പല ശാസ്ത്രങ്ങളും സങ്കീർണമാണ്. ഏതെങ്കിലും ഒരു കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തുന്നത് പല തലത്തിലുള്ള തെളിവുകൾ ഒത്തു ചേർത്തിട്ടാണ്. ഇത് ആത്യന്തികമായി ഒരു “കൺസെൻസസ് ഓഫ് എക്സ്പെർട്സ്” അഥവാ ‘വിദഗ്ധരുടെ സമവായം’ തന്നെ ആണ്. അല്ലാതെ ചിലർ ചിന്തിക്കുന്നത് പോലെ കല്ലിൽ കൊത്തിയ ആത്യന്തിക സത്യങ്ങളുടെ ശേഖരമല്ല. മെഡിസിനിൽ ഉള്ള ചില ഉദാഹരണങ്ങളോടെ മുന്നോട്ട് പോകാം.
സയന്റിഫിക് ലോജിക് എന്ന ശാസ്ത്രീയ യുക്തി:
ഇപ്പൊ നമുക്ക് അറിയാവുന്ന കാര്യങ്ങൾ വെച്ചുള്ള യുക്തിപരമായ വാദങ്ങളാണ് ശരിക്കും ഇവ. ഉദാഹരണത്തിന്:
“പൂരിത കൊഴുപ്പുകൾ ഫാറ്റ് മെറ്റാബോളിസത്തിൽ ഇങ്ങനെ ആണ് പ്രവർത്തിക്കുന്നത്. അത് കൊണ്ട് അത് നല്ലതാവാൻ വഴിയില്ല. വെളിച്ചെണ്ണ ഒരു പൂരിത കൊഴുപ്പാണ്. അത് കൊണ്ട് അത് നല്ലതല്ല.”
ഇത് ശരിയാകാം. പക്ഷെ ഇത് ശരിക്കും ഒരു ഹൈപോതെസിസ് മാത്രമാണ് ഇവിടെ. തെറ്റാവാനും നല്ല സാദ്ധ്യത ഉണ്ട്. ഇനിയും പഠനങ്ങൾ വേണം എന്നർത്ഥം.
അനെക്ഡോട്ടൽ എമ്പെരിക്കൽ ഒബ്സർവേഷൻസ് അഥവാ ഒറ്റപ്പെട്ട നിരീക്ഷണങ്ങൾ:
ഞാൻ പുതിയതായി ജോലിക്ക് ചേർന്ന സ്ഥലത്ത് എല്ലാവരും ഒത്തിരി വെളിച്ചെണ്ണ ഉപയോഗിക്കുന്നു. ഇവിടെ ഹൃദ്രോഗം വളരെ കൂടുതൽ ആണെന്ന് തോന്നുന്നു. ഇതും ഹൈപോതെസിസ് ഉണ്ടാക്കാനുള്ള ഒരു മെക്കാനിസം മാത്രമാണ്.
ഇൻ വിട്രോ:
സെൽ ആൻഡ് ടിഷ്യൂ കൾച്ചറുകളിൽ വെളിച്ചെണ്ണ ചേർത്തപ്പോൾ ഫാറ്റ് മെറ്റാബോളിസത്തിൽ ചില മാറ്റങ്ങൾ കണ്ടു. ആണോ? ഇതിന്റെ അർത്ഥം എന്താണ്? നോക്കാം. ഇനിയും പരിശോധിക്കണം.
മൃഗപരീക്ഷണങ്ങൾ,
എലികളിൽ വെളിച്ചെണ്ണ കൊടുത്തു. കൊടുക്കാത്ത വേറെ ഒരു ഗ്രൂപ്പുമായി നോക്കിയപ്പോൾ ഹൃദയ ധമനികളിൽ കൊഴുപ്പ് അടിയുന്നതായി കണ്ടു എന്ന് വെയ്ക്കുക. അപ്പോ മനുഷ്യർക്കും അങ്ങനെ ആകുമോ? ആവാം, അറിയില്ല. എന്നാൽ കുരങ്ങന്മാരിൽ ആണെങ്കിലോ? മനുഷ്യരിലും അങ്ങനെ ആവാനുള്ള സാദ്ധ്യത കൂടുന്നു.
മനുഷ്യരിൽ ഉള്ള ഒബ്സർവേഷണൽ അഥവാ നിരീക്ഷണ പഠനങ്ങൾ:
നേരത്തെ ഒറ്റപ്പെട്ട നിരീക്ഷണങ്ങൾ പറഞ്ഞ ഡോക്ടർക്ക് ഒരു ക്വസി എക്സ്പെരിമെന്റൽ എന്ന് പറയാവുന്ന ഒരു സ്റ്റഡി വേണേൽ ചെയ്യാം. ആളുടെ ഇപ്പോഴത്തെ സ്ഥലത്തുള്ള ആയിരം ആളുകളെ റാൻഡം ആയി തിരഞ്ഞെടുത്ത് വെളിച്ചെണ്ണയ്ക്ക് പകരം സൺഫ്ളവർ ഓയിൽ ഉപയോഗിക്കുന്ന വേറൊരു സ്ഥലത്തെ ആയിരം ആൾക്കാരുമായി താരതമ്യം ചെയ്യാം. അപ്പോൾ വേറെ ശരീര ഭാരം, മറ്റസുഖങ്ങൾ, മറ്റു പ്രത്യേകതകൾ എന്ന നൂറു കണക്കിന് കൺഫൗണ്ടിങ് കാര്യങ്ങളെ സ്റ്റാറ്റിസ്റ്റിക്സ് ഉപയോഗിച്ച് ഡീൽ ചെയ്യേണ്ടി വരും. ഇത് ഒരു എക്കോളജിക്കൽ സ്റ്റഡി ആണ്. ഒരു അനാലിറ്റിക്കൽ ക്രോസ് സെക്ഷണൽ കമ്പോണന്റ്റ് ഉള്ള ഒരു ക്വസി എക്സ്പെരിമെന്റൽ സ്റ്റഡി ആണിത്.
ഇത് പോലെ അനാലിറ്റിക്കൽ ക്രോസ് സെക്ഷണൽ സ്റ്റഡി, കേസ്-കണ്ട്രോൾ സ്റ്റഡികൾ, കോഹോർട്ട് സ്റ്റഡികൾ എന്നിവ ഉണ്ട്. ഇവയൊക്കെ നടത്തുന്നതും വിശകലനം ചെയ്യുന്നതും വളരെ ശ്രമകരമാണ്. വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.
മനുഷ്യരിൽ ഉള്ള പരീക്ഷണങ്ങൾ അഥവാ ട്രയലുകൾ:
ഒരു ആയിരം ആളുകളെ തിരഞ്ഞെടുത്തു അതിൽ റാൻഡം ആയി അഞ്ഞൂറ് പേർക്ക് വെളിച്ചെണ്ണ മാത്രം ഉപയോഗിക്കാൻ കൊടുക്കാം. മറ്റുള്ളവർക്ക് സൺഫ്ളവർ ഓയിലും. ഒരു ഇരുപത്തഞ്ച് കൊല്ലം സ്ഥിരമായി പരിശോധിച്ച് എത്ര പേർക്ക് ഹൃദ്രോഗം വരുന്നു, എത്രെ പേരുടെ രക്ത കൊളസ്‌ട്രോൾ കുളമാവുന്നു എന്ന് നോക്കാം. (കോഹോർട്ട് സ്റ്റഡികളിലും നമ്മൾ ഏകദേശം ഇതേ എഫെക്ട് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ അല്ല ).
അവസാന ഘട്ടത്തിൽ എത്തുമ്പോൾ മാത്രമാണ് വെറും ഊഹങ്ങളിൽ നിന്ന് പൊതു സത്യങ്ങളിലേക്ക് നമ്മൾ എത്തുന്നുള്ളു. അവിടെയും ചില പ്രശ്നങ്ങൾ അവശേഷിക്കുന്നുണ്ട്. എതാണ് പഠനത്തിന്റെ ഏൻഡ് പോയിന്റ് ? രക്ത കൊളസ്‌ട്രോൾ ആണോ ഹൃദ്രോഗ സംബന്ധിയായ അസുഖങ്ങളാണോ? ശരിക്കും നോക്കേണ്ടത് അസുഖമാണ്. എന്നാലും അത് പറ്റിയില്ലെങ്കിൽ മറ്റേത് നോക്കാം. ശരിക്കും നല്ലത് ട്രയലുകളാവാം. പക്ഷെ അത് പലപ്പോഴും പ്രായോഗികമല്ല. അപ്പൊ മറ്റേത് കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.
അപ്പൊ നിങ്ങൾക്ക് തോന്നുണ്ടാവാം- അയ്യേ ഇതൊട്ടും കൃത്യത ഇല്ലാത്ത ഒരു രീതിയാണല്ലോ എന്ന്. ആദ്യം തന്നെ മനസിലാക്കുക- മെഡിസിൻ, സൈക്കോളജി, ജിയോളജി, ആന്ത്രോപോളജി, പാലിയന്റോളജി, മീറ്റീരിയോളജി, എൻവിറോണ്മെന്റൽ സയൻസ്, എവൊല്യൂഷൻ, ഏകോളജി, ഇതോളജി, ബയോളജിയുടെ പല ഭാഗങ്ങൾ, ആസ്ട്രോനമി, ആസ്ട്രോഫിസിക്സ്, കോസ്മോളജി മുതലായ ശാസ്ത്ര ശാഖകൾ പലതും ഇത് പോലെ തന്നെ ആണ്. എത്രയോ അതിദൂരം ബഹുവേഗം മുന്നേറാൻ നമുക്ക് സാധിച്ചു എന്ന് നോക്കിയാൽ അറിയാം. മെഡിസിൻ തന്നെ നോക്കിയാൽ മതി.
ബോദ്ധ്യങ്ങൾ ഇല്ലെങ്കിൽ വ്യക്തിപരമായി ഇതിനെ ഒക്കെ തള്ളാൻ (പ്രത്യേകിച്ചും മെഡിസിനിൽ) സ്വാതന്ത്ര്യം ഓരോ വ്യക്തിക്കും ഉണ്ടല്ലോ. കാര്യങ്ങൾ ശരിയായി മനസിലാക്കിയിട്ട് വേണം എന്ന് മാത്രം.
(ജിമ്മി മാത്യു)
ചുമ്മാ ഒന്ന് നോക്കാൻ:
-Thygesen LC, Andersen GS, Andersen H. A philosophical analysis of the Hill criteria. Journal of Epidemiology & Community Health. 2005 Jun 1;59(6):512-6.