അരിമ്പാറയും വാക്സീൻ സൈഡ് ഇഫെക്റ്റും പിന്നെ സ്റ്റീവ് ജോബ്സും :

[embedyt] https://www.youtube.com/watch?v=_qT-Yc7J85s[/embedyt]

എന്റെ ഭാര്യയുടെ കൈയിൽ മൂന്നോ നാലോ കുഞ്ഞു അരിമ്പാറകൾ പൊന്തി . കുറെ മാസങ്ങൾ ആയി എന്നോട് പറയുന്നു . ഞാൻ കാര്യമായി മൈൻഡ് ചെയ്യുന്നില്ല – കശ്മലൻ ! (അരിമ്പാറയല്ല – ഞാൻ .)

 

“ഇതെന്തെങ്കിലും ഒന്ന് ചെയ്യൂട്ടോ- കുറച്ചു കുഞ്ഞു പഞ്ചാര ഗുളിക മേടിച്ചു താ . അപ്പുറത്തെ സിന്ധുവിന്റെ അരിമ്പാറ മാറിയത് അത് തിന്നിട്ടാ . ഈ ടൈപ്പ് ഗുളിക പതുക്കെയേ ആക്ട് ചെയൂത്രെ . എന്നാലും പോകുമല്ലോ . നിങ്ങടെ ചികിത്സയിൽ കരിച്ചു കളയൽ മാത്രം അല്ലെ ഉള്ളു ?”

 

ഞാൻ മിണ്ടാതെ, കൃമ്മാതെ , ഇരുന്നു . ദിവസങ്ങൾ ക്ളോക്കിൽ ടക് , ടക് , എന്നടിച് കടന്നു പോയി (ങേ -അങ്ങനെ അല്ലേ ? ങാ ..എന്നാൽ കലണ്ടറിൽ .)

 

ഒരു നാൾ പെട്ടന്ന് അത് സംഭവിച്ചു ! ഇല്ല – ചിരവ ത്തടി എടുത്ത് അവൾ വീക്കിയില്ല . ഒന്നാമത് ചിരവതടി ഇല്ല . മേശയുടെ വക്കിൽ പിടിപ്പിക്കുന്ന ന്യൂ ജൻ കോമാങ്ങ ചിരവ ആണ് .

 

അതൊന്നുമല്ല – അരിമ്പാറകൾ ഓരോന്നായി മാഞ്ഞു പോകുന്നു! ഏതാനും ദിവസം കൊണ്ട് എല്ലാം പോയി .

എവിടെയോ പോയി പ്രാർത്ഥിച്ചിട്ടാണ് പോയത് . അവൾ പറഞ്ഞു .

 

ഞാൻ തൊലി രോഗങ്ങളെ പറ്റിയുള്ള ഒരു പുസ്തകം അലമാരയിൽ നിന്ന് എടുത്തു . താഴെ പറയുന്ന ഭാഗം തുറന്നു വായിച്ചു : (തർജമ )

 

“വൈറൽ അരിമ്പാറകൾ – തൊലിപ്പുറത്തു വരുന്നവ ഒരു ശല്യമാണെങ്കിലും , സാധാരണ പ്രതിരോധ ശേഷി ഉള്ള ഒരാളിൽ ഏതാനും മാസങ്ങളോ ഒന്ന് രണ്ടു വർഷങ്ങളോ കൊണ്ട് താനേ സുഖം ആകും .”

 

ഞാൻ വിജയ ശ്രീലാളിതനായി അവളോട് ചോദിച്ചു – ഇതിൽ നിന്നും എന്ത് മനസ്സിലായി ?

 

“നന്നായി ഒന്ന് പ്രാർത്ഥിച്ചാൽ അരുമ്പാറ പോകും എന്ന് മനസ്സിലായി

 

“കുന്തം ” എന്ന് ഞാൻ പറഞ്ഞില്ല . മനസ്സിലും പറഞ്ഞില്ല . പറഞ്ഞിട്ട് കാര്യമില്ല – നമ്മൾ അങ്ങനാണ് ഭായ് . തല ഉണ്ടയാണ്‌ ഭായ് .

 

അതായത് , കുഞ്ഞു പഞ്ചാര ഗുളികകൾ അഞ്ചാറു മാസം സേവിച്ചിട്ടാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ നേരിട്ട് ദൈവം വന്നു പറഞ്ഞാലും നമ്മൾ അത് കൊണ്ടാണ് അത് മാറിയത് എന്ന് തന്നെ വിശ്വസിക്കും . തമാശ അതല്ല . എത്രയോ കൊല്ലങ്ങൾ ആയി മനുഷ്യരാശിയുടെ പൊതുപൈതൃകമായ ആധുനിക വിജ്ഞാനത്തിനു അറിയാമായിരുന്ന ഒരു കാര്യമാണ് ഇതെന്നുള്ളതാണ് .

 

ഡെങ്കി വന്നു ആളുകൾ മരിക്കുന്നു . നമ്മൾ സർക്കാർ വിതരണം ചെയ്യുന്ന കുഞ്ഞു പഞ്ചാര ഗുളികകൾ കഴിക്കുന്നു . നമുക്ക് ഡെങ്കി വരുന്നില്ല ! നമ്മൾ ഉറപ്പിക്കുന്നു – പഞ്ചാര ഗുളിക കഴിച്ചിട്ടാണ് നമുക്ക് ഡെങ്കി വരാത്തത് . തെളിവ് ആയല്ലോ . ഒരു സീസണിൽ ചെറിയ ഒരു ശതമാനം പേർക്കേ ഡെങ്കി വരുന്നുള്ളു എന്നത് നമ്മൾ മറക്കുന്നു .

 

ഇനി ഡെങ്കി , h 1 n 1 മുതലായ മിക്ക പനി രോഗങ്ങളും മിക്ക ആളുകളിലും താനേ മാറുന്നു . എന്ത് ചികിത്സ എടുത്താലും താനേ മാറും . കുറച്ചു പേർക്ക് വളരെ ഗുരുതരം ആവുന്നു . ആശുപത്രിയിൽ അഡ്മിറ്റ് ചെയുന്നു . വെന്റിലേറ്ററിൽ ചികിൽസിക്കേണ്ടി വരുന്നു . പതിനായിരങ്ങൾ പൊടിയുന്നു . എല്ലാം മാറി ചെല്ലുമ്പോൾ നമ്മുടെ ബന്ധു പറയുന്നു :

 

“എന്ത് ! ഡെങ്കിയാ ? ഞാൻ മനോഹരൻ പൈത്യന്റെ അടുത്ത് പോയി . കൂളായി ഡെങ്കിയാ മാറി . എന്തൂട്ടിനഷ്ടാ? കാശാ കളഞ്ഞു .”

 

അതിൽ കാര്യമില്ല . നമ്മൾ ഒരു ഇഫെക്ട് കാണുന്നു . തൊട്ടു മുൻപേ അതിനായോ അല്ലാതെയോ ചെയ്തതോ സംഭവിച്ചതോ ആയ കാര്യം കൊണ്ടാണ് എന്ന് നമ്മൾ ഏകദേശം ഉറപ്പിക്കുന്നു . ഇത് ഒരു സംഭവം – അതിനു മുൻപേ അതിന്റെ കാരണം – എന്ന ലളിത യുക്തിയിൽ നിന്നും ഉണ്ടാകുന്നത് ആണ് . നമ്മുടെ തല ഉണ്ട ആയതു പോലെ തന്നെ തലച്ചോർ സ്വാഭാവികമായി പ്രവർത്തിക്കുന്നത് അങ്ങനാണ് . കുറുകെ കറുത്ത പൂച്ച ചാടി ഓടി . നമ്മെ വണ്ടി ഇടിച്ചു . കറുത്ത പൂച്ച ചാടിയത് കൊണ്ടാണ് വണ്ടി ഇടിച്ചത് . എന്നാൽ വെളുത്ത പൂച്ച ചാടിയാൽ നമ്മൾ ഇതേ പോലെ ചിന്തിക്കണം എന്നില്ല . കാരണം കറുത്ത പൂച്ചയും നിര്ഭാഗ്യവും തമ്മിൽ ബന്ധിപ്പിക്കാൻ നമ്മൾ പണ്ടേ പഠിച്ചിട്ടുണ്ട് .

 

ലക്ഷക്കണക്കിന് കുട്ടികൾക്ക് വാക്സീൻ എടുക്കുമ്പോൾ ചിലർക്കെങ്കിലും അത് എടുത്തു കഴിഞ്ഞ അടുത്ത ദിവസങ്ങളിൽ എന്തെങ്കിലും അസുഖങ്ങൾ പിടി പെടാം . ഇത് വാക്സീൻ കൊണ്ട് ആവണം എന്നില്ല .

 

ഓട്ടിസം പോലെ ഉള്ള ചില കുഞ്ഞുങ്ങൾക്കുണ്ടാവുന്ന രോഗങ്ങൾ ജന്മനാ ഉള്ളതാണെങ്കിലും കുഞ്ഞു വളർന്നു വരുമ്പോളേ ഉണ്ടെന്ന് അറിയാൻ പറ്റൂ .  സമയം ആണ് വാക്‌സിനുകൾ എടുക്കുന്നത് . വാക്സീൻ ആണോ കാരണം എന്ന് ചിലരെങ്കിലും സംശയിച്ചു പോകും .

 

മറ്റൊരു സാധാരണ പറയാറുള്ള ഒന്ന് ആധുനിക വൈദ്യത്തിലെ മരുന്നുകൾക്കും ചികിത്സയ്ക്കും വളരെ സൈഡ് ഇഫക്ടുകൾ ഉണ്ടെന്ന് ഉള്ളതാണ് . ‘നാച്ചുറൽ’ ആയ വസ്തുക്കൾക്ക് സൈഡ് ഇഫക്ടുകൾ ഇല്ലത്രെ .

 

ഒരിക്കൽ ഒരു പ്രമുഖ വാരികയിൽ ഇലുമ്പൻ പുളി കൊളെസ്റ്റെറോൾ കുറയ്ക്കും എന്ന് എഴുതി കണ്ടതിനു ശേഷമാണ് ഇലുമ്പൻ പുളി ജ്യൂസ് രണ്ടു മൂന്ന് ഗ്ളാസ്സൊക്കെ കുടിച്ചവർ കിഡ്നി പ്രവർത്തന രഹിതമായി ഗുരുതര സ്ഥിതിയിൽ മൂത്രം പോവാതെ വരുന്നത് എന്റെ സുഹൃത്തുക്കൾ ആയ നെഫ്രോളജിസ്റ്റുകൾ ശ്രദ്ധിക്കുന്നത് . കിഡ്നി ബയോപ്സി എടുത്തു പരിശോധിച്ചപ്പോൾ കാണുന്നത് മൊത്തം ഓക്സലേറ്റ് പരലുകൾ നിറഞ്ഞിരിക്കുന്ന വൃക്കയിലെ സൂക്ഷ്മ കുഴലുകളാണ് . അവർ ഇലുമ്പൻ പുളി ജ്യൂസ് എടുത്ത് ടെസ്റ്റ് ചെയ്ത് വളരെ അധികം ഓക്സലിക് ആസിഡ് ഉള്ള ഒരു പഴമാണ് ഈ പുളിയെന്ന് നോക്കി മനസ്സിലാക്കുകയും ചെയ്തു . അതായത് അളവിൽ കൂടുതൽ കഴിച്ചാൽ തികച്ചും ഭക്ഷ്യ യോഗ്യമായ ഈ പഴത്തിനു സൈഡ് ഇഫക്ടുകൾ ഉണ്ട് !

(ഇങ്ങനെ ഉള്ള കുറെ രോഗികളുടെ വിവരങ്ങൾ അവർ ഏതാനും വര്ഷങ്ങള്ക്കു മുൻപ് ഇന്ത്യൻ ജേർണൽ ഓഫ് നെഫ്രോളജിയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു )

 

ഈയടുത്ത് എന്റെ സുഹൃത്തും ബാംഗ്ലൂരിലെ സെന്റ് ജോൺസ് ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം മേധാവിയും ആയ ഡോക്ടർ തോമസ് മാത്യു വിനെ കാണാൻ ഒരു രോഗി വന്നു . ജലദോഷവും മൂക്കടപ്പും മാറ്റാൻ ആവി പിടിക്കുന്നതിനിടയിൽ അപസ്മാരം വന്നു ബോധം കേട്ട് വീഴുക ആണുണ്ടായത് . യൂക്കാലിപ്റ്റസ് എണ്ണ ഇട്ടാണ് ആവി പിടിച്ചത് .

 

പിന്നെ ആദ്യത്തെ തവണ ഒരു കാരണവും ഇല്ലാതെ അപസ്മാരം വന്ന പല രോഗികളും യൂക്കാലിപ്‌റ്റസ്‌ എണ്ണ , അമൃതാജ്ഞൻ , വിക്സ് വാപോ റബ് , കർപ്പൂരം , ടൈഗർ ബാം , മറ്റു ചില ബാമുകൾ , എണ്ണകൾ എന്നിവ , ശ്വസിക്കുകയോ , ധാരാളമായി പുരട്ടുകയോ ചെയ്തതിനു ഏകദേശം അര  മുതൽ രണ്ടു മണിക്കൂറിനു ശേഷം രോഗാവസ്ഥ ഉണ്ടായവർ ആണെന്ന് നിരീക്ഷിക്കുക ഉണ്ടായി .

 

ഇവയിൽ പലതിന്റെയും അകത്തു ഉള്ളത് യൂക്കാലിപ്റ്റസ് എണ്ണയോ കർപ്പൂരമോ ആണ് . ഇവ ഉള്ള അപസ്മാരത്തെ കൂട്ടും എന്നും അമിത അളവിൽ കുട്ടികളിൽ അപസ്മാരവും മരണവും ഉണ്ടാക്കാം എന്നും മുൻപത്തെ ചില പഠനങ്ങളിൽ സൂചനകൾ ഉണ്ട് . എന്നാൽ അല്ലാതെ തന്നെ ചിലർക്ക് താരതമ്യേന ചെറിയ അളവുകളിൽ തന്നെ ഇവ അപകടകരം ആയേക്കാം എന്നും ഇത്തരം സാധനങ്ങളുടെ ദുരുപയോഗം നമ്മുടെ ഇടയിൽ വളരെ അധികം ആണെന്നും പല അപസ്മാര രോഗികളും ഇവ മൂലം ഉള്ള അപസ്മാരത്തിന്റെ ഇരകൾ ആണെന്നും ഡോക്ടർ തോമസ് മാത്യു സംശയിക്കുന്നു . ഇദ്ദേഹത്തിന്റെ ചില പ്രാരംഭ നിരീക്ഷണങ്ങൾ ‘എപിലെപ്സിയ ‘ എന്ന ന്യൂറോളജി ജേർണലിൽ ഈ വര്ഷം പ്രസിദ്ധീകരിച്ചതെയുള്ളു .

 

ഇതാണ് ശാസ്ത്രത്തിന്റെ രീതി . ഇത് കണ്ട് ലോകം മുഴുവനും ന്യൂറോളജിസ്റ്റുകൾ ഈ സാഹചര്യത്തെ ശ്രദ്ധിക്കുകയും കുറച്ചു നാൾക്കുള്ളിൽ തന്നെ ഒരു നിഗമനത്തിൽ എത്താൻ സാധിക്കുകയും ചെയ്യും . ഇത് പരസ്യപ്പെടുത്തുന്നത് കൊണ്ട് അപസ്മാരം ഉള്ള രോഗികൾ ഇവ ഒഴിവാക്കണം എന്ന് ചിലരെങ്കിലും നിർദേശിച്ചേക്കും . എന്നാൽ പൊതുവായി ഇവ എന്ത് മാത്രം ദോഷം ഉണ്ടാക്കുന്നവ ആണെന്ന് ഇനിയും നിരീക്ഷണ ങ്ങൾക്ക് ശേഷമേ പറയാനാകൂ .

 

പിന്നെ എന്താണ് ആധുനിക വൈദ്യത്തിനു മാത്രമേ സൈഡ് ഫക്ടുകൾ ഉള്ളു എന്ന് നമുക്ക് തോന്നാൻ കാരണം ? ആധുനിക വൈദ്യത്തിൽ മാത്രമേ സൈഡ് ഇഫക്ടുകൾ പഠിച്ചു വച്ചിട്ടുള്ളു എന്നത് മാത്രം ആണ് കാരണം . വേറെ എന്തിനെങ്കിലും സൈഡ് ഇഫാക്ടുകൾ ഉണ്ടോ ? ആവോ – അറിയില്ല . അറിയാത്തവ ഇല്ലല്ലോ .

സ്റ്റീവ് ജോബ്‌സിനെ പറ്റി പറഞ്ഞു ഈ ലേഖനം അവസാനിപ്പിക്കാം . കമ്പ്യൂട്ടർ വിദക്തനും ആപ്പിൾ കമ്പനിയുടെ സ്ഥാപകനും ആയ സ്റ്റീവ് ജോബ്സ് പാൻക്രിയാസിൽ ഉള്ള ഒരു കാൻസർ കാരണം ആണ് മരിച്ചത് . എന്നാൽ വളരെ അപകടം കുറവുള്ള , തുടക്കത്തിലേ അറിഞ്ഞാൽ പൂർണമായും ശസ്ത്രക്രിയ വഴി സുഖപ്പെടുത്താവുന്ന ന്യൂറോ എൻഡോക്രൈൻ വിഭാഗത്തിൽ പെട്ട ഒരു കാൻസർ ആണ് അദ്ദേഹത്തിന് വന്നത് . വർഷങ്ങൾക്ക് മുൻപ് പ്രാരംഭ ദശയിൽ തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു ! എന്നിട്ട് എന്ത് സംഭവിച്ചു ?

 

സ്റ്റീവ് ജോബ്സ് ശസ്ത്രക്രിയ വേണ്ടാ എന്ന് വക്കുക ആയിരുന്നു . അതിനു പകരം പല തരം ഭക്ഷണ നിയന്ത്രണങ്ങൾ , അതീന്ദ്രിയ ധ്യാനം , എന്ന് വേണ്ട , ഒരു മാതിരി ഉള്ള തട്ടിപ്പു ചികിത്സകൾ ഒക്കെ എടുക്കുകയും ചെയ്തു . അവസാനം മരിക്കും എന്ന സ്ഥിതി ആയപ്പോൾ , ശസ്ത്രക്രിയക്ക് സമ്മതിക്കുകയും ചെയ്തു . എന്നാൽ വൈകി പോയിരുന്നു .

 

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം – പൂർണമായും ചികിൽസിച്ചു സുഖപ്പെടുത്താം എന്ന സ്ഥിതിയിൽ വേണ്ട ചികിത്സ എടിക്കാത്തതിന് അദ്ദേഹത്തെ ഞാൻ വിമർശിക്കുക തന്നെ ചെയ്യും . പക്ഷെ ശരിക്കും അപകടകാരിയായ പാൻക്രിയാറ്റിക് കാര്സിനോമ ആയിരുന്നു ,; അത് മസ്തിഷ്കത്തിലേക്കോ , മറ്റു ഭാഗങ്ങളിലേക്കോ പടർന്നു മരണം മാസങ്ങൾക്കുള്ളിൽ ഒരു മാതിരി സുനിശ്ചിതം ആണ് എന്ന സ്ഥിതിയിൽ ആണ് സ്റ്റീവ് ജോബ്സ് – “ഇനി എന്നെ രോഗം മാറ്റാൻ ചികില്സിക്കണ്ട, സമാധാനമായി ബാക്കി ജീവിതം ജീവിക്കാനുള്ള ചികിത്സ മതി ” എന്ന് പറഞ്ഞിരുന്നെങ്കിൽ നമുക്ക് ഒരിക്കലും അദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ലായിരുന്നു. അതായത് , വസ്തുതകളെ പറ്റി ശരിക്കു മനസ്സിലാക്കാൻ ശകലം സ്വയം പഠനം ആവശ്യമാണ് . പല വിദഗ്ധരോട് ചോദിക്കേണ്ടയും വന്നേക്കാം . അത് ഒരു കുറവല്ല . ലോകത്തെ എല്ലാ കാര്യങ്ങളും ഒരാൾക്ക് പൂർണമായി പഠിച്ചു മനസ്സിലാക്കാൻ പറ്റില്ല . ക്വണ്ടം ഫിസിക്സിനെ പറ്റിയോ കോസ്മോളജിയെ പറ്റിയോ പൂർണമായി മനസ്സിലാക്കാൻ എനിക്ക് എത്ര ശ്രമിച്ചാലും പറ്റില്ല . എന്നാൽ ഏകദേശം – ഇന്ന് നമുക്ക് ഉറപ്പായും എന്തൊക്കെ അറിയാം , ഏതാണ്ട് ഉറപ്പ് എന്തിനൊക്കെ ഉണ്ട് , എന്തിനെ പറ്റി നമുക്ക് ഒന്നും അറിയില്ല – ഇത്രയും വായനയിലൂടെ അറിയാൻ പറ്റും (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .