മോദിയോ സച്ചിൻ ടെണ്ടൂല്കരോ വന്നാൽ ഇത്രേം ബ്ലോക് ഉണ്ടാകില്ല . സണ്ണി ചേച്ചിയെ കാണാൻ ആളുകൾ കൂടുന്നത് എന്റെ വളരെ പുരോഗമന വാദിയായ ഒരു സുഹൃത്തിന് ഇഷ്ടപ്പെട്ടില്ല .
“ഛായ് ..മ്ലേച്ഛന്മാർ . ഇതിനെ ഒക്കെ കാണാൻ കൂടുന്നത്…..”
ആൾ ഒരു നല്ല ആളാണ് . ഞാൻ ഒന്ന് ചോദ്യം ചെയ്ത് പണി കൊടുക്കാം എന്ന് വിചാരിച്ചു . കുണാണ്ടരിഫികേഷൻ – അതാണല്ലോ എല്ലാം .
“അല്ല ചേട്ടാ – അവർക്ക് എന്താണ് ഒരു പ്രശ്നം ? ഒരു ജോലി ചെയ്ത് ജീവിക്കുന്നു .
ആരെയും ഉപദ്രവിക്കുന്നില്ല .”
“ഛെ- എന്നാലും അങ്ങനല്ലല്ലോ .”
“എങ്ങനല്ല ? സീ — ആരെയും ഉപദ്രവിക്കുന്നില്ല . അത് മാത്രമല്ല – പല പാവങ്ങളുടെ കാര്യങ്ങൾക്കും ഉദാരമായി കാശ് കൊടുത്തു സഹായിക്കുന്നവരുമാണ് . പിന്നെ – അവരുടെ നാട്ടിലെ നിയമങ്ങൾ അവർ ലംഖിക്കുന്നില്ല – എങ്ങനെ ജീവിക്കണം എന്നുള്ളത് അവരുടെ അവകാശം അല്ലെ ? വേറെ ആർക്കും ഉപദ്രവം ഇല്ലാതിരുന്നാൽ പോരെ ?”
“എന്നാലും … എന്തുട്ടോ ഒരു പ്രശ്നണ്ട് . ല്ലേ …അങ്ങനല്ലല്ലോ ..”
“എങ്ങനല്ലല്ലോ? പറയ് ഗഡീ …എങ്ങനല്ലല്ലോ ?”
“ങാ …ഇപ്പൊ ഭർത്താവുമായി മാത്രമേ പടം പിടുത്തം ള്ളൂ ന്ന് …അപ്പൊ ….”
“അല്ലെങ്കിലോ ? ഭർത്താവിന് പ്രശ്നം ഇല്ലെങ്കിലോ ?”
ഒരു കിന്റൽ കാഞ്ഞിരക്കുരു തിന്ന ഒരു ഭാവം സുഹൃത്തിന്റെ മുഖത്തു വിരിഞ്ഞു .
“അത് …..ഈ ….ബ് ….”
അതായത് — അദ്ദേഹത്തിന് ഒന്നും മിണ്ടാൻ പറ്റുന്നില്ല . ജബ ജബ സ്റ്റേജ് ആയി .
ജോനാഥൻ ഹാറ്റ് എന്ന ഒരു മനഃ ശാസ്ത്രജ്ഞൻ ആണ് ഈ സംഭവം ആദ്യമായി കണ്ടു പിടിച്ചത് . അതായത് മാനുഷമ്മാരുടെ ശരി തെറ്റുകൾ എല്ലാം വാക്കുകളിലൂടെ വിശദീകരിക്കാൻ പറ്റില്ല . പല തെറ്റുകളും അങ്ങനെ വാക്കുകളിലൂടെ വിശകലനം ചെയാം . എന്നാൽ ചിലവ പറ്റില്ല . ഇതിനു ജോണേട്ടൻ ഒരു ബയങ്കര പേരാ കാച്ചി – “മോറൽ ഡംബ് ഫൗണ്ടിങ് (moral dumb founding ).
നമുക്ക് ശരി തെറ്റുകളുടെ ജബ ജബാ ഇസം എന്ന് വിളിക്കാം . ചുരുക്കം – ‘ജബ ജബ ‘.
മോറൽ സൈക്കോളജി എന്ന ഒരു ശാസ്ത്ര ശാഖാ ഉണ്ട് . മനുഷ്യ സമൂഹങ്ങളിലെ ശരി തെറ്റുകളുടെ ഒരു പഠനം ആണ് ഇത് . കുറെ ശരി തെറ്റുകൾ ശാസ്ത്രജ്ഞരും താത്വിക വിദ്വാൻമാരും വള വളാ വാക്കുകൾ കൊണ്ട് പറഞ്ഞു വച്ചിട്ടുണ്ടായിരുന്നു , ജോണേട്ടൻ ഫീൽഡിൽ വരുന്നതിനു മുൻപ് . അതൊന്നും സണ്ണി ലിയോൺ ലംഖിക്കുന്നില്ല !
അതായത് – നല്ലവർ ആയ ആണുങ്ങളെ , പെണ്ണുങ്ങളെ , എല്ലാരുംകളെ :
ദ്രോഹം(ശരി – ദയ ) – അവർ ആർക്കും ഒരു ഉപദ്രവവും ചെയ്യുന്നില്ല (എല്ലാരും യോജിക്കണം എന്നില്ല. അതിലേക്ക് പിന്നെ വരാം ). എന്തായാലും അടിക്കുക , കൊല്ലുക , മാനസികമായി മന പൂർവം പീഡിപ്പിക്കുക എന്നിവ എന്തായാലും ചെയ്യുന്നില്ല . ദയ ഉണ്ട് . ചാരിറ്റി ഒക്കെ ചെയ്യുന്നുണ്ട് .
ഇതാണ് ഏറ്റവും പ്രധാനം . പിന്നെ രണ്ടു വലിയ ശരികൾ കൂടി ഉണ്ട് :
നമ്മോടു നല്ലതു ചെയ്തവരോട് നമ്മൾ നല്ലത് ചെയ്യണം. (fairness / reciprocity )- അത് അവർ ഏതു തരത്തിൽ ആണ് ലംഖിച്ചത് ?
സ്വാതന്ത്ര്യം (liberty )- മറ്റുള്ളവരെ അല്ലെങ്കിൽ പൊതു സമൂഹത്തിന്റെ സ്വാതന്ത്രത്തില് കൈ കടത്താതെ , ആർക്കും ദ്രോഹം ചെയ്യാതെ ഇഷ്ടമുള്ളത് ചെയ്യാനുള്ള അവകാശം (സ്വാതന്ത്ര്യം )- ഇത് സണ്ണി ലിയോണിന് ഉണ്ടല്ലോ . ഇതിനെ പറ്റി ചീത്ത പറയാൻ നമുക്ക് ആണ് അവകാശം ഇല്ലാത്തത് !
യഥാർത്ഥ കറ കളഞ്ഞ ലിബറലുകളും , ഉന്നത വിദ്യാഭ്യാസം നേടിയ കുറെ അധികം പേരും ഈ ശരി തെറ്റുകൾ മാത്രമേ അംഗീകരിക്കുന്നുള്ളു എന്ന് ജോണേട്ടൻ മനസ്സിലാക്കി .
അപ്പൊ എല്ലാം കോംപ്ലിമെൻറ്സ് ആയല്ലോ . പിരിഞ്ഞു പോവാം ?
വരട്ടെ – ചില പ്രശ്നമുണ്ട് . ഇങ്ങനത്തെ കോടി മൂത്ത ലിബറലുകൾ പോലും ചില ചോദ്യങ്ങൾക്ക് മുന്നിൽ ജബ ജബാ ആവുന്നുണ്ട് എന്ന് ജോണേട്ടൻ കണ്ടെത്തി . അതായത് ചില കാര്യങ്ങൾ തെറ്റാണ് എന്ന് പെട്ടന്ന് പറയും – പക്ഷെ എന്ത് കൊണ്ടാണ് എന്ന് പറയാൻ പറ്റുന്നില്ല – ജബ ജബാ !
ഉദാഹരണം :
സാലിയും ബിജുവും സഹോദരനും സഹോദരിയും ആണ് . പ്രായ പൂർത്തി ആയവർ . രണ്ടു പേരുടെയും കല്യാണം കഴിഞ്ഞിട്ടില്ല . അവർ ഒരു യാത്രക്ക് പോകുന്നു . വെറുതെ ഒരു രസത്തിനു ലൈംഗികമായി ബന്ധപ്പെടാം എന്ന് വിചാരിക്കുന്നു , ചെയുന്നു . ഗർഭ നിരോധന മാർഗം ഉപയോഗിക്കുന്നുണ്ട്. അതിനു ഒരു ചാൻസും ഇല്ല . രണ്ടു പേരും അത് ആസ്വദിക്കുന്നു . ഇവർ ചെയ്തത് വേറെ ആരും അറിയുന്നില്ല . പിന്നീട് ഒരിക്കലും ഇത് ചെയ്യുക ഇല്ല എന്ന് തീരുമാനിക്കുകയും ചെയ്യുന്നു . ഇവർ ചെയ്തത് ശരിയാണോ ?
നിങ്ങൾ എന്ത് പറയുന്നു ?
മിക്ക മനുഷ്യരും ഇത് തെറ്റാണ് എന്ന് പറയും; പലരിലും വെറുപ്പും അറപ്പും ഉളവാക്കുകായും ചെയ്യും എന്ന് ജോണേട്ടൻ കണ്ടു പിടിച്ചു . എന്നാൽ എന്ത് തെറ്റാണ് ഇവർ ചെയ്തത് ? ശരിക്കും യുക്തി വാദി ആയ ഒരു ലിബറലിന് ഇതിനു ഉത്തരം കണ്ടു പിടിക്കാൻ പറ്റില്ല . എന്നാൽ മിക്കവരും ആലോചിച്ചു എന്തെങ്കിലും പറയും . ഇതിൽ നിന്ന് ജോണേട്ടൻ ഒരു തീരുമാനനത്തിൽ എത്തി .
ശരി തെറ്റുകൾ അറപ്പ് , അഥവാ വെറുപ്പ് എന്ന തോന്നലുകൾ നമ്മിലുണ്ടാക്കും . ഈ തോന്നൽ ആണ് ശരിയോ തെറ്റോ എന്ന തീരുമാനം എടുക്കാൻ നമ്മെ പ്രാപ്തർ ആക്കുന്നത് . വാചകം കൊണ്ട് – എന്താണ് ശരി, എന്താണ് തെറ്റ് – എന്ന് നമ്മൾ പറയുന്നത് , തീരുമാനം എടുത്തു കഴിഞ്ഞിട്ടുള്ള ന്യായീകരണങ്ങൾ മാത്രമാണ് .
ഇനിയും ഉണ്ട് ഉദാഹരണങ്ങൾ :
ഒരാൾ അത്യധികം സ്നേഹിച്ചിരുന്ന അച്ഛൻ മരിച്ചു പോയി . അയാൾ ദുഖിച്ചു കുറെ കരഞ്ഞു . രാത്രി ആയപ്പോൾ ഉത്തരത്തിൽ ഉള്ള എന്തോ എടുക്കാൻ അയാൾ അച്ഛന്റെ ശവ ശരീരത്തിൽ കയറി നിന്നു . ആ സമയത്തു ആരും അത് കണ്ടില്ല . ചെയ്തത് ശരിയോ തെറ്റോ ? തെറ്റെങ്കിൽ എന്ത് കൊണ്ട് ? ശവത്തിനു വേദനിക്കുമോ ? ആത്മാവ് ഉണ്ടെങ്കിൽ തന്നെ എന്ത് ? ആത്മാവ് ശരീരം വിട്ടു പോയില്ലേ ? ആത്മാവ് ഇല്ലെങ്കിൽ എന്തായാലും പ്രശ്നം ഇല്ലല്ലോ .
ജബ ജബ .
ഒരു സ്ത്രീ ഒറ്റക്ക് ജീവിക്കുക ആയിരുന്നു . ഒരു ദേശീയ പതാക വീട്ടിൽ കിടപ്പുണ്ടായിരുന്നു . കക്കൂസ് കഴുകാൻ അവർ നമ്മുടെ ദേശീയ പതാക ഉപയോഗിച്ചു . അത് പാടുമോ ?
പ്രശ്നമാണ് . ഒരു കാര്യം ഓർക്കണം – എല്ലാ ചോദിച്ച കാര്യങ്ങളും തെറ്റാണെന്നു എല്ലാവരും പറഞ്ഞില്ല . എന്നാൽ ആദ്യത്തെ , ദ്രോഹം , ന്യായം , അവകാശം എന്നിവ സംബന്ധിച്ച ശരി തെറ്റുകൾ എല്ലാവരും അംഗീകരിച്ചു വാക്കുകളാൽ ന്യായീകരിക്കുമ്പോൾ വേറെ ഒരു സെറ്റ് തെറ്റുകൾ തെറ്റാണെന്നു ആളുകൾ (എല്ലാവരും അല്ല ) പറയുന്നുണ്ടെങ്കിലും ജബ ജബാ സ്ഥിതി വരുന്നു .
ജോണേട്ടൻ വളരെ ഗവേഷണങ്ങളുടെ ഭാഗമായി മനുഷ്യർ ഇനിയും ഒരു മൂന്ന് ശരി തെറ്റുകൾ കൂടി അനുസരിച്ചാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത് എന്ന് കണ്ടെത്തി :
സ്വ ജാതി അഥവാ രാജ്യം അല്ലെങ്കിൽ ഗ്രൂപ്പിനോടുള്ള കൂറ്
ചിലരോടുള്ള ബഹുമാനം (വസ്തുക്കളോടും )
ദൈവികത അഥവാ പവിത്രത
ഉദാഹരണത്തിന് , സണ്ണി ലിയോൺ സ്വ ശരീരത്തോടുള്ള പവിത്രത – ഇതിനെതിരായി തെറ്റ് ചെയ്തു എന്ന് വേണമെങ്കിൽ വാദിക്കാം .
ഈ ശരി തെറ്റുകൾ സമൂഹ ശരി തെറ്റുകൾ ആണ് – മനുഷ്യനെ സമൂഹമായി നില നിർത്താൻ ഈ ശരി തെറ്റുകൾ സഹായിക്കുന്നുണ്ട്.
എന്നാൽ എല്ലാവരും ഈ കാര്യങ്ങൾ അത് പോലെ സമ്മതിക്കണം എന്നില്ല . ഒരു ജാതിയുടെയോ സമൂഹത്തിന്റെയോ ആയിരിക്കില്ല വേറൊന്നിന്റെ .
ലിബറലുകൾ പ്രത്യക്ഷത്തിൽ ഇവയോട് അധികം പ്രതി പത്തി കാട്ടില്ല . അതായത് സ്വ സമൂഹത്തിൽ നിന്നുയർന്നു വേറിട്ട് ചിന്തിച്ചാലേ അങ്ങനെ കരുതാൻ പറ്റൂ എന്ന് തോന്നുന്നു . എന്നാലും ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ ഇവ ഇല്ലാതെ ഒട്ടു പറ്റില്ല താനും .
സമൂഹ ശരി തെറ്റുകൾ ഗ്രൂപ്പ്കൾ തമ്മിൽ യുദ്ധം ഉണ്ടാക്കാൻ കാരണം ആവാം . എന്നാൽ ഇവ ഇല്ലാതെ പറ്റില്ല . പക്ഷെ സമൂഹ ശരി തെറ്റുകൾ കാലത്തിനും സമൂഹങ്ങൾക്കും അനുസരിച്ചു മാറിക്കൊണ്ടിരിക്കും എന്നത് ഒരിക്കലും മറക്കരുത് . അവ എപ്പോഴും എല്ലാവരിലും അടിച്ചേൽപിക്കാൻ ഉള്ളതല്ല .
അതായത് – മനുഷ്യ സമൂഹം സങ്കീർണമാണ് . പലപ്പോഴും വാക്കുകൾ കൊണ്ട് മാത്രം അളക്കാൻ പറ്റില്ല ചില കാര്യങ്ങൾ . പ്രത്യേകിച്ചും ശരി തെറ്റുകളുടെ കാര്യത്തിൽ .
എന്തൊക്കെ സമൂഹ ശരി തെറ്റുകൾ നമുക്ക് ഒഴിവാക്കാൻ പറ്റാത്തതായി ഉണ്ട്? ജബ ജബാ ശരി തെറ്റ് ചോദ്യങ്ങൾ എന്തെങ്കിലും നിങ്ങളുടെ ഭാവനയിൽ ? കമന്റ് ബോക്സിൽ പ്ലീസ് .
(ജിമ്മി മാത്യു )