മോഹൻ ലാലിനേക്കാൾ മിടുക്ക് – മുണ്ടൂരി അടിയിൽ .

ഞാൻ ‘ദി വീക്ക് ‘ എന്ന മാസികയിൽ പഴയ റിസേർവ് ബാങ്ക് ഗോവെർണർ രഘുറാം രാജനുമായുള്ള ഇന്റർവ്യൂ വായിച്ചു . അപ്പോഴാണ് ഇപ്പോഴത്തെ നമ്മുടെ ഇന്ത്യൻ സർക്കാർ സ്ഫടികത്തിലെ മോഹൻ ലാലിനേക്കാൾ എത്രയോ മടങ് ഉഷാർ ആണെന്ന് മനസ്സിലായത് .

എന്തിലാണന്നല്ലേ – മുണ്ടൂരി അടിയിൽ !

ഞാൻ വിശദമാക്കാം . മോഹൻ ലാൽ പെട്ടന്ന് മുണ്ടൂരുന്നു . പ്രതിയോഗിയുടെ തലയിൽ ഇടുന്നു . ഇടിക്കുന്നു .

ആർക്ക് ഇടി കിട്ടി ? മറ്റവന് .

പക്ഷെ ഒരു കാര്യം നമ്മൾ മറക്കുന്നു . ആർക്ക് മുണ്ടു പോയി ? മോഹൻ ലാലിന് .

അറ്റ് ലിസ്ററ് – ഇടിച്ചവൻ മുണ്ടില്ലാതെ നിന്നു എന്നൊരു ചെറിയ സംതൃപ്തി ഇടി കൊണ്ടവനുണ്ട് !

എന്നാൽ കുറച്ചു നാൾ മുൻപ് – ഒരിക്കലും ചോദ്യം ചെയ്യാൻ പാടില്ലാത്തത്ര ദിവ്യത്വം ഉള്ള നമ്മുടെ നേതാവ് ഒരു സുപ്രഭാതത്തിൽ മുണ്ടൂരുന്നു . “ഡെമോണിറ്റൈസ്ഡ് ” എന്നലറുന്നു . മുണ്ട് വെറുതെ നിന്ന നമ്മുടെ തലയ്ക്കു മോളിലുടെ ഇടുന്നു . വരിഞ്ഞു മുറുക്കുന്നു . മിണ്ടാൻ പോയിട്ട് ശ്വാസം വിടാൻ പോലും പറ്റുന്നില്ല . മിണ്ടിയാൽ അതിർത്തിയിലെ ജവാൻ , ദേശസ്നേഹത്തിന്റെ തീവ്രത എന്നൊക്കെ പറഞ്ഞു കഴുത്തിൽ പിടിച്ചു ഞെക്കുന്നു .

അച്ചാലും മുച്ചാലും നമ്മെ വീക്കുന്നു . നീയല്ലേടാ കള്ളപ്പണം , കള്ളാ കള്ളാ എന്ന് വിളിക്കുന്നു . അയ്യോ ഞാനല്ല , ഞാനല്ല , എന്ന് നമ്മൾ കരയുന്നു . വേദന കൊണ്ട് പുളയുന്നു .

അതൊന്നും കേൾക്കാതെ നമ്മളെ അടിച്ചു പഞ്ഞിക്കിടുന്നു . മൂക്കിടിച്ചു പരത്തുന്നു . അവസാനം നമ്മൾ അർത്ഥ പ്രാണനായി കാനയിൽ കിടക്കുന്നു . നമ്മളെ ക്കാൾ ഇടി നമ്മെ പണ്ട് ഇടിച്ചിട്ടുള്ള ഏതോ ഗുണ്ടകൾക്ക് കിട്ടിയിട്ടുണ്ട് എന്ന് നമ്മൾ ആശ്വസിക്കുന്നു .

പക്ഷെ അപ്പോൾ നമ്മൾ മനസ്സിലാക്കുന്നു – കിട്ടിയത് റോഡ് സൈഡിൽ വെറുതെ നിന്ന നമുക്ക് മാത്രം ആണെന്നാണ് . നമ്മൾ വെറുക്കുന്ന എല്ലാരും രക്ഷപ്പെട്ടിരിക്കുന്നു .

ചെറിയ ഒരാശ്വാസം നമുക്കപ്പോഴും തോന്നുന്നു – ഇടിച്ചവൻ മുണ്ടില്ലാതെ നിൽക്കുകയാണ് ! നീര് വച്ച കൺപോളകൾ തുറന്നു നമ്മൾ നോക്കുന്നു .

ങേ – ഇടിച്ചവന്റെ മുണ്ട് അവിടത്തന്നെ ഉണ്ട് ! നല്ല ഡീസന്റായി , ഒരു പോറൽ പോലും ഇല്ലാതെ , ചീകിയ മുടി ഒന്നുലയുക പോലും ചെയാതെ അയാൾ നിൽക്കുകയാണ് സുഹൃത്തുക്കളെ – നിൽക്കുകയാണ് .

ഒരു ഞെട്ടലോടെ നമ്മൾ മണിച്ചിത്രത്താഴിലെ സണ്ണിയെപ്പോലെ താഴോട്ട് നോക്കുന്നു . നമുക്കാണ് മുണ്ടില്ലാത്തത് .

അതായത് – മാന്ത്രികൻ ആണ് സുഹൃത്തുക്കളെ – മാന്ത്രികൻ .

ഇനി രക്ഷയില്ല – നമ്മൾ കണ്ണുകൾ അടക്കുന്നു . അടുത്ത ഇടിക്കായി കാത്തു കൊണ്ട് . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .