . ഒരിക്കൽ , മൂത്രസഞ്ചിയിലെ കല്ല് എടുക്കാൻ ഒരു രോഗി എത്തി . ഓപ്പറേഷൻ തീയേറ്ററിൽ കയറിയതും പുള്ളിയുടെ ധൈര്യം മൊത്തം പോയി . ഒറ്റ ഓട്ടത്തിന് കക്കൂസിൽ കയറി വാതിലടച്ചു കുറ്റിയിട്ടു . ലിസ്റ്റൻ പുറകെ ഓടി . ഒറ്റച്ചവിട്ടിന് വാതിൽ പൊളിച്ചു . അലറിക്കരയുന്ന രോഗിയെ വലിച്ചിഴച്ചു കൊണ്ട് വന്നു കിടത്തി . കെട്ടിയിട്ടു . എന്നിട്ട് മൂത്രസഞ്ചിയിലേക്ക് ലിംഗത്തിൽ കൂടി ഒരു മെറ്റൽ വടി കടത്തി . ഗുദത്തിൽ കയ്യിട്ട് കല്ല് തപ്പി . എന്നിട്ട് വൃഷ്ണത്തിനടിയിലൂടെ കത്തി കൊണ്ട് ദ്വാരം ഉണ്ടാക്കി . നേരെ മൂത്രസഞ്ചിയിലേക്ക് ഒരു ചവണ ഇട്ടു . കല്ല് വലിച്ചു ഒറ്റ എടുപ്പാണ് .

അറുപത് സെക്കൻഡ് . ഇന്നാണെങ്കിൽ ,  ഉറങ്ങുന്ന രോഗിക്ക് ഒരു പോറൽ പോലും ഏൽക്കാതെ മൂത്രനാളിയിലൂടെ , ഉൾട്രാസൗണ്ട് പ്രോബ് കടത്തി പൊടിച്ചു , കല്ല് എടുക്കാമായിരുന്നു . രണ്ടു മൂന്നു മണിക്കൂർ എടുത്തേനേ .

നമ്മുടെ വിഷയം മുന്നൂറു ശതമാനം പരാജയപ്പെട്ട സർജറി ആണ് . അതെങ്ങനെ പറ്റും ? രോഗി മരിച്ചാൽ നൂറു ശതമാനം പരാജയം അല്ലെ ആവുള്ളു ?

ഒരിക്കൽ റോബർട്ട് ലിസ്റ്റൻ ഒരു കാൽ മുറിക്കുന്ന സർജറി ചെയ്യുക ആയിരുന്നു . ഒരൊറ്റ മുറി അല്ലെ ? എന്നിട്ട് കൈ വലിച്ചപ്പോൾ , അസിസ്റ്റന്റിന്റെ കയ്യിൽ അറിയാതെ ഒരൊറ്റ വെട്ട് ! കൈ മുറിഞ്ഞു രക്തം ചീറ്റി . ഉടൻ കത്തി മാറ്റിയപ്പോ , കണ്ടോണ്ടിരുന്ന ആളുടെ നെഞ്ചത്തേക്ക് !

കണ്ടോണ്ടിരുന്ന ആൾ അപ്പൊ തന്നെ ഹാർട്ട് അറ്റാക്ക് ആയി മരിച്ചു . അസിസ്‌റ്റന്റിന്റെ മുറിവ് ഇൻഫെക്ഷൻ ആയി , രക്തത്തിൽ പഴുപ്പ് കയറി അയാൾ ഡിം . രോഗിയും പോയി . അങ്ങനെ ഒരൊറ്റ സർജറിയിൽ മൂന്നു മരണം ! കണക്ക് ശരിയായില്ലേ ?

വാൽകഷ്ണം : പിന്നേം വളരെ കൊല്ലങ്ങൾക്ക് ശേഷം ജോർജ് ബെർണാഡ് ഷാ പറഞ്ഞത്:

“ഈ അനസ്‌തേഷ്യാ എന്ന സാധനം വന്നേ പിന്നെ , ഏത് പൊട്ടനും സർജൻ ആവാം എന്നായി “

സത്യമാണ് . അങ്ങനെ അല്ലെ ഞാനൊക്കെ ആയത് . അല്ലാതെ റോബർട്ട് ലിസ്റ്റൻ ആവാൻ ഒന്നും നമ്മക്ക് സ്വപ്നത്തിലെ പറ്റൂല്ല . ഹിഹി . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .