ഞാൻ തൃശൂർ മെഡിക്കൽ കോളേജിൽ കയറുമ്പോൾ നല്ല വിധത്തിൽ റാഗിങ് ഉണ്ട് . തെറി പറയുക , പറയിപ്പിക്കുക , ഇല്ലാത്ത കസേരയിൽ ഇരുത്തുക തുടങ്ങി പറയാൻ കൊള്ളാത്ത നല്ല മനോഹരമായ ആചാരങ്ങളും ധാരാളം ഉണ്ടായിരുന്നു .
ഞാനും എന്റെ സുഹൃത് പാപ്പച്ചനും അധികം പിടി കൊടുക്കാതെ എങ്ങനെ മുങ്ങി മുങ്ങി നടക്കുകയാണ് . പാപ്പച്ചൻ ഒരു പുലിയാണ് . പോരാ – പുലിമുരുകനാണ് . പന്ത്രണ്ടാം ക്ലാസ്സിൽ വച്ച് നാല് ഡിഗ്രിക്കാരെ ഒറ്റക്ക് അടിച്ചോടിച്ച മഹാ പ്രതിഭാസമാണ് പാപ്പച്ചൻ. അതിനാൽ തന്നെ പ്രവേശനം കിട്ടിയപ്പോൾ തന്നെ പാപ്പച്ചന് പലരുടെയും ഉപദേശവും കിട്ടി :
“ഡാ -ആരെയും തല്ലാൻ ഒന്നും പോവരുത് . പാവത്തെ പോലെ എല്ലാം അനുസരിച്ചോണം .” പാപ്പച്ചൻ തല കുലുക്കി സമ്മതിച്ചു .
അതിനാൽ പഞ്ച പാവമായാണ് പാപ്പച്ചന്റെ നടപ്പ് .
“ഡാ . ഇങ്ങട്ടാ വന്നേരാ ….” ഇത് കേട്ട് ഞങ്ങൾ ഞെട്ടി . കോളേജ് മുറ്റത്തെ ഒരു മൂലയ്ക്ക് നിന്ന് സീനിയർസ് എന്ന ശവികൾ വിളിക്കുകയാണ് . അനുസരിക്കാതെ നിവർത്തിയൊന്നുമില്ല . ഞാനും പാപ്പച്ചനും ചെന്ന് . ചെന്നയുടൻ എന്നെ ഇല്ലാത്ത കസേരയിലിരുത്തി . ഞാൻ ഇരുന്നു . പിന്നെ അവർക്ക് എന്നെ നോട്ടമില്ല . പാപ്പച്ചൻ മതി . ആരോ പാപ്പച്ചൻ ഒരു ഭയങ്കരനാണെന്നും ഒരു പാഠം പഠിപ്പിക്കണം എന്നും ഒറ്റിയതാണെന്നു തോന്നുന്നു . പല കാസർത്തുക്കളും പാപ്പച്ചനെക്കൊണ്ട് അവർ കാണിച്ചു . എല്ലാം ചെയ്തു . അവസാനം ഒരുത്തൻ പറഞ്ഞു :
“ഷർട് അഴിച്ചെരാ ” – പാപ്പച്ചൻ കറുമ്പനായി, രോമാവൃത സത്വമായി അങ്ങനെ നിന്നു .
“പാന്റും അഴിച്ചെരാ ” പാന്റും ഊരി – രോമത്തിനു കുറവൊന്നുമില്ല . കറുപ്പിനും . നല്ല കോയമ്പത്തൂരുകാരൻ കുന്നത് അണ്ടർവെയർ തെളിഞ്ഞു വന്നു . അത്ര പുതിയതൊന്നുമല്ല – തീരെ അല്ല .
പാപ്പച്ചനെയും നോക്കി സീനിയർസ് എന്ന ഭൂലോക നാറികൾ അങ്ങനെ നിൽക്കുകയാണ് . ഇളിക്കുന്നുമുണ്ട് .
പെട്ടന്ന് കുറച്ചു ദൂരത്തു നിന്ന് ആരോ വരുന്നുണ്ട്. വിദ്യാർഥികൾ കുറെ അവിടവിടെയായി റാഗിങ്ങും ഒക്കെയായി നിപ്പുണ്ട്. ഇത് പക്ഷെ ഒരു മാഷാണ് . കുറെ ദൂരത്തൂന്നാണ് . സീനിയർസ് ചെറുതായി അസ്വസ്ഥരായി . ഗൗരവ കുറ്റമാണ് റാഗിങ് . പിരിച്ചു പോലും വിടാം .
അപ്പോഴേക്കും പാപ്പച്ചൻ ഉള്ള കുന്നത് അണ്ടെർവെയറും ഊരി മാറ്റി !. എങ്ങനേണ്ടടാ സംഭവം – എന്ന മട്ടിൽ നിൽപ്പായി . രോമവും കറുപ്പും ഉച്ചസ്ഥായിയിലായി. മറ്റു പലതും അവിടെ വെളിപ്പെട്ടു . അതി ഭീകരം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു സ്ഥിതി വിശേഷം അവിടെ സംജാതമായി .
സീനിയർസിന്റെ ഇടയിൽ കരച്ചിലും പല്ലുകടിയും ഉണ്ടായി .
“ഇടെടാ മ..രെ ഡ്രസ്സ് ” എന്ന ഒരു ആർത്തനാദം ഒരുത്തന്റെ നിരുദ്ധ കണ്ഠത്തിൽ നിന്നും പ്രവഹിച്ചു . അപ്പോൾ പാപ്പച്ചൻ വളരെ കൂളായി ഇങ്ങനെ നിന്ന് പറയാണ് :
“പറ്റില്യ . ട്ടോ .”
“ങേ- ഇടെടാ ”
“മനസില്ല്യ..ന്നു പറഞ്ഞില്ലേ ?”
അപ്പോഴേക്കും സാർ അടുത്തെത്തിയിരുന്നു . നമ്മുടെ പാപ്പച്ചൻ വഴിയരുകിൽ ബസ്സു കാത്തു നിൽക്കുന്ന ലാഘവത്തോടു കൂടി ഒന്നും മറക്കാനോ ഒളിക്കാനോ ഇല്ലാതെ പൂർണ മനസ്കനായി ഇങ്ങനെ നിൽക്കുകയാണ് സുഹൃത്തുക്കളെ , നിൽക്കുകയാണ് . പിന്നത്തെ പൂരം പിന്നെ പറയാം .
വാൽകഷ്ണം – ഇപ്പോഴത്തെ വാർത്ത – നീറ്റ് പരീക്ഷക്ക് വന്ന വിദ്യാർത്ഥിയുടെ അടിവസ്ത്രം അഴിപ്പിച്ചു .
നല്ല ട്രെയിനിങ്ങാ .