ഭീകരത്വം വ്യാജത്വം :

ഇത് നൂറു ശതമാനം ഒരു സംഭവ കഥ ആണ് . ഞാനാണേ സത്യം . ഇത് പറയണോ വേണ്ടയോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് . വേണ്ട എന്ന് ഇത് വരെ ചിന്തിച്ചിരുന്നു .

 

മനോഹരൻ പൈത്യരെ പോലെ ഉള്ള ചില ദിവ്യ വേഷക്കാർ നെൽസണെയും ഒക്കെ ഡയറക്റ്റ് ആയി ആക്രമിക്കാൻ തുടങ്ങിയ സ്ഥിതിക്ക് പറഞ്ഞേക്കാം എന്ന് വച്ച് .

 

1996 . എംബിബിസ് കഴിഞ്ഞു സഹപാഠികൾ എല്ലാം വല്ലപ്പോഴും ജോലിക്കു പോയി md , ms എൻട്രൻസ് പഠനത്തിനായി അവിടെയും ഇവിടെയും ചെറു ഗ്രൂപ്പുകളായി വാടകക്ക് താമസിച്ചു വരുന്നു . തൃശൂർ ജില്ലയിൽ ഒരു സ്ഥലത്തു എന്റെ രണ്ടു മൂന്നു സുഹൃത്തുക്കൾ താമസിക്കുന്നുണ്ട് . ഞാൻ അവിടെ പോകും – കൂടി ഇരുന്നു പഠിക്കാൻ .

 

താമസ സ്ഥലത്തിന് തൊട്ടു മുൻപിൽ ‘പ്രകൃതി രക്ഷ സ്ഥലം” എന്ന ഒരു ചികിത്സാ കേന്ദ്രം ഉണ്ട് . ഒരു ഡിഗ്രിയുമില്ലാത്ത ഒരാൾ ആണ് ‘പ്രകൃതി വൈദ്യൻ ‘. ആയിരക്കണക്കിന് ആളുകൾ ചികിത്സ തേടി അവിടെ വന്നു കൊണ്ടിരിക്കുന്നു . പ്രമേഹം, ഹൃദ്രോഗം – ഇവ ആണ് വൈദ്യരുടെ സ്പെഷ്യലിറ്റി . ഇവ രണ്ടിനെയും മോഡേൺ മെഡിസിൻ മരുന്ന് കൊണ്ട് ചികില്സിക്കുന്നതിനെ വൈദ്യർ ശക്തിയോടെ എതിർത്തു . ലഖുലേഖകൾ , പ്രസംഗങ്ങൾ , എന്നിവയിലൂടെ മോഡേൺ ഡോക്ടർമാരെ ആവും വിധം പുലഭ്യം പറഞ്ഞു .

 

അന്നും ഇന്നും , പൊതുവെ – ഡിഗ്രി ഉള്ള ഡോക്ടർമാർക്ക് ഈവിധം ഉള്ള ചികിത്സകരോട് ഒരു തരം നിസ്സംഗത ആണ് . ധ്യാനം കൊണ്ടും വഴിപാടു കൊണ്ടും രോഗം മാറ്റുന്ന ഒരു ഇടപാട് പോലെയുള്ള വിശ്വാസത്തിൽ മാത്രം അധിഷ്ഠിതം ആയ ഒരു സംഭവം ആണിത് – അടിസ്ഥാന പരമായി .

 

എന്നാൽ ശരിക്കും പൊതു ജനത്തിന് ആരോഗ്യ ഹാനി ഉണ്ടാക്കുന്ന രീതിയിൽ ഉള്ള പ്രവർത്തനം ആണ് ചില ഇങ്ങനത്തെ ചികിത്സകർക്കുള്ളത് . പലരും അവരവരുടെ പരിമിതികൾ മനസ്സിലാക്കി മോഡേൺ മെഡിസിൻ ചികിത്സകൾ തുടർന്ന് കൊണ്ട് പോവാൻ ഉപദേശിച്ചു കൊണ്ട് മേമ്പൊടി ആയി തങ്ങളുടെ വ്യാജ ചികിത്സ കൊടുക്കാനാണ് പതിവ് . ഇതിൽ അത്ര അപകടം ഇല്ല . അതും പൂർണമായി നിരുപദ്രവി എന്ന് പറയാൻ പറ്റില്ലെങ്കിലും .

 

എന്നാൽ ഇങ്ങേരെ പോലുള്ളവർ അപകട കാരികൾ ആയിരുന്നു .

 

പ്രമേഹം , കൂടിയ പ്രെഷർ എന്നീ രോഗങ്ങൾ ജീവിത ശൈലിയുമായി വളരെ ബന്ധം ഉണ്ട് – പ്രാരംഭാവസ്ഥയിൽ . നല്ല വണ്ണം ഭക്ഷണം നിയന്ത്രിച്ചു ഒരു അഞ്ചോ എട്ടോ കിലോ ഭാരം കുറഞ്ഞാൽ , ലേശം തടി കൂടിയ ഒരാളുടെ ആരംഭ ദശയിൽ ഉള്ള പ്രമേഹം പൂർണ നിയന്ത്രണത്തിൽ ആകും . അതായത് ഷുഗർ ലെവൽ നോർമൽ ആകും . വര്ഷങ്ങളോളം അങ്ങനെ നിയന്ത്രിച്ചു നിർത്താൻ ആയേക്കും . പ്രേഷറിലും ഈ ഇഫക്ട് കുറച്ചൊക്കെ ഉണ്ട് . പ്രമേഹത്തിന്റെ അത്രയും ഇല്ല . ഇതൊക്കെ മോഡേൺ മെഡിസിനിൽ തന്നെ ഉള്ള കാര്യങ്ങൾ ആണ് . ഇതാണ് പ്രമേഹം മാറുകയേ ഇല്ലെന്നു കാലമാടൻ ഡോക്ടർ പറഞ്ഞപ്പോൾ പൈത്യർ സിംപിൾ ആയി മാറ്റി എന്നൊക്കെ വച്ച് താങ്ങുന്നതിനു ആധാരം .

 

എന്നാൽ ടൈപ് one പ്രമേഹം , ഇന്സുലിനോ മരുന്നുകളോ വലിയ അളവിൽ വേണ്ട ഉയർന്ന പ്രമേഹമോ , കൂടിയ പ്രേഷറോ ഇങ്ങനെ മാത്രം മാറുക ഇല്ല . നിയന്ത്രണത്തിൽ നിർത്താവുന്ന ഇത്തരം രോഗങ്ങൾ മാരകം ആണ് . മോഡേൺ മെഡിസിനെയും ഡോക്ടർമാരെയും മരുന്നുകളെയും അടച്ചു ആക്ഷേപിക്കുന്ന രക്ഷാലയാ വൈദ്യൻ ഇങ്ങനെ ശരിക്കും ആളെ കൊല്ലി ആകുന്നു .

 

ഞങ്ങൾ പഠിക്കുന്നു . രക്ഷ വൈദ്യനെ ഞങ്ങൾ പുച്ച്ചതോടെ നോക്കുന്നു . അങ്ങേരും ഭാര്യയും ഒക്കെ ഞങ്ങളെയും പുച്ച്ചതോടെ നോക്കുന്നു . മരുന്ന് മാഫിയയുടെ ഇരകളായ ഞങ്ങൾ , മിണ്ടാതെ , എലിയെ പോലെ , ഭാവി കരുപിടിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങളിൽ മുഴുകുന്നു . രക്ഷ വൈദ്യനെ കാണാൻ രോഗികൾ വരുന്നു , പോകുന്നു . സന്ധ്യയാകുമ്പോൾ രോഗികൾ ഒഴിയുന്നു .

 

അങ്ങനെ രോഗികൾ ഒഴിഞ്ഞ ഒരു സന്ധ്യയിൽ  വൈദ്യന്റെ ഭാര്യ ഓടി ഞങ്ങളുടെ വീട്ടിൽ ഓടി കയറുന്നു .

