സ്വന്തം ഹൃദയത്തിൽ ട്യൂബ് കേറ്റിയ ഡോക്ടർ .

ആയിരത്തി തൊള്ളായിരത്തി ഇരുപത്തൊൻപത്തിലാണ് വേർനെർ ഫോസ്‌മാൻ എന്ന ഒരു ചുള്ളൻ ജർമൻ ചെക്കൻ മെഡിസിൻ കോഴ്സ് പാസ്സായി അപ്പറെന്റീസ് ഷിപ് ആയ ഹൌസ് സർജൻസിക്ക് ചേർന്നത് . ജർമനിയിലെ ഒരു പ്രശസ്ത ഹോസ്പിറ്റലിൽ തന്നെ . ഹൃദയ വിദക്തൻ ആകാൻ ആയിരുന്നു താലപര്യം . കാർഡിയോളജി വിഭാഗത്തിൽ കുറച്ചു നാൾ ജോലി ചെയ്യണം . അതനുവദിച്ചു കൊടുത്തു .

 

കുതിരകളുടെ ഹൃദയത്തിലേക്ക് സിരകൾ വഴി ട്യൂബ് കടത്തി ഹൃദയ അറകളുടെ പ്രെഷർ അളന്ന് ചില പരീക്ഷണങ്ങൾ ചില ശാസ്ത്രജ്ഞർ ചെയ്തത് വേർനെർ വായിച്ചു .

 

പയ്യൻ കാര്ഡിയോളജി ചീഫിനോട് ചോദിച്ചു :

 

“സാർ – ഇങ്ങനെ സിരകളിൽ ട്യൂബ് കടത്തി മനുഷമ്മാരുടെ ഹാർട്ടിൽ കേറ്റാൻ പറ്റൂല്ലേ സാർ . പല രോഗങ്ങളും ചികിൽസിക്കാം . ചില മരുന്നൊളൊക്കെ മ്മക്ക് ഹാർട്ടിലേക്ക് തന്നെ കൊടുക്കാല്ലോ . ” 

 

എന്നിട്ട് ചെക്കൻ ഇളിച്ചോണ്ട് നിന്നു .

 

പത്തു പതിനഞ്ചു കൊടി കെട്ടിയ കാര്ഡിയോളജിസ്റ്റുകളുണ്ട് ചീഫിന്റെ കീഴെ . ഹൌസ് സർജൻ മിണ്ടാനേ പാടില്ല . വെറും അടിമ . അവനാണ് .

 

ചീഫ് തുറിച്ചു നോക്കി .- “പോടാ ചെക്കാ ”

 

“അല്ല സാർ – നമുക്ക് ഒന്ന് നോക്കിയാലോ ?”

 

“രോഗി മരിച്ചു പോകും ”

 

“അതെങ്ങനെ ഉറപ്പിക്കാൻ പറ്റും ? സാർ ?”

 

“ഞാൻ പറയുന്നത് ആണ് ഉറപ്പ് . ഇനി നീ ഇതിനെ പറ്റി ഒരക്ഷരം മിണ്ടരുത് . ”

 

“ഏതക്ഷരം ആണ് സാർ , അത് ?”- എന്ന് വേർനെർ ചോദിച്ചില്ല .

 

ഒന്നും മിണ്ടാതെ , ജോലി സമയം കഴിഞ്ഞു ലോഹ്യക്കാരി ആയ ജെർട എന്ന നേഴ്സിനോട് കാര്യം പറഞ്ഞു . നഴ്സിന്റെ സഹായം ഇല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.

 

“എടിയേ – എനിക്കൊരു ഐഡിയ .”

 

എന്താണാ ഐഡിയ ? സ്വന്തം സിരയിൽ ഒരു ട്യൂബ് ഇട്ട് ഹാർട്ടിൽ എത്തിച്ചു , ആൾ മരിക്കുക ഒന്നും ഇല്ല എന്ന് തെളിയിക്കണം . അതാണാ ഐഡിയ .

 

ഇവിടെ ആണ് ഒരു ട്വിസ്റ്റ് നടക്കുന്നത് . സാധാരണ , ഇങ്ങനെ ഒരു ഹൌസ് സർജൻ വന്നു പറഞ്ഞാൽ ‘പോടാ പുല്ലേ ‘ എന്ന് പറയുകയും ചീഫിനെ വിളിച്ചു രഹസ്യമായി – “സാറേ – ആ ചെക്കന് പ്രാന്താട്ടാ ” എന്ന് പറയുകയും ചെയ്യും മിക്ക നഴ്‌സുമാരും . എന്നാൽ ജെർട എന്താ പറഞ്ഞത് ?

 

“ഡോക്ടറുടെ ഹാർട്ടിൽ കേറ്റണ്ട . എന്റെ ഹാർട്ടിൽ ചെയ്തോളു . അങ്ങനെ ആണേൽ ഞാൻ എല്ലാം ഹെൽപാ ചെയ്യാം .  ഇല്ലെങ്കിൽ നടക്കില്ല  ”

 

ഇങ്ങനെ എന്ത് കൊണ്ട് പറഞ്ഞു എന്ന് എനിക്ക് ഒട്ടും മനസ്സിലാകുന്നില്ല . അതാണ് വെർണറുടെ മിടുക്ക് . ചുള്ളൻ ആണ് . വാചകമടി വീരനും ആയിരുന്നിരിക്കണം . പോസ്റ്റ് മോഡി ഭാഷയിൽ – തള്ളു വീരൻ . ചുള്ളൻ + തള്ള് – അതായിരുന്നു വേർനെർ .

 

ജെർട ഉപകരണങ്ങൾ എല്ലാം എടുത്തു കൊടുത്തു . ജെർഡയെ ഓപ്പറേഷൻ ടേബിളിൽ കിടത്തി , അന്നത്തെ പതിവ് പോലെ , കൈയും കാലും ടേബിളിനോട് ചേർത്ത് കെട്ടി . വേർനെർ അടി മുടി നോക്കി .

 

“എന്തൂട്ടിന എന്നെ കെട്ടണെ ?”

 

“ഓ . അതല്ലേ പതിവ് . ദേ – മരവിപ്പിക്കാനുള്ള കുത്തിവെപ്പ് തരാം . കണ്ണടച്ച് കിടന്നോ .”

 

‘ഓക്കേ ”

 

ഇനിയാണ് അടുത്ത ട്വിസ്റ്റ് . ജെർട കണ്ണടച്ച് കിടക്കുമ്പോൾ, നമ്മുടെ ചുള്ളൻ , സ്വന്തം ഇടത്തെ കൈയിലെ സിരയിൽ , വൃക്കനാളി (ureter ) യിൽ കേറ്റുന്ന ഒരു നീണ്ട ട്യൂബ് എടുത്ത് കുറെ അങ്ങ് തള്ളി കേറ്റി . ഏകദേശം എത്ര കേറ്റിയാൽ ഹാർട്ടിൽ എത്തും എന്ന് നേരത്തെ നോക്കി വെച്ചിട്ടുണ്ടായിരുന്നു !!

 

ചുള്ളൻ + തള്ളൻ + കള്ളൻ .

 

ജെർട കൈയും കാലും ഇട്ടടിച്ചു . ഓളിയിടും എന്ന് ഭീഷണി പ്പെടുത്തി . വേർനെർ കൂളായി ട്യൂബ് സ്വന്തം ഹൃദയം വരെ കേറ്റി .

 

ട്യൂബ് ഹൃദയത്തിൽ വച്ചോണ്ട് തന്നെ , എഴുന്നേറ്റ് ജേർഡയുടെ കെട്ടഴിച്ചു വിട്ടു .

 

ജെർദയെ വിളിച്ചോണ്ട് എക്സ് റേ റൂമിലേക്ക് വേർനെർ നടന്നു .

 

“എക്സ് റേ – നെഞ്ചിന്റെ – ഒരണ്ണാ എഡ്തേ …ഗഡീ ” ടെക്‌നീഷ്യനോട്‌ പറഞ്ഞു .

 

എടുത്തു . അതാ – വ്യക്തമായി കാണാം – ഹൃദയത്തിൽ ട്യൂബ് ഇരിക്കുന്നു . വലത്തേ ഏട്രിയം എന്ന അറയിൽ !

 

പിറ്റേ ദിവസം വിജയ ശ്രീ ലോപിതനായി , സോറി – ലാളിതൻ ആയി വേർനെർ ചീഫിനെ എക്സ് റേ കാണിച്ചു . കാര്യങ്ങളും പറഞ്ഞു .

 

“അയ്യേ , ചമ്മി , അയ്യയ്യേ ചമ്മി – അങ്ങനെ പറഞ്ഞില്ല . മനസ്സിൽ വിചാരിച്ചു .

 

ഈ ഭയങ്കര കണ്ടു പിടിത്തത്തിന്റെ പേരിൽ പട്ടും വളയും കിട്ടും എന്ന് ചുള്ളൻ വിചാരിച്ചെങ്കിൽ അവനു തെറ്റ് പറ്റി .

 

പട്ടും വളയും കിട്ടിയില്ല .

 

പച്ച തെറി കിട്ടി .

 

ഓട് മ ..രെ കണ്ടം വഴി – എന്നും പറഞ്ഞു .

 

ഡിസ്മിസ് ചെയ്തു . ജോലിയിൽ നിന്ന് പിരിച്ചു വിട്ടു . പിന്നെ കാര്ഡിയോളജിയിൽ ഒരിടത്തും ഈ കാരണത്താൽ ജോലി കിട്ടിയില്ല . വേർനെർ പിന്നീട് സ്പെഷ്യലിറ്റി മാറി മൂത്രാശയ സർജൻ ആയി .

 

പക്ഷെ ഇദ്ദേഹത്തിന്റെ പേപ്പർ വായിച്ച കുറെ കാര്ഡിയോളജിസ്റ്റുകൾ പിന്നീട് ഈ പരീക്ഷണം ചെയ്ത വിജയിച്ചു .

 

അങ്ങനെ ആണ് ആന്ജിയോഗ്രാമും ആന്ജിയോപ്ലാസ്റ്റിയും ഒക്കെ സാധ്യം ആയത് .

 

1956 ൽ , ഊണ് കഴിച്ചിരിക്കുമ്പോൾ വെർണറിന് ഒരു ഫോൺ വന്നു .

 

“നോബൽ പ്രൈസ് ഈ വർഷത്തെ – നിങ്ങൾക്കാണ് . കൺഗ്രാറ്റ്ലഷൻസ് !!”

 

(വാൽകഷ്ണം – മലപ്പുറത്തെ ഒരു ഡോക്ടർ സ്വയം വാക്സിൻ കുത്തി വച്ചു . പരീക്ഷണത്തിനല്ല – ആളുകളെ ബോധ്യപ്പെടുത്താൻ . ഈ ലേഖനം അവർക്ക് സമർപ്പിക്കുന്നു ) – ജിമ്മി മാത്യു

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .