സ്കൂളിൽ പതിയെ മൂപ്പെത്തിയ സമയത്ത് ഹോർമോണുകളുടെ സുനാമികൾ ഉയർത്തി പൊക്കിയ ദിവാസ്വപ്നങ്ങൾക്ക് ജീവൻ വെച്ച റൂം. വീർത്തു കെട്ടിയ മോഹങ്ങളെ ആത്മനിയന്ത്രണം എന്ന കടുക്കാവെള്ളം കൊണ്ട് മുക്കിക്കൊന്ന കൊലക്കയം.പൊടി മീശ മുളച്ചപ്പോൾ ത്രില്ലടിച്ചു നിന്ന റൂം.
എം ബി ബി എസ് കഴിഞ്ഞു എസ് സർജൻസിയും കഴിഞ്ഞു ഈ റൂം വിട്ട് ഉപരിപഠനാർത്ഥം പോണ്ടിച്ചേരി എന്ന വിദേശ രാജ്യത്തേക്ക് ഉപരിപഠനാർത്ഥം സ്ഥലം വിടുമ്പോൾ ചെറുപ്പം തിളക്കുന്നെങ്കിലും തപ്പി നോക്കുമ്പോൾ തലയിൽ പപ്പു കുറഞ്ഞിരുന്നു.
എങ്കിലും ഇടയ്ക്കു വരുമ്പോ റൂം ഏകദേശം അത് പോലെ തന്നെ.അദ്ഭുതം എന്ന് പറയട്ടേ- ഇന്നും കൽബ് എന്ന ലിംബിക് സിസ്റ്റം അത് പോലെ തന്നെ ഒക്കെ ഇരിക്കുന്നു. ശരീരം ഒറ്റ നോട്ടത്തിൽ അത് പോലെ തന്നെയുണ്ട്!എങ്കിലും അന്തരാളങ്ങളിൽ, രക്തക്കുഴലുകളിൽ, അതെറോസ്ക്ളീറോസിസ് കൂടിയിരിക്കാതിരിക്കയില്ല. ന്യൂറോണുകളുടെ ചടുലത ലേശം മങ്ങാതെ ഇരിക്കുമോ?
പക്ഷേ തിരിച്ചറിവുകൾ- എക്കൽ പോലെ അടിഞ്ഞ് അതിൽ വെളിവ് എന്ന വിളവ് കുറെ കുലച്ച് ചാഞ്ഞു നിൽക്കുന്നു. അതും ശാശ്വതമല്ല. പോവുന്നതിനു മുന്നേ എല്ലാം പോവും. സാരമില്ല. താങ്ക്സ്.ആർക്കെന്നറിയില്ല.(ജിമ്മി മാത്യു )