 

“നിങ്ങൾ ഒന്ന് വര്വോ – വൈദ്യന് നെഞ്ചു വേദന . ” എന്ന് പറയുന്നു .

 

പാവക്ക ജൂസ് ഒരു ഗ്ളാസ് കൊടുത്താ പോരെ – എന്നൊന്നും ഞങ്ങൾ ചോദിക്കുന്നില്ല . അങ്ങനെ ചോദിക്കാൻ പഠിച്ചിട്ടില്ല . എന്ത് തരം സ്വഭാവക്കാർ ആണെങ്കിലും , വ്യക്തി ജീവിതത്തിൽ എത്രയൊക്കെ അവനവന്റേതായ പ്രത്യേകതകൾ ഉള്ളവർ ആണെങ്കിലും , പ്രൊഫഷണൽ ട്രെയിനിങ് ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത് – വേണ്ടത് ചെയ്യുക , പറ്റുന്നത് ചെയ്യുക – ചിന്തയെല്ലാം പിന്നെ – എന്ന മന്ത്രമാണ് . പാവനത്വം അതിനു മാത്രം ആണ് .

 

ഞങ്ങൾ ഓടി ചെല്ലുമ്പോൾ വൈദ്യൻ കിടപ്പിലാണ് . നല്ല നെഞ്ചു വേദന ഉണ്ട് . വെട്ടി വിയർക്കുന്നുണ്ട് .

 

“വൈദ്യർക്ക് പ്രമേഹം ഉണ്ട് . ഇന്സുലിന് എടുക്കുന്നുണ്ട് . പെരിന്തൽ മണ്ണയിൽ ആണ് ചികിത്സ .”

 

ദൂരെ , ആളെ അറിയാത്ത സ്ഥലത്തു പോയി മോഡേൺ മെഡിസിൻ ചികിത്സ എടുക്കുകയാണ് വൈദ്യർ !

 

“വൈദ്യർക്ക് ഹൃദയ ബ്ളോക് ഉണ്ട് . ആൻജിയോഗ്രാം ചെയ്തതാ . ”

 

“അതിന്റെ ചികിത്സ ഉണ്ടോ ?”

 

“ഉണ്ട് . പ്രഷർ , കൊളസ്ററോൾ ഒക്കെ മരുന്നുണ്ട് . വേദന വന്നാൽ നാവിന്റെ അടിയിൽ വക്കാൻ ഗുളിക തന്നിട്ടുണ്ട് .”

 

ഇത് ഹൃദയാഘാതം ആണ് . സംശയം ഇല്ല . എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കണം . പത്തര മാറ്റ് മോഡേൺ മെഡിസിൻ ആയ നൈട്രേറ്റ് ഗുളിക നാവിന്റെ അടിയിൽ വച്ച് കൊടുത്തു കൊണ്ട് പിനീട് കാര്ഡിയോളജിസ്റ് ആയ നവീൻ എന്ന സുഹൃത് പറഞ്ഞു .

 

“അയ്യോ – അത് പറ്റില്ല . നാളെ രാവിലെ പെരിന്തല്മണ്ണയിലേക്ക് പോവാനേ പറ്റൂ . നിങ്ങൾ പൊയ്ക്കോ”

 

വൈദ്യർ കഷ്ടപ്പെട്ട് പറഞ്ഞു . ഞങ്ങൾ സ്ഥലം കാലിയാക്കി .

 

പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല . വൈദ്യർ മരിച്ചു എന്ന് ഒരു ദിവസം കഴിഞ്ഞു അറിഞ്ഞു .

 

വൈദ്യരുടെ സ്ഥാപനം ഇപ്പോഴും ഉണ്ട്. പ്രശസ്തം ആണ് . അടുത്ത തലമുറയിലെ ഒരു ബന്ധു ആണ്- ‘വ്യാജ് ഡോക്റ്റർ ‘. സ്ഥാപനത്തിന്റെ പേര് സാങ്കൽപ്പികം ആണ് . “ക്ഷ” എന്ന അക്ഷരം മാത്രം ഒറിജിനൽ ആണ് (ജിമ്മി മാത്യു

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .