സ്വാതന്ത്ര്യം കൊണ്ട് ഈ രാജ്യം ചെയ്തത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും!!

സാമ്രാജ്യ ഭരണി പൊട്ടി കുറെ പളുങ്കുകൾ തെറിച്ചു വീണു. ഏകദേശം ഒരേ സമയത്താണെ. ആയിരത്തി തൊള്ളായിരത്തി നാല്പത്തേഴിൽ ഇന്ത്യയും ഉണ്ടായി, പാകിസ്ഥാനും ഉണ്ടായി. ഇന്ത്യൻ മുസ്ലീങ്ങൾ വേറെ ഒരു രാജ്യം ആണെന്ന് വാദിച്ച ജിന്ന ആണ് പാക്കിസ്ഥാന്റെ രാഷ്ട്ര പിതാവ്.

ഇന്ത്യ ഒരു മതേതര ഭരണഘടന ആണ് വിഭാവനം ചെയ്തത്. മ്മ്‌ടെ ബാഗ്യം കൊണ്ട് കൊറേ നാൾ അങ്ങനെ തട്ടീം മുട്ടീം പോയി. അധികം നെഗളിക്കണ്ട. പാകിസ്ഥാന് സംഭവിച്ചത് നമുക്കും ശ്രദ്ധിച്ചില്ലേൽ സംഭവിച്ചു കൂടെന്നില്ലെന്നില്ലന്നില്ല.

കഷ്ടപ്പെട്ട്, വയസാം കാലത്ത്, ക്ഷയം പിടിച്ച് മരിച്ചോണ്ടിരിക്കുന്ന സമയത്ത് പാകിസ്ഥാൻ പിടിച്ചു വാങ്ങിയിട്ട്, എന്ത് തരം രാഷ്ട്രം അത് ആവണമെന്നാണ് ജിന്ന ആഗ്രഹിച്ചത്? ഒരു സായിപ്പ് മനസുള്ള, എന്നും രണ്ടു സ്കോച് വിടുന്ന അങ്ങേര് എന്താണ് ഉദ്ദേശിച്ചത്?

പാകിസ്താന്റെ ഭരണഘടനാ ഉണ്ടാക്കുന്ന സമിതിക്ക് മുന്നിൽ അദ്ദേഹം പതിനൊന്ന് ആഗസ്തിൽ പറഞ്ഞ പ്രസംഗം, അദ്‌ഭുത മതേതര പാകിസ്ഥാൻ ഉണ്ടാവണം എന്ന രീതിയിൽ ആയിരുന്നു.

“പണ്ടത്തെ എല്ലാം മറന്ന്, എന്ത് ജാതി, മതം ആയാലും, ഒരേ അവകാശങ്ങൾ ഉള്ള വെറും പൗരന്മാരുടെ രാജ്യം ആയാൽ എന്ത് അടിപൊളി ആയിരിക്കും!!”

“നിങ്ങൾ ആരായാലും, സ്റ്റേറ്റിന് ഒരു ചുക്കുമില്ല!” എന്നൊരു കാച്ചും പുള്ളി കാച്ചി!

കാച്ച് അടിപൊളി ഒക്കെ തന്നെ. പ്രശ്നം പല തരത്തിൽ ഉള്ള കാച്ചുകൾ ഉണ്ടായിട്ടുണ്ട് എന്നതാണ്. മിക്ക കാച്ചുകളിലും പക്ഷെ വേറെ ഒരു കാച്ച് (ക്യാച്ച്‌) അണ്ടർ ലൈൻഡ് ആയിരുന്നു. അന്തര്ലീനമായിരുന്നു എന്ന് സാരം.

കറാച്ചി ബാർ അസോസിയേഷൻ(1948), ഷാഹി ദർബാർ(സിബി 1948), എഡ്വേർഡ്‌സ് കോളേജ്(പെഷാവർ 1948), പിന്നെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു റേഡിയോയിൽ- ഒക്കെ പുള്ളി പറഞ്ഞു:

“നമ്മുടെ ഏറ്റവും പ്രധാന നിയമങ്ങൾ ആയിരത്തിമുന്നൂറു കൊല്ലം മുൻപേ നല്കപ്പെട്ടവ ആണ്. അതിപ്പോഴും ഒട്ടും പ്രസക്തി കുറഞ്ഞിട്ടില്ല. മുഹമ്മ്ദ് നബി തന്ന നിയമങ്ങൾ ആണ് നമ്മുടെ അടിസ്ഥാനം. ഇസ്ലാമിക രാജ്യം തന്നെയാണ് പാകിസ്ഥാൻ.”

1945 ൽ പെഷവാർ വെച്ച് ഒരു പ്രസംഗത്തിലും അങ്ങേർ സമാനമായ വാക്യങ്ങൾ പറഞ്ഞിട്ടുണ്ട്.

എന്തായാലൂം ജിന്ന 1948 സെപ്റ്റംബറിൽ മരിച്ചു. ലിയാക്കത് അലി ഖാൻ അധികാരത്തിൽ വന്നു. പുള്ളി ‘ഭരണഘടനയുടെ ഉദ്ദേശങ്ങൾ’ എന്ന ഒരു പ്രമേയം അവതരിപ്പിച്ചു. അതിന്റെ തുടക്കം കാരുണ്യവാനായ അല്ലാഹുവിന്റെ പേരിൽ, എന്നായിരുന്നു. ഇസ്ലാം മതപ്രമാണങ്ങൾ അനുസരിച്ച് എന്ന ഒരൊഴുക്കൻ കാച്ചും. പക്ഷെ ബാക്കി ഒക്കെ ഒരു മാതിരി മതേതരം ആയിരുന്നു. അവകാശതുല്യത ഒക്കെ ഉണ്ട്! ഭേഷ്!, അടിപൊളി! കോടതിയുടെ സ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്ര്യം, അങ്ങനെ ഉഗ്രൻ ലിബറൽ സംഭവം. അസെംബ്ലി അത് പാസാക്കി. പക്ഷെ പതിയെ, ഒരു സ്ലോ മോഷൻ വീഴ്ച ആണ് അവിടെ തുടങ്ങിയത്.

പാകിസ്ഥാനിൽ ഇസ്ലാമീകരണം തുടങ്ങിയത്  നല്ല ഉദ്ദേശത്തോടെ ആണ്. അന്നത്തെ നേതാക്കൾ ഇത് അവിടുത്തെ ഹിന്ദുക്കളെയും മറ്റു മൈനോരിറ്റികളെയും, അവസാനം പാകിസ്താനെ തന്നെയും  എന്തെങ്കിലും രീതിയിൽ മോശമായി ബാധിക്കും എന്നൊന്നും അവർ ചിന്തിച്ചേയില്ല. പാകിസ്താനിലെ മുസ്ലീങ്ങളുടെ സംസ്കാരം ഉയർത്തിപ്പിടിച്ച് ശക്തമായ രാഷ്ട്രനിര്മാണം നടത്തണം- അതാണ് മിക്കവരും ചിന്തിച്ചത്. 

അവസാനം 1956 ൽ പാക്കിസ്ഥാൻ ഭരണഘടന പുറത്തിറക്കിയപ്പോൾ മൊത്തം തുല്യത, സ്വാതന്ത്ര്യം, ആരാധനാ സ്വാതന്ത്ര്യം, മാങ്ങാ, തേങ്ങാ ഒക്കെ തന്നെ. എല്ലാരേയും നോക്കും! ന്യൂനപക്ഷങ്ങളെ തേനേ പാലെ എന്ന് വിളിക്കും!

അതിലെ ഡയറക്റ്റീവ് പ്രിന്സിപ്പിള്സിൽ മാത്രം ഇച്ചിരി മതം ഒളിച്ചു കടത്തി. ഇസ്ലാം നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ ശ്രമിക്കും. പലിശ വേണോ വേണ്ടേ എന്ന് ഭാവിയിൽ നോക്കും; എന്നൊക്കെ.

ആകെ ഒരേ ഒരു പ്രത്യക്ഷ പ്രശ്നമേ ഈ ഭരണഘടനയിൽ ഉണ്ടായിരുന്നുള്ളു- പ്രെസിഡൻറ് ഒരു മുസ്‌ലീം തന്നെ ആവണം! അത് പക്ഷെ പ്രെസിഡന്റിനു യഥാർത്ഥ അധികാരം ഇല്ലല്ലോ. സാരമില്ല. വേണേൽ പ്രധാനമന്ത്രി ആവാല്ലോ- യേത്? അന്നത്തെ ന്യായീകരണ തൊഴിലാളികൾ ന്യായീകരിച്ചു.

ലിയാഖത് അലി ഖാനെ വെടി  വെച്ച് കൊന്നു: അതിനു ശേഷം ആറു പ്രധാനമന്ത്രിമാർക്കും ശേഷം പട്ടാളം ഭരണം കയ്യടക്കി. ജനറൽ അയൂബ് ഖാൻ ഇസ്ലാമീകരണം തുടർന്നു. ‘മതനിരപേക്ഷത’ എന്ന സാധനം തന്നെ അറബിക്കടലിൽ മുക്കി. പുള്ളി ഉണ്ടാക്കിയ സമിതി ‘ആദിമ ഇസ്ലാം നിയമ സംഹിത’ ക്ക് അനുസൃതമായി നിയമങ്ങൾ ആവണം എന്ന് കാച്ചി. അങ്ങനെ 1962 ൽ പിന്നേം ഒരു ഭരണഘടനാ നിലവിൽ വന്നു.

ഒരു പത്തു കൊല്ലം കഴിഞ്ഞ് ഭൂട്ടോ വന്നു. ചരിത്രത്തിൽ പലതും സംഭവിച്ചു. യുദ്ധങ്ങൾ പലതു നടന്നു. ബംഗ്ലാദേശ് ഉണ്ടായി. ഇസ്ലാമീകരണം മാത്രം അനസ്സൂ… അനാസിതം…..ഛെ – അനുസ്യൂതം മുന്നോട്ട് പോയി. സ്റ്റെഡി ലൈക് എ വടി. നെഞ്ചത്ത് വെച്ച ഒരു ഭാരം പോലെ. പൊക്കിപ്പിടിച്ചു മടുക്കുമ്പോ, കൈകൾ തളരുമ്പോ, ഭാരം പതിയെ നെഞ്ചത്തേക്ക് അങ്ങട് അമരും.

1973 ൽ അടുത്ത ഭരണഘടന! എന്തുട്ടാഷ്ടോ- ഭരണഘടനകളുടെ ഒരു ജാഥ! ഇതെന്താ പിള്ളേര് കളിയാ? അല്ലാട്ടോ- ജീവന്മരണ കളികൾ തന്നെ. ഇതിൽ പ്രധാനമന്ത്രിയും മുസ്‌ലിം ആവണം! പ്രതിജ്ഞാ വാചകങ്ങളിൽ ദൈവവും മുഹമ്മദും കേറി വന്നു. രാഷ്ട്ര മതം ‘ഇസ്ലാം’ ആയി. മാത്രവുമല്ല, നിയമങ്ങൾ ഒക്കെ അടുത്ത പത്തു കൊല്ലത്തിനിടെ ഇസ്ലാമികം ആക്കണം എന്നൊരു താക്കീതും!

പിന്നെ സിയ ഉൾ ഹഖ് എന്ന തികച്ചും മതവാദി ആയ ഒരു ചുള്ളൻ കുറെ നാൾ ഭരിച്ചു. അങ്ങേര് ഭുട്ടോയെ കൊന്നു

പിന്നങ്ങോട്ട് ഒരു പതനം ആയിരുന്നു. പല വിധത്തിലും. പട്ടാളം പല രീതിയിലും പിടി മുറുക്കി. അഹമ്മദിയകൾ എന്നൊരു മുസ്‌ലിം വിഭാഗത്തെ ഭൂരിപക്ഷം വേട്ടയാടി തുടങ്ങി. അവർ മുസ്ലീങ്ങൾ അല്ല എന്ന് പാകിസ്താനിലെ ഭൂരിപക്ഷ വിഭാഗങ്ങൾ വാദിച്ചു. കുറെ ലഹളകളെ തുടർന്ന് അവരെ ഒത്തിരി പേരെ കൊന്നു. ഒരു സൈഡാക്കി. പാസ്പോർട്ട് വേണമെങ്കിൽ ഞങ്ങൾ ഇസ്ലാം അല്ല എന്ന് ഏറ്റു പറയണം എന്നാക്കി. സ്വയം മുസ്‌ലിം എന്ന് സംബോധന ചെയ്താൽ ജയിലിൽ ഇടും എന്നായി. അങ്ങനെ കുറെ പേരെ ജയിലിൽ ഇട്ടു, തെരുവിൽ വേട്ടയാടി കൊന്നു. അഹ്‌മീദിയ സമുദായത്തിൽ നിന്നുള്ള ഭൗതിക ശാസ്ത്രജ്ഞൻ അബ്ദാസ് സലാമിന്റെ ശവകുടീരം തകർത്തു. ‘നോബൽ സമ്മാനം കിട്ടിയ ആദ്യത്തെ മുസ്ലിം ശാസ്ത്രജ്ഞൻ’ എന്ന ഫലകം ആയിരുന്നു പ്രകോപനം. ഭ! അടിക്കെടാ, ഒടക്കെടാ! മുസ്‌ലിം എന്ന് വിളിക്കാൻ എങ്ങനെ ധൈര്യം വന്നു!!

പാക് പട്ടാളത്തിന്റെ മുദ്രാവാക്യം- ‘ഒരുമ, വിശ്വാസം, അച്ചടക്കം’ എന്നായിരുന്നു. സിയാ അത്- ‘ വിശ്വാസം, ഭക്തി, അല്ലാഹുവിനു വേണ്ടി ഉള്ള ജിഹാദ്!’ എന്നാക്കി. 1979 ൽ ‘ദേ , പിന്നേം ചായ കൊണ്ട് വന്നിരിക്കുന്നു!!’- അടുത്ത ഭരണഘടന!! ഇതിനൊന്നും ഒരു അവസാനം ഇല്ലേ?

ഇല്ലല്ലോ. വീഴ്ച തുടങ്ങി കഴിഞ്ഞാൽ താഴത്ത് എത്തേണ്ടെ?

സാദാ കോടതികൾക്ക് മേലെ ശരി അത്ത് കോടതികൾ നിലവിൽ വന്നു. വ്യഭിചാരത്തിന് കല്ലെറിഞ്ഞു കൊല്ലൽ, വിവാഹ പൂർവ ബന്ധത്തിന് നൂറു ചാട്ടവാർ അടി, മോഷണത്തിന് കൈവെട്ട്, അങ്ങനെയുള്ള കാര്യങ്ങൾ വന്നിട്ടുണ്ട്! ഇപ്പോഴുമുണ്ട് കേട്ടോ. മുഷാറഫ് കൊണ്ട് വന്ന ചില നിയമതടസങ്ങൾ മൂലം ഇത്തരത്തിൽ അധികം വിധികൾ  നടന്നിട്ടില്ല എന്നെ ഉള്ളു. വരും; വരുമായിരിക്കും. വേണാട് എക്സ്പ്രെസിനെ ഇടങ്കാൽ വെച്ച് വീഴ്ത്താൻ പറ്റില്ലല്ലോ.

മത അവഹേളന നിയമം ആണ് നഖവും പല്ലും വെച്ച വേറൊരു നിയമം. മതത്തെ അവഹേളിച്ചാൽ കൊല്ലാം! അധികം തെളിവൊന്നും വേണ്ട. ഹിന്ദുവിനെയോ ക്രിസ്ത്യാനിയെയോ ഒക്കെ ഒതുക്കാൻ അയൽക്കാർക്ക് ഏറ്റവും നല്ല ഒരു ആയുധം ആയി ഈ നിയമം!

ഇപ്പൊ എന്താ സ്ഥിതി? ലോകത്തെ ഭീകര സംഘടനകളിൽ നല്ലൊരു വിഭാഗത്തെ തീറ്റിപോറ്റുന്നത് പാകിസ്ഥാൻ ആണ്. അസ്ഥിരമായ രാഷ്ട്രീയ സാഹചര്യം മൂലം മൂലധനം ഓടി പൊയ്ക്കൊണ്ടിരുന്നു. എകണോമി സ്വാഹാ. ലോകത്തെ ഏറ്റവും പേടിപ്പെടുത്തുന്ന ഭയാനക ഭരണം വാഗ്ദാനം ചെയ്യുന്ന താലിബാന്റെ പ്രധാന സ്പോൺസർ ആണ് പാകിസ്ഥാൻ. നാളെ നിഷ്കരുണം അവരെ വിഴുങ്ങും എന്നുറപ്പുള്ള ചൈനയുടെ കാല് നക്കി ആണ് പ്രധാനമായും ജീവിക്കുന്നത്.

സ്വന്തം ഭൂമിയിൽ ഹിന്ദുക്കൾ, ബാഹായികൾ, പാഴ്സികൾ, സിഖുകാർ, അഹമ്മദിയകൾ ഒക്കെ ഒതുക്കപ്പെട്ട് ഒരു സൈഡിൽ കിടക്കുന്നു. സിന്ധ് പ്രവിശ്യയിൽ ഒക്കെ അനേകം അമുസ്‌ലിം പ്രായപൂർത്തി ആവാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റി വിവാഹം കഴിച്ചു എന്നും പറഞ്ഞു വെച്ച് കൊണ്ടിരിക്കുന്നു എന്ന് വിശ്വസനീയമായ വാർത്തകൾ ഉണ്ട്. ഇതും അനുസ്യൂതം തുടരുകയാണത്രെ. ഇതിനെതിരെ നിയമം ഉണ്ടാക്കാൻ ഒക്കെ ശ്രമം അവിടെ നടക്കുന്നുണ്ട്. എവിടെ? ഭയങ്കര എതിർപ്പ് ആണത്രേ!

കുറെ നാളായി മത കോടതികൾ അവിടെ പലിശ നിരോധിച്ചു കഴിഞ്ഞു. ബാങ്കുകൾ ഇപ്പൊ ലാഭവിഹിതം എന്നൊക്കെ പറഞ്ഞ് ഉടായിപ്പ് കാണിച്ചാണ് ബാങ്കിങ് ചെയ്യുന്നത്. അതിനെതിരെ മതവാദികൾ നീങ്ങി തുടങ്ങിയിട്ടുണ്ട്. അതും കൂടി കഴിഞ്ഞാൽ പാകിസ്താന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും.

അപ്പൊ പറഞ്ഞു വന്നത് എന്താണെന്നു വെച്ചാൽ, ജനാധിപത്യം എന്നത് കുട്ടിക്കളി അല്ല. അത് മര്യാദക്ക് ഒരു രാജ്യത്ത് വേര് പിടിക്കാൻ ഒരു സാംസ്‌കാരിക നിലവാരം വേണം. ജനാധിപത്യം ഇല്ലെങ്കിൽ സ്വാതന്ത്ര്യത്തിന് യാതൊരു അർത്ഥവും ഇല്ല.

പാകിസ്ഥാൻ മാത്രമല്ല, നമ്മുടെ കൂടെ സ്വതന്ത്രർ ആയ അനേകം രാജ്യങ്ങളിൽ നമ്മൾ മാത്രമേ മര്യാദക്ക് പേരിലെങ്കിലും ജനാധിപത്യ സ്വാതന്ത്ര്യം അനുഭവിക്കുന്നുള്ളു. അതിൽ അഹങ്കരിക്കാൻ അധികം ഒന്നുമില്ല. പല ചരിത്ര ആകസ്മികതകൾക്ക് കൂടി അവകാശപ്പെട്ടതാണ് ഇതിന്റെ ക്രെഡിറ്റ്.

മത വാദം, ഭൂരിപക്ഷ സാംസ്‌കാരിക വാദം ഒക്കെ അടിപൊളി ആണെന്ന് നമുക്ക് തോന്നാം. ഒരു രാഷ്ട്രം എന്ന നിലയിൽ ഇത് നമ്മെ ശക്തരാക്കും എന്നും വാദിക്കുന്നവർ ഉണ്ട്. കഴിഞ്ഞ പത്തിരുപത് കൊല്ലമായി നമ്മൾ പാകിസ്താന്റെ പാതയിൽ ആണോ എന്ന് തീർച്ചയായും സംശയിക്കേണ്ടി ഇരിക്കുന്നു.

വേണാട് എക്സ്പ്രെസ്സിനെ ഇടങ്കാൽ വെച്ച് നിർത്തണമെങ്കിൽ കുറെ അധികം കാലുകൾ വേണ്ടി വരും! !

ജയ് ഹിന്ദ്. (ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .